Entertainment

ബോളിവുഡ് നടന്‍ രണ്‍ബീര്‍ മകള്‍ക്ക് ‘ഉണ്ണി വാവാവോ’ പാടിക്കൊടുക്കുമ്പോള്‍ അറിയുക…. ഇരയിമ്മന്‍തമ്പിയില്‍ തുടങ്ങുന്ന താരാട്ട് പാട്ടിന്റെ  സമൃദ്ധി

മറക്കാനാവാത്ത ഒട്ടേറെ താരാട്ട് പാട്ടുകള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. സ്വാതിതിരുനാളിന്‍റെ ഗുരുവായും അദ്ദേഹത്തിന്‍റെ രാജസദസ്സിലെ അംഗമായും ശോഭിച്ചിരുന്ന ഇരയിമ്മന്‍ തമ്പി മുതല്‍ പുതിയ കാലത്തിലെ എഴുത്തുകാരനായ അജീഷ് ദാസോളം എത്തുന്ന വൈവിധ്യമാര്‍ന്ന, സമൃദ്ധിയാര്‍ന്ന താരാട്ട് പാട്ടിന്‍റെ ലോകം.

Published by

ബോളിവുഡിന്റെ പ്രിയ താരജോഡികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ മകള്‍ റാഹയെ ഉറക്കാന്‍ പാടുന്നത് കൈത്രപ്രം രചിച്ച് മോഹന്‍ സിതാര ഈണം പകര്‍ന്ന ‘ഉണ്ണി വാവാവോ’..എന്ന താരാട്ട് പാട്ടാണെന്ന വാര്‍ത്ത വന്നതോടെ ഈ ഗാനം ഇന്ത്യയാകെ പ്രസിദ്ധമായി.  ഇപ്പോള്‍ഉണ്ണി വാവാവോ  ഒരു പാന്‍ ഇന്ത്യന്‍ ഗാനമായി വളര്‍ന്നിരിക്കുന്നു.

ഒരു അമ്മയുടെ വാത്സല്യം മുഴുവനായി ഒപ്പിയെടുത്ത് പകര്‍ന്ന് നല്‍കിയ ഗാനം. ഈണമിട്ട ശേഷമാണ് കൈതപ്രം ഗാനത്തിന്റെ ട്യൂണിനൊപ്പിച്ച് വരികള്‍ എഴുതിയത്. സാധാരണ വീട്ടമ്മമാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ വരികള്‍ വേണമെന്നത് സിബി മലയിലിന് നിര്‍ബന്ധമായിരുന്നു. അതാണ് സിബി മലയിലിന്റെ ‘സാന്ത്വനം’ എന്ന സിനിമയ്‌ക്ക് വേണ്ടി പിറന്ന ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ട്.കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്ന ഗാനമാണിത്.

ഇതുപോലെ മറക്കാനാവാത്ത ഒട്ടേറെ താരാട്ട് പാട്ടുകള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ രാജസദസ്സിലെ അംഗമായും ശോഭിച്ചിരുന്ന ഇരയിമ്മന്‍ തമ്പി മുതല്‍ പുതിയ കാലത്തിലെ എഴുത്തുകാരനായ അജീഷ് അജീഷ് ദാസന്‍ വരെ എത്തുന്ന വൈവിധ്യമാര്‍ന്ന, സമൃദ്ധിയാര്‍ന്ന താരാട്ട് പാട്ടിന്റെ ലോകം. പല അമ്മമാരും അച്ഛന്മാരും കുഞ്ഞുങ്ങളെ ഉറക്കാന്‍ ഈ താരാട്ട് പാട്ടുകള്‍  ഇപ്പോഴും  ഉപയോഗിക്കുന്നു.ഏതൊക്കെയാണ് ആ താരാട്ട് പാട്ടുകള്‍?

താരാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഏതൊരു മലയാളിയുടേയും ഉള്ളിലെത്തുന്നത് ഇരയിമ്മൻ തമ്പിയുടെ വരികൾ തന്നെ. ഒരു സിനിമയുടെ ഭാഗമല്ലാതെ തന്നെ ഈ താരാട്ട് പൂര്‍ണ്ണമായി കെ.എസ്. ചിത്ര സ്വതന്ത്രമായി ആലപിച്ചതിന്റെ വീഡിയോ കാണാം.

ഓമനത്തിങ്കൾ കിടാവോ നല്ല

കോമള താമര പൂവോ

പൂവിൽ നിറഞ്ഞ മധുവോ

പരിപൂർണേന്ദു തന്റെ നിലവോ

എത്രയോ തലമുറകളായി ഈ താരാട്ട് നമ്മൾ പല ശബ്ദത്തിൽ കേൾക്കുന്നു. കുറിഞ്ചി രാഗത്തിലും നീലാംബരിയിലും ഈ താരാട്ട് ചിട്ടപ്പെടുത്തിയിട്ടുള്ള ഈ താരാട്ട് പാട്ട്  കവിയും സംഗീതജ്ഞനുമായിരുന്ന ഇരയിമ്മൻ തമ്പി കുട്ടിയായിരുന്ന സ്വാതി തിരുനാൾ മഹാരാജവിനെ ഉറക്കാൻ വേണ്ടിയാണ്‌ ഈ താരാട്ട് രചിച്ചത്. പിന്നീട് പല സിനിമകളിലും ഈ താരാട്ട് പാട്ട് ഉപയോഗിച്ചു.

‘സീത’ എന്ന ചിത്രത്തിൽ അഭയദേവ് എഴുതി ദക്ഷിണാമൂർത്തി ഈണമിട്ട് പി. സുശീല പാടിയ താരാട്ട് പാട്ടാണ് ആദ്യ കാല മലയാള സിനിമയിലെ എണ്ണം പറഞ്ഞ താരാട്ട്:

“പാട്ടു പാടി ഉറക്കാം ഞാൻ

താമരപ്പൂമ്പൈതലേ

കേട്ടു കേട്ടു നീയുറങ്ങെൻ

കരളിന്റെ കാതലേ…”

താരാട്ട് പാട്ടിലേക്ക് ശ്രീരാമ സങ്കല്‍പം കൊണ്ട് വന്ന് അഭയദേവിലെ കവി ചിറകടിച്ചുയരുന്നൂ ഈ ഗാനത്തിലെ അടുത്ത വരികളില്‍

“..രാജാവായ് തീരും നീ

ഒരുകാലമോമനേ

മറക്കാതെ അന്ന് തൻ

താതൻ ശ്രീരാമനേ ..”

‘സ്നേഹസീമ’ എന്ന ചിത്രത്തിലെ  അഭയദേവ്, ദക്ഷിണാമൂർത്തി ടീമിന്റെ ഈ താരാട്ട് പാട്ട് പ്രസിദ്ധമാണ്.

“കണ്ണും പൂട്ടി ഉറങ്ങുക നീയെൻ

കണ്ണേ പുന്നാര പൊന്നുമകളേ

അമ്മേമച്ചനും ചാരത്തിരിപ്പൂ

ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ..”

‘തുലാഭാരം’ എന്ന ചിത്രത്തിൽ വയലാർ ദേവരാജൻ ടീമിന്റെ താരാട്ട് പാട്ട് മനോഹരമാണ്.

“ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ

താമരക്കുമ്പിളിൽ പനിനീര്‌

ഓണം പിറന്നാലുമുണ്ണി പിറന്നാലും

ഓരോ കുമ്പിൾ കണ്ണീര്‌ മണ്ണിന്‌

ഓരോ കുമ്പിൾ കണ്ണീര്…”‌

വയലാർ ദേവരാജൻ ടീമിന്റെ തന്നെ ഒരു താരാട്ടാണ്‌ ‘പുനർജന്മം’ എന്ന സിനിമയിൽ പി. ലീല പാടിയ ‘ഉണ്ണിക്കൈ വളര്‌ വളര്‌’ എന്ന് തുടങ്ങുന്ന പാട്ട്:.

ഉണ്ണിക്കൈ വളര് വളര് വളര്

ഉണ്ണിക്കാല്‍ വളര് വളര് വളര്

തളയിട്ട്‌ വളയിട്ട്‌ മുറ്റത്തു പൂവിട്ട്

തിരുവോണത്തുമ്പി തുള്ളാന്‍ വളര് വളര്

ഉണ്ണിക്കൈ വളര് വളര് വളര്

“ആയില്യം കാവിങ്കൽ

ഉരുളി കമഴ്‌ത്തിയിട്ടാദ്യം

പൂത്തൊരു സ്വപ്നമല്ലേ

കല്യാണനാളിലെ കവിതയ്‌ക്ക് കിട്ടിയ

സമ്മാനമല്ലേ..”

1975-ൽ പുറത്തുവന്ന ‘രാഗം’ എന്ന സിനിമ  ‘അനുരാഗ്’ എന്ന ഹിന്ദി സിനിമയുടെ  റീമേക് ആയിരുന്നു. ഇതിലാണ്‌ വയലാർ എഴുതിയ മനോഹരമായ ഒരു താരാട്ട് പാട്ടുള്ളത്. സലിൽ ചൗധരി സംഗീതം ചെയ്ത് പി. സുശീല പാടിയിരിക്കുന്നു.

“ഓമന തിങ്കൾ പക്ഷീ

നീലത്താമര കുളത്തിലെ തിങ്കൾ പക്ഷീ

പെറ്റൊരു പാതിരാമുത്തിന്‌ പേരെന്ത്..”

സലിൽ ചൗധരി ഈണമിട്ട വളരെ ജനപ്രിയമായൊരു താരാട്ടാണ്‌ ‘വിഷുക്കണി; എന്ന ചിത്രത്തിലേത്. ശ്രീകുമാരനതമ്പി എഴുതി എസ്. ജാനകി മനോഹരമായി പാടിയ പാട്ട്.

“മലർ കൊടി പോലെ വർണത്തുടി പോലെ

മയങ്ങൂ നീയെൻ മടിമേലെ

അമ്പിളീ നിന്നെ പുൽകി

അംബരം പൂകീ ഞാൻ  മേഘമായ്

നിറസന്ധ്യയായ് ഞാനാരോമലേ

വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്

ഉറങ്ങൂ കനവ് കണ്ടുണരാനായ് ഉഷസ്സണയുമ്പോൾ..”

യൂസഫലി കേച്ചേരി എഴുതി എം. എസ്. ബാബുരാജ് ഈണമിട്ട ഒരു പാട്ടുണ്ട് ’കാർത്തിക‘ എന്ന സിനിമയിൽ. മനോഹരമായി പാടിയിരിക്കുന്നത് എസ്. ജാനകി.

കണ്മണിയേ – കണ്മണിയേ
കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ് 
നിന്നെ വളർത്താൻ
അമ്മയില്ലേ നിന്നരികിൽ 
അരികിൽ – അരികിൽ

“കഴിഞ്ഞ കഥയിലെ കഥാനായകൻ

കനിഞ്ഞുനൽകിയ നിധിയല്ലേ

കഴിയാത്ത കഥയിലെ കണ്ണീർ കഥയിലെ

കഥാനായകൻ നീയല്ലേ..”

ബിച്ചുതിരുമല ‘അവളുടെ രാവുകൾ’ എന്ന സിനിമയ്‌ക്ക് വേണ്ടി എഴുതിയ താരാട്ട് അപാരമാണ്. എ. ടി. ഉമ്മർ ഈണമിട്ട് എസ്. ജാനകി പാടിയ പാട്ട്

ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2)
എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ
കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ… (ഉണ്ണിയാരാരിരോ..)

“സ്വർണമാൻ കൈകളും വർണമേഘങ്ങളും

നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും

കണ്ട് പുന്നാരമോൻ നാളെയാളാകണം

നാടിനാരാധ്യനായ് നീ വളർന്നീടണം..”

ഇതിനുസമാനമായ വരികളാണ്‌ ’വാൽസല്യം‘ എന്ന സിനിമയ്‌ക്ക് വേണ്ടി കൈതപ്രം എഴുതി എസ്.പി. വെങ്കടേഷ് ഈണമിട്ട പാട്ടിലുമുള്ളത്.

ആരിരം രാരിരം രാരാരോ
ആരീ രാരിരം രാരാരോ

താമരക്കണ്ണനുറങ്ങേണം

കണ്ണും പൂട്ടിയുറങ്ങേണം

അഛനെ പോലെ വളരേണം

അമ്മയ്‌ക്ക് തണലായ് മാറേണം

അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ

കൈയിലെടുക്കേണം..”

കെ. ജെ. ജോയ് ഈണമിട്ട ഒരു താരാട്ട് വളരെ ജനപ്രിയമായിരുന്നു. 1977-ൽ പുറത്തുവന്ന ‘ആരാധന’ എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ പാട്ട്.

ആരാരോ ആരിരാരോ

അഛന്റെ മോളാരാരോ

അമ്മയ്‌ക്ക് നീ തേനല്ലേ

ആയിരവല്ലി പൂവല്ലേ..

ബിച്ചുതിരുമലയുടെ പദപ്രയോഗങ്ങളുടെ ലാളിത്യവും സൗന്ദര്യവും ശരിക്കും പ്രകടമാവുന്ന വരികളാണ്‌ ചരണത്തിൽ.

മഞ്ഞിറങ്ങും മാമലയിൽ

മയിലുറങ്ങീ മാനുറങ്ങീ

കന്നിവയൽ പൂവുറങ്ങീ

കണ്മണിയേനീയുറങ്ങൂ

അന്തി ചെമ്മാനത്ത് തീയാട്ടം

തിങ്കൾ കുഞ്ഞിന്റെ തേരോട്ടം..”

ഇതുപോലുള്ള ഒരു പാട്ടാണ്‌ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് ചിത്രയും വേണുഗോപാലും വേറെ വേറെ പാടിയ ഈ ഗാനം.

ഏതോ വാർമുകിലിൻ കിനാവിലെ

മുത്തായ് നീ വന്നു

ഓമലേ

ജീവനിൽ അമൃതേകാനായ് വീണ്ടും..

എസ്. പി. വെങ്കടേഷ് ഈണമിട്ട വേറൊരു താരാട്ട് കൂടിയുണ്ട്. സിനിമ ‘ഭാവാർഥം’ വരികളെഴുതിയത് ഗിരീഷ് പുത്തഞ്ചേരി. ‘മിന്നാരം കുരുന്നേ മുത്തേ’ എന്ന് തുടങ്ങുന്ന പാട്ട് ചിത്ര പാടിയിരിക്കുന്നു.

ങ്ഹും…
ആരാരീരാരിരോ രാരോ
ആരാരീരാരിരോ ആരീരോ…

മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാൻ
ഇമ ചിമ്മാതമ്മയീ രാവില്‍
താരാട്ടുന്നിതാ ആരീരോ
മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാന്‍ 

 

‘മംഗളം നേരുന്നു’ എന്ന ചിത്രത്തിൽ എം. ഡി. രാജേന്ദ്രൻ രചിച്ച് ഇളയരാജ ഈണമിട്ട മനോഹരമായ ഒരു താരാട്ടുണ്ട്. പാടിയത് കൃഷ്ണചന്ദ്രൻ.

അല്ലിയിളം പൂവോ

ഇല്ലിമുളം തേനോ

തെങ്ങിളനീരോ തേന്മൊഴിയോ

മണ്ണിൽ വിരിഞ്ഞ നിലാവൊ..”

“കൈവിരലുണ്ണും നേരം

കണ്ണുകൾ ചിമ്മും നേരം

കന്നിവയൽ കിളിയേ നീ

കണ്മണിയെ ഉണർത്താതെ

നീ താലീ പീലീ കാട്ടിനുള്ളിൽ

കൂടും തേടി പോ പോ..

ഓ. എൻ. വി എഴുതി മോഹൻ സിതാര ഈണമിട്ട മനോഹരമായ ഒരു താരാട്ടുണ്ട് ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിൽ.

രാരീ രാരിരം രാരൊ

പാടീ രാക്കിളി പാടീ

പൂമിഴികൾ പൂട്ടി മെല്ലെ

നീയുറങ്ങി ചായുറങ്ങി

സ്വപ്നങ്ങൾ പൂവിടും പോലെ

നീളേ

വിണ്ണിൽ വെൺതാരങ്ങൾ

മണ്ണിൽ മന്ദാരങ്ങൾ

പൂത്തൂ വെൺതാരങ്ങൾ

പൂത്തൂ മന്ദാരങ്ങൾ..

അന്വേഷണം’ എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ച് എം. കെ. അർജുനൻ ഈണമിട്ട് യേശുദാസ് പാടിയ ഒരു താരാട്ടുണ്ട്.

പഞ്ചമി ചന്ദ്രിക പൂപ്പന്തൽ കെട്ടി

പാലൂറും മേഘങ്ങൾ തോരണം കെട്ടി

ആലോലം പാട്ടിന്റെ താളവുമായി

ആടിവാ കറ്റേ ആതിര കാറ്റേ

താലോലം താലോലം

ബിച്ചു തിരുമല എഴുതി ജയവിജയ ഈണമിട്ട ഒരു താരാട്ടുണ്ട് ‘നിറകുടം’ എന്ന സിനിമയിൽ. പാടിയിരിക്കുന്നത് യേശുദാസ് തന്നെ.

ആരാരോ ആരാരോ ആരാരോ ആരിരാരോ

ജീവിതമെന്ന തൂക്കുപാലം

ജീവികൾ നാമെല്ലാം സഞ്ചാരികൾ

അക്കരെക്കെത്താൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ

ഇക്കരെ നീയും വന്നതെന്തിനാരോമൽ കുഞ്ഞേ..

‘താലോലം’ എന്ന സിനിമയ്‌ക്ക് വേണ്ടി കൈതപ്രം എഴുതി, ഈണമിട്ട് യേശുദാസ് പാടിയ പാട്ടാണിത്. മിക്കവാറും താരാട്ടുകളിൽ വരുന്ന ബിംബങ്ങളും പ്രയോഗങ്ങളും തന്നെ.

കൈതപ്രം തന്നെ എഴുതി സംഗീതം കൊടുത്ത് ചിത്ര പാടിയ ഒരു പാട്ട് ‘ശാന്തം’ എന്ന സിനിമയിലുണ്ട്.

ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ

കാത്തുകാത്തുണ്ടായോരുണ്ണി

അമ്പോറ്റി കണ്ണന്റെ മുന്നിൽ അമ്മ

കുമ്പിട്ടു കിട്ടിയ പുണ്യം

ചോടൊന്നുവെയ്‌ക്കുമ്പോൾ അമ്മയ്‌ക്ക് നെഞ്ചിൽ

കുളിരാം കുരുന്നാകും ഉണ്ണി..

ബാലചന്ദ്ര മേനോന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ കാര്യം നിസ്സാരം എന്ന ചിത്രത്തിൽ കെ ജെ യേശുദാസ് ആലപിച്ചതാണ് ഈ ഗാനം. ഫെമയിൽ വോയ്‌സിൽ സുജാതയും ആലപിച്ചിരിക്കുന്നു. കണ്ണൂർ രാജന്റെ സംഗീതത്തിൽ വരികളെഴുതിയത് കോന്നിയൂർ ഭാസ്.

കൺ‌മണി പെൺ‌മണിയേ
കാർത്തിക പൊൻ‌കണിയേ
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിൻ കുളിരേ
മുത്തേ നിന്നെ താരാട്ടാം
മലരേ മധുരത്തേനൂട്ടാം

“2005-ൽ പുറത്തുവന്ന ‘ചാന്തുപൊട്ട്’ എന്ന സിനിമയിലെ താരാട്ട് പാട്ടിനെ പരാമർശിക്കാതെ തരമില്ല. വയലാർ ശരത്ചന്ദ്ര വർമ എഴുതി വിദ്യാസാഗർ ഈണമിട്ട് എസ്. ജാനകി പാടിയ പാട്ടാണിത്.

ആഴക്കടലിന്റെ അങ്ങേക്കരയിലായ്

നേരം വെളുക്കുന്ന മേട്ടിൽ

അമ്പിളിമാമനെ പോലെന്റ് മാറിലായ്

ഒട്ടിക്കിടക്കുന്ന മുത്തേ.

പത്ത് വർഷങ്ങൾക്കുള്ളിൽ പുറത്തുവന്ന താരാട്ടാണ്‌ ‘കളിമണ്ണ്‌’ എന്ന ചിത്രത്തിനുവേണ്ടി ഓ. എൻ. വി എം. ജയചന്ദ്രൻ ടീം ഒരുക്കിയ ‘ലാലീ ലാലീ ലെലോ’ എന്ന് തുടങ്ങുന്ന താരാട്ട്. പാടിയിരിക്കുന്നത് മൃദുലാ വാര്യരും സുദീപ് കുമാറും ചേർന്ന്.

മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞുമലരേ

ലാലീലാലീലാ.. ലാലീലാലീലെലോ…
ലാലീലാലീലാ.. ലാലീലാലീലെലോ…

നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ സ്വർണ്ണമീനോ
അമ്മക്കുരുവി ചൊല്ലുമൊരായിരം
കുഞ്ഞികഥകൾതൻ തേൻ‌കൂടിതായിതെന്നോമനേ…

 

ജോസഫ്’ എന്ന സിനിമയ്‌ക്ക് വേണ്ടി അജീഷ് ദാസൻ എഴുതി രഞ്ചിൻ രാജ് ഈണമിട്ട് നിരഞ്ജ്   സുരേഷ് പാടിയ സുന്ദരമായ പാട്ട്.

പൂമുത്തോളേ നീയെരിഞ്ഞ

വഴിയിൽ ഞാൻ മഴയായി പെയ്തെടീ

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ

മാറത്തുറക്കാനിന്നോളം

തണലെല്ലാം വെയിലായി കൊണ്ടെടീ

മാനത്തോളം വളരേണം

മഴവില്ലായ് എന്മണീ..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക