കൊല്ലം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 48,899 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2019 മുതല്‍ 2021 ഡിസംബര്‍ വരെ മൂന്നു വര്‍ഷം ആകെ 43,151 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആറുമാസം ബാക്കിനില്‍ക്കെ 5748 കേസുകളുടെ വര്‍ധനവ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2019 മുതല്‍ 2024 ജൂലൈ വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ യഥാക്രമം: 2019-14,293, 2020-12,659, 2021-16,199, 2022-18,943, 2023-18,980, 2024 (ജുലൈ വരെ)- 10,976.
2022 മുതല്‍ 2024 ജൂലൈ വരെയുള്ള രണ്ടര വര്‍ഷത്തെ കണക്കില്‍ 6649 പീഡനക്കേസുകളുണ്ട്. 12,373 ലൈംഗികാതിക്രമ ക്കേസുകളും 12,421 ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മറ്റ് കേസുകള്‍-17,456.
അതേസമയം ഗൗരവതരമായ പരാതികളില്‍ പോലും ഇരയെ ഭീഷണിപ്പെടുത്തിയും പോലീസ് സ്റ്റേഷനുകളില്‍ വച്ചും പിന്‍വലിക്കപ്പെടുന്നതും പതിവാണ്.
അതിനാല്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ കേസ് ചാര്‍ജ് ചെയ്യുന്നതിലും, പ്രതികളെ രക്ഷിക്കുന്നതിലും വര്‍ധിച്ചതും സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്ക് വെല്ലുവിളിയായിട്ടുണ്ട്.
അത്യാവശ്യ സേവനങ്ങള്‍ക്ക് മിത്ര 181
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിതാ വികസന കോര്പറേഷന് ആരംഭിച്ച 24 മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി സംവിധാനമാണ് മിത്ര 181 ഹെല്പ്ലൈന്. 181 എന്ന ടോള്‍ഫ്രീ നമ്പരിലൂടെ എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും കേരളത്തിലെ വനിതകള്‍ക്ക് ലഭ്യമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: