കണ്ണൂര്‍: കിഴക്കന്‍ ഹിമാലയത്തിലെ അരുണാചല്‍പ്രദേശില്‍ നിന്ന് ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിലെ (ATREE) കീടശാസ്ത്രജ്ഞരുടെ ഒരു സംഘം പുതിയ ഇനം പോട്ടര്‍ വാസ്പിനെ (വേട്ടാവളിയന്) കണ്ടെത്തി. രാജ്യത്തും വിദേശത്തുമുള്ള കീടശാസ്ത്രജ്ഞരുടെ സര്‍ക്കാരിതര സംഘടനയായ അസോസിയേഷന് ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് എന്റമോളജിയുടെ (എഎഇ) ഔദ്യോഗിക പ്രസിദ്ധീകരണമായ എന്റോമോണ്‍ ജേണലില്‍ ആണ് പ്രസിദ്ധീകരിച്ചത്. കണ്ടെത്തിയ സിയാങ് താഴ്വരയ്ക്ക് ആദരസൂചകമായി പുതിയ ഇനമായ പോട്ടര്‍ വാസ്പിനെ ന്യൂമെനസ് സിയാന്ജെന്സിസ് എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. മലയാളി ഗവേഷകരായ ഫെമി എഴുത്തു പള്ളിക്കല്‍ ബെന്നി (ഇരട്ടി), ഡോ. എ.പി. രഞ്ജിത്ത് (പട്ടാമ്പി), ഡോ. പ്രിയദര്ശന് ധര്മ്മരാജന് (കൊല്ലം) എന്നിവരാണ് ഈ കണ്ടെത്തലിന്റെ പിന്നില്‍.
മുമ്പ് ന്യൂമെന്‍സ് ജനുസ്സിലെ ഒരേയൊരു ഇനം വേട്ടാവളിയന് മാത്രമാണ് അറിയപ്പെട്ടിരുന്നത്. ഈ കണ്ടെത്തല്‍ രാജ്യത്തിന്റെ കടന്നല് വൈവിധ്യത്തിന് ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ ആണ്.
യൂമെനിനേ എന്ന ഉപകുടുംബത്തില്‍പ്പെട്ടതാണ് ന്യൂ മെന്‍സ് ജെനുസ്. അതുല്യമായ കൂട് നിര്‍മ്മാണ സ്വഭാവത്തിന് പേരുകേട്ട ഒറ്റപ്പെട്ട കടന്നലുകള്‍ ആണ് ഇവ. ചെളി ഉപയോഗിച്ച് ചെറിയ കുടം പോലെയുള്ള ഘടനകള്‍ ഇവര്‍ നിര്‍മ്മിക്കുന്നു. ഇത് ഇവയുടെ ലാര്‍വകള്‍ക്ക് കൂടുകളായി വര്‍ത്തിക്കുന്നു. ഈ കുടുംബത്തില്‍ 205 ജനസുകളിലായി ഏകദേശം 3795 സ്പീഷീസുകള്‍ ഇതുവരെ വിവരിച്ചിട്ടുണ്ട്.
ഇവയുടെ ലാര്‍വകള്‍ പ്രധാനമായും കാറ്റര്പില്ലറുകളേയും മറ്റ് പ്രാണികളേയും ഭക്ഷിക്കുന്നതിനാല്‍ കീടങ്ങളെ നിയന്ത്രിക്കുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിക്കുന്നു.
സംഘത്തിലെ ഗവേഷക ഫെമി ബെന്നി കണ്ണൂര്‍ സ്വദേശി
കിഴക്കന്‍ ഹിമാലയത്തില്‍ നിന്നും മലയാളി കീടശാസ്ത്രജ്ഞന്മാര്‍ പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തിയ സംഘത്തിലെ മലയാളി ഗവേഷക ഫെമി ബെന്നി കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്. ഇരിട്ടിക്കടുത്ത എടത്തൊട്ടിയിലെ കര്‍ഷകനായ എഴുത്തുപള്ളിക്കല്‍ ബെന്നിയുടെയും വീട്ടമ്മയായ ഗ്രേസി ബെന്നിയുടെയും മകളാണ്. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കോഴിക്കോട് സര്‍വകലാശാല കാമ്പസില്‍ നിന്ന് എംഎസ്സി അപ്ലൈഡ് സുവോളജിയില്‍ (എന്റമോളജി) ഒന്നാം റാങ്കും നേടി. ഈ സമയത്ത് യുജിസി നെറ്റ്, ജെആര്‍എഫ്, ഗേറ്റ് തുടങ്ങിയ മത്സര പരീക്ഷകളിലും യോഗ്യത നേടി.
ബിരുദാനന്തര ബിരുദത്തിന് ശേഷം ബാംഗ്ലൂരിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റില്‍ ഗവേഷണം നടത്തി വരികയാണ്. വടക്കു കിഴക്കന്‍ മേഖലകളില്‍ തദ്ദേശീയ സമൂഹങ്ങളില്‍ പ്രത്യേകിച്ച് നാഗാലാന്‍ഡിലെയും മണിപ്പൂരിലെയും പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യയോഗ്യമായ പ്രാണികളെ പറ്റിയുള്ള ഗവേഷണമാണ് ഫെമിയും സംഘവും നടത്തി വരുന്നത്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസര്‍ച്ച് എക്സലന്‍സ് സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയ ഫെമി ബെന്നിയെക്കുറിച്ച് രണ്ടുമാസം മുന്‍പ് ജന്മഭൂമിയടക്കം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: