ആലപ്പുഴ: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഒട്ടും ആവേശമില്ലാതെയാണ് ബഹുഭൂരിപക്ഷം സമ്മേളനങ്ങളും നടന്നത്, വിരളമായി ചിലയിടങ്ങളില്‍ പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നതൊഴിച്ചാല്‍ ഒട്ടും ആവേശകരമല്ലായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങള്‍. പലയിടങ്ങളിലും ക്വാറം പോലും തികയാതെ സമ്മേളനങ്ങള്‍ മാറ്റി വെക്കേണ്ടി വന്നു.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പോലും പ്രതിനിധികളെ നിര്‍ബന്ധപൂര്‍വമാണ് സമ്മേളനത്തില്‍ എത്തിക്കേണ്ടി വന്നു. സമ്മേളനങ്ങളിലാകട്ടെ കാര്യമായ ചര്‍ച്ചകള്‍ നടക്കാതെ കാര്യക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. മുന്‍ കാലങ്ങളില്‍ കേന്ദ്രനേതൃത്വത്തെ മുതല്‍ ബ്രാഞ്ച് നേതൃത്വത്തെ വരെ രൂക്ഷമായി വിമര്‍ശിക്കുകയും, നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുയും ചെയ്യുന്ന വേദികളായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങള്‍. അണികളുടെ നിര്‍ജീവാവസ്ഥയും, നിസംഗതയെ നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.
നേതൃത്വത്തിന്റെ തന്‍പ്രമാണിത്വവും, വഴിപിഴച്ച പ്രവര്‍ത്തനങ്ങളും, സര്‍ക്കാരിന്റെ പരാജയവും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ അടിസ്ഥാന ജനവിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് അണികള്‍ ഭൂരിപക്ഷവും നിരാശരാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും എതിരായി പി.വി. അന്‍വര്‍ രംഗത്തെത്തിയത്. ഇതോടെ സമ്മേളന കാലയളവ് പൂര്‍ണമായും അന്‍വറിന്റെ നിലപാടുകളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മാത്രമായി ഒതുങ്ങി. ആഭ്യന്തര വകുപ്പിനും, ആരോഗ്യവകുപ്പിനുമാണ് അണികളില്‍ നിന്ന് കൂടുതലായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.
അന്‍വറിനെ മുന്‍ നിര്‍ത്തി പാര്‍ട്ടിയിലെ ഒരു വിഭാഗവും, ഇസ്ലാമിസ്റ്റുകളും നടത്തിയ നീക്കം, താഴെത്തട്ടിലെ അണികളെ സമ്മേളന കാലയളവില്‍ കാര്യമായി തന്നെ സ്വാധീനിച്ചു. അന്‍വറിനെ പരസ്യമായി പിന്തുണയ്‌ക്കാന്‍ തയാറായില്ലെങ്കിലും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു. ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ അന്‍വറിനെതിരായ നിലപാടുകള്‍ ശക്തമാക്കാനാവും വരും ദിവസങ്ങളില്‍ നേതൃത്വം ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: