കൊച്ചി: കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൂനെയിലെ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇ-മെയില്‍. കമ്പനി
യിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തായത്.
തൊഴില്‍ സമ്മര്‍ദം ഇ വൈയില്‍ നിരന്തര സംഭവമാണെന്ന് ജീവനക്കാരിയുടെ ഇ- മെയില്‍ പറയുന്നു. ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയര്‍മാന്‍ രാജീവ് മേമാനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിന് മറുപടിയായാണ് ജീവനക്കാരിയുടെ ഇ-മെയില്‍ സന്ദേശം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൊച്ചി കങ്ങരപ്പടി പേരയില്‍ അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ തൊഴില്‍ സമ്മര്‍ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി സുഹൃത്ത് ആന്‍മേരി. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പും തന്നെ വിളിച്ചിരുന്നു അപ്പോഴും പറഞ്ഞത് ജോലിഭാരത്തെ കുറിച്ചാണെന്നും അന്നയുടെ സ്‌കൂള്‍ കാലം മുതലുള്ള സഹപാഠിയായ ആന്‍മേരി പറയുന്നു.
ജോലി സ്ഥലത്ത് വലിയ സമ്മര്‍ദമുണ്ടായിരുന്നു. ഇക്കാര്യം ഫോണില്‍ വിളിച്ചപ്പോള്‍ എല്ലാം തന്നോട് പറഞ്ഞിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും ജോലിക്ക് പോകണം. രാവിലെ ആറു മണിക്ക് ഓഫീസിലേക്കെത്തണം. രാത്രി ഒരു മണിക്കാണ് തിരികെ വരുന്നത്. ഇടവേള പോലുമുണ്ടായിരുന്നില്ല. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണമുണ്ടായത്.
വീട്ടിലെത്തി കഴിഞ്ഞ് വര്‍ക്ക് ഫ്രം ഹോം ചോദിക്കാമെന്ന് അന്ന കരുതിയിരുന്നു. അതിന് ശേഷം കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. തീരെ പറ്റാത്ത അവസ്ഥയെങ്കില്‍ ജോലി ഉപേക്ഷിക്കും പറഞ്ഞു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നെഞ്ച് വേദന വന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നു. പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന പറഞ്ഞിരുന്നു. സ്‌ട്രെസ് കാരണമുള്ള നെഞ്ച് വേദനയാണെന്ന് ഡോക്ടറും പറഞ്ഞു. ഭക്ഷണം ശരിയായി കഴിക്കുന്നില്ല, ഉറക്കമില്ല, ഇതെല്ലാമാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായി അന്ന പറഞ്ഞിരുന്നതായി ആന്‍മേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക