അമ്മ എന്ന വാക്കിനെ സ്‌നേഹം, ദയ, സഹനം, ത്യാഗം എന്നൊക്കെയാണ് വിവരിക്കാറ്. കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു. അമ്മ ഭാവത്തിന് കവിയൂര്‍ പൊന്നമ്മയുടെ രൂപമാണ് മലയാളി കല്പിച്ചു നല്‍കിയത്. വെള്ളിത്തിരയില്‍ പൊന്നമ്മ അമ്മ വേഷങ്ങള്‍ പകര്‍ന്നാടിയപ്പോള്‍ അവയോരോന്നും പ്രേക്ഷകന്റെ മിഴിനനയിച്ചു. അമ്മ നല്‍കുന്ന സുരക്ഷിതത്വത്തെയും സ്‌നേഹത്തെയും ആ വേഷങ്ങളിലൂടെ ആസ്വാദകര്‍ അനുഭവിച്ചറിഞ്ഞു. ഓരോ അമ്മയും പൊന്നമ്മയെ പോലെയായിരുന്നെങ്കിലെന്ന് മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഓരോ മലയാളിയെയും തന്റെ ‘അമ്മയെപ്പോലെ’ എന്നു പറയിച്ച, എന്നാഗ്രഹിപ്പിച്ച ഭാവാഭിനയമായിരുന്നു അവരുടേത്. അതില്‍ ‘തനിയാവര്‍ത്തന’ത്തിലെ ജാനകിയമ്മയുണ്ട്. ‘കിരീട’ത്തിലെ അമ്മുവുണ്ട്. ബാബാ കല്യാണിയിലെ മീനാക്ഷിയമ്മയുണ്ട്. ‘വാത്സല്യ’ത്തിലെ ജാനകിയുണ്ട്. ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ഭാഗീരഥി തമ്പുരാട്ടിയുണ്ട്. ‘അമ്മ അമ്മായിഅമ്മ’യിലെ ശാരദ ടീച്ചറുണ്ട്. ‘നന്ദന’ത്തിലെ ഉണ്ണിയമ്മയുണ്ട്. ‘നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകളി’ലെ റീത്തയുണ്ട്. ‘തിങ്കളാഴ്ച നല്ലദിവസ’ത്തിലെ ജാനകിക്കുട്ടിയുണ്ട്…അങ്ങനെ വ്യത്യസ്ത ഭാവങ്ങളും രൂപങ്ങളുമുള്ള എത്രയെത്ര അമ്മമാര്‍…
പൊന്നമ്മയിലൂടെ സങ്കടപ്പെടുന്ന അമ്മയെയും കാത്തിരിക്കുന്ന അമ്മയെയും എല്ലാം ത്യജിക്കുന്ന അമ്മയെയും സ്‌നേഹനിധിയായ അമ്മയെയും ശാസിക്കുന്ന അമ്മയെയും താരാട്ടുപാടി ഉറക്കുന്ന അമ്മയെയും പ്രേക്ഷകര്‍ അടുത്തറിഞ്ഞു.
പത്തൊമ്പതാം വയസില്‍ തന്റെ സമപ്രായക്കാരിയായ ഷീലയുടെ ‘അമ്മവേഷം’ കെട്ടിയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ ‘അമ്മ’ എന്ന സ്ഥാനത്തേക്കെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് 700ലധികം സിനിമകളിലായി 400 ലധികം അമ്മ വേഷങ്ങള്‍. ഷീലയുടെ അതേ പ്രായമാണ് കവിയൂര്‍ പൊന്നമ്മക്കെങ്കിലും ഷീല നായികയായി അഭിനയിച്ച സിനിമകളില്‍ കവിയൂര്‍ പൊന്നമ്മയ്‌ക്ക് അമ്മവേഷം തന്നെയായിരുന്നു. മറ്റേതെങ്കിലുമൊരു നടിക്ക് ഈ ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു വേഷത്തെ നാനൂറ് വ്യത്യസ്ത ഭാവങ്ങളിലാണ് അവര്‍ അവതരിപ്പിച്ചത്. അതായിരുന്നു കവിയൂര്‍ പൊന്നമ്മ എന്ന നടിയുടെ മികവ്.
പാടാനെത്തി, നടിയായി
1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി മൂവി ക്യാമറക്കു മുമ്പില്‍ എത്തിയത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ സുന്ദരിയായ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മ. നാടകത്തില്‍ പാട്ടുപാടാനെത്തിയ ഗായിക പൊന്നമ്മയെ നടിയാക്കിയത് തോപ്പില്‍ ഭാസി. നടിയാവണമെന്ന് പത്തനംതിട്ട കവിയൂരുകാരി പൊന്നമ്മ ഒരിക്കലും ആഗ്രഹിച്ചില്ല. നല്ല പാട്ടുകാരിയായി എം.എസ്.സുബ്ബലക്ഷ്മിയെ പോലെ പേരെടുക്കണമെന്നായിരുന്നു ആഗ്രഹം. അത് നടന്നില്ലെങ്കിലും പൊന്നമ്മ പേരെടുത്തു, പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് കായംകുളം കെപിഎസിയുടെ നാടകമായ മൂലധനത്തില്‍ പാട്ടുപാടാനായി സംഗീത സംവിധായകന്‍ ദേവരാജന്റെ അടുത്തു വരുന്നത്. പാട്ടു നന്നായി പാടി. അപ്പോള്‍ നാടക സംവിധായകന്‍ തോപ്പില്‍ ഭാസി ഒരു നിര്‍ദ്ദേശം കൂടി വച്ചു. നാടകത്തില്‍ നായികയായി അഭിനയിക്കണം. നായിക നടിയെ കിട്ടാതെ വന്നപ്പോഴായിരുന്നു ഭാസിയുടെ ആവശ്യം. അങ്ങനെ ഗായിക നായികയുമായി. പിന്നെ കെപിഎസിയുടെ പ്രധാന നടിയായി. ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രം, പ്രതിഭാ ആര്‍ട്‌സ് ക്ലബ് തുടങ്ങിയ മുന്‍നിര സമിതികളിലും അവര്‍ പ്രവര്‍ത്തിച്ചു.
കാളിദാസ കലാകേന്ദ്രത്തിലെ നൃത്താദ്ധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്ററാണ് ശ്രീരാമ പട്ടാഭിഷേകത്തിലേക്ക് വഴി തുറന്നത്. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തിലെത്തിയത്. സിനിമയില്‍ സത്യന്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെയുള്ളവരുടെ അമ്മയാകാന്‍ കവിയൂര്‍ പൊന്നമ്മയ്‌ക്കു കഴിഞ്ഞു എന്നത് അപൂര്‍വതയാണ്. 1965ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി. അവരുടെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു സത്യന്. 1965ല്‍ സത്യന്‍ നായകനായ ‘ഓടയില്‍ നിന്ന്’ എന്ന സിനിമയില്‍ സത്യന്റെ നായികയായതും പൊന്നമ്മ.
മാതൃഭാവത്തിന്റെ തിലകക്കുറി
1973ല്‍ എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘നിര്‍മാല്യം’ കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട പൊന്നമ്മയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധനേടി. ദാരിദ്ര്യത്തില്‍ വലയുന്ന കുടുംബത്തെ പരിപാലിക്കാന്‍ പാടുപെടുന്ന വീട്ടമ്മയുടെ വേഷം പ്രേക്ഷകന്റെ മനസ്സില്‍ സ്പര്‍ശിച്ചു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘നെല്ല്’ എന്ന ചിത്രമായിരുന്നു പൊന്നമ്മയുടെ കരിയറിലെ നാഴികക്കല്ല്. അവര്‍ അവതരിപ്പിച്ച സാവിത്രി വാരസ്യാര്‍ എന്ന കഥാപാത്രം ശ്രദ്ധനേടി. 1980 കളും 90 കളും കവിയൂര്‍ പൊന്നമ്മയില്ലാത്ത മലയാള സിനിമകളില്ലെന്ന അവസ്ഥയുണ്ടായി.
ലോഹിതദാസിന്റെ ശ്രദ്ധേയ ചലച്ചിത്രം ‘തനിയാവര്‍ത്തന’ത്തിലെ ബാലന്‍മാഷ് എന്ന മമ്മൂട്ടികഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ളതായിരുന്നു കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ച അമ്മവേഷം. ബാലന്‍മാഷിനെ പ്രേക്ഷകര്‍ ഓര്‍ക്കുന്നതുപോലെ ആ അമ്മയെയും മലയാളി ഓര്‍ക്കുന്നു. മലയാള സിനിമയിലെ മാതൃസ്‌നേഹത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ ദൃശ്യവത്കരണമായിരുന്നു ആ അമ്മയിലൂടെ അവതരിപ്പിക്കപ്പെട്ടത്. സ്വന്തം മകന് വിഷം വാരി നല്‍കുന്ന അമ്മയുടെ വേദന ഏറെനാള്‍ പ്രേക്ഷക മനസ്സിനെ ഉലച്ചുകൊണ്ടേയിരുന്നു. അന്ധവിശ്വാസികളായ വീട്ടുകാരാല്‍ ഭ്രാന്തനെന്ന് മുദ്രകുത്തപ്പെടാതിരിക്കാനും ചങ്ങലക്കുരുക്കിലാകാതിരിക്കാനുമാണ് ആ അമ്മ മകന് വിഷം കലര്‍ത്തിയ ചോറ് നല്‍കുന്നത്. പൊന്നമ്മയ്‌ക്കല്ലാതെ മറ്റൊരു നടിക്കും ആ വാത്സല്യത്തെയും അതിരറ്റ സങ്കടത്തെയും സന്നിവേശിപ്പിക്കാനാകില്ല.
അച്ഛന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ എല്ലാമായിരുന്ന മേലേടത്ത് രാഘവന്‍ നായര്‍ വീടുവിട്ടിറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ആ മകനൊപ്പമിറങ്ങാന്‍ തയ്യാറാവുന്ന ജാനകിയമ്മയും അമ്മ മഹത്വത്തിന്റെ വേദനയനുഭവിപ്പിച്ച കഥാപാത്രമാണ്. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യ’ത്തില്‍ കവിയൂര്‍ പൊന്നമ്മ നിറഞ്ഞ വാത്സല്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായിരുന്നു. നാലുമക്കളുടെ അമ്മയായ ജാനകിയമ്മയ്‌ക്ക് മൂത്ത മകനോടുള്ള സ്‌നേഹവും ബഹുമാനവും കൂടിയായിരുന്നു വാത്സല്യം എന്ന സിനിമയുടെ ഉള്ളടക്കം.
പദ്മരാജന്‍ സിനിമകള്‍ പൊന്നമ്മയുടെ അഭിനയപ്രതിഭയെ വിജയകരമായി മാറ്റുരച്ചു നോക്കിയവയാണ്. ‘തിങ്കളാഴ്ച നല്ല ദിവസവും’ ‘നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും’ ഇതിനുദാഹരണങ്ങളാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അമ്മ കഥാപാത്രം ‘തിങ്കളാഴ്ച നല്ല ദിവസ’ത്തിലെ ജാനകിക്കുട്ടി തന്നെ. കവിയൂര്‍ പൊന്നമ്മയുടെ ശക്തമായ പകര്‍ന്നാട്ടമായിരുന്നു അത്. അതേപോലെ ഒരു അമ്മ വേഷം ‘തിങ്കളാഴ്ച നല്ല ദിവസം’ കഴിഞ്ഞ് ലഭിച്ചിട്ടില്ലെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്.
എത്രയോ തവണ താന്‍ സ്‌ക്രീനില്‍ മരിച്ചു, എന്നാല്‍ ‘തിങ്കളാഴ്ച നല്ല ദിവസ’ത്തിലെപോലെ ഒരു മരണവും താന്‍ അനുഭവിച്ചിട്ടില്ലെന്ന് പൊന്നമ്മ പറഞ്ഞിട്ടുണ്ട്. അതു തന്റെ മരണത്തിന്റെ റിഹേഴ്‌സലാണോ എന്ന് പൊന്നമ്മ അന്ന് പദ്മരാജനോട് ചോദിച്ചു. ഒരുപാട് മക്കളും കൊച്ചുമക്കളും മരുമക്കളുമുള്ള അമ്മ, ഒറ്റപ്പെടലിന്റെ വേദനയില്‍ വീട്ടുപറമ്പിലെ മരങ്ങള്‍ക്ക് മക്കളുടെ പേരിട്ടുവിളിച്ച് വാത്സല്യം ചൊരിയുമ്പോള്‍ ഒരമ്മയ്‌ക്കും അത്രത്തോളം വേദനയുണ്ടാകരുതേ എന്ന് പ്രേക്ഷകനും പ്രാര്‍ത്ഥിച്ചു പോകുന്നു. അങ്ങനെയൊരമ്മ, ഒടുവില്‍ ആര്‍ക്കും വേണ്ടാതെ, ആരുമറിയാതെ മരണത്തിനു കീഴടങ്ങുമ്പോള്‍ മാറിവരുന്ന കാലത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ പ്രസക്തിയെയാണ് പദ്മരാജന്‍ അവതരിപ്പിച്ചത്.
‘നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ല്‍ പൊന്നമ്മയുടെ കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സോളമന്റെ അമ്മയായ റീത്തയാണ്. രണ്ടാനച്ഛനാല്‍ മാനഭംഗത്തിനി
രയായ പെണ്‍കുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരാന്‍ തയ്യാറാകുന്ന മകനു മുന്നില്‍ യാഥാസ്ഥിതികയായ അമ്മയായി പൊന്നമ്മ വേഷമിട്ടപ്പോള്‍ അന്നോളമവതരിപ്പിച്ച അമ്മവേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത്.
‘സേതുമാധവ’ന്റെ അമ്മ
അമ്പതോളം ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ നിറഞ്ഞാടി. മോഹന്‍ലാലിന്റെ അമ്മയാകുമ്പോള്‍ അവര്‍ക്കു ചമയങ്ങള്‍ ആവശ്യമുള്ളതായി പോലും തോന്നാറില്ല. അത്രയ്‌ക്കു കെമിസ്ട്രിയായിരുന്നു അവര്‍ തമ്മില്‍. പോലീസ് ഓഫീസറാകാന്‍ വീട്ടുകാരാഗ്രഹിച്ച സേതുമാധവന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം റൗഡിയായി മാറുന്നത് ഹൃദയവേദനയോടെ നോക്കിനില്‍ക്കുന്ന നിസ്സഹായയായ ആ അമ്മയെ ആര്‍ക്കാണു മറക്കാന്‍ കഴിയുക. ലോഹിതദാസ് രചിച്ച്, സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീട’ത്തിലെ സേതുമാധവന്റെ അമ്മ സഹനത്തിന്റെയും കാത്തിരിപ്പിന്റെയും ത്യാഗത്തിന്റെയും വാത്സല്യത്തിന്റെയും ആകെത്തുകയായിരുന്നു.
സര്‍വ്വം മാതൃമയം
അമ്മ വേഷങ്ങളില്‍ തളച്ചിടപ്പെട്ടില്ലായിരുന്നെങ്കില്‍ കവിയൂര്‍പൊന്നമ്മയില്‍ നിന്ന് മികച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്‌ക്ക് ലഭിക്കുമായിരുന്നു എന്നു കരുതുന്നവരുമുണ്ട്. അത്തരത്തിലൊരു വിലയിരുത്തലിനെ പാടെ തള്ളിക്കളയാനുമാകില്ല. അത്തരം വേഷങ്ങളും തനിക്കിണങ്ങുമെന്ന് അവര്‍ തെളിയിച്ചിട്ടുമുണ്ട്. ‘നിര്‍മാല്യം’ തന്നെ ഉദാഹരണം. പൊന്നമ്മയുടെ കരിയറിലെ സ്‌നേഹനിധിയായ അമ്മ എന്ന ഖ്യാതിക്ക് അപ്പുറം നില്‍ക്കുന്നതായിരുന്നു എംടിയുടെ തന്നെ ‘സുകൃത’ത്തിലെ ചെറിയമ്മ.
കാന്‍സര്‍ ബാധിതനായി മരണം കാത്തുകഴിയുന്ന രവിശങ്കര്‍ എന്ന മമ്മൂട്ടി കഥാപാത്രത്തോട് ചെറിയമ്മ കാണിക്കുന്ന അടുപ്പവും പിന്നീട് രോഗം ഭേദപ്പെടുമ്പോള്‍ കാണിക്കുന്ന അകല്‍ച്ചയും കവിയൂര്‍ പൊന്നമ്മയില്‍ ഭദ്രമായിരുന്നു. തന്റെ ഭാവങ്ങളില്‍ വാത്സല്യം മാത്രമല്ല എന്ന് കവിയൂര്‍ പൊന്നമ്മ തെളിയിക്കുന്നത് അമ്മ വേഷങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 2021ല്‍ പുറത്തുവന്ന ‘ആണും പെണ്ണും’ എന്ന സിനിമയില്‍ നെടുമുടിവേണുവിനൊപ്പം വക്ര ദമ്പതികളെ അവതരിപ്പിച്ചത് എത്ര മികവോടെയാണ്. ആ സിനിമയില്‍ നമ്മള്‍ കണ്ട പൊന്നമ്മ വ്യത്യസ്തയായിരുന്നു. അവര്‍ പ്രതിഫലിപ്പിച്ച വികൃതിയുള്ള അമ്മ നമ്മെ അസ്വസ്ഥരാക്കുന്നു.
മലയാള സിനിമകളിലെ സ്ഥിരം പൊലീസ് കോണ്‍സ്റ്റബിള്‍ പോലെ, ചായക്കടക്കാരന്‍ പോലെ കവിയൂര്‍ പൊന്നമ്മ എന്ന അഭിനേത്രിയും ചുരുക്കപ്പെട്ടു എന്നുള്ള ചിലരുടെയെങ്കിലും വിമര്‍ശനത്തെ കാണാതെ പോകരുത്. അതിനുമപ്പുറം പലതും സംഭാവന ചെയ്യാന്‍ കഴിവുണ്ടായിരുന്ന അഭിനേത്രിയായിരുന്നു പൊന്നമ്മ. മലയാളിയുടെ അമ്മബോധത്തില്‍ തളച്ചിടപ്പെടുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. ദയയും സ്‌നേഹവും ത്യാഗവും അനുകമ്പയും ക്ഷമയും സഹനവുമായിരുന്നു ഇക്കാലമത്രെയും പൊന്നമ്മയിലെ അഭിനേത്രിയുടെ സ്ഥായീഭാവം. ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്നിട്ടും അമ്മ വേഷങ്ങള്‍ എപ്പോഴോ പൊന്നമ്മ എന്ന അഭിനേത്രിയെയും ഹരം കൊള്ളിച്ചിട്ടുണ്ടാകണം. കവിയൂര്‍ പൊന്നമ്മയില്ലാത്ത മലയാള സിനിമയ്‌ക്ക് നഷ്ടങ്ങള്‍ ഏറെയാണെന്നത് വിസ്മരിക്കാനുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: