ചൂടും വെളിച്ചവും ഇല്ലാതെ ഭൂമിയില്‍ ജീവിതം നിലനില്‍ക്കില്ല. സൂര്യനാണിതിന്റെ സ്രോതസ്സ്. എല്ലാ ജൈവോര്‍ജ്ജവും രാസോര്‍ജ്ജവും സൂര്യോര്‍ജ്ജത്തില്‍ നിന്നാണ് വരുന്നത്. എല്ലാ പൗരാണിക സംസ്‌കാരങ്ങളിലും സൂര്യാരാധന കാണാം. ശാരീരികാരോഗ്യവും മാനസികോത്സാഹവും സാമൂഹ്യ പുരോഗതിയും, ആധ്യാത്മികാനുഭൂതിയുമെല്ലാം സൂര്യാരാധനയില്‍ നിന്ന് ലഭിക്കും.
സൂര്യന്റെ പേരില്‍ ക്ഷേത്രങ്ങളും മന്ത്രങ്ങളും ഉത്സവങ്ങളുമുണ്ട്. മിത്രോത്സവം, മകര സംക്രാന്തി, സൂര്യ നമസ്‌കാരം, ആദിത്യമന്ത്രം, ഗായത്രീമന്ത്രം എന്നിവയൊക്കെ അഗ്‌നിഭൂത ദേവതാ പ്രതീകങ്ങളാണ്.
‘ആദിത്യ ദേവ നമസ്തുഭ്യം
പ്രസീദ മമ ഭാസ്‌കരഃ
ദിവാകരഃ നമസ്തുഭ്യം
പ്രഭാകരഃ നമോസ്തുതേ’
(ഋഗ്വേദ ആദിത്യസൂക്തം)
ആദിദേവനായിട്ടാണ് സൂര്യനെ നമസ്‌കരിക്കുന്നത്. സൂര്യന്റെ പ്രകാശവും ചൂടുമാണല്ലോ ബാക്കി എല്ലാറ്റിനേയും നില നിര്‍ത്തുന്നത്. അതുകൊണ്ടാണ് ആദിദേവനായി കണക്കാക്കുന്നത്. അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തില്‍ ‘അഗസ്ത്യ പ്രവേശവും ആദിത്യസ്തുതിയും’ എന്ന ഭാഗത്തില്‍
”സ്ഥാവര ജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ’എന്ന ശ്ലോകമുണ്ട്.
സ്ഥാവര ജംഗമങ്ങളുടെയെല്ലാം ആചാര്യനെന്നു പറയുമ്പോള്‍, അവയുടെയെല്ലാം അവസ്ഥക്ക് കാരണമായവന്‍ എന്നാണര്‍ത്ഥം. ആചാര്യന്‍ എന്നാല്‍ അനുകൂലമായി മുന്നോട്ടു പോകാന്‍ സഹായിക്കുന്നയാള്‍. ‘ആചരതി ആഭിമുഖ്യേന ഗച്ഛതി.’ ജൈവ-അജൈവ-ചല-അചലങ്ങളായ എല്ലാ പദാര്‍ഥങ്ങളുടെയും, നിലനില്‍പ്പിനും പുരോഗതിക്കും നിദാനമാണ് സൂര്യന്‍. ചൂടിലൂടെയും വെളിച്ചത്തിലൂടെയും പ്രകൃതിയിലെ വസ്തുക്കളുടെ നിലനില്‍പ്പും പരിണാമവും നിയന്ത്രിക്കുന്ന ദേവത. സൂര്യപ്രകാശത്താല്‍ ഫോട്ടോ സിന്തെസിസിലൂടെ വൃക്ഷങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണമാണല്ലോ സസ്യഭുക്കുകള്‍ കഴിക്കുന്നത്. സസ്യഭുക്കുകളെ ഭക്ഷിച്ചു മാംസഭുക്കുകളും കഴിയുന്നു. കൂടാതെ വിത്തുകള്‍ ഉണങ്ങി പുനര്‍ജനിക്കാന്‍ പാകമാകുന്നതും സൂര്യപ്രകാശത്താലാണ്. പല പദാര്‍ഥങ്ങളുടെയും രാസപ്രവര്‍ത്തനത്തിലും സൂര്യന് പങ്കുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ സ്ഥാവര-ജംഗമ വസ്തുക്കളുടെയെല്ലാം
നിയന്താവും സൂര്യനാണ്. ജലത്തിന്റെയും വായുവിന്റെയും മണ്ണിന്റെയുമൊക്കെ അവസ്ഥ നിര്‍ണയിക്കുന്നതു സൂര്യനാണ്. അതുകൊണ്ട് അഗ്‌നിദേവനായ സൂര്യന്‍ ആദിദേവതയാണ്.
സൂര്യതാപം പരിധിവിട്ട് കൂടാനും കുറയാനും പാടില്ല. ഭൗമതാപനവും ഭൗമശൈത്യവും പരിധി കവിഞ്ഞാല്‍ എല്ലാ പദാര്‍ഥങ്ങളുടെയും ജീവജാലങ്ങളുടേയും നിലനില്‍പ്പ് അപകടത്തിലാകും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ളതാണ്, സൂര്യ പ്രാര്‍ത്ഥന.
ശരീരത്തിനാണെങ്കിലും, ഭുമിയിലാണെങ്കിലും ഒരു ശരാശരിശൈത്യവും ഉഷ്ണവുമുണ്ട്. ഭൂമിയുടെ ശരാശരി താപനില 16-17 ഡിഗ്രി സെല്‍ഷ്യസാണ്.മനുഷ്യ ശരീരത്തിന്റേതാകട്ടെ 36-37 ഡിഗ്രിയും.ഭൂമിയില്‍ ചൂട് കൂടിയാല്‍ വരള്‍ച്ച. കുറഞ്ഞാല്‍ അതി ശൈത്യം. രണ്ടും ജീവികളുടെ നിലനില്‍പ്പിനു ഭീഷണിയാണ്. മനുഷ്യ ശരീരത്തില്‍ ചൂട് കൂടിയാല്‍ പനിയാകും.പനി കൂടിയാല്‍ മരിച്ചു പോകും. ചൂട് കുറഞ്ഞാല്‍ മരച്ചു പോകും, പിന്നെ മരിച്ചും പോകും.അപ്പോള്‍ സൂര്യന്റെ ചൂടിന്റെ (അഗ്‌നിയുടെ ) ഒരു അനുകൂല ആനുപാതിക സന്തുലിതാവസ്ഥയാണ് ഭൂമിയെയും അതിലെ പദാര്ഥങ്ങളെയും നില നിര്‍ത്തുന്നത്. ഈ സന്തുലിതാവസ്ഥക്കായാണ് ഭാരതത്തിലെ സൂര്യാരാധന.
‘യൂവം വായോ സവിതാ ചാഭുവസാനി രക്ഷഥഃ(അഥര്‍വ്വം 4:28:3)
നിങ്ങള്‍ സൂര്യനും വായുവും ലോക രക്ഷകര്‍, നിങ്ങള്‍ രോഗങ്ങളെ ശമിപ്പിക്കുന്നു. അഥര്‍വ്വ വേദത്തിലെ 22 മന്ത്രങ്ങള്‍ സൂര്യോദയത്തിന്റെ ഭംഗിയേയും ഗുണവും വര്‍ണ്ണിക്കുന്നു. ഇത്രയും വര്‍ഷം മുന്‍പേ ഭാരതീയ ഋഷിമാര്‍ക്ക് ഈ അറിവുണ്ടായിരുന്നു.
സൂര്യാരാധന
‘സവിതാ പുനാഥ് – അച്ഛിദ്രേണ പവിത്രേണ സൂര്യസ്യ രശ്മിഭിഃ(യജുര്‍വേദം)
കാണാവുന്നതും കാണാന്‍ പാടില്ലാത്തതുമായ അണുക്കളെ സൂര്യന്‍ നശിപ്പിക്കുന്നു.
‘സൂര്യ വിഷമാ സജാമി’ (ഋഗ്വേദം)
‘ശം നോ മിത്ര: ശം വരുണഃ
ശം നോ ഭാവത്വര്യമാ
ശം നോ ഇന്ദ്രോ ബ്രിഹസ്പദിഃ
ശം നോ വിഷ്ണു രുരു ക്രമാഃ’ (ഋഗ്വേദം 6.91.9)
‘സൂര്യോതേചക്ഷുര്‍വത:
പ്രാണോയിന്തരീക്ഷതാത്മാ പൃഥ്വിശരീരം'(പ്രശ്‌നോപനിഷത്)
സൂര്യന്‍ എന്റെ കണ്ണാണ്, വായു എന്റെ പ്രാണനാണ്, അന്തരീക്ഷം എന്റെ ആത്മാവ്, ഭൂമി എന്റെ ശരീരം.
കണ്ണ് എപ്പോഴാണ് പൂര്‍ണ്ണമാകുന്നത്? അതിന്റെ ജോലി നിര്‍വഹിക്കുമ്പോള്‍. കാഴ്ചയാണ് അതിന്റെ ജോലി. സൂര്യനില്ലാതെ, അല്ലെങ്കില്‍ സൂര്യസ്വഭാവമായ വെളിച്ചമില്ലാതെ നമുക്ക് കാഴ്ച സാധ്യമല്ല. അപ്പോള്‍ വെളിച്ചം നല്‍കുന്ന സൂര്യനാണ് കണ്ണിനെ കണ്ണാക്കുന്നത്.
പ്രാണവായു എന്നാണു പറയുന്നത്. ജീവനെ നിലനിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിക്കുന്നത് ഓക്‌സിജന്‍ എന്ന പ്രാണവായുവാണ്. ഓരോ സെക്കന്റിലും നാം ശ്വസിക്കുന്നു. വായുവില്ലാതെ ഏതാനും നിമിഷങ്ങള്‍ മാത്രമേ ജീവന്‍ നില നില്ക്കു. വെള്ളമില്ലാതെയും ആഹാരമില്ലാതെയും ദിവസങ്ങളോളം കഴിയാം. അതുകൊണ്ടാണ് പ്രാണനെ വായുവായി കണക്കാക്കുന്നത്.
ആത്മാവിനു രൂപമോ സ്ഥാനമോ ഇല്ല. അതൊരു ചൈതന്യമാണ്. സര്‍വവ്യാപിയാണ്. അന്തരീക്ഷത്തിനും രൂപമില്ല, സ്ഥാനവും. മാത്രമല്ല എല്ലാ ചൈതന്യങ്ങളുടെയും സ്ഥൂല-സൂക്ഷ്മ അംശങ്ങളെ ഉള്‍ക്കൊള്ളുന്നത് അന്തരീക്ഷമാണ്.
ഭൂമിയാണ് ശരീരമെന്നു പറയുമ്പോള്‍, പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഭൂമിയും ശരീരവും ഒന്നുതന്നെ എന്ന് മനസ്സിലാക്കണം.
വായു
വായു ജീവജാലങ്ങള്‍ക്കേറ്റവും പ്രധാനപ്പെട്ട ഘടകമാണ്. മനുഷ്യര്‍ക്കേറ്റവും പ്രധാനപ്പെട്ടത് ഓക്‌സിജന്‍ അഥവാ പ്രാണവായുവാണ്. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് നൈട്രജനും(78%) അടുത്തത് ഓക്‌സിജനുമാണ്(21%). കാര്‍ബണ്‍ ഡയോക്സൈഡാകട്ടെ 0.02% മാത്രം. ഇവയുടെ അനുപാതത്തില്‍ കാര്യമായ വ്യത്യാസമുണ്ടായാല്‍ ഈ ഭൂമിയിലെ ആവാസവ്യവസ്ഥ ഇതുപോലെ നിലനില്‍ക്കില്ല. ഉദാഹരണത്തിന് നമുക്കേറ്റവും ആവശ്യമുള്ള പ്രാണവായു ഇപ്പോഴത്തെ 21 ശതമാനത്തില്‍ നിന്ന് 50 ശതമാനമായെന്ന് കരുതുക. ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ നിന്ന് ആരെങ്കിലും ഒരു തീപ്പട്ടി കൊള്ളി ഉരച്ചാല്‍, നിമിഷ നേരം കൊണ്ട് ഭൂമി ഭസ്മമാകും. അതാണ് വായുവിന്റെ അതി സങ്കീര്‍ണമായ പ്രാധാന്യം. അതുകൊണ്ടാണ് ഭാരതീയര്‍ വായുവിനെ ദേവനായി കരുതിയത്. വിശ്വപുരുഷന്റെ ശ്വാസമായിട്ടാണ് വേദം വായുവിനെ കാണുന്നത്. ഇന്ദ്രനോടോത്തു വായുദേവനെയും വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉപനിഷത്തിലെ ജീവവായു ഇതിഹാസങ്ങളില്‍ ഹനുമാന്റെയും ഭീമന്റെയും പിതാവായ വായുവാകുന്നു.
അന്തരീക്ഷത്തില്‍ വായുവിന്റെയും സന്തുലിതാവസ്ഥ ഉണ്ട്. വായുസമ്മര്‍ദ്ദം അമിതമാവാനും കുറയാനും പാടില്ല. വായുവിന്റെ അതിപ്രഭാവം ചുഴലി-കൊടുംകാറ്റുകളെ സൃഷ്ടിക്കും. ശരീരത്തില്‍ അഞ്ചുതരം വായുക്കളുണ്ടെന്ന് ആയുര്‍വേദം പറയുന്നു. അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍, പ്രാണന്‍ എന്നിവയാണവ. ഇവ സന്തുലിതമല്ലെങ്കില്‍ വായുകോപമാകും. ദേവതുല്യമായ വായുവിനെ മലിനമാക്കുന്നതാണ് ഇന്നത്തെ ദുരന്തം.
‘നമോ ബ്രഹ്മണെ നമസ്‌തേ വായോ ത്വമേവ പ്രത്യക്ഷം ബ്രഹമാസി’
തൈത്തരീയത്തില്‍ വായുവിനെ നമസ്‌കരിച്ചിട്ടു പ്രത്യക്ഷ ബ്രഹ്മമാണ് വായു എന്ന് പറയുന്നു. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: