മനുഷ്യവര്‍ഗ്ഗത്തെ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പ്രശ്നങ്ങളെ പ്രതിസന്ധികളാക്കുന്നത്.എന്നാല്‍, മറ്റുജീവിവര്‍ഗങ്ങളുണ്ടെങ്കില്‍ മാത്രമേ മനുഷ്യന് ജീവിക്കുകയുള്ളൂ. ഉദാഹരണത്തിന്, തേനീച്ചയില്ലെങ്കില്‍ മൂന്നു വര്‍ഷംകൊണ്ട് സസ്യലോകത്തെ കായ്കനികള്‍ ഇല്ലാതെയാകും. ഫലമോ വലിയ ഭക്ഷ്യ ക്ഷാമവും. കാലാവസ്ഥാ വ്യതിയാനം തൊട്ടു മത തീവ്രവാദം വരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നില്‍, മനുഷ്യരുടെ അസന്തുലിതമായ ദുഷിച്ച മനസ്സുകളാണ്. പരിസ്ഥിതിയുടെയും വ്യവസ്ഥിതിയുടെയും (സമൂഹത്തിന്റെയും) സന്തുലിതമായ നിലനില്‍പ്പും പുരോഗതിയും ആത്യന്തികമായി മനുഷ്യന്റെ മനഃസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്.
അനേകം ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്, അമിത ജനസംഖ്യയും, അമിത ഉല്‍പ്പാദനവും, അമിത ഉപഭോഗവും ഭൂമിക്കുമേല്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം മൂലം, കാലാവസ്ഥാ വ്യതിയാനവും, ഭൗമ താപനവും, മലിനീകരണവും, വനനാശവും, മരുഭൂമിവല്‍ക്കരണവും ഒക്കെ കൂടി ജീവന് തന്നെ ഭീഷണിയാകുന്നെന്നാണ്. ഒരു വെള്ളപ്പൊക്കം, ഒരു വരള്‍ച്ച, ഒരു ഭൂകമ്പം, ഒരു കൊടുങ്കാറ്റ് …….മനുഷ്യന് കെട്ടിപ്പൊക്കിയതൊക്കെ നിമിഷങ്ങള്‍ കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകരുന്നത് നോക്കി നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവരാകുന്നു നാം.
2050 ആകുമ്പോഴേക്കും, ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം ലോകം നേരിടുന്നസാമ്പത്തിക നഷ്ടം 3.1 ട്രില്ലിയന്‍ ഡോളര്‍ (3,10,000കോടി ഡോളര്‍) വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ 2024 ലെ പഠനം പറയുന്നു. ഒരു മണിക്കൂറില്‍ കാലാവസ്ഥാ വ്യതിയാനം വരുത്തിവക്കുന്നത് 16 ദശലക്ഷം ഡോളറിന്റെ (12800 കോടിരൂപ) നഷ്ടമാണെന്ന് മറ്റൊരു പഠനം പറയുന്നു.ഒരു ശതമാനം അന്തരീക്ഷ താപനില ഉയര്‍ന്നാല്‍, 12 ശതമാനം ലോക വരുമാനത്തില്‍ കുറവുണ്ടാകുന്ന അപകടകരമായ പ്രതിഭാസമാണ് ഭൗമതാപനം. അങ്ങനെ സംഭവിക്കുമ്പോള്‍,സമ്പാദ്യവും നിക്ഷേപവും കുറയും, തൊഴിലില്ലായ്മ വര്‍ധിക്കും, വികസനം മുരടിക്കും,പട്ടിണിയും, ദാരിദ്ര്യവും, അസ്വസ്ഥതകളും സമൂഹത്തില്‍ വര്‍ധിക്കും. അതുകൊണ്ടു വികസനത്തെ മാത്രം മുറുകെ പിടിച്ചുകൊണ്ടു ഇനിയുള്ള കാലം ഒരു രാജ്യത്തിനും മുമ്പോട്ടു പോകാന്‍ സാധ്യമല്ല.
195 രാജ്യങ്ങളില്‍ നിന്നുള്ള 234 ശാസ്ത്രജ്ഞന്മാര്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട്, 2021ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ യു എന്‍ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറസ് പറയുന്നു, ‘ കല്‍ക്കരിയും, പെട്രോളും, ഗ്യാസും ഭൂമിയുടെ മരണത്തിന്റെ മണിമുഴക്കമാണ്. 1 .5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂടിലേക്ക് ലോകം ഒരു തിരിച്ചു പോക്കില്ലാത്ത വിധം പാഞ്ഞടുത്തുകൊണ്ടിരിക്കുന്നു.ഇത് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുക്കി, സമുദ്ര വിതാനം ഉയര്‍ത്തി, കടലോര പ്രദേശങ്ങളെ മുഴുവന്‍ കവര്‍ന്നെടുക്കും’.
ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ട്, ഭാരതത്തിലെ 58000 ഫാക്ടറികളില്‍ നടത്തിയ അതി വിപുലമായ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. ഒരു ശതമാനം താപനില വര്‍ധിച്ചാല്‍ വ്യവസായങ്ങളുടെ വരുമാനത്തില്‍ രണ്ടു ശതമാനം ഇടിവുണ്ടായേക്കും. 2030 ല്‍ അത്യുഷ്ണംമൂലം തൊഴിലാളി ഉത്പാദന ക്ഷമതയില്‍ കുറവുണ്ടാകുന്നത് കൊണ്ട്, ദേശീയ വരുമാനത്തില്‍ നാലര ശതമാനം രെ ഇടിവുണ്ടാകാം. എന്ന് പറഞ്ഞാല്‍, പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. മാത്രമല്ല, നല്ലൊരു ശതമാനം ആളുകളുടെയും ശാരീരിക – മാനസിക ആരോഗ്യവും ചൂട് കൂടുമ്പോള്‍ ക്ഷയിച്ചുപോകുന്നതുകൊണ്ട് വന്‍ സാമ്പത്തിക നഷ്ടം രാജ്യം നേരിടേണ്ടി വരും.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടിയ ചൂടാണ് ഈ വര്‍ഷം ലോകം കണ്ടത്. കേരളത്തെയും ഇത് വളരെയധികം ബാധിച്ചു. കേരളത്തിലെ വിളകളായ ഏലം, കുരുമുളക്, നെല്ല് എന്നിവയെ ഉണക്ക് ബാധിച്ചു. കൂടാതെ, കന്നുകാലികളും കുറെയെണ്ണം തൊടികളില്‍ ചത്ത് വീണു.
ഇത്രയൊക്കെ ഗൗരവമായി ബാധിച്ചിട്ടും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന നല്‍കിയില്ല. പ്രകടന പത്രികകളുടെ അവസാനം, വളരെ അപ്രധാന വിഷയങ്ങളുടെ കൂട്ടത്തില്‍, പ്രത്യേക നയങ്ങളൊന്നും പ്രഖ്യാപിക്കാതെ വെറുതെപരിസ്ഥിതിപരാമര്‍ശിച്ചു പോയിരിക്കുന്നു എന്ന് മാത്രം. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിപ്പോഴും പ്രകൃതിയുടെ പ്രാധാന്യം മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. അവര്‍ക്കു പ്രധാനം അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്, അടുത്ത തലമുറയുടെ അമ്പതു വര്‍ഷം കഴിഞ്ഞുള്ള ഭാവിയല്ല.
അമേരിക്കയിലുള്ള അലയന്‍സ് ഫോര്‍ റിലീജിയന്‍സും ബ്രിട്ടനിലെ ഭൂമി പ്രോജെക്ടറും ചേര്‍ന്ന് 2014 ല്‍ രൂപീകരിച്ചതാണ് ഹരിത ക്ഷേത്ര സംരംഭം. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രകൃതി സൗഹൃദമായ പൂജകള്‍, ഹരിതാവബോധം സൃഷ്ടിക്കല്‍, ചെടികള്‍ നട്ടുകൊണ്ട് ഹരിത ക്ഷേത്ര പരിസരങ്ങള്‍ സൃഷ്ടിക്കുക, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയാണ് ഹരിത ക്ഷേത്ര സംരംഭത്തില്‍ ഉള്ളത്. വനങ്ങളുടെ ഇടം കുറയുന്നതും, മരുഭൂമിയുടെ ഇടം കൂടുന്നതും, വായു, ജലം, മണ്ണ് ഇവ മലിനമാകുന്നതും, ഭൂമിയിലെ ചൂട് കൂടുന്നതുമൊക്കെ പരിസ്ഥിതി പ്രശ്നങ്ങളാണ്.
മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍ മനുഷ്യന് തന്നെയാണ് പരിസ്ഥിതിക്ക് നാശം വരുത്തുന്നത്. അതുകൊണ്ട് വലിയൊരളവില്‍ ഇതിന്റെ പരിഹാരവും മനുഷ്യന് തന്നെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ കൂടിയും, വികസന നയങ്ങളില്‍ കൂടിയുമൊക്കെ ഗ്രാമ സഭകള്‍ തൊട്ട് ഐക്യ രാഷ്ട്രസഭ വരെ പരിസ്ഥിതി സംരക്ഷണത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.എന്നിട്ടും വഞ്ചി തിരുനക്കര തന്നെയാണ്.ഇപ്പോള്‍ ആധ്യാത്മിക – വിശ്വാസ മാര്‍ഗ്ഗങ്ങളില്‍ കൂടിയും പരിസ്ഥിതി സംരക്ഷണം സാധ്യമാകുമോ എന്ന് ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടെയും ഭാരതത്തിനൊരു വിശ്വ ഗുരുവാകാനുള്ള സാധ്യത അനന്തമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: