Sports

ഇന്ത്യയ്‌ക്ക് ചരിത്രവിജയം; ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടി ഇന്ത്യന്‍ പുരുഷ വിഭാഗം;ലോകമൂന്നാം റാങ്കുകാരന്‍ ഫാബിയാനോ കരുവാനയെ തകര്‍ത്ത് ഗുകേഷ്

Published by

ബുഡാപെസ്റ്റ് : ഒരു റൗണ്ട് കൂടി ബാക്കിനില്‍ക്കെ, പത്താം റൗണ്ടില്‍ ശക്തരായ യുഎസിനെ തകര്‍ത്ത് നേടിയ വിജയത്തിലൂടെ ഇന്ത്യ 180 രാജ്യങ്ങള്‍ പങ്കെടുത്ത ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടി. യുഎസിനെതിരായ വിജയത്തോടെ ഇന്ത്യ 19 പോയിന്‍റുകളോടെ മുന്‍പിലാണ്. തൊട്ടുപിന്നില്‍ 17 പോയിന്‍റോടെ ചൈന നില്‍ക്കുന്നു. സ്ലോവേനിയയാണ് 16 പോയിന്‍റോടെ മൂന്നാം സ്ഥാനത്ത്.

അവസാന റൗണ്ടില്‍ ഇന്ത്യയുടെ എതിരാളി സ്ലൊവാനിയ ആണ്.താരതമ്യേന ദുര്‍ബല എതിരാളികളായ സ്ലൊവാനിയയെ ഇന്ത്യയ്‌ക്ക് അവസാന റൗണ്ടില്‍ തോല്‍പിക്കാനായേക്കും എന്നാണ് കരുതുന്നത്. ചൈനയ്‌ക്ക് അവസാന റൗണ്ടില്‍ എതിരാളി യുഎസ് ആണ്. ഇപ്പോഴത്തെ നിലയില്‍ യുഎസിനെ തോല്‍പിക്കാന്‍ ചൈനയ്‌ക്കാവില്ല.

ഇനി അവസാന റൗണ്ടില്‍ ഇന്ത്യ തോല്‍ക്കുകയും ചൈന ജയിക്കുകയും ചെയ്താല്‍  രണ്ടു കൂട്ടരും 19 പോയിന്‍റുകള്‍ വീതം നേടി ഒന്നാമതെത്തും. അങ്ങിനെയെങ്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും പോരാടി വേണം വിജയിയെ നിശ്ചയിക്കാന്‍. ആ ഘട്ടത്തിലും ഇന്ത്യയ്‌ക്ക് തന്നെയാണ് മുന്‍തൂക്കം കല്‍പിക്കുന്നത്.  ഈ പോരാട്ടത്തില്‍ ചൈനയെങ്ങാനും ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം നഷ്ടപ്പെടുകയുള്ളൂ. നേരത്തെ ഏഴാം റൗണ്ടില്‍ പോരാടിയപ്പോള്‍ 2.5-1.5 പോയിന്‍റുകള്‍ക്ക് ചൈനയ്‌ക്കെതിരെ ഇന്ത്യ വിജയം നേടിയിരുന്നു.

ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണ്ണമണിയുന്നത്. ടൂര്‍ണ്ണമെന്‍റിന്റെ ഒമ്പതാം റൗണ്ടില്‍ ഒന്നാം സീഡായ ഉസ്ബെക്കിസ്ഥാനുമായി മാത്രമാണ് ഇന്ത്യ സമനിലയിലായത്. ബാക്കി എട്ട് കളികളും ജയിച്ച ഇന്ത്യ പത്താം റൗണ്ടില്‍ യുഎസിനെയും തകര്‍ത്തു.

ലോക മൂന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഗുകേഷ്

ആദ്യ കളിയില്‍ ഗുകേഷ് ലോക മൂന്നാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെ ഗുകേഷ് അട്ടമിറിച്ചത് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഈ ചെസ് ഒളിമ്പ്യാഡില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള താരം കൂടിയായിരുന്നു ഫാബിയാനോ കരുവാന. കറ്റാലന്‍ ഓപ്പണിംഗിലുള്ള പോരാട്ടത്തില്‍ തുടക്കത്തില്‍ ഒരു കാലാള്‍ വെട്ടിയെടുത്ത് ഗുകേഷ് നേടിയ മുന്‍തൂക്കമാണ് ഫാബിയാനോ കരുവാനയെ ഉലച്ചത്. പിന്നീട് എന്‍ഡ് ഗെയിമിലേക്ക് കടക്കും മുന്‍പ് മറ്റൊരു കാലാള്‍ കൂടി ഫാബിയാനോ കരുവാനയ്‌ക്ക് നഷ്ടമായി. ഈ മുന്‍തൂക്കം കളിയുടെ അവസാനം വരെ ഗുകേഷ് നിലനിര്‍ത്തി. എന്‍ഡ് ഗെയിമില്‍ അതി സങ്കീര്‍ണ്ണമായ നീക്കത്തിലൂടെ ഗുകേഷ് വിജയിച്ചു.

നേരത്തെ രണ്ടാം ബോര്‍ഡില്‍ പ്രജ്ഞാനന്ദ അമേരിക്കയുടെ വെസ്ലി സോയോട് പരാജയപ്പെട്ടത് ഇന്ത്യയ്‌ക്ക് തിരിച്ചടി നല്‍കിയിരുന്നു. പക്ഷെ ഗുകേഷിന്റെ വിജയത്തോടെ ഇന്ത്യ ഉയിര്‍ത്തെണീറ്റു. മൂന്നാം ബോര്‍ഡില്‍ കളിക്കുന്ന അര്‍ജുന്‍ എരിഗെയ്സി അമേരിക്കയുടെ ലീനിയര്‍ ഡൊമിംഗസ് പെരെസിനെ അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു. മറ്റൊരു കളിയില്‍ ഇന്ത്യയുടെ വിദിത് ഗുജറാത്തി അമേരിക്കയുടെ ലെവോണ്‍ ആരോണിയനെയും തോല്‍പിച്ചു. ഇതോടെ 3-1നായിരുന്നു ഇന്ത്യയുടെ ജയം.

ഗുകേഷിന് ഒന്നാം ബോര്‍ഡില്‍ വ്യക്തിഗത സ്വര്‍ണ്ണം

ഒന്നാം ബോര്‍ഡില്‍ ഗുകേഷ് അപാരഫോമിലാണ്. പത്ത് കളികളില്‍ ഒരൊറ്റ കളിയും ഗുകേഷ് തോറ്റില്ല. ഉസ്ബെകിസ്ഥാന്റെ അപകടകാരിയ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി മാത്രമാണ് ഗുകേഷ് സമനില വഴങ്ങിയത്. ബാക്കിയുള്ള ഒമ്പത് കളികളും ജയിച്ചു. ഇതോടെ ഒന്നാം ബോര്‍ഡില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിന് ഗുകേഷിന് വ്യക്തിഗത സ്വര്‍ണ്ണവും ലഭിയ്‌ക്കും.

അര്‍ജുന്‍ എരിഗെയ്സി 2795.6 പോയിന്‍റില്‍ എത്തി; 2800ന് പടിവാതില്‍ക്കലില്‍

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി യുഎസിന്റെ ലീനിയര്‍ ഡൊമിംഗസ് പെരെസിനെ തോല്‍പിച്ചതോടെ അദ്ദേഹത്തിന്റെ റേറ്റിംഗ് വീണ്ടും ഉയര്‍ന്നു. ഇപ്പോള്‍ അത് 2795.6 പോയിന്‍റില്‍ എത്തി. 2800 എന്ന സൂപ്പര്‍ ഗ്രാന്‍റ്മാസ്റ്റര്‍ പദവിയിലെത്താനുള്ള റേറ്റിംഗിന് വെറും 4.4 പോയിന്‍റ് മാത്രം അകലെയാണ് അര്‍ജുന്‍ എരിഗെയ്സി. 2797 പോയിന്‍റുള്ള ഫാബിയാനോ കരുവാനയേക്കാള്‍ ഒരു പോയിന്‍റ് മാത്രം പിന്നിലാണ് അര്‍ജുന്‍ എരിഗെയ്സി.

അര്‍ജുന്‍ എരിഗെയ്സിക്ക് മൂന്നാം ബോര്‍ഡില്‍ വ്യക്തിഗത സ്വര്‍ണ്ണം

മൂന്നാം ബോര്‍ഡില്‍ കളിക്കുന്ന അര്‍ജുന്‍ എരിഗെയ്സിയും ഒരൊറ്റ കളിയും ഇതുവരെ തോറ്റിട്ടില്ല. ആകെയുള്ള പത്ത് കളികളില്‍ ഏട്ടിലും അര്‍ജുന്‍ എരിഗെയ്സി ജയിച്ചു. രണ്ട് കളികള്‍ സമനിലയിലായി. മൂന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിന് വ്യക്തിഗത സ്വര്‍ണ്ണം അര്‍ജുന്‍ എരിഗെയ്സിയും നേടിയേക്കും.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക