ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ടൈറ്റിലിന്റെ പുതിയ അവകാശിയെ ഇന്നറിയാം. ഒന്നാം സീഡ് താരം ഇറ്റലിയുടെ യാനിക് സിന്നറും അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിട്‌സും ആണ് സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടെന്നിസ് കലാശക്കളിയില്‍ ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ജാക്ക് ഡ്രെയ്പറെ തോല്‍പ്പിച്ച് സിന്നര്‍ മുന്നേറിയപ്പോള്‍ സ്വന്തം നാട്ടുകരനായ ഫ്രാന്‍സെസ് ടിയാഫോയെ കീഴടക്കിയാണ് 12-ാം സീഡ് താരം ഫ്രിട്‌സ് ഫൈനലിലെത്തിയത്.
ബ്രിട്ടന്റെ ഫൈനല്‍ പ്രതീക്ഷ അറുത്തുമുറിച്ചുകൊണ്ടാണ് സിന്നറുടെ മുന്നേറ്റം. ഇക്കൊല്ലം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിക്കൊണ്ട് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിരുന്നു. നേട്ടം ഇരട്ടിപ്പിക്കാനുള്ള അവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്. ഇന്നലെ ഡ്രേപ്പര്‍ കനത്ത വെല്ലുവിളിയാണ് സിന്നറിന് നല്‍കിയത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടുപോകാന്‍ ബ്രിട്ടീഷ് താരത്തിന് സാധിച്ചു. മൂന്നാം സെറ്റില്‍ സിന്നര്‍ അനായാസം കൈപ്പിടിയലാക്കി. ഫലത്തില്‍ നേരിട്ടുള്ള സെറ്റിനാണ് സിന്നര്‍ സെമി ജയിച്ചത്. സ്‌കോര്‍: 7-5, 7-6(7-3), 6-2.
സ്വന്തം നാട്ടില്‍ നാട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ഫ്രിട്‌സ്-ടിയാഫോ പോരാട്ടം ഏറെ പിരിമുറുക്കത്തോടെയാണ് പുരോഗമിച്ചത്. മത്സരം അഞ്ച് സെറ്റ് വരെ നീണ്ടു. ഒന്നാം സെറ്റും മൂന്നാം സെറ്റും കീഴടക്കിയ ടിയാഫോയ്‌ക്കെതിരെ രണ്ടാം സെറ്റ് പിടിച്ചെടുത്തതിന്റെ ബലത്തില്‍ ഫ്രിട്‌സിന് മത്സരം നാലാം സ്റ്റിലേക്ക് നീട്ടാന്‍ സാധിച്ചു. നാലാം സെറ്റ് നേടിയ ഫ്രിട്‌സ് അഞ്ചാമത്തെയും അവസാനത്തെയും സെറ്റില്‍ അനായാസം ടിയാഫോയുടെ പരിചയ സമ്പത്തിനെ കീഴ്‌പ്പെടുത്തി. സ്‌കോര്‍: 4-6, 7-5, 4-6, 6-4, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: