Kerala

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Published by

കൊച്ചി: ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സമൂഹത്തില്‍ എത്ര ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും എത്ര ശബ്ദങ്ങള്‍ ഉയര്‍ന്നു വരാന്‍ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെയുഡബ്ല്യൂജെ) 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യത്തിനൊപ്പം നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയും കഴിയട്ടെയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ 60 മണ്‍ ചെരാതുകള്‍ തെളിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആദ്യദീപം തെളിച്ചു. ഡെ. പോലീസ് കമ്മീഷണര്‍ കെ.എസ്. സുദര്‍ശന്‍, ബിജെപി നേതാവ് സി.ജി. രാജഗോപാല്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.സി. സഞ്ജിത്, സിഐസിസി ജയചന്ദ്രന്‍, ചന്ദ്രഹാസന്‍ വടുതല, എറണാകുളം പ്രസ്‌ക്ലബ് വൈസ് പ്രസി. എന്‍.കെ. സ്മിത, ജോ. സെക്രട്ടറി ഷബ്ന സിയാദ്, സെക്രട്ടറി എം. ഷജില്‍ കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജലീല്‍ അരൂക്കുറ്റി തുടങ്ങിയവര്‍ ദീപം തെളിയിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ അധ്യക്ഷനായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക