പതിന്നാലാം നൂറ്റാണ്ടിലെ മണിപ്രവാള ദീപസ്തംഭമായ ‘ഉണ്ണുനീലിസന്ദേശ’ത്തില്‍ ഓണം കേരളീയരില്‍ ഉണര്‍ത്തുന്ന ആനന്ദാവേശങ്ങളെ ഇങ്ങനെ പരാമര്‍ശിക്കുന്നു.
‘വീണാവാണിം വടിവിനൊടിടത്തങ്ങടുത്തുണ്ണിയാടീ-
മേണാങ്കന്നും ചെറുതുകുറവാക്കിന്റെ വക്ത്രാരവിന്ദാം
ഓണമ്പോലേ വിരവിലെഴുനെള്ളിന്റെ നിന്മേല്‍ത്തദാനീം
കാണാം തൂവെണ്മൂറുവല്‍ മലരാല്‍ തൂകിമേവിന്റവാറ്’
ആണ്ടിലൊരിക്കല്‍ വരുന്ന ഓണത്തെ മലയാളികള്‍ എങ്ങനെ കണ്ടിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണീ ശ്ലോകം. ദേവദാസിയായ ഉണ്ണിയാടിയുടെ തൂവെണ്‍മുറുവന്‍(പുഞ്ചിരി) ആകുന്ന പൂക്കള്‍ ഓണത്തിന് മാത്രം പുഷ്പിക്കുന്ന ഓണപ്പൂക്കളെ ഓര്‍മിപ്പിക്കുന്നു. ഓണത്തെ ആഘോഷത്തോടെസ്വീകരിക്കുന്നതു പോലെയാണ് ഉണ്ണിയാടി, ആദിത്യവര്‍മ്മയുടെ എഴുന്നള്ളത്തിനെ സ്വീകരിച്ചത്.
അത്തച്ചമയം എന്ന ചടങ്ങ് കൊച്ചിത്തമ്പുരാനും നെടിയിരിപ്പിലെ സാമൂതിരിത്തമ്പുരാനും കൂട്ടായി നടത്തിയിരുന്ന ഓണാഘോഷമായിരുന്നു. അതിന്റെ സ്മരണയില്‍ 1961 മുതല്‍ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അത്താഘോഷം നടത്തുന്നു.
ചിങ്ങം ഒന്ന്, ആണ്ടുപിറപ്പായതു ക്രിസ്തുവര്‍ഷം 825-ല്‍ ആണ്. കൊല്ലവര്‍ഷം അഥവാ മലയാളവര്‍ഷം ആരംഭിച്ചതിനെപ്പറ്റിയും പലസിദ്ധാന്തങ്ങളുണ്ട്. ബി.സി. 56-ല്‍തുടങ്ങിയ സപ്
തര്‍ഷി വര്‍ഷത്തിന്റെ നൂറുവര്‍ഷത്തിന്റെ വീതമുള്ള ആവര്‍ത്തനത്തില്‍ പത്താമത്തെ ആവര്‍ത്തനത്തില്‍ പത്താമത്തെ അവൃത്തിയോടെ കൊല്ലവര്‍ഷം തുടങ്ങി എന്ന വാദത്തിനാണ് മുന്‍തൂക്കം. കശ്മീരിലും സൗരാഷ്‌ട്രത്തിലും ഉത്തരഭാരതത്തിന്റെ മറ്റുപലഭാഗങ്ങളിലും സപ്തര്‍ഷിവര്‍ഷം പ്രചാരത്തിലിരുന്നു. അവിടെനിന്നു തെക്കോട്ടുവന്ന ആര്യന്മാര്‍ കൊല്ലത്തെത്തിയപ്പോള്‍ സപ്തര്‍ഷി വര്‍ഷത്തിന്റ ഒന്‍പതാമത്തെ ആവൃത്തി തുടങ്ങുകയും ചെയ്തു. കൊല്ലത്ത് ചിങ്ങം ഒന്നിനാരംഭിച്ച, പുതുവര്‍ഷം കൊല്ലവര്‍ഷം എന്നറിയപ്പെടുന്നു. കാലക്രമേണ ‘കൊല്ലം’ എന്നാല്‍ വര്‍ഷംഎന്നും വിവക്ഷിക്കപ്പെട്ടു. പണ്ഡിതന്മാരുടെ അഭിപ്രായഭേദം കൊണ്ട് ഉത്തര കേരളത്തിലെ ആണ്ടുപിറപ്പ് കന്നി ഒന്നായി.
മഹാബലിചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്നദിനമായും, തൃക്കാക്കരയപ്പന്റെ പിറന്നാളായും, പരശുരാമന്റെ കേരളഭരണത്തിന്റെ ഓര്‍മ്മയായും, ബുദ്ധമതാചാരത്തിന്റെ അനുവര്‍ത്തനമായും, ചേരമാന്‍ പെരുമാള്‍മക്കയിലേക്ക് പോ
യതിന്റെ അനുസ്മരണമായുമൊക്കെ പല ഐതീഹ്യങ്ങളുടെയോ ചരിത്രങ്ങളുടെയോ വ്യാഖ്യാന ഭേദങ്ങള്‍കൊണ്ടു നിറഞ്ഞതാണ ്‌കേരളീയരുടെ ഓണം.
കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ ബ്രാഹ്മണ വേഷധാരിയായ ഇന്ദ്രന്‍ വാങ്ങിക്കൊണ്ടു പോകുന്നതുപോലെ ഒരുചതിയുടെ ക്രൂരതയാണ് ഹാബലിചരിത്രത്തിലുമുള്ളത്. വാടുരൂപിയായ വിഷ്ണു ബലിയുടെ അടുക്കല്‍ ഭിക്ഷക്കായി വന്നപ്പോള്‍ ‘ഇതില്‍ചതിയുണ്ട് സൂക്ഷിക്കണം’എന്ന് ശുക്രാചാര്യര്‍ പറഞ്ഞിരുന്നു. പക്ഷേ മഹാബലി അതുള്‍ക്കൊണ്ടില്ല. തിരുവോണം ബലിയുടെ തിരിച്ചുവരവിന്റെയും വാമനാവതാരത്തിന്റെയും ദിനമാണ് എന്നത് ഏറെ കൗതുകകരമായിരിക്കുന്നു.
കായികവും മാനസികവും ആദ്ധ്യാത്മികവുമായ സവിശേഷത
ഇടവ മിഥുന കര്‍ക്കടകങ്ങളിലെ കനത്ത മഴയില്‍ കുതിര്‍ന്നു മരവിച്ച മണ്ണിനും മര്‍ത്യദേഹത്തിനും നവോന്മേഷം ലഭിച്ചു തുടങ്ങുന്ന വേളയാണുചിങ്ങമാസം. ഓണാഘോഷത്തോടെ അതുപൂര്‍ണ്ണ വികാസം പ്രാപിക്കുന്നു. ആസമയത്തെ കായിക വിനോദങ്ങളാണതിനുകാരണമാകുന്നത്. നാടന്‍ പന്തുകളി, കബഡി കളി, വടംവലി, വള്ളംകളി, ഓണത്തല്ല് തുടങ്ങിയവയില്‍ പുരുഷന്മാരും കൈകൊട്ടിക്കളി (തിരുവാതിര) പെണ്ണുകെട്ടിക്കളി, കോല്‍ക്കളി, ഊഞ്ഞാലാട്ടം തുമ്പിതുള്ളല്‍ തുടങ്ങിയവയില്‍ സ്ത്രീകളും അഭിരമിക്കുന്നു. വൈവിധ്യപൂര്‍ണ്ണമായ കായിക വിനോദങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കുന്ന മറ്റൊരു ആഘോഷവും ഓണത്തെപ്പോലെയില്ല.
ഓണത്തിലുള്ള മാനസികമായ ആഘോഷങ്ങളില്‍ അക്ഷരശ്ലോക മത്സരം, കഥാകഥനം, കവിതാലാപനം തുടങ്ങിയവ പ്രധാനം.
ഓണത്തില്‍ കവിതയ്‌ക്കും കവിതയില്‍ ഓണത്തിനും വലിയ പ്രാധാന്യം നല്‍കിയിട്ടുള്ളനാടാണ് കേരളം. നാടന്‍പാട്ടുകളില്‍ ആരംഭിക്കുന്ന ഓണ പ്രകീര്‍ത്തനം ആധുനിക കവികളിലും വറ്റിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഓണത്തിന്റെ അതുല്യമായസൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്നവ മാത്രമല്ല, ഓണക്കാലത്തും പതിതവര്‍ഗ്ഗങ്ങളനുഭവിക്കുന്ന പാടുകളും ദുരിതങ്ങളുമെല്ലാം പ്രതിപാദിക്കുന്ന ഒട്ടേറെ ഓണപ്പാട്ടുകളും കവിതകളുമുണ്ട് എന്നതു ശ്രദ്ധേയം. കുമാരനാശാന്‍, വൈലോപ്പിള്ളി, പി.കുഞ്ഞുരാമന്‍ നായര്‍, ബാലാമണിയമ്മ, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, തിരുനല്ലൂര്‍ തുടങ്ങിയവരൊക്കെ അതില്‍ പ്രമുഖ സംഭവനാദാതാക്കളാണ്.
തനിയ്‌ക്കു സൗന്ദര്യവും മണവുമില്ലെന്ന അപകര്‍ഷ ബോധത്തോടെ മാറിനിന്ന തുമ്പപ്പൂവിനെ ബലിത്തമ്പുരാന്‍ വാരിയെടുത്തു നിറുകയില്‍ ചൂടിഎന്ന സങ്കല്പനം ഓണത്തിന് മഹത്തായ ഒരാദ്ധ്യാത്മിക ചൈതന്യ പരിവേഷം നല്‍കുന്നു. മാനുഷരെല്ലാം ഒന്നുപോലാകുന്ന ദിനം എന്ന് മാത്രമല്ല തീരെ നിസ്സാരര്‍ എന്ന് കരുതപ്പെടുന്ന സസ്യാദിജീവ വര്‍ഗ്ഗത്തിനും ഓണത്തില്‍ പ്രാധാന്യംലഭിയ്‌ക്കുന്നു എന്നും ഈസങ്കല്പം സൂചിപ്പിക്കുന്നു.
‘അത്തം കറുത്താലോണം വെളുക്കും’ എന്ന ഓണച്ചൊല്ലിലും ഒരുമഹത്തായ ജീവിതതത്ത്വമുണ്ട്. ആദ്യം ദുഃഖമനുഭവിക്കുന്നവര്‍ പിന്നീട് സുഖമനുഭവിക്കും എന്നതിന്റെ വ്യംഗ്യസൂചന ഇതു നല്‍കുന്നു. ഓണം എന്ന വാക്കിനോട ്‌ചേര്‍ന്ന് ധാരാളം വാക്കുകളും ശൈലികളും കൊണ്ട് സമ്പന്നമാണ ്‌നമ്മുടെ ഭാഷ. ഒരു ഓണവിജ്ഞാനകോശത്തിനുള്ള വകതന്നെയുണ്ട്.
മലയാളികള്‍ക്ക് ഇന്ന് ഓണാഘോഷം അത്യന്തംആവേശകരമായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ പഴയകാലത്തെ ആഘോഷത്തിന്റെ ലാളിത്യവുംസ്വാഭാവികതയും നൈര്‍മ്മല്യവും നഷ്ടമായിരിക്കുന്നു എന്നും പറയാതെവയ്യ. കൃഷിയോട് തീരെ താല്പര്യമില്ലത്ത മലയാളിക്ക് യാഥാര്‍ത്ഥത്തില്‍ഒരു കാര്‍ഷികോത്സവമായ ഓണം ആഘോഷിക്കാന്‍ തീരെ അവകാശമോ അര്‍ഹതയോ ഇല്ല എന്നതാണ് സത്യം. മാത്രമല്ല ഇന്ന് പുതിയ ചില ഓണങ്ങള്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു മലയാളി എന്നതും കാണാതിരുന്നുകൂടാ. ആപുതിയ ഓണങ്ങള്‍ ഇവയൊക്കെയാകുന്നു.
കണ്ടോണം – ടി.വി
ചെയ്‌തോണം- വോട്ട്
കൊടുത്തോണം- കൈക്കൂലി
ഉണ്ടാക്കിക്കോണം – പണം
വന്നോണം- പള്ളിയില്‍/അമ്പലത്തില്‍
ഇട്ടോണം- നേര്‍ച്ച
നിന്നോണം – പറയുന്നതുകേട്ട്
വലഞ്ഞോണം- വിലക്കയറ്റത്താല്‍
സഹിച്ചോണം- എല്ലാം
ഇരുന്നോണം- മിണ്ടാതെ
ഇന്ന് ‘ഓണക്കോടി’യെക്കാള്‍ മുഖ്യമായിരിക്കുന്നത് ‘ഓണക്കുടി’ യായിരിക്കുന്നു. കോടിവസ്ത്രം എന്നത് മലയാളിക്കിന്ന് പുതുമയല്ലാത്തതിനാലാകാം അവനു ഓണം ബമ്പര്‍ ലോട്ടറിക്കോടിയിലാണു താല്പര്യം മാത്രമല്ല അവന്റെ നിത്യവ്യവഹാര വ്യാപാരങ്ങള്‍ പോലും കോടികളുടെ കണക്കിലായിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ‘ആയിരം കോടിയുണ്ടെങ്കിലുമന്ത്യത്തില്‍ കോടിയൊരെണ്ണം മതിപുതച്ചീടുവാന്‍’എന്നത് അവന്‍ തീരെ ചിന്തിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: