കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തയാളായിരുന്ന, സിപിഎം എംഎല്‍എ പി.വി. അന്‍വര്‍ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുഴപ്പത്തിലാക്കി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി വരികയാണ്. മുഖ്യമന്ത്രിയുടെ സ്വന്തക്കാരായ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി അജിത്കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍. ഒടുവില്‍ ദിവസങ്ങള്‍ക്കു ശേഷം മൗനം വെടിഞ്ഞ് മുഖ്യമന്ത്രി ഇന്നലെ അന്‍വറിനെതിരേ തിരിച്ചടിച്ചു. അന്‍വര്‍ ഇടതുപക്ഷക്കാരനല്ല, പഴയ കോണ്‍ഗ്രസുകാരനാണ്, എന്നൊക്കെ. പി. ശശിയെയും എഡിജിപിയെയും സംരക്ഷിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചതും.
മുഖ്യമന്ത്രിയായ സാക്ഷാല്‍ പിണറായി വിജയനെ പത്രസമ്മേളനം നടത്തി പരസ്യമായി വെല്ലുവിളിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ബിസിനസുകാരനും ഇസ്ലാമിസ്റ്റും വെറുമൊരു എംഎല്‍എയുമായ അന്‍വറും സംഘവുമെത്തിയെന്നത് പാര്‍ട്ടിയെ സംബന്ധിച്ചും വിഎസിനെ വരെ ഒതുക്കിയ പിണറായിയെ സംബന്ധിച്ചും അത്ര നിസാരകാര്യമല്ല.’രാവിലെ വാര്‍ത്താസമ്മേളനം നടത്തിയ അന്‍വര്‍ വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു മറുപടി പറയാനും വാര്‍ത്താസമ്മേളനം നടത്തി.
ഒരിക്കല്‍ ഏകശില പോലായിരുന്ന പാര്‍ട്ടിയെ പുതിയ സംഭവങ്ങള്‍ പിടിച്ചുകുലുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയാണോ അന്‍വറാണോ ശരിയെന്ന് ഇനിയും വ്യക്തമായിട്ടില്ല. രണ്ടുപേരും പലതും പറയുന്നു. അതുപോലെ പലതും ഒളിക്കുന്നുമുണ്ട്. പക്ഷേ പോര് വളരെ രൂക്ഷമായെന്നത് സത്യവും.
മുഖ്യമന്ത്രി ഒരുവശത്തും ഒരിക്കല്‍ വലംകൈയായിരുന്ന അന്‍വര്‍ മറുവശത്തും എന്നതാണ് നില. പിണറായിയെ എതിര്‍ക്കുന്നവരെല്ലാം അന്‍വറിനൊപ്പമുണ്ടെന്ന് പറയാനും വയ്യ. കാരണം അന്‍വര്‍ ഇരുതല വാളാണ്, പിന്നിലുള്ളത് കെ.ടി. ജലീലിനെപ്പോലെ പാര്‍ട്ടിയിലെ ഇസ്ലാമിസ്റ്റുകളും പാര്‍ട്ടിക്കു പുറത്തെ ഇസ്ലാമിസ്റ്റുകളും. പിണറായി പക്ഷത്തുള്ളവരും പിണറായിയെയും അന്‍വറിനെയും എതിര്‍ക്കുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ നോക്കിയിരിക്കുകയാണ്.
പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമോ, തമ്മിലടിയും പോരും എവിടെ വരെ പോകും എന്നൊന്നും ആര്‍ക്കും അറിയില്ല. പക്ഷേ അവര്‍ക്കും ഒരുകാര്യം ഉറപ്പാണ്. സര്‍ക്കാരും പാര്‍ട്ടിയും, ആരോപണങ്ങളിലും വെളിപ്പെടുത്തലുകളിലും പിണറായി-അന്‍വര്‍ പോരിലും നട്ടംതിരിയുകയാണ്.
മുന്നണിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കിട്ടിയ അവസരം മുതലെടുത്ത് സിപിഐയും പിണറായിക്കെതിരേ തിരിഞ്ഞു. ആര്‍ജെഡിയെപ്പോലുള്ള ചെറുകക്ഷികളും സിപിഐക്കു പിന്നിലുണ്ട്. പി. ശശിയല്ല എഡിജിപിയാണ് സിപിഐയുടെ കണ്ണിലെ കരട് എന്നു മാത്രം. എഡിജിപിക്കെതിരേ സിപിഐ അന്‍വറിനൊപ്പവുമാണ്. തൃശ്ശൂരിലെ തോല്‍വിക്ക് ഒരു ന്യായീകരണം വൈകിയ വേളയിലെങ്കിലും ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സിപിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക