ഒക്ടോബര്‍ ഏഴ് കടന്നുപോകുമ്പോള്‍ നിര്‍ദിഷ്ട തിരുനാവായ-തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റില്‍ കേളപ്പജിയുടെ സ്മൃതിമണ്ഡപമടക്കമുള്ള ചരിത്ര സ്മാരകങ്ങളുടെയും തിരുനാവായ ത്രിമൂര്‍ത്തീ ക്ഷേത്രങ്ങളുടെയും പവിത്രത തകര്‍ക്കപ്പെടാത്ത വിധം മാറ്റം വരുത്തണമെന്ന ഹൈക്കോടതി ഉത്തരവ് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. തിരുനാവായയും തവനൂരും കെ. കേളപ്പന്‍ എന്ന കേളപ്പജിക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത നിളാ നദിക്കരയില്‍ തന്നെ തന്റെ ഭൗതികദേഹം ദഹിപ്പിക്കണമെന്ന് കേരള ഗാന്ധി എന്നുകൂടി അറിയപ്പെടുന്ന കേളപ്പജി ആഗ്രഹിച്ചത്.
കേളപ്പജിയുടെ പരിശ്രമ ഫലമായാണ് ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ നിമജ്ജനം ചെയ്യാന്‍ സാധിച്ചത്. യമുനാ തീരത്ത് സംസ്‌കരിച്ച ഗാന്ധിജിയുടെ ചിതാഭസ്മം 1948 ഫെബ്രുവരി 12 ന് ഭാരതത്തിലെ പുണ്യ തീര്‍ത്ഥങ്ങളില്‍ ഒഴുക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിനും മദ്രാസിനും കൂടി കന്യാകുമാരിയിലായിരുന്നു നിമജ്ജന സ്ഥാനം നിശ്ചയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ചിതാഭസ്മത്തിന്റെ ഒരു ഭാഗം മദ്രാസ് സര്‍ക്കാര്‍ സൂക്ഷിച്ചു. ഇതറിഞ്ഞപ്പോള്‍ ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലും കൊണ്ടുവന്ന് ഒഴുക്കണം എന്ന ആഗ്രഹത്തോടെ കേളപ്പജി കെ.എ.ദാമോദരമേനോനുമൊന്നിച്ച് ദല്‍ഹിയിലെത്തി. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളായ പി.ഗോവിന്ദ മേനോന്‍, യു. ഗോപാല മേനോന്‍, ആര്‍. വേലായുധന്‍ എന്നിവരെയും കൂട്ടി ദേവദാസ് ഗാന്ധിയെകണ്ട് ആവശ്യം അറിയിച്ചു. ചിതാഭസ്മത്തില്‍ ഒരു പങ്ക് കേരളത്തിനും നല്‍കണമെന്ന് അദ്ദേഹം മദ്രാസ് സംസ്ഥാനത്തെ അന്നത്തെ പ്രധാനമന്ത്രിക്ക് കമ്പിസന്ദേശം അയച്ചു.
ഫെബ്രുവരി 9ന് കേളപ്പജിയും ദാമോദര മേനോനും മദ്രാസിലെത്തി. മദ്രാസ് ഭരണകൂടം ആദ്യം വിസമ്മതിച്ചെങ്കിലും അവസാനം വഴങ്ങി. ചിതാഭസ്മം സൂക്ഷിച്ച പേടകത്തില്‍ നിന്ന് ഒരു ഭാഗം മദ്രാസ് പ്രധാനമന്ത്രി തന്നെ എടുത്ത് മറ്റു മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ മറ്റൊരു പേടകത്തില്‍ നിക്ഷേപിച്ചു നല്‍കി. ഗാന്ധിജി വെടിയേറ്റു വീണ മണ്ണില്‍ നിന്ന് ശേഖരിച്ച ഒരു പിടി മണ്ണും അതോടൊപ്പം മറ്റൊരു പേടകത്തില്‍ നല്‍കിയിരുന്നു. പത്താം തീയതി വൈകിട്ട് നാലുമണി ക്കാണ് ചിതാ ഭസ്മം കോഴിക്കോട് എത്തിച്ചത്. അവിടെ ടൗണ്‍ ഹാളില്‍ പ്രദര്‍ശനത്തിന് വച്ചപ്പോള്‍ കൂടിയ ജനങ്ങളോട് കേളപ്പജി പറഞ്ഞത് ‘രാഷ്‌ട്ര പിതാവിന്റെ ഭൗതികാവശിഷ്ടത്തിന്റെ ചെറിയൊരംശം നമ്മുടെ അര്‍ച്ചനക്ക് കിട്ടിയത് മലബാറിന്റെ ഭാഗ്യമാണ്. നാടിന്റെ നാനാ ഭാഗത്തു നിന്ന് ജനം കോഴിക്കോട് വന്ന് ചിതാഭസ്മം ദര്‍ശിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഭസ്മച്ചെമ്പിന്റെ തൊട്ടുള്ള ചെറിയ ചെമ്പില്‍ മഹാത്മജി വെടികൊണ്ട് വീണ സ്ഥലത്തെ മണ്ണാണുള്ളത്. പന്ത്രണ്ടാം തീയതി പുലര്‍ച്ചെ ഭസ്മം ഇടക്കുളത്തേക്ക് (തിരുനാവായ റയില്‍വേ സ്റ്റേഷന്‍ )നിമജ്ജനം ചെയ്യാന്‍ കൊണ്ടുപോകും. 12 മണിക്ക് ഭാരതപ്പുഴയില്‍ തിരുനാവായയില്‍ വച്ചാണ് അന്ത്യ സംസ്‌കാരം. ചടങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തിരുനാവായയില്‍ എത്തിച്ചേരേണ്ടതാണ്…’
തിരുനാവായ സ്റ്റേഷനില്‍ വണ്ടിയെത്തുമ്പോള്‍ അവിടെ ജനസമുദ്രമായിരുന്നു. ചിതാഭസ്മ പേടകവുമായി കേളപ്പജി തിരുനാവായയിലെ ആല്‍ത്തറ ലക്ഷ്യമാക്കി നടന്നു. ഒപ്പം അച്ചടക്കത്തോടെ രാംധുന്‍ ആലപിച്ചു കൊണ്ട് ജനാവലിയും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മഹാത്മജിയുടെ പ്രായത്തിന്റെ അടയാളമായി 79 കതിന വെടികള്‍ മുഴങ്ങി. ചിതാഭസ്മം നിളാ നദിയില്‍ നിമജ്ജനം ചെയ്യുന്നതിനായി ജനങ്ങള്‍ നദീ തീരത്തേക്ക് നടന്നു. എവിടെ എത്തിയപ്പോള്‍ ഖാദി വസ്ത്രത്തില്‍ പൊതിഞ്ഞ പാത്രത്തിന്റെ സീല്‍ പൊട്ടിച്ച്, കേളപ്പജി പാത്രം തലയില്‍ വച്ചുകൊണ്ട് തന്നെ നദിയില്‍ ഇറങ്ങി. കൂടിനിന്നവരുടെ കണ്ണുനീര്‍ കൊണ്ട് തിലോദകം ചാര്‍ത്തിയ ചിതാഭസ്മം പുണ്യ തീര്‍ത്ഥമായ നിളാ നദി ഏറ്റുവാങ്ങി. മറ്റൊരു പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചോര വീണ മണ്ണ് കെ.എ. ദാമോദരമേനോന്‍ അതേസമയം തന്നെ ആ പുണ്യനദിയില്‍ ഒഴുക്കി. അന്നു വൈകുന്നേരം തിരുനാവായയില്‍ ചേര്‍ന്ന മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്തതും കേളപ്പജിയായിരുന്നു.
അതുമുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി പന്ത്രണ്ടാം തീയതി തിരുനാവായയില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ജീവിക്കുന്നവര്‍ ഒത്തു കൂടുക പതിവായി. തന്റെ ദേഹവിയോഗം വരെ എല്ലാവര്‍ഷവും കേളപ്പജിയും അവിടെ നടക്കുന്ന സര്‍വോദയ മേളയില്‍ പങ്കെടുത്തു.
ശാന്തി കുടീരം
കേരള സംസ്ഥാനം നിലവില്‍ വന്ന് 1957 ഏപ്രില്‍ മുതല്‍ 28 മാസം ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ ഭരണം നടത്തവേയാണ് ആചാര്യ വിനോബാ ഭാവേയുടെ നേതൃത്വത്തില്‍ ഭൂദാന സന്ദേശയാത്ര കേരളത്തില്‍ വരുന്നതും തിരിച്ചു പോകുന്ന വേളയില്‍ ശാന്തി സേന രൂപീകരിച്ച് കേളപ്പജിയെ അതിന്റെ അധ്യക്ഷനാക്കുന്നതും.
ജനാധിപത്യ മാര്‍ഗത്തിലൂടെ ലോകത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു എന്നൊക്ക ചരിത്രത്തില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അധികാരത്തില്‍ കയറി അല്പകാലം കൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാര്‍ തനിനിറം കാട്ടിത്തുടങ്ങി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ കൈകടത്തുന്നു എന്ന ആക്ഷേപം വ്യാപകമായി. ജോസഫ് മുണ്ടശ്ശേരി മുന്‍കൈ എടുത്തു നടപ്പാക്കിയ വിദ്യാഭ്യാസ നിയമത്തിനെതിരായ സ്‌കൂള്‍ മാനേജര്‍മാരുടെ എതിര്‍പ്പും കൂടി ആയപ്പോള്‍ കേരളം യുദ്ധക്കളമായി. ഈ സാഹചര്യത്തില്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറിയ കേളപ്പജി കലുഷിതമായ രാഷ്‌ട്രീയ സാമൂഹ്യ അന്തരീക്ഷം ശാന്തമാക്കാന്‍ പുതുതായി ഏറ്റെടുത്ത ശാന്തിസേനയുടെ ആശയമനുസരിച്ച് നിളയുടെ തീരത്ത് 1959 മെയ് 18 മുതല്‍ ഉപവാസം അനുഷ്ഠിക്കാന്‍ തയ്യാറെടുത്തതോടെ എല്ലാവരുടെയും ശ്രദ്ധ അവിടെ പതിഞ്ഞു. ആ വേദി പിന്നീട് ശാന്തി കുടീരം എന്നപേരില്‍ അറിയപ്പെട്ടു. അവിടം ക്രമേണ കേരള സര്‍വോദയ സംഘത്തിന്റെ ഖാദി നിര്‍മാണ കേന്ദ്രമായി മാറി.
തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്
വളര്‍ന്നു വരുന്ന തലമുറയെ രാഷ്‌ട്ര സേവനത്തിനു പ്രാപ്തരാക്കുന്ന അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയായിരുന്നു രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി നിര്‍ദേശിച്ചത്. ദരിദ്ര ഭാരതത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും നാടിന്റെ അപര്യാപ്തതകളെയും കണക്കിലെടുത്തും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ വേണ്ടവിധം മാനിച്ചും രൂപപ്പെടുത്തിയ അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സ്വതന്ത്ര ഭാരത സൃഷ്ടി സാധ്യമാകുമെന്ന ഉറച്ച വിശ്വാസം ഗാന്ധിജിക്കുണ്ടായിരുന്നു. കേരളത്തില്‍ ഈ അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തെ ശരിയായി പഠിക്കുകയും അതു നടപ്പിലാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരില്‍ മുന്‍പന്തിയില്‍ നിന്നത് കേളപ്പജി ആയിരുന്നു.
കേളപ്പന്‍ സര്‍വോദയരംഗത്ത് തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്ന കാലത്ത് ഗാന്ധിജിയുടെ ഭൗതികാവശിഷ്ടം അലിഞ്ഞു ചേര്‍ന്നു വര്‍ധിച്ച വിശുദ്ധി നേടിയിരുന്ന നിളാതീരത്തുള്ള തവനൂര്‍ തന്റെ വിശ്രമത്തിനും പ്രവര്‍ത്തനത്തിനുമുള്ള ഒരു താവളമാക്കിയിരുന്നു. തവനൂര്‍ തന്റെ പ്രവര്‍ത്തന കേന്ദ്രമായി തിരഞ്ഞെടുത്തത് അവിടുത്തെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ മാറ്റി സ്‌കൂളുകള്‍ സ്ഥാപിച്ചു ആ പ്രദേശത്തു വികസനം കൊണ്ടുവരാനാണെന്ന് എസ്.വി. ഗോവിന്ദന്‍ ‘അതുല്യനായ കേളപ്പന്‍’ എന്ന പുസ്തകത്തില്‍ കേളപ്പജിയോടൊപ്പം എന്ന ലേഖനത്തില്‍ പറയുന്നു. അവിടെത്തന്നെ കുന്നിന്‍പുറത്ത് അദ്ദേഹം സ്വന്തമായി ഒരു പോസ്റ്റ് ബേസിക് സ്‌കൂള്‍ ആരംഭിച്ചു.
പോസ്റ്റ് ബേസിക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് സര്‍വകലാശാല തലത്തിലുള്ള റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍. ഭാരതത്തില്‍ പല ഭാഗങ്ങളിലുമായി പതിനാലു റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ വളര്‍ന്നു വന്നിട്ടുണ്ട്. കേരളത്തില്‍ ഒരു റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് എവിടെ വേണം എന്ന തര്‍ക്കമായി. വിവാദങ്ങള്‍ക്കും വിലപേശലുകള്‍ക്കും അവസാനമായി റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തവനൂരില്‍ തന്നെ സ്ഥാപിക്കണമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഭരണ സമിതി ഉപാധ്യക്ഷന്‍ കേളപ്പജി തന്നെ ആയിരിക്കണമെന്നും പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന് തീരുമാനമെടുക്കേണ്ടി വന്നു.
വില്വമംഗലം സ്വാമിയാരുടെ പിന്തുടര്‍ച്ചക്കാരായ വെള്ളയില്‍ മന വക നൂറേക്കര്‍ ഭൂമിയും അതിലെ ചരിത്രപ്രാധാന്യമുള്ള ഇല്ലത്തറയും വാസുദേവപുരം ക്ഷേത്രവുമൊക്കെ ഉള്‍പ്പടെ ഉടമകളായ വി.എം. നാരായണന്‍ നമ്പൂതിരി, വി.എം. നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് വിട്ടുനല്‍കാന്‍ തയ്യാറായത് കേളപ്പജിയുടെയും ടി.എം. വാസുദേവന്‍ നമ്പൂതിരിയുടെയും കെ.സി.വി. രാജയുടെയും ശ്രമഫലമായിട്ടായിരുന്നു. അതോടൊപ്പം മുപ്പതു ലക്ഷം രൂപയോളം ചെലവ് വരുന്ന കെട്ടിടങ്ങളും ഒക്കെയായി അവിടെ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വളര്‍ത്തിയെടുക്കുന്നതില്‍ കേളപ്പജിയ്‌ക്ക് ഒരുപാട് ത്യാഗം ചെയ്യേണ്ടിവന്നു. ഈ സ്ഥാപനമാണ് 1985 മുതല്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്കു കീഴില്‍ ഇപ്പോള്‍ കേളപ്പജി സ്മാരക കാര്‍ഷിക എഞ്ചിനീയറിങ് കോളേജ് ആയി വളര്‍ന്നുകൊണ്ടിരിക്കുന്നത്.
അന്ത്യ നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ധന്യ ജീവിതം. 1971 ഒക്ടോബര്‍ ഏഴിനായിരുന്നു അദ്ദേഹം അന്തരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹത്തിന്റെ ഭൗതിക ദേഹം മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറം തളിക്ഷേത്ര പരിസരത്ത് എത്തിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട വന്‍ജനാവലി ഒന്നായി വിലപിക്കുകയായിരുന്നു എന്ന് കേളപ്പന്‍ സ്മാരക ഗ്രന്ഥത്തില്‍ അവിസ്മരണീയ വിലാപയാത്ര എന്ന ലേഖനത്തില്‍ വാസു അനുസ്മരിക്കുന്നു. കേളപ്പജിയുടെ ആഗ്രഹപ്രകാരം ഭാരതപ്പുഴയുടെ തെക്കെക്കരയില്‍ ആല്‍ത്തറക്ക് കിഴക്കായി മണലില്‍ തന്നെയാണ് ചിതയൊരിക്കിയത്.
1889 ആഗസ്ത് 24 ന് കൊയിലാണ്ടിക്കടുത്ത മുചുകുന്നില്‍ ജനിച്ച് ആറു പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ നവീകരണങ്ങളുടെയും ശാക്തീകരണങ്ങളുടെയും മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ച, നിന്ദിതരുടെയും ദുഃഖിതരുടെയും ഒപ്പം എന്നും നിലകൊണ്ട, ധര്‍മ്മയുദ്ധത്തിന്റെ അഹിംസായോദ്ധാവായി ജ്വലിച്ചുയര്‍ന്ന അമരനായ കേളപ്പജിയുടെ ചരിത്രമായിരിക്കണം ശ്രേഷ്ഠ ഭാരതത്തിന്റെയും അതിലെ ഉത്കൃഷ്ട കേരളത്തിന്റെയും നിര്‍മിതിക്ക് തയ്യാറാക്കുന്ന ഭാവി തലമുറയെ പഠിപ്പിക്കാന്‍. അല്ലാതെ ആവേശദായകമായ ആ സ്മാരകങ്ങള്‍ ഇടിച്ചുനിരത്തി അതിലെ തന്നെ വേണം നവ കേരള നിര്‍മാണം എന്ന് വാശിപിടിക്കുന്നത് ഭാവിയോട് ചെയ്യുന്ന അന്യായമായിരിക്കും. ഏതായാലും ലോകം ആദരിക്കുന്ന സാങ്കേതിക വിദഗ്ധന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഈ വിഷയത്തില്‍ ഇടപെട്ടത് കാരണം കേളപ്പജിയോടും മറ്റു ചരിത്ര സ്മാരകങ്ങളോടും ആരാധനാലയങ്ങളോടും കാണിക്കുന്ന അവഗണനയ്‌ക്ക് അറുതി വന്നവെന്ന് തത്കാലം പ്രത്യാശിക്കാം.
( ഭാരതീയ വിചാരകേന്ദ്രം ഉത്തരമേഖലാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: