മട്ടാഞ്ചേരി: ആറന്മുളയില് ഇന്ന് ഉത്രട്ടാതി വള്ളംകളിക്ക് തുഴയെറിയുമ്പോള്‍ പമ്പയാറ്റില്‍ തുഴഞ്ഞ പള്ളിയോടം കൊച്ചിയില്‍ വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച വിരുന്നൊരുക്കുന്നു. ഒന്നേകാല്‍ നൂറ്റാണ്ട് കാലപഴക്കമുള്ള ആറന്മുള ദേശത്തെ തിരുവാറന്മുള ‘പുന്നത്തോട്ടം അഞ്ച്’ പള്ളിയോടം വിനോദ സഞ്ചാരികള്‍ക്ക് വിസ്മയമായി മാറുകയാണ്.
ജൂത തെരുവിലെ ഹെറിറ്റേജ് ആര്‍ട്സില്‍ പള്ളിയോടത്തിനായി പ്രത്യേക ഗ്യാലറി സജ്ജീകരണങ്ങളൊരുക്കിയാണ് ഉടമ മജ്നുകോമത്ത് കേരളത്തിലെ വള്ളംകളിയുടെ സാംസ്കാരം കാഴ്ചക്കാരിലെത്തിക്കുന്നത്. 130 വര്‍ഷം പഴക്കവും 108 വര്‍ഷം ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ തുഴഞ്ഞു കയറിയ ചരിത്രമാണ് ‘പുന്നത്തോട്ടം അഞ്ച്’ പള്ളിയോടത്തിന്റേത്. പഴയകാല പാണ്ടികശാലകള്‍ രൂപമാറ്റം വരുത്തി ഒരുക്കിയ കരകൗശല വില്പനശാലയില് പള്ളിയോട ചരിത്രം വിവരിച്ചുള്ള കുറിപ്പും വിശദാംശങ്ങളുമുണ്ട്. മുത്തുക്കുട ചൂടി അലങ്കരിച്ചും, പാരമ്പര്യ തനിമയാല്‍ സംരക്ഷണമൊരുക്കിയുമാണ് പള്ളിയോടത്തെ കാഴ്ചക്കാര്‍ക്ക് മുന്നിലൊരുക്കിയിരിക്കുന്നത്.
‘പുന്നത്തോട്ടം- അഞ്ച്’ പള്ളിയോടം 2004ലാണ് കൊച്ചിയിലെത്തിച്ചത്. കരക്കാരില്‍ നിന്ന് വിലയ്ക്കെടുത്ത പള്ളിയോടത്തിന്റെ പങ്കായം ക്ഷേത്രത്തില്‍ നിന്നാണ് കൈമാറ്റം ചെയ്തത്. തുടര്‍ന്ന് ബോട്ടിന്റെ സഹായത്താല്‍ പമ്പയാര്‍ വേമ്പനാട്, കൊച്ചി കായല്‍ വഴി കൊച്ചിയിലെത്തിക്കുകയായിരുന്നുവെന്ന് മജ്നു കോമത്ത് പറഞ്ഞു. കരകൗശല കൗതുകമായി വാങ്ങിയ പള്ളിയോടത്തെ പൈതൃക നഗരിയിലെ കാഴ്ചയായി പിന്നീട് മാറ്റി. കാഴ്ചയ്ക്കിടെ ഒട്ടേറെപേര്‍ വിലയ്ക്ക് ചോദിച്ചുവെങ്കിലും നല്‍കാതെ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ സാംസ്ക്കാരിക അഭിമാനമായി പള്ളിയോടത്തെ കാത്തു സൂക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: