‘അഗ്നയേ ഇദം നമമഃ’ എന്നത് യജ്ഞസംസ്കാരത്തിന്റെ പ്രധാന ആശംസകളില്‍ ഒന്നാണ്. എല്ലാം അഗ്നിക്കുള്ളതാണ് എനിക്കുള്ളതല്ല എന്ന വിനീതഭാവത്തോടെ എല്ലാം അഗ്നിക്ക് സമര്‍പ്പിച്ചാണ് യജ്ഞങ്ങള്‍ പോലും പര്യവസാനിക്കുക പതിവ്. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിക്ക് ജലം, ഭൂമി, ആകാശം, വായു എന്നിവയേക്കാള്‍ എന്തുകൊണ്ടും അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍ സോദാഹരണ സഹിതം വിവരിച്ചിട്ടുണ്ട്. തെക്കു കിഴക്കേ ദിക്കിന്റെ അധിപനായാണ് ആര്‍ഷസാഹിത്യം അഗ്നിയെ പരിചയപ്പെടുത്തുന്നത്. ഋഗ്വേദവും സാമവേദവും ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചു കൊണ്ടാണ്.
ജാതവേദ സ്വരൂപനത്രെ അഗ്നി. എന്നുവെച്ചാല്‍ എല്ലാം അറിയുന്നവന് എന്നും എല്ലാവരാലും അറിയപ്പെടുന്നവന്‍ എന്നും അര്‍ഥം. ക്രൂരജന്തുക്കള്‍ നിറഞ്ഞ പുഴയിലൂടെ തോണിക്കാരന് ആപത്തുകള്‍ കൂടാതെ പുഴ കടത്തുന്നത് പോലെ അഗ്നി ദുഃഖസാഗരത്തില്‍ നിന്നും കരകയറ്റട്ടെ എന്നാണ് പ്രാര്‍ത്ഥന.
നയിക്കുന്നത് എന്ന അര്‍ത്ഥമാണ് അഗ്നിക്കുള്ളത്. ‘അഗ്’ എന്നാല്‍ ഗതി. ‘നി’ എന്നാല്‍ നയിക്കുക. ജഠരാഗ്നിയില്‍ മേധ്യം ഹോമിക്കുമ്പോഴാണ് ശരീരം ഊര്‍ജസ്വലമാകുന്നത്. അനുനിമിഷം ശരീരം നിരവധി പരിവര്‍ത്തനപ്രക്രിയകള്‍ക്ക് വിധേയമാകുന്നുണ്ടല്ലോ? ആയുര്‍വേദത്തില്‍ ‘അഗ്നി’ എന്ന പദം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്ന നിലക്കാണ് ഉപയോഗിക്കുന്നത്. അഗ്നി, ഭക്ഷണത്തെ ഊര്‍ജത്തിന്റെ രൂപത്തിലേക്ക് മാറ്റുന്നു. അത് നമ്മുടെ ശരീരത്തിന്റെ എല്ലാ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു. ആയുര്‍വേദം അനുസരിച്ച് അഗ്നിയുടെ അവസ്ഥ ആരോഗ്യത്തിന്റെയോ രോഗത്തിന്റെയോ എല്ലാ അവസ്ഥകളെയും ബാധിക്കുന്നുണ്ട്. സുശ്രുത സംഹിത പറയുന്നതിനനുസരിച്ചു ശരീരത്തില്‍ ഒരു തരം അഗ്നി മാത്രമേ ഉള്ളൂ. ഇത് ക്ഷയിക്കുകയോ അതിന്റെ ഫലം കുറയുകയോ ചെയ്യുമ്പോള്‍, ഇന്ധനത്തിന്റെ കുറവ് ജ്വലനത്തെ എങ്ങനെ ബാധിക്കുന്നുവോ അത് പോലെ അത് ദഹനത്തെയും സ്വാധീനിക്കുന്നു.
സൂര്യന് ജഗത്തിനു വെളിച്ചവും ഊര്‍ജവും നല്കി പരിപാലിക്കുന്ന അഗ്നിയാണ്. വഹ്നി എന്നതാണ് അഗ്നിയുടെ മറ്റൊരു സംജ്ഞ. എന്ന് വെച്ചാല്‍ വഹിക്കുന്നത്. വഹ്-നീ ആണ് വഹ്നി. ആര്ഷസാഹിത്യ പ്രകാരം അംഗിരസ്സ് എന്ന ഋഷിയാണ് അഗ്നിയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തിന് ശേഷം അരണി കടഞ്ഞു തീയെടുക്കുന്നവരെല്ലാം അംഗിരസ്സ് എന്നറിയപ്പെട്ടു. എന്നാല്‍ പ്രൊമിത്യൂസ് ആണ് അഗ്നി കണ്ടുപിടിച്ചത് എന്ന് ഗ്രീക്ക് പുരാണങ്ങളില്‍ കാണാം.പ്രൊമിത്യൂസ് എന്ന പദം സംസ്കൃതത്തിലെ ‘പ്രമന്ഥ’ യുടെ തദ്ഭവമാണ്. കടയുക എന്നര്‍ത്ഥം വരുന്ന ‘മന്ഥന’ ത്തില്‍ നിന്നാണ് ആ വാക്കിന്റെ ഉദ്ഭവം.
സാധാരണയായി മനുഷ്യര്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അഗ്നിയെ ലോകാഗ്നി എന്ന് പറയുന്നു. കര്‍മയോഗി തന്റെ ആവശ്യത്തിനായി എങ്ങും നിറഞ്ഞ ലോകാഗ്നിയെ വൈദികഅഗ്നിയായി മാറ്റുകയാണ് ചെയ്യുന്നത്. ദേവസ്വരൂപനായ അഗ്നിക്ക് ഏഴു ജിഹ്വകള്‍ ആണുള്ളത്. അവ കാളി, കരാളി, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണ, സ്ഫുലിംഗിനി, വിശ്വരൂപി എന്നിവയാണ് എന്ന് വൈദികഗ്രന്ഥങ്ങളില്‍ കാണാം.
ആകാശം,അഗ്നി,വായു, സൂര്യന് തുടങ്ങിയ പ്രകൃതി ശക്തികളെ അവയുടെ പ്രത്യക്ഷരൂപത്തില്‍ മാത്രമല്ല, ഭാരതീയര്‍ കണ്ടത്. മനുഷ്യശക്തിയുടെ പരിമിതമായ നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള, പ്രകൃതി പ്രതിഭാസങ്ങളെ താനുള്‍പ്പെടുന്ന പ്രപഞ്ചത്തിന്റെ ദൈവകണങ്ങളായിട്ടാണ്. അതില്‍ തന്നെ പ്രഥമസ്ഥാനത്തുള്ള അഗ്നി ഉപാസ്യദേവതയായി വരുന്ന അഗ്നിഹോത്രം ഭാരതീയ ആചാരങ്ങളുടെ ഭാഗമാണ്. അത് കൂടാതെ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്ന പ്രാചീന ചികിത്സാരീതികളില്‍ ഒന്നുമാണത്. അഗ്നിഹോത്രത്തില്‍ ഔഷധഗുണമുള്ളതും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതുമായ വസ്തുക്കളാണ് സമിതയായി ഉപയോഗിക്കുന്നത്. ഇവ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും അന്തരീക്ഷശുദ്ധീകരണത്തിനും സഹായകമാണ് എന്നതാണ് വിശ്വാസം. ആയുര്‍വേദത്തില്‍, വായു, ജലം, അന്തരീക്ഷം, എന്നിവയിലെ രോഗാണു വ്യാപനം പകര്‍ച്ചവ്യാധിയുടെ കാരണങ്ങളിലൊന്നായി പറയുന്നു. ഇക്കാരണത്താല്‍ ആയുര്‍വേദം അഗ്നിഹോത്രത്തിലൂടെ, അതായത് ഹോമം, യാഗം, ധൂപനം, എന്നിവയുടെ സഹായത്തോടെ വെള്ളം, വായു, മണ്ണ്, അന്തരീക്ഷം, എന്നിവയെ അണുവിമുക്തമാക്കാന്‍ കഴിയും എന്ന് കരുതുന്നു.
സാധാരണയായി ബുദ്ധിമുട്ടുകളും ദുരിതങ്ങളും ഉണ്ടാകുമ്പോള്‍ ആരാധനാലയങ്ങളിലും മറ്റും പുണ്യസ്ഥലങ്ങളിലും ചെല്ലുകയാണ് സാധാരണക്കാര്‍ ചെയ്യുക. തക്കതായ ദേവതയെ ആരാധിക്കുക വഴി തന്റെ ദുഖങ്ങളും ദുരിതങ്ങളും നീങ്ങി സുഖം പ്രാപിക്കുക എന്നതാണ് അതിലെ ഉദ്ദേശ്യം. എന്നാല്‍ അഗ്നിഹോത്രം ചെയ്യുന്ന അനുഷ്ഠാനി, അഗ്നി ഉപസനായാല് ദേവസാന്നിധ്യത്തെ അവരുടെ ഇടങ്ങളില്‍ തന്നെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അഗ്നി ധനത്തെ നല്കുന്നവനും
പോഷകനും വീരത്വം പ്രധാനം ചെയ്യുവനുമാകുന്നു എന്ന് വേദങ്ങള്‍ ഘോഷിക്കുന്നുണ്ട്. അഗ്നിഹോത്രം മുതലായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക വഴി സാധകന് ചിത്തശുദ്ധിയെ പ്രാപിക്കും എന്നും ജ്ഞാനകര്മ്മസന്യാസ യോഗം വെളിപ്പെടുത്തുന്നുണ്ട്.
പ്രാപഞ്ചിക ഊര്‍ജങ്ങള്‍ക്ക് വ്യക്തികല്പിത്വം നല്കി ആരാധനാതലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ശാസ്ത്രത്തിന് വിശ്വാസത്തിന്റെ മാത്രമല്ല, അനുഭവത്തിന്റെ പിന്‍ബലവുമുണ്ട്. മനുഷ്യസംസ്കൃതി, പുരോഗതിയുടെ കുതിച്ചു ചാട്ടം നടത്തിയത് അഗ്നി ആ സംസ്കൃതിയുടെ ഭാഗമായത് മുതല്ക്കാണ്. അതുകൊണ്ടു തന്നെ നടേ പറഞ്ഞ ആരാധനാരീതികളില്‍ അഗ്നി ആരാധനാ പ്രധാനസ്ഥാനത്തു തന്നെ നില്ക്കുന്നു. സനാതന അനുഷ്ഠാനങ്ങള്‍ പൂര്‍ണമാകുന്നത് അഗ്നിയുടെ സാന്നിധ്യത്തില്‍ മാത്രമാണ്. അതിലൊന്ന് തീര്‍ച്ചയായും ദിനം തോറും രണ്ടു സന്ധ്യകളില്‍ നടത്തുന്ന അഗ്നിഹോത്രമാണ്. പ്രാചീന പരമ്പര്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന രഹസ്യങ്ങളില്‍ ഒന്നാണത്. മലിനീകരണത്തില്‍ നിന്നും പരിസ്ഥിയെ സംരക്ഷിക്കാനും ദോഷകാരികളായ വികിരണങ്ങളെയും രോഗകാരികളായ അണുക്കളെയും നിര്‍വീര്യമാക്കാനും അഗ്നിഹോത്രത്തിനു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: