പത്തനംതിട്ട: വിദേശത്ത് ഡേറ്റ എന്‍ട്രി ജോലി കമ്പ്യൂട്ടര്‍ അഭിരുചിയുള്ള യുവതി യുവാക്കളുടെ സ്വപ്നമാണ്. അതുകൊണ്ട് തന്നെ തൊഴിലവസരങ്ങള്‍ സംബന്ധിച്ചുള്ള പോസ്റ്ററുകളോ ലിങ്കുകളോ സോഷ്യല്‍ മീഡിയയിലോ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനിലോ പ്രത്യക്ഷപ്പെട്ടാല്‍ അതിനു പിറകെ സഞ്ചരിച്ച് അപകടക്കെണിയില്‍ വീഴുന്ന പ്രവണത യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്.
ഭാരതത്തെ ലക്ഷ്യമിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ രാജ്യത്തെ തൊഴില്‍ അന്വേഷകരെ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പിന്റെ വിളനിലമായി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മാറുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ഇങ്ങനെ തൊഴില്‍ അന്വേഷിക്കുന്ന ആളുകളെ ആകര്‍ഷിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നതും മുമ്പ് ഇത്തരം വാഗ്ദാനങ്ങളില്‍ അകൃഷ്ടരായി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്, കംബോഡിയ, ലാവോസ് എന്നിവിടങ്ങളില്‍ അകപ്പെട്ടു പോയ ഭാരതീയരെ ഉപയോഗിച്ച് തന്നെയാണ് എന്നുള്ളതാണ് ഏറ്റവും വിചിത്രം. ചൈനീസ് ഭാഷയിലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. തട്ടിപ്പിന് പിന്നിലെ ചൈനീസ് ഇടപെടല്‍ ഇതിനു പിന്നില്‍ ഉണ്ടെന്നും ആരോപണമുണ്ട്.
2024ല്‍ ആദ്യ നാല് മാസത്തിനിടെ 89,054 സൈബര്‍ തട്ടിപ്പ് കേസുകളിലായി 1776 കോടി രൂപയാണ് ഭാരതീയര്‍ക്ക് നഷ്ടമായതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. തൊഴില്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആളുകള്‍ ഈ രാജ്യങ്ങളില്‍ എത്തിപ്പെട്ടാല്‍ തട്ടിപ്പ് സംഘങ്ങള്‍ ആദ്യം ഇവരുടെ പാസ്പോര്ട്ടുകള് കൈക്കലാക്കും. ശേഷം ടെലഗ്രാം, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ മുതലായവ ഉപയോഗിച്ച് ഭാരതീയരായ തൊഴിലന്വേഷകരെ കബളിപ്പിക്കാന്‍ നിര്‍ബന്ധിക്കും. അതുകൊണ്ട് തന്നെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളെ ജാഗ്രതയോടെ കാണേണ്ടത് അനിവാര്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: