അമേരിക്കക്കാരനായ മാത്യു സ്കോച്ചെയും ഗുരു കേണല്‍ അശോക് കിണിയും ചേര്‍ന്നു രചിച്ച ‘ഇന്‍ ക്വസ്റ്റ് ഓഫ് ഗുരു’ (In Quest of Guru) എന്ന പുസ്തകത്തിന്റെ പ്രകാശനം അറിയിച്ച സാമൂഹ്യ മാധ്യമ പോസ്റ്റ് എന്റെ ശ്രദ്ധയെ ഏറെ ആകര്‍ഷിച്ചു.”പ്രബുദ്ധനായ ഗുരുവിനെയും പരാശക്തിയെയും തേടി അമേരിക്കയില്‍ നിന്ന് ആത്മീയ രാഷ്ട്രമായ ഭാരതത്തിലേക്കുള്ള ഒരു ആത്മാവിന്റെ ”യാത്ര” എന്ന വിവരണത്തില്‍ ആകൃഷ്ടനായി ഞാന്‍ ആ പുസ്തകം വായിക്കാന്‍ ആഗ്രഹിച്ചു. കുറച്ചു നാളുകള്‍ക്കുശേഷം, കേണല്‍ അശോക് കിണി ഒരു ദൂതന് വഴി ആ പുസ്തകം എന്റെ വീട്ടിലെത്തിച്ചു!
1998 മുതല്‍ ‘ദിവ്യകേണല്‍’ എന്നറിയപ്പെടുന്ന അശോക് കിണിലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിവരുന്നു. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലയളവില്‍ (2002 മുതല്‍ 2005)വരെ രാഷ്ട്രപതി ഭവന്റെ കണ്‍ട്രോളറായിരുന്നു. മാത്യുവിന്റെ ആത്മീയ പാതതെളിയിക്കുകയും, ആത്യന്തികമായി തന്റെ യഥാര്‍ത്ഥ സ്വരൂപം കണ്ടെത്താന്‍ മാത്യുവിനെ നയിക്കുകയും ചെയ്തു.
പുസ്തകവായന, ഗ്രന്ഥകാരന്മാരെ നിശ്ചയമായും കാണാന്‍ എന്നെ പ്രേരിപ്പിച്ചു. നിരവധി തീയതികളും സ്ഥലങ്ങളും മാറി മാറി തീരുമാനിച്ചുവെങ്കിലും കണ്ടുമുട്ടല്‍ നടന്നില്ല. ഒരുദിവസം ”ഗുരുജിയും ഞാനും ഫെബ്രുവരി നിങ്ങളെ കാണാന്‍ മാത്രമായി തിരുവനന്തപുരത്തേക്ക് വരുന്നു.” മാത്യുവിന്റെ സന്ദേശം കണ്ട് ഞാന്‍ വളരെ സന്തോഷിച്ചു.
നിശ്ചയിച്ച ദിവസം, ഞാനും ഭാര്യ ശ്രീലക്ഷ്മിയും അവര്‍ താമസിക്കുന്ന ഹോട്ടലിലെത്തി പഴങ്ങളും പൂക്കളും നല്കി നമസ്കരിച്ച ഉടനെ ഗുരു അശോക് കിണി ”ഞാന്‍ ശ്രീരാമകൃഷ്ണനെയും ജഗദംബയെയും കാണുന്നു” എന്നു പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. കാരണം ഞാന്‍ ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് മന്ത്രദീക്ഷ എടുത്തിരുന്നതിനാലും, കുടുംബ ആചാരങ്ങളില്‍ ഉപയോഗിക്കുന്ന എന്റെ പാരമ്പര്യ നാമം രാമകൃഷ്ണ ശര്‍മ എന്നതിനാലും എന്റെ ഇഷ്ട ദേവത പരാശക്തിയുമായിരുന്നതിനാലും! എന്റെ ഭാര്യയുടെ ഭജനാലാപത്തോടെ അഭിമുഖം ആരംഭിച്ചു. തന്റെപേര് എങ്ങനെ മാറി എന്നു ചോദിച്ചപ്പോള്‍, മാത്യു ഒരു ചെറുപുഞ്ചിരിയോടെ ”എന്നിലെ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നതിനായി ഗുരുജി എന്നെ ആനന്ദ മാത്യൂസ് ആക്കി. മറ്റുള്ളവര്‍ക്ക് സന്തോഷം നല്കുന്ന, പോസിറ്റീവ് ഊര്‍ജ്ജം പങ്കിടാനും സങ്കടങ്ങള്‍ ലഘൂകരിക്കാനും പ്രാപ്തനായ ഒരു ആത്മാവിനെയാണ് ‘ആനന്ദ’ അര്‍ത്ഥമാക്കുന്നത്. മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള ഒരു ആത്മീയ സമ്മാനത്തെ മാത്യൂസ് സൂചിപ്പിക്കുന്നു. ഒരു ആധുനിക യുവാവിന് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ആള്‍രൂപമായി മാറാന്‍ കഴിയുമെങ്കില്‍, ഏതോരു വ്യക്തിക്കും മനുഷ്യരാശിയെ സേവിക്കുന്നതിനായി പരിവര്‍ത്തിതനാകാം.” ഇന്‍സ്റ്റാഗ്രാം/യൂട്യൂബ്എന്നീ സാമൂഹ മാധ്യമങ്ങളിലെ വീഡിയോകളിലൂടെ തന്റെ പ്രായോഗിക അറിവ് പങ്കിടുന്ന ആനന്ദ മാത്യൂസ്, ജീജ്ജസുക്കളെ താനുമായി ബന്ധപ്പെടാന്‍ സാദരം ക്ഷണിക്കുന്നു. ആനന്ദ മാത്യൂസുമായുള്ള അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങള്‍:
താങ്കളുടെ ആത്മീയ യാത്രയെക്കുറിച്ച് പറയാമോ?
ജീവിതത്തിന്റെ താക്കോല്‍ ആന്തരിക പരിവര്‍ത്തനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജഗദംബയുടെ അനുഗ്രഹങ്ങളോടെ ഗുരുവായ ദിവ്യകേണല്‍അശോക് കിണിജിയെ കണ്ടുമുട്ടുന്നതിലൂടെയാണ് എന്റെ ആത്മീയ യാത്ര ആരംഭിച്ചത്. ഒരു രാത്രിപെട്ടെന്ന് എന്റെ ശരീരം തളര്‍ന്നുവീണുപോയപ്പോള്‍, ഉടനെ ഗുരുജി എന്റെ ഉള്ളില്‍ വസിച്ചിരുന്ന ഒരു ദുരാത്മവിനെ നീക്കം ചെയ്ത് അവിടെ ഈശ്വര ചൈതന്യത്തെ പുനഃസ്ഥാപിച്ചു. ഈ ശാക്തീകരണത്തോടെ, താമസിയാതെ എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, ക്രമേണ ഞാന്‍ സേവനത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുകയും ചെയ്തു. മുജ്ജന്മ കര്‍മ്മങ്ങളും അതുണ്ടാക്കിയ വാസനകളും മറികടക്കുക എന്നത് കഠിനമായ ഒരു പോരാട്ടമായിരുന്നു. ഗുരുജിയുടെ കൃപയാലും ദൈവിക ശക്തിയാലും എന്റെ ശരീരം ശുദ്ധീകരിക്കപ്പെടുകയും, ഞാന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ എന്നില്‍ ഒരു പുതിയ അവബോധം നിറഞ്ഞു.
കൊവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനത്തില്‍ മനുഷ്യരാശി ഒരു നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ എന്റെ ജോലി സംബദ്ധിച്ച് ഞാന്‍ അമേരിക്കയില്‍ നിന്ന് ഭാരതത്തിലേക്ക് മടങ്ങിയെത്തി. ഈ സമയം, മനുഷ്യവര്‍ഗത്തിനാകെയും പ്രത്യേകിച്ച് എനിക്കും മൂല്യവത്തായ പാഠങ്ങള്‍ പഠിക്കാനും അറിവ് നേടാനും സമര്‍പ്പണ ബുദ്ധിയോടെ നിസ്വാര്‍ത്ഥമായി ജനങ്ങളെ സേവിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടായതായി ഞാന്‍ കരുതുന്നു.
എന്റെ ഗുരു, ഓരോ ചുവടുവയ്പ്പിലും എന്നെ നയിച്ചുകൊണ്ടേയിരുന്നു. എന്നെ തേച്ചുമിനുക്കിയ ഒരു വജ്രമാക്കാന്‍, സേവനത്തിന്റെ ശാസ്ത്രം, സമര്‍പ്പണത്തിന്റെ ശക്തി, ജീവിതത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് നീങ്ങാനുള്ള കരുത്ത് എന്നിവ എന്നെ പഠിപ്പിച്ചു.
ദൈവം വിഷമങ്ങളും പ്രയാസങ്ങളും നല്കിക്കൊണ്ടിരുന്നപ്പോള് എന്റെ പരാതികളും പരിഭവങ്ങളും നിര്‍ത്തി ദൈവഹിതം അതേപടി സ്വീകരിക്കാന്‍ ഞാന്‍ പഠിച്ചു. മനസ്സിനെ കീഴടക്കാന്‍ പാടുപെട്ടിരുന്ന ഞാന്‍, ജീവിതത്തില്‍ എല്ലാം ദൈവത്തില്‍ നിന്നുള്ള വരദാനമായി കാണാന്‍ തുടങ്ങി. അങ്ങനെ അവബോധത്തിന്റെ വെളിച്ചം എന്നില്‍ ജ്വലിച്ചു. ഞാന്‍ വളരെ ശാന്തനായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു ശക്തി എന്നെ നയിക്കുന്നതായി അറിഞ്ഞു തുടങ്ങി. ആശ്ചര്യകരമെന്നു പറയട്ടെ, എനിക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ ആവശ്യപ്പെടാതെ ആളുകള്‍ നല്കി എന്നെ സഹായിച്ചു തുടങ്ങി!
എന്റെ ഊര്‍ജ നിലയിലും ശരീരത്തിലും നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായി. എനിക്ക് ചുറ്റുമുള്ളവര്‍ എന്റെ മുഖം, കണ്ണുകള്‍, ശബ്ദം, ജീവിതശൈലി എന്നിവയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ചിലര്‍ പരിവര്‍ത്തനത്തെ എതിര്‍ത്തപ്പോള്‍, മറ്റുചിലര്‍ ഏറ്റവും സന്തോഷത്തോടെ അത് സ്വീകരിച്ചു.
ഗുരുജിയുടെ നിര്‍ദേശപ്രകാരം ഞാന്‍ എന്റെ ജോലിയായ ഛായാഗ്രഹണം തുടര്‍ന്നു. താമസിയാതെ ആളുകള്‍ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാനും മാര്‍ഗനിര്‍ദേശം തേടാനും തുടങ്ങി. പലപ്പോഴും വാക്കുകള്‍ യാദൃച്ഛികമായി എന്നില്‍ നിന്നും വന്നു. കാണുന്ന മാത്രയില്‍ തന്നെ അവരുടെ മുന്‍കാല സംഭവങ്ങളും മനസ്സിലെ ചിന്തകളും എനിക്ക് അറിയാനായി. അവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാന്‍ അവരോട് പറയുകയും, വരാനിരിക്കുന്ന നെഗറ്റീവ് സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി അവ ഒഴിവാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ചിലപ്പോള്‍ ആളുകളുമായി മണിക്കൂറുകളോളം സംസാരിക്കുന്നത് കുറച്ച് മിനിറ്റുകള്‍ മാത്രമായി തോന്നും. ആഴത്തിലുള്ള എന്റെ ആത്മീയ ഉത്തരങ്ങള്‍ അവര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും അവരുടെ പൂര്‍വ്വികര്‍ക്കും പ്രയോജനം ലഭിക്കുന്നതായി തോന്നി. പലപ്പോഴും ഞാന്‍ സംസാരിക്കുന്നത് എന്നോടൊപ്പമുള്ളവര്‍ക്ക് ശാന്തത നല്കി. അവരുടെ ആശങ്കകള്‍ പിന്നീട് അവര്‍ ഒരിക്കലും സങ്കല്‍പ്പിക്കാനാവാത്ത വിധത്തില്‍ മനോഹരമായി പരിഹരിക്കപ്പെട്ടുവന്നു.
ഇതേകുറിച്ച് ഞാന്‍ ഗുരുജിയോട് ചോദിച്ചപ്പോള്‍, ”നീ ജനങ്ങളോട് പ്രശ്ന പരിഹാരത്തിനായി സംസാരിക്കുമ്പോള്‍, വാക്കുകള്‍ നിനക്കപ്പുറത്തുനിന്നുള്ള ഒരു തലത്തില്‍ നിന്നാണ് വരുന്നത്” എന്നദ്ദേഹം വ്യക്തമാക്കി. പലരും എന്നോട് ഞാന്‍ സംസ്കൃത ശ്ലോകങ്ങള്‍, വേദ ഭാഗങ്ങള്‍, ഭഗവദ്ഗീത, ബൈബിള്‍, ബുദ്ധമത ഗ്രന്ഥങ്ങള്‍ എന്നിവ ഉദ്ധരിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്! എന്നാല്‍ ഈ ജീവിതകാലത്ത് ഞാന്‍ ഒരിക്കലും അവ ഒന്നും വായിച്ചിട്ടേയില്ല. പലപ്പോഴും ഇതൊക്കെ യാഥാര്‍ത്ഥ്യമാണോയെന്ന് എന്റെ മനസ്സ് സംശയിച്ചൂ. എന്നാല്‍ പിന്നീട് ഇത് ആത്മീയ ശാസ്തത്തിന്റെ ദിവ്യ ആശയവിനിമയമാണ് എന്നു ഞാന്‍ മനസ്സിലാക്കി. എന്റെ മുന്നില്‍ ഇരിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി വാക്കുകള്‍ എന്നില്‍ യാന്ത്രികമായി വരുന്നു.
ആളുകളുടെ പ്രശ്നങ്ങള്‍ ദൈവം എന്നെ സഹജാവബോധത്താല്‍ മനസ്സിലാക്കിക്കുന്നു. ആളുകളോട് മനഃശാസ്ത്രം, ആത്മീയത, സത്യം എന്നിവയിലൂന്നി ആശയ വിനിമയം നടത്തുന്നതിനാല്‍ ഞാന്‍ പറയുന്നതെന്തും അവരുടെ നന്മയ്ക്കായിരിക്കുമെന്ന് ഗുരുജി വെളിപ്പെടുത്തി. ”നീ അവരില്‍ നിഷേധാത്മകത കാണുന്നില്ല. വാസ്തവത്തില്‍ നിന്റെ ശക്തിയാല്‍ അവരുടെ നെഗറ്റിവിറ്റി ഇല്ലാതാകുകയാണ്.” ഈ കാര്യങ്ങളെല്ലാം പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ദൈവീക ശക്തിയാണെന്ന് ഗുരുജി എന്നെ ബോധ്യപ്പെടുത്തി. ഇതുവരെയുള്ള എന്റെ ആത്മീയ യാത്ര മനോഹരമാണ്. അടുത്തതായി എന്തു സംഭവിക്കുമെന്നറിയാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മനുഷ്യരാശിയെയും നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രമായ ഭാരതത്തെയും സേവിക്കുന്നതില്‍ ഞാന്‍ അര്‍പ്പിതനാണ്. ജ്ഞാനത്തിന്റെ ദീപസ്തംഭമായ ഭരതാംബ ലോക ഗുരു എന്ന നിലയില്‍, ലോകത്തെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിച്ചുകൊണ്ടേയിരിക്കണം.
മാത്യൂസ് ആയിരുന്ന കാലത്തെ താങ്കളുടെ ജീവിതത്തെക്കുറിച്ച്?
കാലിഫോര്‍ണിയയിലെ എന്റെ കുട്ടിക്കാലം, ശാരീരികവും മാനസികവുമായി നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഞാന്‍ സിനിമാറ്റോഗ്രാഫിയില്‍ എന്റെ ജോലി തുടര്‍ന്നു. ഒപ്പം ജീവിതത്തിലെ നിഗൂഢതകള്‍ക്കുള്ള ഉത്തരങ്ങള്‍ തേടലും. ദൈവത്താല്‍ നയിക്കപ്പെടുന്ന എന്റെ നിയോഗങ്ങള്‍ എന്നെ ശ്രീലങ്കയിലേക്കും ഭാരതത്തിലേക്കും കൊണ്ടുവന്നു. അവിടങ്ങളില്‍ എന്റെ പ്രവര്‍ത്തന മേഖലയില്‍ നിരവധി സൃഷ്ടിപരമായ അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. ഭാരതമെന്ന ആത്മീയ രാഷ്ട്രത്തില്‍ അനവധി അത്ഭുതങ്ങളും നിഗൂഢതകളും അനുഭവിച്ച എന്റെ ഗുരുജിയിലേക്ക് ദൈവം എന്നെ നയിച്ചു. ഞാന്‍ ഇവിടെ മാനസികവും ആത്മീയവും ശാരീരികവുമായ ഉയര്‍ച്ച അനുഭവിച്ചു. ഗുരുവിന്റെ ജീവിതാനുഭവങ്ങള്‍, ജോലി ഇവ ഞങ്ങളുടെ പുസ്തകമായ ‘ഇന്‍ ക്വസ്റ്റ് ഓഫ് ഗുരുവില്‍’ രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതത്തിന്റെ പരിവര്‍ത്തന ശക്തിയെ എടുത്തുകാണിക്കുന്നതാണ് എന്റെ ജീവിത യാത്രയെന്ന് ഞാന്‍ കരുതുന്നു.
സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണം?
സനാതനധര്‍മം ലോകമെമ്പാടുമുള്ള മനുഷ്യരുടെ സമാധാനപരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ലോകത്തിലെ സകല മതങ്ങളുടെയും സംസ്കാരങ്ങളുടെയും അടിത്തറയായ, തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കാലാതിവര്‍ത്തിയായി അത് നിലകൊള്ളുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മനുഷ്യരാശി ഒന്നാകെ ഒരു ആഗോള സമൂഹത്തിന്റെ മനോഹരമായ യാത്രയുടെ ഭാഗമാണെന്ന് പുരാതനകാലത്തെ ഋഷിമാര്‍ പ്രഖ്യാപിച്ചു.
നമ്മെ സ്നേഹം, സത്യം, നിസ്വാര്‍ത്ഥ സേവനം, സഹിഷ്ണുത, അനുകമ്പ, പരിവര്‍ത്തനം ഇവയൊക്കെ സനാതനധര്‍മം പഠിപ്പിക്കുന്നു. ഇതുമാത്രമാണ് മാനവരാശിയുടെ ഐക്യത്തിനുള്ള ഏകമാര്‍ഗം. അത് എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും, ആത്മീയ വളര്‍ച്ചയിലേക്കുള്ള സ്വന്തം പാത കണ്ടെത്താന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘടനയിലെ ഏകത്വത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. വേദജ്ഞാനത്തില്‍ വേരൂന്നിയ സനാതന ധര്‍മം മതപരമല്ല, അത് ആത്മീയവും ദിവ്യവുമാണ്. പോസിറ്റീവ് ഊര്‍ജ്ജത്തിലേക്കും ഐക്യത്തിലേക്കും നമ്മെ നയിക്കുന്ന, എല്ലാ വിശ്വാസസംഹിതകള്‍ക്കും ആശയങ്ങള്‍ക്കും മേലെയാണ് സനാതനധര്‍മം.
സനാതന ധര്‍മത്തോടുള്ള ആധുനിക സമീപനം എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
മനുഷ്യവര്‍ഗത്തിനാകെ വേണ്ടിയുള്ള സാര്‍വത്രികമായ, ക്രിയാത്മകമായ ജീവിതരീതിയായ സനാതന ധര്‍മം അനന്തമായി ഒഴുകുന്ന ദിവ്യജ്ഞാനമാണ്. അത് കാലാതീതവും ഏത് സാഹചര്യത്തിനും അനുകൂലമാക്കാവുന്നതുമായ ഒരു വഴികാട്ടിയാണ്.
മുഴുവന്‍ പ്രപഞ്ചത്തിനും ബാധകമായ അടിസ്ഥാന സത്യങ്ങള്‍ വെളിപ്പെടുത്തി ആത്മാവിനെ പരിശീലിപ്പിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് ജീവിതം. ഈ സംവിധാനത്തിലൂടെ സുഗമമായി കടന്നുപോകാനുള്ള പാസ്വേഡുകള് സനാതന ധര്‍മം നല്കിയിരിക്കുന്നു. മനുഷ്യരെന്ന നിലയിലെ പരിമിതമായ സമയവും താല്‍ക്കാലിക നിലനില്‍പ്പും ഒരാള്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നു. സത്യം, അറിവ്, സ്നേഹം, നിസ്വാര്‍ത്ഥ സേവനം എന്നിവയിലൂടെ ഒരാള്‍ക്കു ശാശ്വതമായ ആനന്ദം നേടാന്‍ കഴിയും. പോസിറ്റീവ് ജീവിതത്തിന്റെ അടിസ്ഥാനം പോസിറ്റീവ് ചിന്തകളാണ്. നമുക്ക് അനുകൂലമായ ഊര്‍ജം ആകര്‍ഷിക്കുന്നതിന്റെ അടിസ്ഥാനമാണിത്. എപ്പോഴും നിഷേധാത്മകതയെ പോസിറ്റിവിറ്റി ഉപയോഗിച്ച് മാറ്റണം. ജീവിതത്തില്‍ ആത്മാര്‍ത്ഥതയും സത്യവും എപ്പോഴും മുറുകെ പിടിക്കണം. എല്ലാ സാഹചര്യങ്ങളുടെയും യാഥാര്‍ത്ഥ്യം സ്വീകരിക്കുക എന്നതാണ് സത്യസന്ധത. ഒരു അവസരമായി കണ്ട് ജീവിതത്തിന്റെ ഒഴുക്കിനോടൊപ്പം സഞ്ചരിക്കുക.
സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സുഖസൗകര്യങ്ങള്‍ക്കപ്പുറം നിസ്വാര്‍ത്ഥമായി മനുഷ്യരാശിയെ സേവിക്കുക. ഓര്‍മ്മിക്കുക, ഈ ശരീരം സാധ്യമായ എല്ലാ വിധത്തിലും മറ്റുള്ളവരെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിനാല്‍ ശരീരത്തെആരോഗ്യപരമായി പരിപാലിക്കുന്നത് പ്രധാന ധര്‍മമായി കരുതണം. ഓരോ നിമിഷവും നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു ദോഷവും വരുത്താതിരിക്കാന്‍ തീരുമാനിക്കണം. ഈ ജ്ഞാനം പ്രയോഗിക്കുമ്പോള്‍, നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ വഴികളുമായി സമന്വയിപ്പിക്കുമ്പോള്‍ ജീവിതം എളുപ്പവും സന്തോഷകരവുമായി മാറുന്നു.
ദൈവം താങ്കള്‍ക്കായി കരുതിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നാണ് കരുതുന്നു?
എന്റെ ജീവിതത്തിന്റെ മുഴുവന്‍ പദ്ധതിയും ദൈവം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഗുരുജിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, ഞാന്‍ സൈക്കോ-സ്പിരിച്വല്‍ കൗണ്‍സിലിങ്, പ്രഭാഷണങ്ങള്‍ നടത്തുക, പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക, മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുക, വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സനാതനധര്‍മത്തേയും വേദശാസ്ത്രങ്ങളേയും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന പദങ്ങളിലും രൂപങ്ങളിലും ഊന്നിയ ഒരു ആധുനിക സമീപനം പങ്കിടാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കും ആത്മീയ അന്വേഷകര്‍ക്കും ശാശ്വതമായ സന്തോഷത്തിലേക്കുള്ള പാത പ്രകാശിപ്പിക്കാന്‍ ഞാന്‍ എന്റെ എളിയ വഴിയേ ശ്രമിക്കുന്നു. ധര്‍മവും നീതിപൂര്‍വകമായ ജീവിതവും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായി സഹകരിക്കുക എന്റെ ദൗത്യത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ജീവിതം ലളിതവും സന്തോഷകരവുമാക്കാനും, ഭാരതത്തിന്റെ പുരാതന ജ്ഞാനം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രാപ്യമാക്കാനും പുസ്തകങ്ങള്‍ എഴുതുക എന്നതും ദൗത്യമായി കരുതുന്നു. വിദേശ അധിനിവേശങ്ങളുടെ ക്രൂരതകളാല്‍ വേദനയും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും ഇരുട്ടുപരത്തിയ പ്രദേശങ്ങളിലെ മനുഷ്യരെ ഭാരതത്തിന്റെ ആത്മീയ ഊര്‍ജ്ജത്താല്‍ പ്രേരിതമാക്കാനും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഇന്ന് ഗോവ, കേരളം, മുംബൈ, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പലരും തലമുറകളായി അവരുടെ, സാംസ്കാരിക വേരുകളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു നിര്‍ബന്ധിതമത പരിവര്‍ത്തനത്തിന്റെ ഇരകളായവരാണ്. അവരുടെ വേരുകളില്‍, ഡിഎന്‍എകളില്‍ ഇപ്പോഴും സാംസ്കാരിക ആക്രമണത്തിന്റെ നിഴലുകള്‍ നിലനില്ക്കുന്നു. അവരെ ശരിയായി നയിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രമായ ഭാരതത്തെ സേവിക്കുന്നതിലൂടെ മനുഷ്യരാശിയെതന്നെ ഉയര്‍ത്തുന്നതിനായുള്ള ദൈവത്തിന്റെ പദ്ധതികളെ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: