India

രാജ്യത്ത് 584 മുസ്ലീം സമുദായങ്ങള്‍; ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ പെട്ടവര്‍ 53 ; ബ്രാഹ്മണരാണെന്നതില്‍ അഭിമാനിക്കുന്ന മുസ്ലീം സമുദായങ്ങള്‍ 12

Published by

തിരുവനന്തപുരം: ഭാരതത്തില്‍ 53 മുസ്ലീം സമുദായങ്ങള്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ പെട്ടവരാണെന്നും അവരില്‍ 12 സമുദായങ്ങള്‍ തങ്ങള്‍ ബ്രാഹ്മണരാണെന്നും കരുതി അഭിമാനിക്കുന്നതായും രേഖ. അന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് മുസ്‌ളീം സമുദായത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നത്,.
ജനസമൂഹത്തെ സമുദായങ്ങള്‍ ആയി തരം തിരിച്ച് 1985-92 കാലഘട്ടത്തില്‍ പീപ്പിള്‍ ഓഫ് ഇന്ത്യാ പ്രൊജക്ട് എന്ന പേരിലായിരുന്നുു സര്‍വേ. പ്രദേശം, ഒരുമ, വിവാഹം, തൊഴില്‍, ജീവിതവീക്ഷണം എന്നീ പ്രധാന മാനദണ്ഡങ്ങളെക്കുറിച്ചുള്ള പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് സമുദായങ്ങളെ തരം തിരിച്ചത്.
സര്‍വേ പ്രകാരം 4635 സമുദായങ്ങളിലായിട്ടാണ് എല്ലാ ഭാരതീയരും ഇന്നുള്ളത്. വൈദേശികമതങ്ങളെ പിന്തുടരുന്ന സമുദായങ്ങളിലുള്ളവര്‍ , സര്‍വെ അനുസരിച്ച് ആകെ 584 മുസ്ലീം സമുദായങ്ങളും 339 കൃസ്ത്യന്‍ സമുദായങ്ങളുമാണ് ഉള്ളത്. അവയില്‍ 53 മുസ്ലീം സമുദായങ്ങള്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ പെട്ടവരാണെന്നും അവരില്‍ 12 സമുദായങ്ങള്‍ തങ്ങള്‍ ബ്രാഹ്മണരാണെന്നും ഇന്നും കരുതി അഭിമാനിക്കുന്നു. 76 കൃസ്ത്യന്‍ സമുദായങ്ങളും വര്‍ണവ്യവസ്ഥയില്‍ ഉള്‍പ്പെട്ടവരാണെന്നതില്‍ അഭിമാനിക്കുന്നു.

ചിന്തകനും ഗവേഷകനുമായ കെ കെ വാമനന്‍ ജന്മഭൂമി ഓണപ്പതിപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തന വിജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി എഴുതിയ ലേഖനത്തിലാണ് അന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വൈദേശികമതങ്ങളെ പിന്തുടരുന്ന സമുദായങ്ങളിലുള്ളവര്‍ ഉള്‍പ്പടെയുള്ള ഓരോ ഭാരതീയനും ബാഹ്യവൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ പരസ്പരബന്ധമില്ലാത്ത ശകലങ്ങളായി വേര്‍പെട്ടു കഴിയുന്നവരാണ് തങ്ങള്‍ എന്ന തോന്നല്‍ തീരെ ഇല്ല. മറിച്ച് ഒരേ ഭാരതീയസമൂഹത്തിലെ വിവിധ സമുദായങ്ങള്‍, ഒരു മധുമക്ഷികാഗൃഹം (തേനീച്ചക്കൂട്, ) പോലെ, പരസ്പരം ഊഷ്മളമായ ബന്ധം പുലര്‍ത്തിക്കൊണ്ട് ഒരേ ഇടവും ഭൗതികസാഹചര്യവും പങ്കിടുന്നവര്‍, ഒരേ പാരമ്പര്യം, ഒരേ സംസ്‌കാരം പിന്തുടരുന്നവര്‍ എന്ന നിലയ്‌ക്ക് നാമൊന്ന് എന്ന ബോധം ഇന്നും ഉള്ളില്‍ കാത്തുസൂക്ഷിക്കുന്നു എന്നുമായിരുന്നു സര്‍വേയുടെ അതിശയകരമായ കണ്ടെത്തല്‍ എന്നാണ് കെ കെ വാമനന്‍ നിരീക്ഷിക്കുന്നത്.
പ്രാചീനഹിന്ദുസ്ഥാനത്തിലെ ഭൂവിഭാഗത്തില്‍ ഇന്നത്തെ നാട്ടുരാജ്യങ്ങള്‍ പോലെയുള്ള പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇതുപോലൊരു സര്‍വേ നടത്തിയാലും ഇതു തന്നെ വെളിവാകും. ദ്വിരാഷ്‌ട്ര, ബഹുരാഷ്‌ട്രവാദങ്ങളില്‍ ഒരു കഴമ്പുമില്ല എന്നും അവ ഒരുപിടി സ്വാര്‍ത്ഥമോഹികളുടെ അവസരവാദങ്ങള്‍ മാത്രമാണെന്നും തെളിയിക്കുന്നതാണ് ഈ സര്‍വേയുടെ കണ്ടെത്തല്‍. എല്ലാ ഭാരതീയരിലും സഹസ്രാബ്ദങ്ങളിലൂടെ സഞ്ചിതമായ ഹിന്ദുപാരമ്പര്യത്തിലൂന്നിയ ഇന്ത്യന്‍നെസ്സ് (ഭാരതീയത) പൊതുവായി കാണപ്പെടുന്നതിനാല്‍ ഭാരതം ഒരു നേഷന്‍ സ്റ്റേറ്റ് അല്ല മറിച്ച് അത് സിവിലിസേഷന്‍ സ്റ്റേറ്റ് ആണ് എന്ന് ആധുനികരാജ്യമീമാംസാപണ്ഡിതന്മാര്‍ വിലയിരുത്തുന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഈ ഭാരതീയത ആണ് സംഘദര്‍ശനത്തിന്റെ അകക്കാമ്പ് എന്നും വാമനന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഭാഷാ, ഭൂഷാ, വേഷം, ഭക്ഷണം, ആചാരാനുഷ്ഠാനം, തൊഴില്‍ എന്നിങ്ങനെ ജീവിതത്തിന്റെ ബാഹ്യമായ നാനാതലങ്ങളില്‍ അനന്തവൈവിധ്യം പുലര്‍ത്തുമ്പോഴും ഭാരതീയത എന്ന ഏകാത്മതയെ കൈവിടാത്ത എല്ലാ ഭാരതീയരിലും സംഘകാര്യത്തെ നേരിട്ട് അറിയുന്തോറും സംഘത്തിലേക്ക് സ്വയമേവ ആകൃഷ്ടരാകുകയും ഇതാണ് നമ്മുടെ വഴി എന്ന ബോധ്യം ഉണ്ടാകുകയും സര്‍വാത്മനാ സംഘത്തെ നെഞ്ചേറ്റുകയും ചെയ്യുന്നു. സംഘപ്രവര്‍ത്തനത്തിന്റെ വിജയത്തിന്റെ ആധാരം അതിന്റെ സവിശേഷമായ ദര്‍ശനവും അതിന് തികച്ചും ചേരുന്ന കാര്യപദ്ധതിയും ആണെന്നു കെ കെ വാമനന്‍ വ്യക്തമാക്കുന്നു..

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by