ഒരോ യാത്രയും സംസ്കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും പ്രകൃതിയിലേക്കും ഉള്‍ക്കാഴ്ച നല്കുന്നു. യാത്രകള്‍ ചിലത് അനുഭവിപ്പിക്കുന്നു, ചിലതു പഠിപ്പിക്കുന്നു. ചില പാഠങ്ങളെ മാറ്റിമറിക്കുന്നു. പഠനമായും പര്യവേഷണമായും വിനോദമായും ആത്മീയാനുഭൂതിയായും യാത്രകളെ വിവക്ഷിക്കാം. ചരിത്രവും അറിവും സാന്ത്വനവും തേടിയുള്ള തീര്‍ത്ഥയാത്ര മനുഷ്യനില്‍ ശക്തിയും വെളിച്ചവും പ്രദാനം ചെയ്യും. അനശ്വരമായ അനുഭൂതി പകര്‍ന്ന യാത്രകളിലെ അനുഭവങ്ങളെ അക്ഷരങ്ങളാക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അറിവ് സമ്മാനിക്കുന്നതാകുന്നു. കാണാത്ത കാഴ്ചകളെ ദൃശ്യങ്ങളാക്കി കണ്മുന്നില് കൊണ്ടുവരികയാണ് നല്ല എഴുത്തുകാരുടെ യാത്രാവിവരണങ്ങള്‍. എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങള്‍ വായിച്ച മലയാളി അറിഞ്ഞത് ലോകത്തെക്കുറിച്ചാണ്. അത്രയ്ക്ക് ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യം.
ചാര്‍ധാം യാത്രയെക്കുറിച്ച് എസ്.മോഹന്‍ എഴുതിയ ‘സഫലമീ ചാര്‍ധാം യാത്ര’ എന്ന ഗ്രന്ഥം വായിച്ചു തീരുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതിയിലേക്ക് നാമെത്തുന്നു. യാത്രകളെ കുറിച്ച് മേല്‍വിവരിച്ചതൊക്കെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ പുസ്തകം. ‘സഫലമീ ചാര്‍ധാം യാത്ര’യുടെ വായനയില്‍ എഴുത്തുകാരനൊപ്പം നമ്മളും സഞ്ചാരിയാകുന്നു. അക്ഷരങ്ങള്‍ക്കപ്പുറം വലിയ ദൃശ്യാനുഭവം നല്കാന് അദ്ദേഹത്തിന്റെ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തില്‍ ഒരു സംസ്കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, മറ്റൊരു സംസ്കാരത്തിനും പകര്‍ത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്കൃതിയാണ് ഭാരതത്തിന്റേതെന്ന് ലേഖകന്‍ തന്നെ വിവരിക്കുന്നുണ്ട്. യാത്രകളിലൂടെ ആ സംസ്കൃതിയെ അദ്ദേഹം തൊട്ടറിയുകയാണ്.
ഓരോ സ്ഥലത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നു. യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം വിശദമായ വിവരണങ്ങള്‍. വായനയുടെ ഒഴുക്കാണ് മോഹന്റെ എഴുത്തിന്റെ പ്രത്യേകത. ഒട്ടും മടുപ്പിക്കാത്ത രചനാ ശൈലി. ഇതര യാത്രാവിവരണങ്ങളില്‍നിന്ന് ഈയൊരു രചനയെ വ്യത്യസ്തമാക്കുന്നത് അതാണ്. എഴുത്തുകാരന് ചെന്നെത്തുന്ന സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോര്‍ത്തിണക്കി വായനാസുഖം വര്‍ധിപ്പിക്കുന്നു. ഒറ്റയിരുപ്പില്‍ ഈ യാത്രാവിവരണം വായിക്കാന്‍ കഴിയുന്നു എന്നതാണ് അതിലൂടെയുണ്ടായ നേട്ടം. വായന കഴിഞ്ഞ് പുസ്തകമടയ്ക്കുമ്പോള്‍ ചാര്‍ധാം തീര്‍ത്ഥയാത്ര നടത്തിയ സംതൃപ്തി വായനക്കാരനും ലഭിക്കുന്നു.
ചാര്‍ധാം യാത്രയിലൂടെ ലേഖകന്‍ ഒരു ആത്മീയ അന്വേഷണത്തില്‍ ഏര്‍പ്പെടുകയാണ്. അത് കേവലം ഒരു ശാരീരിക യാത്രയല്ല, മറിച്ച് ആത്മാവിനെ പോഷിപ്പിക്കുന്ന പരിവര്‍ത്തന അനുഭവമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ആദരിക്കുന്ന പുണ്യ തീര്‍ത്ഥാടനമായ ചാര് ധാം യാത്ര മഹത്തായ ഹിമാലയത്തിന്റെ അടിത്തട്ടിലൂടെയാണ്. ഈ ശ്രദ്ധേയമായ യാത്ര തീര്‍ത്ഥാടകരെ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതികളിലൂടെ കൊണ്ടുപോകുന്നു.
ചാര് ധാം യാത്രയില്‍ നാല് പുണ്യക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു, അവ ഓരോന്നും ഹിന്ദുമതത്തിലെ ആരാധനാമൂര്‍ത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. യമുന നദിയുടെ ജന്മസ്ഥലമായ യമുനോത്രിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മഞ്ഞുമൂടിയ കൊടുമുടികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന യമുനോത്രി ക്ഷേത്രത്തിന്റെ കാഴ്ച ദിവ്യമായ ശാന്തതയുടെ അനുഭൂതി ഉണര്‍ത്തുന്നു. അടുത്തതായി, തീര്‍ത്ഥാടകര്‍ വിശുദ്ധ ഗംഗാ നദിയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രിയിലേക്ക് പോകുന്നു. ഉയര്‍ന്ന പര്‍വതങ്ങളും ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും കൊണ്ട് പൊതിഞ്ഞ ഗംഗോത്രി ശാന്തമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഹിമാലയത്തിന് നടുവില്‍ ശിവന്റെ വാസസ്ഥലമായ കേദാര്‍നാഥ് തീര്‍ത്ഥാടകരെ കാത്തിരിക്കുന്നു. കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെയും പ്രകൃതിരമണീയമായ പുല്‍മേടുകളും പുരാതന ശിലാപാതകളും താണ്ടിയുള്ള ട്രക്കിംഗ് ഉള്‍പ്പെടുന്നു. ഒടുവില്‍, മഹാവിഷ്ണുവിനു സമര്‍പ്പിച്ചിരിക്കുന്ന പുണ്യനഗരമായ ബദരീനാഥില്‍ യാത്ര അവസാനിക്കുന്നു. അതിമനോഹരമായ ബദരീനാഥ് ക്ഷേത്രം, സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലങ്കരിച്ചിരിക്കുന്നു, ഈ പവിത്രമായ യാത്ര നടത്തുന്ന തീര്‍ത്ഥാടകരുടെ ആത്മീയ ആവേശത്തിന്റെ തെളിവായി നിലകൊള്ളുന്നു. ചാര് ധാം യാത്ര ആത്മാവിനെ തൃപ്തിപ്പെടുത്തുക മാത്രമല്ല, ഇന്ദ്രിയങ്ങളെ അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന്റെ വിരുന്നിലേക്ക് നയിക്കുകയും ചെയ്യുന്നു. എസ് മോഹനനിലൂടെ, അദ്ദേഹത്തിന്റെ യാത്രാവിവരണത്തിലൂടെ നാമറിയുകയാണ് ഇതെല്ലാം. മനോഹരമായ വിവരണവും ലളിതമായ ഭാഷയും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ഗ്രീന്‍ ബുക്സാണ് പ്രസാധകര്. വില: 190 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: