പാലക്കാട്: സര്‍പ്പപ്രീതിയിലൂടെ ആഗോള ഐശ്വര്യവും സമാധാനവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് സൈന്ധവ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസര്‍പ്പയജ്ഞത്തിന് തുടക്കമായി. പാലക്കാട് ധോണിയിലെ പഴമ്പുള്ളിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് യജ്ഞം നടക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന യജ്ഞത്തിന്റെ കാര്‍മികത്വം വഹിക്കുന്നത് ഒലവക്കോട് കാവില്‍പ്പാട് ശങ്കരോടത്ത് കോവിലകത്ത് അമ്പോറ്റി തമ്പുരാനാണ്.
രാവിലെ 8ന് അഷ്ടനാഗപൂജയോടെയാണ് തുടക്കം കുറിച്ചത്. ഉച്ചക്കുശേഷം അരണിപൂജ, അരണി കടയല്‍, തുടര്‍ന്ന് അഗ്‌നി ആരാധന, ദാന പ്രായശ്ചിത്തം എന്നിവ നടന്നു. നാലരയോടെ മഹാസര്‍പ്പയജ്ഞം ആരംഭിച്ചു. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ഗുളികന്‍, ശംഖന്‍, പത്മന്‍, മഹാപത്മന്‍ എന്നീ അഷ്ടനാഗങ്ങളെ പ്രതിഷ്ഠിച്ചാണ് യജ്ഞാരംഭം കുറിച്ചത്.
അഷ്ടനാഗപൂജ, പായസഹോമം എന്നിവയും ഉണ്ടായിരുന്നു. അഷ്ടദിക്പാലകന്മാരെ സംരക്ഷിക്കുന്നത് അഷ്ടനാഗങ്ങളെന്നതാണ് സങ്കല്‍പം. തുടര്‍ന്ന് മഹാസര്‍പ്പയജ്ഞത്തിന്റെ പ്രാധാന്യവും പ്രത്യേകതയും അമ്പോറ്റി തമ്പുരാന്‍ വിശദീകരിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് സര്‍പ്പബലിക്ക് കൂറയിടും. വൈകിട്ട് ആറിന് സര്‍പ്പബലി ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ഭക്തരാണ് യജ്ഞം വീക്ഷിക്കുന്നതിനായി എത്തിയത്. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ യജ്ഞവേദിയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: