ഗ്വാളിയോര്‍: നാട്ടിലെത്തിയ ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഭാരത ടീമിനായി അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു വി. സാംസണ്‍ ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ന് രാത്രി ഏഴിന് ഗ്വാളിയറിലെ ന്യൂമാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.
നീണ്ട 14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഗ്വാളിയോറിലെ ഈ വേദിയില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഇതിന് മുമ്പ് ഇവിടെ നടന്ന അന്താരാഷ്‌ട്ര മത്സരം 2010 ജനുവരിയില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പോരാട്ടമായിരുന്നു. വ്യക്തിഗത സ്‌കോര്‍ 200 റണ്‍സ് തികച്ചുകൊണ്ട് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്ന് ചരിത്രം കുറിച്ചിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കും. അടുത്ത ശനിയാഴ്ച ഹൈദരാബാദിലാണ് മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം.
ടെസ്റ്റ് പരമ്പര തൂത്തുവാരി നില്‍ക്കുന്ന ഭാരതം ട്വന്റി20യിലും വിജയം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാര്‍ എന്ന പകിട്ട് കൂടി ഭാരതത്തിനുണ്ട്. ഓപ്പണറായി ഇറങ്ങുന്ന സഞ്ജു തന്നെയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ട്വന്റി20 ഇടവേള സമയത്ത് സൂര്യകുമാറിന് വിശ്രമം അനുവദിച്ചിരുന്നു. ലോകകപ്പിന് ശേഷം ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് വീണ്ടും കളിച്ചേക്കുമെന്നാണ് അറിയുന്നത്. ലോകകിരീടം നേടിയ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസനത്തെ നിര്‍ണായക ഓവര്‍ എറിഞ്ഞതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഒടുവിലത്തെ പ്രകടനം. പിന്നീട് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ട്വന്റി20യോട് വിടപറഞ്ഞു. ഈ സാഹചര്യത്തിലാണ് കുട്ടിക്രിക്കറ്റില്‍ സ്ഥിരം നായകനായി ബിസിസിഐ സൂര്യകുമാറിനെ പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ട്വന്റി20 പരമ്പര നേട്ടവും പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിലെത്തി പരമ്പരയില്‍ നയിച്ചതുമെല്ലാം കണക്കിലെടുത്താണ് സൂര്യകുമാറിനെ സ്ഥിരം നായകനായി ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക