Article

ഡോ.എസ്. രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകള്‍

Published by

ഭാരതത്തിന്റെ ആദ്യ ഉപരാഷ്‌ട്രപതിയും, പിന്നീട് രണ്ടാമത്തെ രാഷ്‌ട്രപതിയുമായിരുന്ന ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, ഈ രാഷ്‌ട്രത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ഭരണതന്ത്രജ്ഞനായിരുന്നു. ഭാരതീയ തത്വചിന്തയിലും, വേദശാസ്ത്രങ്ങളിലും, അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, ‘സനാതനധര്‍മ’മെന്നത്, മതമെന്നതിലുപരി, ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരമാണെന്ന് വിശ്വസിച്ചു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ, കൊളോണിയന്‍ ശൈലിയില്‍നിന്ന് മോചിപ്പിച്ച് രാഷ്‌ട്ര പുരോഗതിയ്‌ക്കുള്ള ‘ഉപകരണ’മാക്കി മാറ്റണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ കാതല്‍.

ഭാരതം സ്വാതന്ത്ര്യം കൈവരിക്കുന്നതിന് മുന്‍പുതന്നെ, രാഷ്‌ട്രത്തിന്റെ പുരോഗതിക്കും, ഐക്യത്തിനും അനിവാര്യ ഘടകം സനാതന സംസ്‌കാരത്തിലും ദേശീയതയിലും അടിയുറച്ച ഒരു സമൂഹത്തിന്റെ രചനയാണെന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. അത്തരം ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം മുന്നോട്ടു വച്ച ആശയം സര്‍വ്വംഗ്രാഹിയായ വിദ്യാഭ്യാസ വ്യവസ്ഥയായിരുന്നു.

പില്‍ക്കാലത്ത്, അദ്ദേഹം ആദ്യത്തെ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ അദ്ധ്യക്ഷനായി. ഒരു നൂറ്റാണ്ടിലേറെയായി, ഇവിടെ നിലവിലിരുന്ന കൊളോണിയല്‍ വിദ്യാഭ്യാസ സമ്പ്രദായം പാടെ തിരസ്‌കരിച്ചുകൊണ്ട്, ഒരു നവശിക്ഷണ സമ്പ്രദായം ആവിഷ്‌കരിച്ച്, വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും, നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി, സമഗ്രമായ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ, പാശ്ചാത്യ ശൈലിയല്ല, ഭാരതത്തിന് അനുയോജ്യമെന്ന് കണ്ടറിഞ്ഞ അദ്ദേഹം, പുതിയ തലമുറയില്‍ രാഷ്‌ട്രബോധം വളര്‍ത്തുന്നതും ഒപ്പം, ശാസ്ത്ര സാങ്കേതിക രംഗത്ത് ഊന്നല്‍ കൊടുക്കുന്നതുമായ, നവീനവും സമഗ്രവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ രൂപരേഖ ആയിരുന്നു അത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ രംഗത്ത് പലമാറ്റങ്ങളും വരുത്തി, കുറെയേറെ നാം മുന്നോട്ടു പോയി.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു ‘നമുക്ക് വേണ്ടതായ, വിദ്യാഭ്യാസം, സ്വഭാവശുദ്ധിയെ രൂപപ്പെടുത്തുന്നതും, ആത്മശക്തിയുണ്ടാക്കുന്നതും, ധീഷണയെ ജ്വലിപ്പിക്കുന്നതും, അങ്ങനെ ഒരാളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുന്നതും ആയിരിക്കണം’.

ഡോ. രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകളുടെ ആശയശ്രോതസ്സ് സ്വാമിയുടെ ഈ വാക്കുകളായിരുന്നു. മനുഷ്യന്റെ സഹജമായ ദിവ്യത്വത്തെ പ്രകാശിപ്പിക്കുകയും, ആവിഷ്‌കരിക്കുകയും ചെയ്യാന്‍ സാധിക്കുന്നതാവണം നമ്മുടെ ശിക്ഷണ സമ്പ്രദായമെന്ന് അദ്ദേഹവും വിശ്വസിച്ചു. എല്ലാത്തിനുമുപരി, ഒരു നവഭാരത സൃഷ്ടിക്ക് ഉതകുന്നതാകണം നാം ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ നയമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

സമൂഹത്തിന്റേയും അതിലൂടെ രാഷ്‌ട്രജീവിതത്തിന്റേയും സമഗ്രപരിവര്‍ത്തനം ലക്ഷ്യം വച്ചുകൊണ്ട് ഭാരത സര്‍ക്കാര്‍ രൂപം നല്‍കിയ, പുതിയ വിദ്യാഭ്യാസ നയരേഖയാണല്ലോ ദേശീയ വിദ്യാഭ്യാസ നയം 2020 അഥവാ എന്‍.ഇ.പി. 2020.

ഡോക്ടര്‍ രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപകദിനമായി ആചരിക്കുന്ന ഈ അവസരത്തില്‍, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടേയും പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രതിപാദിക്കുന്ന ആശയങ്ങളുടെയും സമാനതകള്‍ ചിന്താവിഷയമാകുന്നത് സ്വഭാവികം.

‘ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്, വിദ്യാലയത്തിന്റെ നാലു ഭിത്തികള്‍ക്കുള്ളിലാണെ’ന്നത് പഴയ ഒരു ചൊല്ലാണ്. ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളിലൂന്നിയ നവീന പാഠ്യപദ്ധതിക്കൊപ്പം, മാനസികവും ശാരീരികവുമായ സമതുലിത വ്യക്തിത്വ വികസനവും ഉറപ്പാക്കുക എന്നത്, വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകങ്ങളായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്‍.ഇ.പി. 2020 – ഉം, ഈ മൗലിക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് തയ്യാറാക്കിയിട്ടുള്ള നയരേഖയാണ്.

വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? എന്താണ് നാം ലക്ഷ്യം വയ്‌ക്കുന്നത്? പാഠ്യപദ്ധതി എന്തായിരിക്കണം? അദ്ധ്യാപന രീതി എന്തായിരിക്കണം ? തുടങ്ങി സമസ്ത മേഖലകളിലും സര്‍വ്വ സ്പര്‍ശിയും, ഭാവാത്മകവുമായ മാറ്റം കൊണ്ടുവരുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.

സ്വാതന്ത്ര്യാനന്തരവും വിദ്യാഭ്യാസ മേഖലയില്‍, ഉപരിപ്ലവമായ ചില പരിഷ്‌കാര ശ്രമങ്ങളല്ലാതെ, ഗുണനിലവാരം ഉയര്‍ത്താന്‍ തക്ക മാറ്റങ്ങള്‍ നടന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വഴിക്കു ചിന്തിക്കുമ്പാഴാണ് ഡോ. രാധാകൃഷ്ണന്റെ ചിന്തകള്‍ പ്രസക്തമാകുന്നത്. സര്‍ഗ്ഗാത്മകവും സാംസ്‌കാരികവുമായ ഉത്തമ മൂല്യങ്ങള്‍ വളര്‍ത്താന്‍ പര്യാപ്തമാവണം, സ്‌കൂള്‍ വിദ്യാഭ്യാസം. കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ദ്ദേശിക്കപ്പെട്ട പുതിയ പഠനരീതികള്‍ വിദ്യാര്‍ത്ഥികളുടെ, ധൈഷിണികവും ആത്മീയവും നവീന വിജ്ഞാന സമ്പാദനം സുഗമമാക്കുന്നതുമാണെന്ന് കാണാന്‍ കഴിയും. ചര്‍ച്ചകളിലൂടെയും, സംവാദങ്ങളിലൂടെയും ഉള്ള പഠനം, ധ്യാന, മനനങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍, പുസ്തക പഠനം എന്നീ പ്രധാന പഠനമാര്‍ഗ്ഗങ്ങളും ഡോ. രാധാകൃഷ്ണന്റെ ആശയങ്ങളാണ്.

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മഹത്വവും അദ്ദേഹത്തിന്റെ ചിന്തകളിലെ മുന്തിയ പരിഗണനാ വിഷയങ്ങളായിരുന്നു. താന്‍ ജനിച്ചു വളര്‍ന്ന കുടുംബത്തിനും വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബത്തിനും സദാചാര മൂല്യങ്ങളുടെ വെളിച്ചം പകരാന്‍ അവര്‍ക്ക്, ശരിയായ ദിശയിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മാതൃഭാഷയിലൂടെയുള്ള നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസവും, നൈപുണ്യ വികസനം ലക്ഷ്യമാക്കിയുള്ള തുടര്‍പഠനവും, അത്യാധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളിലൂന്നിയ ഉന്നത വിദ്യാഭ്യാസ രംഗവും, പുതിയ ദേശീയ വിദ്യാഭ്യാസ നയം ശക്തമായി മുന്നോട്ടു വയ്‌ക്കുന്നു.

ഡോ. രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകളില്‍ പ്രധാനമായും ഉന്നത വിദ്യാഭ്യാസമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും, മാതൃഭാഷയിലൂടെയുള്ള പ്രാരംഭഘട്ട പഠനക്രമത്തിന്റെ അനിവാര്യത, അടിസ്ഥാന ഘടകമായിത്തന്നെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദേശീയ ഐക്യത്തിനും ദേശീയതയ്‌ക്കും ശക്തി പകരുവാന്‍ മാതൃഭാഷകളും സംസ്‌കാരങ്ങളും പ്രോത്സാഹിക്ക പ്പെടേണ്ടതുണ്ട്. പ്രാദേശിക ഭാഷകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിലൂടെ എന്‍.ഇ.പി. 2020 ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്.

ഓരോ വ്യക്തിയിലും നിര്‍ലീനമായതും, ദിവ്യവുമായ, മനുഷ്യശേഷി അതിന്റെ പൂര്‍ണ്ണതയിലെത്തുന്നതും, പ്രകാശമാനമാകുന്നതും അറിവിന്റെ വെളിച്ചത്തിലാണ്. നമ്മുടെ ഋഷീശ്വരന്മാരും, വിജ്ഞാനത്തിന്റെ ഉപാസകരായിരുന്നു. ആത്മദര്‍ശനങ്ങളിലൂടെ മനുഷ്യരാശിയെ, പ്രകാശത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ത്തുവാന്‍ സദാ നിഷ്‌കര്‍ഷിച്ചവരായിരുന്നു. ഡോ.എസ്.രാധാകൃഷ്ണനും ഈ ആചാര്യശ്രേഷ്ഠന്മാരുടെ ശ്രേണിയില്‍പ്പെടുന്നു. തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, മാനവീകതയില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ ഭൗതിക, ആദ്ധ്യാത്മിക വിജ്ഞാനം ധാര്‍മ്മിക ജീവിതത്തെ സംപുഷ്ടമാക്കാനും സാര്‍വലൗകികമായ അതിന്റെ തത്വങ്ങളും മൂല്യങ്ങളും മനുഷ്യരാശിക്കു മുന്‍പില്‍ അവതരിപ്പിക്കുവാനും അദ്ദേഹം തന്റെ ജീവിതത്തിലൂടെ ശ്രമിച്ചു.

ഭാരതത്തിന്റെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ നയം എന്ന നിലയിലാണ് ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ ചട്ടക്കൂടും, ആശയങ്ങളും രൂപകല്‍പന ചെയ്തിട്ടുള്ളത്. വ്യക്തിയുടെ സമഗ്രവികാസത്തിനും അതിലൂടെ ഒരു സ്വച്ഛ സമൂഹത്തിന്റേയും ഒപ്പം രാഷ്‌ട്ര വികസനവും ലക്ഷ്യം വച്ചുള്ള ഒരു മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ യുക്തിചിന്ത വളര്‍ത്താനും, ശാസ്ത്ര കൗതുകം ഉണര്‍ത്താനും പര്യാപ്തമായതും, സാംസ്‌കാരിക മൂല്യങ്ങളില്‍ അടിയുറച്ചതുമായ ഒരു പാഠ്യപദ്ധതിയാണ് നമുക്കുവണ്ടത്. എന്‍.ഇ.പി.2020 വിഭാവനം ചെയ്യുന്നതും ഇതുതന്നെയാണ് എന്ന് കാണാന്‍ കഴിയും.

ഭാരതത്തിന്റെ രാഷ്ടീയ നേതൃനിരയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് ഡോ. രാധാകൃഷ്ണന്റെ സ്ഥാനം. ഭാരതീയ – പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണന്‍ എഴുതിയ ഗ്രന്ഥങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്റെ നിദര്‍ശനമാണ്. വിജ്ഞാന, വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം വഹിച്ച പങ്ക് മുന്‍നി
ര്‍ത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം നാം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് നിരവധി നേട്ടങ്ങളും സംഭാവനകളും നല്‍കിയ അദ്ദേഹം ജീവിതത്തിലുടനീളം അദ്ധ്യാപകനായി തുടര്‍ന്നു.

(ഭാരതീയ വിചാരകേന്ദ്രം കോട്ടയം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക