മാവേലിക്കര: ആകാശവാണി മലയാള വാര്‍ത്താ വിഭാഗം അവതാരകന്, സാംസ്കാരിക പ്രവര്ത്തകന്, മൂന്നു പതിറ്റാണ്ടോളം ദല്‍ഹിയിലേയും കേരളത്തിലേയും സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യം… കലയും സാഹിത്യവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ എന്ന വലിയ സമ്പാദ്യം കരുത്തും ദൗര്‍ബല്യവുമായി കൊണ്ടുനടന്ന ഒരാള്‍. വിശേഷണങ്ങള്‍ എത്രപറഞ്ഞാലും തീരാത്ത, മലയാളികളുടെ മനസില്‍ ശബ്ദമായി പെയ്തിറങ്ങിയ മാവേലിക്കര രാമചന്ദ്രന് അപ്രത്യക്ഷമായിട്ട് 12 വര്‍ഷം. ആകാശവാണി ദല്‍ഹി നിലയത്തില്‍ അനൗണ്‍സറായാണ് റിട്ടയര്‍ ചെയ്തത്. അവിവാഹിതനായിരുന്നു. 2012 സപ്തം. 29നാണ് തിരുവനന്തപുരം ശംഖുമുഖത്തു നിന്ന് അദ്ദേഹത്തെ കാണാതാകുന്നത്.
മാവേലിക്കരയിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രഫര്‍ കൃഷ്ണന്‍കുട്ടി മുതല്‍ വിശ്വസംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന് വരെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളില്പ്പെട്ടവരായിരുന്നു. കാണാനില്ല എന്ന വാര്‍ത്ത പരന്നപ്പോള്‍ മുതല്‍, അപ്രത്യക്ഷമായ പോലെ ആരോടും പറയാതെ പ്രത്യക്ഷനാകുമെന്നായിരുന്നു സുഹൃത്തുക്കള്‍ ആദ്യം കരുതിയത്. ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. എവിടെയെങ്കിലും ജീവിക്കുന്നുവെന്ന് അറിഞ്ഞാല്‍ മതിയെന്ന ആഗ്രഹത്തിലാണ് മാവേലിക്കരക്കാര്‍. പേരിനൊപ്പം മാവേലിക്കര എന്നുവെച്ചതു തന്നെ മാവേലിക്കരയോടുള്ള അടക്കാനാവാത്ത പ്രണയമായിരുന്നു. മാവേലിക്കര സ്വന്തം നാട് മാത്രമല്ല തന്റെ കാമുകിയാണ് എന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മിക്ക സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ആകാശവാണിയില്‍ നിന്ന് വിരമിച്ച ശേഷം ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. വിധേയന്, അനന്തരം, ഇന്നലെ, കുട്ടിസ്രാങ്ക് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. സുഹൃത്തായ മധു നായരുടെ ശംഖുമുഖത്തെ ഫ്ളാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ സുഹൃത്തുക്കളെല്ലാമായി ഒരു ഒത്തുചേരല്‍ ആഗ്രഹിക്കുകയും അതെക്കുറിച്ച് പലരോടും പറയുകയും ചെയ്തിരുന്നു.
കാണാതാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുമുതല്‍ അദ്ദേഹം രോഗിയായിരുന്നു. പിടലിക്ക് ബാധിച്ച രോഗം ശസ്ത്രക്രിയയിലൂടെ വഷളായപ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാതായി. തല ഉയര്‍ത്തി അന്തസോടെ നടന്ന കാലത്തു നിന്ന് കഴുത്തു തൂങ്ങിയ നിലയിലായത് അദ്ദേഹത്തെ വല്ലാതെ ദുഃഖത്തിലാക്കിയതായി സുഹൃത്തുക്കള്‍ പറയുന്നു. കാണാതായ ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് 2013 മാര്‍ച്ച് ആറിന് വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: