കാളിയുടെ കഴുത്തിലെ 50 അസുര ശിരസ്സുകള്‍ കോര്‍ത്ത മാല അ മുതല്‍ ക്ഷ വരെയുള്ള അക്ഷരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കാളിക്ക് ‘അക്ഷ’മാല എന്നും പേരുണ്ടല്ലോ. സ്വര-വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ അമ്പത് അക്ഷരവും മേരുവായി ക്ഷ എന്ന അക്ഷരവും കല്‍പിക്കപ്പെട്ടിരിക്കുന്നു.
ഒമ്പത് ദിവസം നീളുന്ന നവരാത്രിപൂജയില്‍, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നില്‍ ലക്ഷ്മിയെയും, അവസാന മൂന്നു ദിനം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്‌നിയില്‍ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാല്‍ അഭയ-വരദായിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.
മാര്‍ക്കണ്ഡേയ പുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണ്ണിക്കുന്നുണ്ട്. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്‌കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ തിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ശിവപുത്രിയായ ഈ കാളി ദാരികനെ നിഗ്രഹിച്ചു.
കാളിയെ പൊതുവെ കോപമൂര്‍ത്തി ആയാണ് കേരളത്തില്‍ സങ്കല്‍പിച്ചു പോരുന്നത്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ക്കു കാരണവും ഇതാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയാണ് ഭദ്രകാളി. അതേ സമയം തന്നെ പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയും കൂടിയണ് ഭദ്രകാളി. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് ഈ പത്തുരൂപങ്ങള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീ വിഗ്രഹങ്ങള്‍ക്ക് പല രൂപകല്പനകളുമുണ്ട്. വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള്‍ വരെയുണ്ട്.
ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിക്കുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല്‍ പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്‍സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപ്പാട്ടുകളും പാനത്തോറ്റങ്ങളും ഉള്‍പ്പെടുന്ന ദേവീസ്തുതികള്‍ ഭഗവതിപ്പാട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്.
അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്‍ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്‍പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ കാളീപൂ
ജയ്‌ക്ക് ഉത്തമമായി കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: