തിരുവനന്തപുരം: 2026-ഓടെ കേരളത്തിലെ വയോജനങ്ങളുടെ എണ്ണം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം ആകുന്ന സാഹചര്യത്തെ സംസ്ഥാന സർക്കാർ ഗൗരവകരമായി കാണുന്നതായി സാമൂഹികനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇന്ത്യയിലെ വയോജന പരിചരണത്തിലെ ശാക്തീകരണം എന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറ്റ് പങ്കാളികളുടേയും കൂടിയാലോചനയും കാഴ്ചപ്പാടുകളും തേടുന്നതിനായി, നീതി ആയോഗ് സ്റ്റേറ്റ് സപ്പോർട്ട് മിഷന് കീഴിൽ തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വയോജനങ്ങൾ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്. ഇന്ത്യയിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സംസ്ഥാനമെന്ന നിലയിൽ സമഗ്രമായ ഒരു പരിചരണ ചട്ടക്കൂട് ആവശ്യമാണ്. വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തുടനീളമുള്ള നയരൂപീകരണ വിദഗ്ധർ, വിശിഷ്ട വ്യക്തികൾ എന്നിവർ ശിൽപശാലയിൽ ഒരുമിക്കുന്നു എന്നത് സന്തോഷകരമാണ്.
നിലവിൽ, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 11.1 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ് എന്നാണ് കണക്കാക്കുന്നത്. അണുകുടുംബ ഘടനയിലേക്ക് സമൂഹം മാറിക്കഴിഞ്ഞതിനാൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക എന്ന രീതി കുടുംബബന്ധങ്ങളിലും കാണുന്നുണ്ട്. പ്രായമായവരുടെ വർദ്ധിച്ചുവരുന്ന സാമൂഹിക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങളിൽ ശിൽപശാല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. വയോജനങ്ങൾ പലരും ഏകാന്തതയും അവഗണനയും നേരിടുന്നു. നിരവധി പ്രധാന സംരംഭങ്ങളിലൂടെ മുതിർന്നവരോടുള്ള പരിചരണത്തിലെ സജീവമായ സമീപനത്തിന് കേരളം പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
സാമൂഹികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഏകാന്തത കുറയ്‌ക്കുന്നതിനുമായി മുതിർന്നവർക്കുള്ള ഡേ-കെയർ സെന്ററുകൾ വിപുലീകരിക്കുന്ന സായംപ്രഭ പദ്ധതി, പ്രതിസന്ധിയിലായ മുതിർന്നവർക്ക് അടിയന്തര വൈദ്യസഹായവും പിന്തുണയും നൽകുന്ന വയോരക്ഷ പദ്ധതി, സർക്കാർ വൃദ്ധസദനങ്ങളിൽ താമസിക്കുന്നവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും വാഗ്ദാനം ചെയ്യുന്ന വായോമൃതം സംരംഭം, ഡിമെൻഷ്യയും അൽഷിമേഴ്സും ബാധിച്ച മുതിർന്നവരെ സഹായിക്കാൻ മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കുന്ന ഓർമ്മത്തോണി പദ്ധതി എന്നിവ സംസ്ഥാനത്തിന്റെ വയോജന സംരക്ഷണത്തിന്റെ മികച്ച മാതൃകകളാണ്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (Maintenance and Welfare of Parents and Senior Citizens Act) ഊർജിതമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. മെച്ചപ്പെട്ട വയോജന പരിചരണം നൽകുന്നതിന് പരിചരിക്കുന്നവർക്കും ഹോം നഴ്സുമാർക്കും സമഗ്രമായ പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. വയോജന ക്ഷേമത്തിൽ കേരളം മുന്നിലുണ്ടാകുമെന്ന് ഉറപ്പാക്കിക്കൊണ്ട് നയവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്താനുള്ള പരിപാടികൾ ശിൽപശാല ആസൂത്രണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വയോജനങ്ങൾക്കായി നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാനും വയോജന പരിചരണത്തിനായി പുതിയ തന്ത്രങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
നിതി ആയോഗ് മെഡിക്കൽ സീനിയർ അഡ്വൈസർ രജിബ് കുമാർ സെൻ സ്വാഗതമാശംസിച്ചു. നീതി ആയോഗ് മെഡിക്കൽ വിഭാഗം അംഗം ഡോ. വികെ പോൾ, സാമൂഹിക നീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനിത്കുമാർ, അഡീഷണൽ സെക്രട്ടറി കരാലിൻ ഘോങ്‌വാർ എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: