കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠം അമൃതകീര്‍ത്തി പുരസ്‌കാരം കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്. സരസ്വതി ശില്‍പവും 1,23,456 രൂപയും പ്രശംസാ പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈദിക, ദാര്‍ശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന രചനാ പാടവത്തിനാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാം പിറന്നാള്‍ദിനമായ 27ന് കരുനാഗപ്പള്ളി അമൃതപുരി ആശ്രമത്തിലെ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജ് മലയാള വിഭാഗം അധ്യക്ഷനായിരുന്ന വി. മധുസൂദനന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം, ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതലാണ് അമൃത കീര്‍ത്തി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സ്വാമി അമൃത സ്വരൂപാനന്ദപുരി അധ്യക്ഷനും ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. ലക്ഷ്മീകുമാരി, പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദപുരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക