കൂടപ്പിറപ്പുകളും കിടപ്പാടവും കണ്ടും പഴകിയും ഇടപെട്ടും ഉള്ളിലലിഞ്ഞുചേര്‍ന്ന ബന്ധങ്ങളും ബന്ധനങ്ങളും ചുറ്റുപാടുകളും എല്ലാമെല്ലാം നടുക്കുന്ന ഓര്‍മ്മക്കാഴ്ചകളായിത്തീര്‍ന്ന മലയാളിക്ക് ഇത്തവണത്തെ ഓണം അടിച്ചുപൊളിയാക്കാന്‍ മനസ്സുവരുമോ ?
സഹതാപ തരംഗം വ്യാപാരമാന്ദ്യത്തിലേയ്‌ക്ക് മുതലക്കൂപ്പ് കുത്തരുതെന്ന വാദവും എതിര്‍ വാദവും ഒരു ഭാഗത്ത് .
എന്തുതന്നെയായാലും ഓണം മലയാളിക്ക് മാറ്റിവെയ്‌ക്കാനാവാത്ത, പകരം വെക്കാനില്ലാത്ത ഗൃഹാതുരത്വമുണര്‍ത്തുന്ന മധുരമനോഹരമായ ഒരു സങ്കല്‍പ്പവും ആഘോഷവുമാണെന്നതില്‍ തര്‍ക്കവുമില്ല. ഒരു പ്രത്യേക പ്രദേശത്തെയോ, മതവിഭാഗത്തെയോ പ്രതിനിധീകരിച്ചോ പതീകമാക്കിയിയോ കൊണ്ടാടുന്ന ആഘോഷവുമല്ല ഓണം.
മലയാളക്കരയിലാണ് ഓണാഘോഷത്തിന് തുടക്കമിട്ടതെന്നാണ് ഐതിഹ്യമെങ്കിലും അതിലും എത്രയോ സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ തമിഴ്നാട്ടിലെ ചിലയിടങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നതായി ‘മധുരൈ കാഞ്ചി ‘ എന്ന സംഘകാല കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടതായാണറിവ് .മഹാവിഷ്ണുവിന്റെ പിറന്നാളാഘോഷം എന്ന നിലയിലായിരുന്നു ഓണം ആഘോഷിച്ചതെന്നാണ് ഈ കൃതിയില്‍ വ്യക്തമാക്കുന്നത്. പില്‍ക്കാലത്ത് കാര്‍ഷികോത്സവം എന്ന നിലയിലേക്ക് അത് വഴി മാറി .
പൊന്നിന്‍ചിങ്ങം എന്ന പേര് വന്നതിന്റെ പിന്നിലും ചില കഥകളുണ്ട്.
കാറും കോളും പേമാരിയും വിട്ടൊഴിഞ്ഞു ‘തെളിമാനത്തമ്പിളി വിരിയുമ്പോള്‍ ‘ ഓണവെയിലൊളിയില്‍ ഉണരുന്ന സുപ്രഭാതങ്ങളില്‍ കര്‍ക്കിടക മാസാവസാനം തുടങ്ങി കടലും കരയും ശാന്തമായി വരുന്ന കാലാവസ്ഥയിലായിരുന്നു. വിദേശ പത്തേമാരികള്‍ അഥവാ പായക്കപ്പലുകള്‍ കേരളക്കര ലക്ഷ്യമിട്ട് ഓളംമുറിച്ച് നീങ്ങിയിരുന്നു. ഇവിടങ്ങളിലെ ഏലം കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കുന്നതിനായി സ്വര്‍ണ്ണനാണയങ്ങളുമായി കേരളത്തിന്റെ കടലോരങ്ങളെ ലക്ഷ്യമിട്ട് നങ്കൂരമിട്ടതും പഴയ കഥ.
പൊന്നിന്‍ ചിങ്ങം പിറന്നു ഓണം പൊന്നോണം നല്ലോണം എന്നൊക്കെയുള്ള പദപ്രയോഗങ്ങളുടെ പിറവിയും അങ്ങിനെ .
വസന്തോത്സവത്തിന്റെ വര്‍ണ്ണക്കാഴ്ചയുമായി ചിത്രശലഭങ്ങള്‍ പാറിപറക്കുന്ന വയലോരങ്ങള്‍, കാക്കപ്പൂവും വരിനെല്ലും തേടി പച്ച ഓലക്കണ്ണികള്‍കൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരളവുകളില്ലാതെ അതിരാണിപാടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ ബാല്യകാലത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയെത്ര ഓര്‍മ്മകളാണ് ഓണക്കാലം നമ്മളില്‍ ഉണര്‍ത്തുക ?
പുന്നെല്ലരി നിറച്ച പറയും പത്തായവും ഓണപൂക്കളവും ഓണക്കോടിയും ചിലയിടങ്ങളില്‍ ഉള്ള ഓണത്തല്ലും വള്ളംകളിയും ഓണപ്പൊട്ടനും എല്ലാം ചേര്‍ന്ന ഓര്‍മ്മപെരുങ്കളിയാട്ടം!.
ഒട്ടുമണി കിലുങ്ങുന്ന നാട്ടിടവഴികളിലൂടെ ഓലക്കുടയുമായി ചെണ്ടമേളങ്ങളുടെ താളച്ചുവടുമായി നടന്നു നീങ്ങുന്ന ഓണപ്പൊട്ടന്മാര്‍ , കുട്ടികള്‍ ചുള്ളിയും കോലും കളികളില്‍ ,ഉറിയടി വേറെ ,തലപ്പന്തുകളി ഒരുഭാഗത്ത് പുലികളിയില്‍ തടിമറന്നാടുന്നവര്‍ ,കസവുമുണ്ടും മുല്ലപ്പൂവുമണിഞ്ഞ് മങ്കമാര്‍ തിരുവാതിരക്കളിയുടെ ചടുലതാളങ്ങളില്‍ .വള്ളം കളിയും ഓണത്തല്ലും അങ്ങിനെ നീളുന്നു ഓണക്കാഴ്‌ച്ചകള്‍. വിഭവ സമൃദ്ധമായ സദ്യയാണ് ഓണത്തിന്റെ ശ്രദ്ധാകേന്ദ്രം. തിരുവോണ നാളില്‍ തൂശനിലയില്‍ ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്ന ഓണസദ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: