ഷാര്‍ജ: ഐസിസി വനിതാ ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് ഷാര്‍ജയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് 16 റണ്‍സിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ബംഗ്ലാദേശ് മുന്നില്‍ വച്ച 120 റണ്‍സിന്റെ വിജയലക്ഷ്യത്തിന് നേരെ കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് സ്‌കോട്ട്‌ലന്‍ഡ് കീഴടങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. ഇതിനെതിരെ പൊരുതിയ സ്‌കോട്ട്‌ലന്‍ഡിന് 20 ഓവറും ബാറ്റ് ചെയ്ത് 103 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാറാ ബ്രൈസ്(49) അര്‍ദ്ധസെഞ്ചുറിക്ക് അടുത്തുവരെയെത്തി പുറത്താകാതെ നിന്നുകൊണ്ട് അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ചെങ്കിലും മതിയായ പിന്തുണ ലഭിച്ചില്ല. താരത്തിനൊപ്പം ഇന്നിങ്‌സ് ഭദ്രമാക്കാന്‍ ശേഷിയുണ്ടായിരുന്ന നായിക കാതറിന്‍ ബ്രൈസും അയില്‍സ ലിസ്റ്ററും 11 വീതം റണ്‍സെടുത്ത് മടങ്ങിയത് ടീമിന് തിരിച്ചടിയായി. അപകടകാരിയയ ലിസ്റ്ററിനെ പുറത്താക്കിയ ബംഗ്ലാ ബൗളര്‍ റിത്തു മോണിയാണ് കളിയിലെ താരം. ഡാര്‍സേ കാര്‍ട്ടറെയും(രണ്ട്) റിത്തു മോണിയാണ് പുറത്താക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സതി റാണിയും(29) ശോഭന മോസ്റ്ററിയും(36) കാഴ്‌ച്ചവച്ച ഭേദപ്പെട്ട പ്രകടനത്തിന്റെ ബലത്തിലാണ് 119 റണ്‍സിലെത്തിച്ചേര്‍ന്നത്. ഈ രണ്ട് പേരൊഴിച്ചാല്‍ നായിക നിഗര്‍ സുല്‍ത്താന(18) മാത്രമാണ് ബംഗ്ലാനിരയില്‍ കുറച്ചെങ്കിലും മികവ് കാട്ടിയത്. അവസാന ഓവറുകളില്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി ബംഗ്ലാദേശിനെ വലച്ച സാസ്‌കിയ ഹോര്‍ളിയുടെ പങ്ക് ആണ് സ്‌കോട്ട്‌ലന്‍ഡിന് ചെറിയ പ്രതീക്ഷ സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: