Samskriti

നവരാത്രികളിലെ നവ ദേവീഭാവങ്ങള്‍

Published by

”ഏതസ്മാദപരം കിഞ്ചിത്,
വ്രതം നാസ്തി ധരാതലേ,
ശാരദീയ നവരാത്രമിദം,
പാവനം സുഖദം തദാ.
ആനന്ദ മോക്ഷദം ചൈവ,
സുഖ-സന്താന വര്‍ദ്ധനം,
ശത്രുനാശകരം കാമം,
ഇമം പവിത്രവ്രതം സദാ.”

(നവരാത്രി വ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവുമില്ല. സാധകനെ പവിത്രമാക്കുകയും, എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നതാണ് നവരാത്രി വ്രതം.) ഭാരതീയര്‍ 64 ഭിന്നരൂപങ്ങളില്‍ വിവിധ ഭാവങ്ങളിലാണ് ദേവിയെ ഉപാസിയ്‌ക്കുന്നത്. ഒന്‍പതു രാത്രിയും, പത്തു പകലും നടക്കുന്ന സുന്ദരവും, ഐതിഹ്യ പ്രാധാനവുമായ ഉത്സവമാണ് നവരാത്രി. അജ്ഞാനാന്ധകാരത്തില്‍ ജ്ഞാനത്തിന്റെ പ്രഭചൊരിയുന്ന, തിന്മയ്‌ക്കുമേല്‍ നന്മയുടെ വിജയം വിളംബരം ചെയ്യുന്ന, മനുഷ്യ സമൂഹത്തിന് നിത്യമുക്തി പ്രദാനം ചെയ്യുന്ന ആഘോഷമാണ് നവരാത്രിയുടേത്.

കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് പ്രഥമ മുതല്‍ ഒന്‍പതു ദിവസമാണ് നവരാത്രി ആഘോഷം. ആരാധനയുടേയും, സംഗീതത്തിന്റേയും, നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റേയും കൂടി ഉത്സവമാണ് നവരാത്രി. നവരാത്രി ആഘോഷത്തിന് നിദാനമായി പറയപ്പെടുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീഭാഗവതത്തിലും, മാര്‍ക്കണ്ഡേയ പുരാണത്തിലും കാണാം.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുംഭന്‍, നിശുംഭന്‍, ധൂമ്രലോചനന്‍, മണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും, അതില്‍ നേടിയ വിജയങ്ങളുമാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് അടിസ്ഥാനം. ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി.

ഭാരതീയര്‍ക്ക് മാതൃസങ്കല്‍പ്പം ഏറെ പാവനമാണ്. ആയിരം ഗുരുനാഥന്മാര്‍ക്ക് സമമാണ് ഒരമ്മ എന്നതാണ് ആപ്തവാക്യം. എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കുന്ന കോടതിയാണ് അമ്മ. ശരണാഗതരായ എല്ലാവര്‍ക്കും ദു:ഖത്തെ അകറ്റുന്നവളാണ് ദേവി. രക്ഷാസ്വരൂപിണിയായ ദേവി സര്‍വ്വപുരുഷാര്‍ത്ഥങ്ങളേയും സാധിപ്പിക്കുന്നവളും ഭയത്തെ ഇല്ലാതാക്കുന്നവളുമാണ്.

ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ സ്വരൂപമായ ദേവി നമ്മെ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിയ്‌ക്കുന്നു. നവരാത്രിയുടെ ആദ്യ മൂന്നു ദിനങ്ങളില്‍ ദുര്‍ഗ്ഗയായും (അഹംഭാവത്തിന്റെ ശുദ്ധികലശം), അടുത്ത മൂന്നു ദിനങ്ങളില്‍ ലക്ഷ്മിയായും (നിഷേധചിന്തകളെ ഇല്ലാതാക്കി സക്രിയ ചിന്തകളെ ഉള്ളില്‍ നിറയ്‌ക്കുന്നു), അവസാന മൂന്നു ദിനം സരസ്വതിയായും (ആദ്യത്തെ രണ്ട് കടമ്പകള്‍ കഴിഞ്ഞാല്‍ യാതൊന്നുമെഴുതാത്ത ശ്വേത പുസ്തകത്താളുപോലെ ശൂന്യമായ ഉള്‍ത്തളങ്ങളില്‍ ബുദ്ധിയുടെ വെളിച്ചത്തെ നിറയ്‌ക്കാന്‍) ദേവിയെ ഉപാസിയ്‌ക്കുന്നു.

ചിട്ടയായ വ്രതാനുഷ്ഠാനങ്ങളിലൂടെ ഹൃദയകമലം വിടരുകയും, ആത്മീയചൈതന്യം ഉണരുകയും ചെയ്യുന്നു. ഉപാസന-സാധന പാരായണങ്ങളിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം വിജയദശമിയിലൂടെ ഈ ഭൂമിയില്‍ ജീവിച്ച് വിജയം വരിയ്‌ക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

നവദുര്‍ഗ്ഗാഭാവങ്ങളില്‍ ഒന്നാമത്തേത് ശൈലപുത്രീദേവി. ബ്രഹ്മാ-വിഷ്ണു മഹോശ്വരന്മാരുടെ ശക്തികള്‍ ഒന്നുചേര്‍ന്ന ദേവീഭാവമാണിത്. ഒരു കൈയില്‍ ശൂലവും, മറുകൈയില്‍ താമരയും ഏന്തിയിരിയ്‌ക്കുന്നു. ശുദ്ധമായ നെയ്യാണ് ബാലസ്വരൂപിണി ഭാവത്തിലുള്ള ദേവിയ്‌ക്ക് സമര്‍പ്പിക്കേണ്ടത്. ആരോഗ്യകരമായ ജീവിതം നയിയ്‌ക്കാന്‍ ദേവി സാധകനെ തുണയ്‌ക്കും.

നവദുര്‍ഗ്ഗാഭാവങ്ങളില്‍ രണ്ടാമത്തേത് ബ്രഹ്മചാരിണി ദേവീരൂപമാണ്. ഒരു കൈയില്‍ രുദ്രാക്ഷമാലയും, മറുകൈയില്‍ കമണ്ഡലുവും ഏന്തിയ ഈ രൂപത്തില്‍ ദേവിയെ സ്തുതിച്ചാല്‍ ഏത് കഠിനമായ തടസ്സങ്ങളേയും തരണം ചെയ്യാന്‍ സാധകന് കഴിയും. പഞ്ചസാരയാണ് ദേവിയ്‌ക്ക് സമര്‍പ്പിയ്‌ക്കാന്‍ ഉത്തമം.

മൂന്നാം ദിവസം ചന്ദ്രഘണ്ഡാദേവിയായി കരുതിയാണ് പൂജ ചെയ്യേണ്ടത്. നെറ്റിയില്‍ പത്ത് കൈകളും, ചന്ദ്രക്കലയും, മുഖത്ത് ഉഗ്ര ഭാവവും ഉള്ള ദേവിയെ ധ്യാനിച്ചാല്‍, ഭക്തരക്ഷയ്‌ക്കെത്തി സകല ദു:ഖങ്ങളും ദേവി ശമിപ്പിയ്‌ക്കും. ഖീര്‍ (ഒരുതരം പായസം) ആണ് ദേവിയുടെ ഇഷ്ടപ്രസാദം.

പ്രപഞ്ചസ്രഷ്ടാവായ കുഷ്മാണ്ഡദേവിയാണ് നാലാം നവരാത്രിദിനത്തില്‍ ദേവിയെ ഭജിയ്‌ക്കേണ്ടത്. ഭക്തര്‍ക്ക് ജ്ഞാനം നല്‍കി അനുഗ്രഹം ചൊരിയുന്ന ഈ ഭാവം സൂര്യമണ്ഡലത്തിലാണ് വസി്ക്കുന്നത്. ദേവിയുടെ പ്രീതിയ്‌ക്കായി മാല്‍പുവയാണ് (മൈദയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം) സമര്‍പ്പിയ്‌ക്കേണ്ടത്.

അഞ്ചാം ദിനത്തില്‍ സ്‌കന്ദമാതാ ദേവീഭാവത്തിലാണ് ദേവിയെ ആരാധിയ്‌ക്കേണ്ടത്. താമരപ്പൂവില്‍ വസിയ്‌ക്കുന്ന ദേവിയ്‌ക്ക് നാലു കൈകളുണ്ട്. രണ്ട് കൈകളില്‍ താമര ഉയര്‍ത്തിയിട്ടുണ്ട്. സുബ്രഹ്മണ്യന്‍ മടിയിലുണ്ട്. ഈ ഭാവത്തില്‍ ദേവി ക്ഷിപ്രപ്രസാദിയാണെന്ന് വിശ്വസിക്കുന്നു. വാഴപ്പഴമാണ് ഇഷ്ടപ്രസാദം.

ആറാം ദിനത്തിലെ ദുര്‍ഗ്ഗാഭാവം, ”കാത്യായനീ” ദേവിയുടേതാണ്. കാത്യായന്‍ എന്ന മുനിയുടെ മകളായി ദേവി അവതരിച്ചുവെന്നാണ് ഐതിഹ്യം. കൈയില്‍ വാളേന്തിയ ശക്തിയുടെ രൂപമാണ് ദേവിയുടേത്. തേനാണ് ഇഷ്ട സമര്‍പ്പണം. സര്‍വ്വൈശ്വര്യ ദായികയാണ് ദേവി.

ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാദേവിയെ കാളരാത്രി ദേവീഭാവത്തില്‍ ആരാധിയ്‌ക്കുന്നു. ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ബീഭല്‍സ ഭാവമാണിത്. ഈരൂപത്തിലാണ് ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഒരുകൈയില്‍ വാളും മറുകൈയില്‍ ത്രിശൂലവും ഏന്തിയിട്ടുണ്ട്. ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി സാധകന് സന്തോഷം പ്രദാനം ചെയ്യുന്ന ഈ ഭാവത്തില്‍ ശര്‍ക്കര വഴിപാടിനാണ് പ്രാധാന്യം.

എട്ടാം ദിവസമായ ദുര്‍ഗ്ഗാഷ്ടമിയില്‍ മഹാഗൗരിദേവി ഭാവത്തിലാണ് ദേവിയെ ആരാധിയ്‌ക്കേണ്ടത്. ഒരു കൈയില്‍ ത്രിശൂലവും മറുകൈയില്‍ ദാരുവും ധരിച്ചിരിക്കുന്ന നിറഞ്ഞ സൗന്ദര്യത്തിന്റേയും ധാവള്യത്തിന്റേയും രൂപമായ ദേവി, സര്‍വ്വൈശ്വര്യ പ്രദായികയാണ്. നാളികേരമാണ് ഈനാളില്‍ ദേവീപ്രീതിയ്‌ക്കായി സമര്‍പ്പിക്കേണ്ടത്.

മഹാനവരാത്രി നാളില്‍ സിദ്ധിദാത്രി ദേവിയായാണ് ദേവി അവതരിക്കുന്നത്. പൂര്‍ണ്ണതയുടെ പ്രതീകമായ ദേവി, താമരപ്പൂവില്‍ ഉപവിഷ്ടയാണ്. പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് മാനവകുലത്തെ രക്ഷിക്കുന്ന ഈ ദേവീഭാവത്തില്‍ ഇഷ്ടവഴിപാടായി സമര്‍പ്പിക്കേണ്ടത് എള്ളാണ്.

നവരാത്രിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. സര്‍വ്വാലങ്കാരഭൂഷിതയും സര്‍വ്വായുധ ധാരിണിയും സിംഹവാഹിനിയുമായ ചണ്ഡികാദേവി മഹിഷാസുരനെ വധിച്ച് നഷ്ടപ്പെട്ട ദേവലോകം ദേവന്മാര്‍ക്ക് വീണ്ടെടുത്ത് നല്‍കിയതിന്റെ സ്മരണാര്‍ത്ഥമാണ് നവരാത്രി ആഘോഷങ്ങള്‍ എന്നതാണ് മുഖ്യമായത്. മറ്റൊരു ഐതിഹ്യമനുസരിച്ച് ദുര്‍ഗ്ഗന്‍ എന്ന അസുരനെ വധിക്കുന്നതിനായി ദേവന്മാര്‍ ഏഴു ദിവസം ദേവിയെ ആരാധിക്കുകയും എട്ടാം ദിവസം ദേവി ദുര്‍ഗ്ഗാവതാരം പൂണ്ട് അസുരനിഗ്രഹം നടത്തുകയും ചെയ്തു എന്നതാണ്. നവരാത്രിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആയുധപൂജയ്‌ക്കും വിദ്യാരംഭത്തിനുമാണ് പ്രാധാന്യം.

വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറി്ക്കുന്നത് ശ്രേഷ്ഠമായി കരുതുന്നു.

നവരാത്രികാലത്ത് തമിഴ്നാട്ടില്‍ ബ്രഹ്മണര്‍ കൊലുവെയ്‌ക്കല്‍ എന്ന ആചാരം ഭക്ത്യാദരപൂര്‍വ്വം ആഘോഷി്ക്കുന്നു. ഇതിന്റെ ഭാഗമായി ദേവിയുടെ വലിയ കോലങ്ങള്‍ മുതല്‍ കൊച്ചുബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്നു. മൈസൂരില്‍ ദസറ ആഘോഷം ഏറെ പ്രസിദ്ധമാണ്. ഗുജറാത്തിലും, ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും നവരാത്രിക്കാലത്ത് ഡാന്‍സിയ നൃത്തം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഹിമാചല്‍ പ്രദേശിലെ കുളുദസ്റ മൈസൂര്‍ ദസറപോലെ തന്നെ പ്രസിദ്ധമാണ്. ഉത്തരഭാരതത്തില്‍ രാംലീല ആഘോഷങ്ങളാണ് നടക്കുന്നത്. രാവണനെ കൊല്ലുന്നതിനുള്ള ശക്തി സംഭരിയ്‌ക്കുന്നതിന് ശ്രീരാമന്‍ നവരാത്രി ദിവസങ്ങളില്‍ ദേവിയെ പൂജിച്ചെന്നും പത്താം നാള്‍ സര്‍വ്വശക്തനായി തീര്‍ന്നെന്നുമാണ് വിശ്വാസം. വടക്കുകിഴക്കന്‍ ഭാരത്തില്‍ ദുര്‍ഗ്ഗാപൂജയായാണ് നവരാത്രി ആഘോഷി്ക്കുന്നത്. ബംഗളില്‍ കാളീപൂജ ആഘോഷത്തിന്റെ ഭാഗമായി ദുര്‍ഗ്ഗാദേവിയുടെ രൂപങ്ങള്‍ കെട്ടിയൊരുക്കി വിജയദശമി ദിവസം, ഘോഷയാത്രയായി നദികളിലോ സമുദ്രത്തിലോ നിമജ്ജനം ചെയ്യുന്നു. ഐതിഹ്യങ്ങളും ആഘോഷങ്ങളും വ്യത്യസ്തമാണെങ്കിലും, അടിസ്ഥാനപരമായി നവരാത്രി നന്മയുടെ ആഘോഷമാണ്. എല്ലാ ദേവതേജോ രശ്മികളുടേയും സംയുക്തരൂപത്തില്‍ എല്ലാ പ്രകൃതി വിഭവങ്ങളില്‍നിന്നും ശക്തിയാര്‍ജ്ജിച്ച് ധര്‍മ്മരക്ഷ നേടിയ ദേവി പ്രതിനിധീകരിക്കുന്നത് തിന്മയുടെ മേല്‍ നന്മ നേടിയ ആത്യന്തിക വിജയത്തേയാണ്. ഭാരതീയ സാമൂഹ്യ വ്യവസ്ഥയിലെ സ്തീശക്തിയുടെ പ്രാധാന്യത്തേയും ഇത് സൂചിപ്പിയ്‌ക്കുന്നു. നവരാത്രി ആഘോഷങ്ങള്‍ ധര്‍മ്മരക്ഷ, ഐശ്വര്യം, വിദ്യാവിജയം എന്നീ അഭീഷ്ട സിദ്ധികള്‍ നേടി ജന്മഭൂമിയോടുള്ള കടമ നിര്‍വ്വഹിയ്‌ക്കാന്‍ നമ്മെ പ്രാപ്തരാക്കട്ടെ എന്ന് പ്രത്യാശിയ്‌ക്കാം.

(ഗുരുവായൂര്‍ ക്ഷേത്രം അസി. മാനേജര്‍ ആണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by