ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി അനുഷ്ഠിക്കുമ്പോള്‍ ഗുരുദര്‍ശനം ഭക്തജനങ്ങളെ വിശുദ്ധിയിലേക്ക് നയിക്കുന്ന പുണ്യമായ മാര്‍ഗമാണെന്നറിയണം. ഗുരുവിന്റെ പ്രഥമ ശിഷ്യനായ ശിവലിംഗദാസ സ്വാമികള്‍ ഗുരുവിനെകുറിച്ച് എഴുതിയ ഗുരുഷഡ്കത്തില്‍ ‘ശ്രീതാനാം ശുദ്ധി ഹേതവേ’ ആശ്രയിക്കുന്നവര്‍ക്ക് വിശുദ്ധിയുടെ ദിവ്യമാര്‍ഗം പ്രദാനം ചെയ്യുന്നവന്‍ എന്ന് സൂചിപ്പിച്ചിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ കാലടികളെ പിന്‍തുടര്‍ന്ന ജനലക്ഷങ്ങള്‍ക്ക് ജീവിത പുരോഗതിക്കുള്ള ശരിയായ മാര്‍ഗം തുറന്നു കിട്ടിയതുകൊണ്ടാണ്
”അഹാ! ബഹുലക്ഷം ജനമങ്ങേത്തിരുനാമാ
വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ”
എന്ന് കുമാരനാശാന്‍ വെളിപ്പെടുത്തിയത്. ഗുരുവിന്റെ ദിവ്യമായ നാമത്തിന്റെ ബലം കൊണ്ട് ജനകോടികള്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ഇന്നും വിജയിച്ചു കൊണ്ട് തന്നെയിരിക്കുന്നു. എന്നും വിജയിക്കുക തന്നെ ചെയ്യും. ഗുരുവിന്റെ ദിവ്യമായ നാമാക്ഷരിയാല്‍ സ്ഥാപിതമായ ശ്രീനാരായണ പരിപാലനയോഗം അഴിയാത്ത പ്രസ്ഥാനമായി നിലകൊള്ളുന്നത് അതുകൊണ്ടാണ്. അതുപോലെ ശ്രീനാരായണ ധര്‍മ്മസംഘവും ഇതര ഗുരുദേവ പ്രസ്ഥാനങ്ങളും. ഗുരുവിന്റെ അറുപതാമത്തെ തിരുജയന്തിയ്‌ക്ക് കുമാരമഹാകവി പാടിയത് ‘ആദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരു’ എന്നാണ്. ആദിമഹസ് ആദിമമായ മഹസ്സാണ്. പരമശാന്തിദായകമായ പരമാനന്ദപ്രാപ്തിയാണത്. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യവും. ഈ പരമാനന്ദ പ്രാപ്തിയിലേക്ക് ഒരു സദ്ഗുരു ഭക്തനെ ആനയിക്കുന്നു. അവരുടെ അജ്ഞാനത്തെ നശിപ്പിക്കുന്നു. ഗുരുദേവന്‍ ഇപ്രകാരം ജനലക്ഷങ്ങളെ വിശുദ്ധിയുടെ ദിവ്യമാര്‍ഗത്തിലേക്ക് നയിക്കുന്നു.
”അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയ
ചക്ഷുരുന്മീലിതം യേന തസ്‌മൈ ശ്രീഗുരുവേ നമഃ”
അജ്ഞാനമാകുന്ന തിമിരാന്ധ്യത്തെ ജ്ഞാനമാകുന്ന ശലാകകൊണ്ട് കണ്ണു തെളിയിച്ച ഗുരവിനെയാണ് നമിക്കേണ്ടത്. ഗുരുദേവന്‍ ഇപ്രകാരം ജനലക്ഷങ്ങളുടെ കണ്ണുതുറപ്പിച്ചു. ജ്ഞാനമാകുന്ന ശലാകകൊണ്ട് അതിന് സ്വയം ജ്ഞാനമായി പ്രകാശിക്കണം. ബോംബൈയിലെ സദ്ഗുരു നിത്യാനന്ദ സ്വാമികള്‍ ഒരിക്കല്‍ ഗുരുദേവനെ കുറിച്ച് പറഞ്ഞു. ‘ശ്രീനാരായണഗുരു ജ്ഞാനിയല്ല ജ്ഞാനമാണ്.’ ഗുരുദേവന്റെ യഥാര്‍ത്ഥ ആദ്ധ്യാത്മസ്വരൂപം ഇതാണ്. ജ്ഞാതാവ്, ജ്ഞാനം, ജ്ഞേയ എന്നീ ത്രിപുടിയറ്റ് ഗുരു ആദിമഹസ്സായി പ്രകാശിക്കുന്നു. ഈ ആദിമഹസ്സാണ് ശുദ്ധമായ ബോധതലം അഥവാ മുക്താവസ്ഥ. ഏതൊരു ജീവനും ആഗ്രഹിക്കുന്നത് അതാണ്.
മരുത്വാമലയിലെ ദിവ്യമായ തപസ്സുകൊണ്ട് ചെമ്പഴന്തിയിലെ നാരായണന്‍ പരമജ്ഞാനിയായി. ഈ അനുഭവം ആത്മോപദേശശതകാദി കൃതികളിലൂടെ അവിടുന്ന് ആവിഷ്‌കരിച്ചിട്ടുണ്ട.് ഭാഗവതം ശ്രീകൃഷ്ണന്റെ സ്വരൂപമാണെന്ന് പറയുന്നതുപോലെ ശ്രീനാരായണ ഗുരുദേവന്റെ തിരുസ്വരൂപമാണ് ആത്മോപദേശ ശതകം. പരമജ്ഞാനിയായി ഇരുന്നുകൊണ്ട് ഗുരുദേവന്‍ ലോകസംഗ്രഹ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തികഞ്ഞ ജ്ഞാനമാണ് ഗുരുവിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ശക്തിചൈതന്യം. ഗുരു അധ്യാത്മിക ജ്ഞാനിയാകാതെ വെറും സാമൂഹിക പരിഷ്‌കരണങ്ങളില്‍ മുഴുകിയിരുന്നുവെങ്കില്‍ നാമിന്നറിയുന്ന ശ്രീനാരായണ ഗുരുവിനെ ലഭിക്കുമായിരുന്നില്ല. ഗുരുദേവനെ ലോകഗുരുവാക്കുന്നത് അവിടുത്തെ ബ്രഹ്മനിഷ്ഠയാണ്.
ഗുരുദേവനെ കേവലം സാമൂഹ്യ പരിഷ്‌കര്‍ത്താവായും വിപ്ലവകാരിയായും കാണുന്നവര്‍ ഏറെയുണ്ട്. ഗുരുദേവനെ സ്മരിക്കുന്നിടത്തൊക്കെ വഴി നടക്കാനും പള്ളിക്കൂടത്തില്‍ പോകാനും അമ്പലത്തില്‍ പോകാനും സ്ത്രീകള്‍ക്ക് മാറുമറയ്‌ക്കാനും സ്വര്‍ണ്ണാഭരണമണിയാനും നല്ല വസ്ത്രം ധരിക്കാനും വീടു വയ്‌ക്കാനു നല്ല മനുഷ്യനായി ജീവിക്കാനും സ്വാതന്ത്ര്യമുണ്ടാക്കിയത് ഗുരുവാണെന്ന് വേദികള്‍ തോറും ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു പറയും. ഇത് തെറ്റല്ല. പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ ഇത് മാത്രമാണോ ഗുരുദേവന്‍? തൃപ്പാദങ്ങളുടെ 97-ാമത് മഹാസമാധി ദിനമായ ഇന്നേദിവസം കേരളത്തില്‍ വ്യാപകമായും ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി കൊണ്ടാടപ്പെടുന്നുണ്ട്. അവിടെയെല്ലാം ചെറുതും വലുതുമായ ശ്രീനാരായണ പ്രസ്ഥാനങ്ങളുമുണ്ട്. ഗുരുദേവനെ കേരളത്തിലെ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവോ വിപ്ലവകാരിയോ ആയി കണ്ടതുകൊണ്ടാണോ ഇപ്രകാരം സംഘടനകള്‍ സ്ഥാപിച്ചും ഗുരുദേവനെക്കുറിച്ച് ലോകമൊട്ടാകെ ആരാധിക്കുന്നതും നടത്തുന്നതും? അങ്ങനെയെങ്കില്‍ നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വിപ്ലവകാരികളും കേരളത്തിലുണ്ടായിട്ടുണ്ടല്ലോ. അവരുടെ നാമധേയത്തില്‍ പഠനങ്ങളും സംഘടനകളും സ്ഥാപനങ്ങളും ആരാധനയും എന്തുകൊണ്ട് ലോകത്തിന്റെ നാനാഭാഗത്തും ഉണ്ടാകുന്നില്ല.
വാസ്തവത്തില്‍ ഗുരു ഒരു സാമൂഹിക പരിഷ്‌കര്‍ത്താവോ വിപ്ലവകാരിയോ അല്ല. സത്യസാക്ഷാത്ക്കാരം നേടിയ വിശ്വഗുരുവാണ്. ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു തുടങ്ങിയ ജഗത്ഗുരുക്കന്‍മാരുടെ പരമ്പരയില്‍ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍. ഗുരുദേവന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ്, വിപ്ലവകാരിയാണ് എന്ന് പറയുന്നത് ആ വിശ്വജീവിതത്തെ ചുരുക്കി കാണുന്നതാണ്. മഹാത്മാഗാന്ധി വക്കീലാണ് നെഹ്‌റു സാഹിത്യകാരന്‍ ആണ് എന്നൊക്കെ പറയുന്നതുപോലെയാണത്. െ്രെകസ്തവര്‍ യേശുക്രിസ്തുവിനെ വഴിയും വഴികാട്ടിയുമായ രക്ഷകനായി കരുതുന്നതുപോലെ അതിനുമുപരിയായി ശ്രീനാരായണ ഗുരുദേവനെ ഇവിടെ ജനകോടികള്‍ പരമഗുരുവായും പരമ ദൈവമായും ആരാധിക്കുന്നു. ഗുരുവിന് ഒപ്പം ജീവിച്ച ശിഷ്യന്മാര്‍ ഒക്കെ തന്നെയും അവിടുത്തെ ഈശ്വരീയ ഭാവവും ജഗദ്ഗുരുത്വവും വെളിപ്പെടുത്തുന്നുണ്ട്. യുക്തിവാദിയെന്ന് അറിയപ്പെടുന്ന സഹോദരന്‍ അയ്യപ്പന്‍ പോലും ഗുരുദേവന്റെ മഹാസമാധിയില്‍ അനുതപിച്ച് ‘ജയ ഭഗവാനെ ജയ ജഗത്ഗുരോ’ എന്ന് പാടിപ്പോയി. സരസകവി മൂലൂര്‍ ‘നാരായണഗുരുസ്വാമി ഭഗവാന്‍ അഹനാശകന്‍’എന്നും ‘നമിക്കുവിന്‍ സഹജരേ നിയതമീ ഗുരുപാദം നമുക്കിതില്‍ പരംദൈവം നിനക്കലുണ്ടോ?’ എന്ന് കുമാരനാശാനും ‘നമോ ഭഗവതേ നിത്യ ശുദ്ധ മുക്ത മഹാത്മനേ’ എന്ന് ശിവലിംഗദാസ സ്വാമിയും 108 ഗുരുദേവ മന്ത്രങ്ങള്‍ തന്നെ എഴുതി ചൈതന്യസ്വാമിയും ഗുരുദേവന്റെ അധ്യാത്മഭാവവും ഈശ്വരീയതയും പ്രഖ്യാപനം ചെയ്യുന്നു.
ഗുരുദേവന്‍ സശരീരനായിരുന്നപ്പോള്‍ ജനലക്ഷങ്ങള്‍ ഗുരുവിനെ ആരാധിച്ചത് ഗുരുവിന്റെ ഈശ്വരീയതയെ മനസ്സിലാക്കിയാണ്. ഇന്നും കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി ആയിരക്കണക്കിന് ഗുരുദേവക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതും സായംസന്ധ്യകളില്‍ നാരായണമൂര്‍ത്തേ ഗുരുനാരായണ മൂര്‍ത്തേ തുടങ്ങിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും ഗുരുദേവന്റെ ഈശ്വരീയത അറിഞ്ഞ് അനുഭവിച്ചു കൊണ്ടാണ്. ശിവഗിരിയില്‍ അനുദിനം ആയിരക്കണക്കിന് ഗുരുപൂജയും മഹാഗുരുപൂജയും നടത്തുന്നതും പത്ത് ദിവസം വ്രതമെടുത്ത് പീതാംബരധാരികളായി ജനലക്ഷങ്ങള്‍ ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്നതും ഗുരുദേവന്‍ അവര്‍ക്ക് പ്രത്യക്ഷദൈവമായത് കൊണ്ടുതന്നെയാണ്. ശിവഗിരിയില്‍ തീര്‍ത്ഥാടകരായി എത്തുന്ന ഭക്തജന ലക്ഷങ്ങള്‍ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെയോ വിപ്ലവകാരിയുടേയോ കുടീരം കാണുവാന്‍ വരുന്നവരല്ല.
1968 ജനുവരി ലക്കം വിവേകോദയത്തില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതി ‘ദൈവം മഹത്തായ ഒരു സങ്കല്‍പ്പമാണ്. ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നതും അപ്രകാരമാണ്. ചതയം മാസംതോറും വ്രതത്തോടുകൂടി അനുഷ്ഠിക്കുന്ന ഒരു പദ്ധതി ആരംഭിക്കാന്‍ ആര്‍. ശങ്കര്‍ ആലോചിക്കുന്നു’ എന്ന്. ഇപ്രകാരം ദേവീദേവസങ്കല്പങ്ങള്‍ക്കതീതമായി ശ്രീനാരായണ ഗുരുവിന്റെ തൃപ്പാദത്തെ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഉപാസിച്ചും കഴിയുന്നത് അധ്യാത്മ മാര്‍ഗത്തിന്റെ ഏറ്റവും വിശുദ്ധമായ പഥമാണ്. ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ ഒന്നുകില്‍ സ്വയം സത്യദര്‍ശിയാകണം അല്ലെങ്കില്‍ ഓങ്കാരസ്വരൂപനും ബ്രഹ്മനിഷ്ഠനുമായ ഒരു സത്ഗുരുവിനെ ശരണീകരിച്ച് ഈശ്വരാനുഗ്രഹം നേടി ജീവിതത്തെ വിശുദ്ധീകരിക്കണമെന്ന് ഉപദേശിക്കുന്നു.
ആത്മോപദേശ ശതകത്തിലുടനീളം ഗുരുദേവന്‍ അനുഭവിച്ചറിഞ്ഞ ഈശ്വരീയതയുടെ സ്വരൂപം
കണ്ടെത്താനാവും. ആത്മവിലാസം എന്ന കൃതിയില്‍ ‘നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ഒരു നിസ്തരംഗ സമുദ്രമാകുന്നു. നാം ആ സമുദ്രത്തിലെ തരംഗമാകുന്നു. നാം ദൈവത്തോട് ഒന്നായി പോകുന്നു. നാമും ഇതാ ദൈവമായിരിക്കുന്നു’ എന്ന് ഗുരുദേവന്‍ അവിടുത്തെ സ്വരൂപം വെളിപ്പെടുത്തുന്നുണ്ട്. ഗദ്യപ്രാര്‍ത്ഥനയില്‍ ‘നാം ശരീരമല്ല അറിവാകുന്നു. ഈശ്വരനാകുന്നു. ശരീരം ഉണ്ടാകുന്നതിന് മുമ്പും അറിവായി ഈശ്വരനായി ഉണ്ടായിരുന്നു. ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും’. അതായത് മഹാസമാധി പ്രാപിച്ചതിന് ശേഷവും അറിവായി ഈശ്വരനായി അവിടുന്നു പ്രകാശിച്ചുകൊണ്ട് തന്നെ ഇരിക്കുന്നു.
സശരീരനായിരുന്ന കാലത്ത് ഗുരുദേവന്‍ ചെമ്പഴന്തിയില്‍, അരുവിപ്പുറത്ത്, ശിവഗിരിയില്‍, ആലുവായില്‍, മദ്രാസ്സില്‍, സിലോണില്‍. മഹാസമാധിക്ക് ശേഷം ‘അകവും പുറവുമൊഴിഞ്ഞാല്‍ ഭഗവാനേ നീ നിറഞ്ഞു വാഴുന്നു.’ അകമെന്നോ പുറമെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടുമായി പരമസ്വരൂപമായി ഗുരുദേവന്‍ പ്രകാശിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി സംഘടനകളും മന്ദിരങ്ങളും ആരാധനാലയങ്ങളും ഏര്‍പ്പെടുത്തി ഭക്തജനങ്ങള്‍ ഗുരുദേവനെ ആരാധിക്കുന്നത് ഈ അധ്യാത്മഭാവത്തിലാണ്. അവര്‍ക്ക് വിശുദ്ധിയുടെ ദിവ്യപഥം ഗുരുദേവനിലൂടെ തെളിഞ്ഞുകിട്ടുന്നു. ഇന്നേ ദിവസം ചതയം നാളിന് ഗുരുമന്ദിരങ്ങള്‍ തോറും ആയിരങ്ങള്‍ ഒത്തുകൂടുന്നത് ഗുരുദേവന്റെ ദൈവീകത അനുഭവിച്ചറിഞ്ഞുകൊണ്ടാണ്.
ഗുരുദേവനെ ഈശ്വരനായി ആരാധിച്ചാല്‍ മാത്രം പോര ഗുരുദേവന്റെ ഏകലോക ദര്‍ശനം പ്രാവര്‍ത്തികമാക്കാന്‍ കൂടി ശ്രമിക്കണം. ജാതികൊണ്ടും മതംകൊണ്ടും വിഭാഗീയ ചിന്തകള്‍ കൊണ്ടും കത്തിയെരിയുന്ന ലോകത്തില്‍ ശ്രീനാരായണ ദര്‍ശനത്തിന്റെ അമൃതവര്‍ഷം ഉണ്ടാകണം. ഇന്നത്തെ ലോകത്തിന് മറ്റെന്തിനേക്കാളും ആവശ്യം ഗുരുദേവന്റെ ഏകത്വദര്‍ശനമാണ്. അത് സാക്ഷാത്ക്കരിക്കുവാന്‍ മുഴുവന്‍ ജനതയ്‌ക്കും കടപ്പാടുണ്ട്. ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ സര്‍വ്വരും അതിനായി മുന്നോട്ടു വരണം. ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് ഗുരുദേവനാണ്. വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ തീര്‍ത്ഥാലയമാക്കിയത് ഗുരുദേവനാണ്. ഏതെങ്കിലും ഒരു മതസ്ഥര്‍ എന്ന ഭേദമില്ലാതെ, സവര്‍ണ അവര്‍ണ ഭേദമില്ലാതെ സര്‍വ്വര്‍ക്കും ഗുരുവിന്റെ ജ്ഞാനപ്രകാശം തെളിഞ്ഞുകിട്ടി. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നമ്മുടെ രാജ്യത്തെ ഉയര്‍ത്തിയെടുത്തത് ഗുരുദേവനാണ്. ഗുരുദേവനോട് രാജ്യം അത്രയേറെ കടമപ്പെട്ടിരിക്കുന്നു. 97-ാമത് മഹാസമാധിദിനം ഇതിനായി ഏവരിലും ശക്തമായ പ്രേരണ ചെലുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഗുരുപഥം സത്യത്തിന്റെയും വിശുദ്ധിയുടേയും ദിവ്യമായ പാതയാണ്.
‘ഈ ലോകത്തില്‍ ആര്‍ക്കാണ് അന്യന് അല്‍പ്പമെങ്കിലും സഹായം ചെയ്യുവാന്‍ സാധിക്കാത്തത്’ എന്ന് ഗുരുദേവന്‍ ചോദിക്കുന്നു. തീര്‍ച്ചയായും സഹായിക്കുവാന്‍ സാധിക്കും.
ഗുരുദേവ ഭക്തര്‍ ദു:ഖിതര്‍ക്കായി ഒരു കൈതാങ്ങ് നല്‍കണം. ദു:ഖിതര്‍ക്കുള്ള അത്താണിയാണ് ഗുരുദേവ തൃപ്പാദം. അത് ആവിവന്‍ തോണിയാണ്. ആ ആവിവന്‍ തോണിയിലേറാന്‍ നന്‍മയുടേയും വിശുദ്ധിയുടേയും ദിവ്യമായ പാതയെ ജീവിതപഥമാക്കുവാന്‍ സാധിക്കും. അതിലൂടെ പരമാനന്ദ പ്രാപ്തിയുണ്ടാകും. അതാകട്ടെ നമ്മുടെ ജീവിതകര്‍മ്മം. ഗുരുദേവന്‍ അനുകമ്പാമൂര്‍ത്തിയായ സദ്ഗുരുവാണെന്ന് എപ്പോഴും ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക