ലോകത്തില്‍ എറ്റവും ശക്തമായ ബാങ്കിങ് സമ്പ്രദായം നിലവിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. ഇടപാടുകളിലെ വേഗതയിലും വാണിജ്യ സ്ഥാപനമെന്ന നിലയിലെ കാര്യക്ഷമതയിലും അമേരിക്ക ഉള്‍പ്പടെ മറ്റ് വികസിത രാഷ്‌ട്രങ്ങളിലെ ബാങ്കിങ് സേവനത്തോട് കിടപിടിക്കാന്‍ ഇന്ന് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്ന് സാധിക്കുന്നു. തൊണ്ണൂറുകളുടെ അന്ത്യംവരെ ബാങ്കുകള്‍ നേരിട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറി കൊണ്ടിരിക്കുമ്പോള്‍ 2009 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ വായ്പ നല്കുന്നതിലുള്ള അച്ചടക്കരാഹിത്യവും അനര്‍ഹമായവര്‍ക്ക് അനുവദിച്ച വായ്പ പുനക്രമീകരണവും ബാങ്കുകളെ തളര്‍ത്തി. അപകടം മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളോട് ആസ്തി ഗുണം പുനര്‍നിര്‍ണ്ണയിക്കാന്‍ (Asset Quality Review) ആവശ്യപ്പെട്ടു. സൂക്ഷ്മ പരിശോധനയില്‍ കിട്ടാക്കടം വര്‍ധിച്ചതായി കാണുകയും വൈകാതെ പരിഹാര നടപടിയായി ഐബിസി എന്ന പേരില്‍ അറിയപ്പെട്ട ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റപ്റ്റ്‌സി കോഡ് മറ്റ് തുടര്‍ നടപടികള്‍ക്കൊപ്പം നടപ്പിലാക്കി. വായ്പ തിരിച്ചുപിടിക്കാനുള്ള നടപടിയുടെ ഫലമായി ബാങ്കുകള്‍ വീണ്ടും വികസന പാതയില്‍ കുതിപ്പ് തുടങ്ങി. മറ്റൊരു ഭാഗത്ത് പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പി.എം.ജെ.ഡി.വൈ) വഴി ബാങ്കുകള്‍ 53 കോടിയലധികം പുതിയ അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ സാധാരണക്കാരനും ആധുനിക ബാങ്കിങ് സേവനത്തിന്റെ ഗുണഭോക്താക്കളായി.
വെല്ലുവിളികളും വളര്‍ച്ചയും
സാമ്പത്തിക ഉദാരവത്കരണത്തിന്റെ ആദ്യപതിറ്റാണ്ട് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കനത്ത വെല്ലുവിളികളുടെ കാലമായിരുന്നു. മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനം നല്‍കാന്‍ ബാങ്കുകള്‍ അന്ന് മൂലധനാടിത്തറയിലും, ആസ്തിയുടെ ഗണത്തിലും സാങ്കേതിക വിദ്യയിലും ശക്തമായിരുന്നില്ല. പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്രം ഭരിക്കുന്നവരുടെ കയ്യിലെ പാവകളായി പതിറ്റാണ്ടുകള്‍ ഇഴഞ്ഞുനീങ്ങി. അതുകൊണ്ടുതന്നെ തൊണ്ണൂറുകളുടെ ആദ്യം ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണം ബാങ്കിങ് മേഖലയില്‍ കടുത്ത പ്രതിസന്ധി ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ രണ്ട് തവണ നിയമിച്ച നരസിംഹം കമ്മിറ്റി ശുപാര്‍ശകള്‍ വൈകിയാണെങ്കിലും 2000 ത്തിന് ശേഷം ബാങ്കുകള്‍ നടപ്പിലാക്കിയത് ബാങ്കിങ് ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു. നരസിംഹം കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി ബാങ്കുകള്‍ ഘടനാപരമായ മാറ്റങ്ങള്‍, സാങ്കേതിക നവീകരണം, യൂണിവേഴ്‌സല്‍ ബാങ്കിങ്, ബാങ്കിങ് സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഗോള ബാങ്കുകളോട് കിടപിടിക്കാന്‍ പ്രാപ്തമാകുന്ന വിധത്തില്‍ തന്ത്രപരമായ ലയനത്തിലൂടെ വലിയ ബാങ്കുകളെ കെട്ടിപ്പടുക്കാനുള്ള ആവശ്യവും, സേവനത്തിന്റെ മികവിനൊപ്പം പ്രവര്‍ത്തന ചിലവ് കുറയാന്‍ സാങ്കേതിക വിദ്യയെ ആശ്രിയിക്കുക എന്ന ചിന്തയും ഉയര്‍ന്നു. ഇവയായിരുന്നു ലാഭകരമായി ദീര്‍ഘകാല നിലനില്‍പ്പിന്ന് ബാങ്കുകളുടെ മുന്നിലുള്ള വഴികള്‍. ബാങ്കുകള്‍ നടപ്പിലാക്കിയ സാങ്കേതികവിദ്യയിലെ വൈവിധ്യങ്ങള്‍ ബാങ്കുകള്‍ തമ്മിലുള്ള ലയനം വൈകിച്ചെങ്കിലും സങ്കീര്‍ണതകള്‍ ഇല്ലാതെ ചെറിയ ബാങ്കുകള്‍ വലിയ ബാങ്കുകളുമായുള്ള ഏകീകരണം ഏറെക്കുറെ പൂര്‍ത്തിയാക്കി.
ജി 10 രാഷ്‌ട്രങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍ അംഗങ്ങളായുള്ള ബാങ്കിങ് മേല്‍നോട്ടം സംബന്ധിച്ച ‘ബാസല്‍ കമ്മിറ്റി’ ബാങ്ക് മൂലധനം, പണലഭ്യത എന്നിവ സംബന്ധിച്ച രൂപപ്പെടുത്തിയ പൊതുമാനദണ്ഡങ്ങള്‍ ഓരോ രാജ്യത്തെ ബാങ്കുകളും സ്വമേധയ നടപ്പിലാക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇവ നടപ്പിലാക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സാധ്യമായിരുന്നില്ല. പിന്നീട് ക്രമാനുഗതമായി ഇന്ത്യന്‍ ബാങ്കുകളും ‘ബാസല്‍ കമ്മിറ്റി’ മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍, പ്രത്യേകിച്ച് വിവിധ തലത്തിലുള്ള മൂലധനവുമായി ബന്ധപ്പെട്ടവ, നടപ്പിലാക്കി അടിത്തറ ശക്തമാക്കി കാലത്തിന്റെ വെല്ലുവിളികളില്‍ നിന്ന് അതിജീവിച്ചു. കഴിഞ്ഞ പതിറ്റാണ്ട് ബാങ്കിങ് രംഗം സമഗ്രമായ മാറ്റത്തിന്റെ പാതയില്‍ മറ്റ് രാഷ്‌ട്രങ്ങളെക്കാള്‍ വേഗത്തില്‍ രാജ്യത്തെ സാധരണകാരന്റെ പ്രതീക്ഷക്കനുസരിച്ച് മുന്നോട്ടു പോയി.
റിസര്‍വ്വ് ബാങ്കിന്റെയും വാണിജ്യ ബാങ്കുകളുടെ ഉന്നതാധികാരികളുടെയും ദീര്‍ഘവീക്ഷണം പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്‍പ്പങ്ങളുമായി ഇണങ്ങിയപ്പോള്‍ ബാങ്കിങ് മേഖല സേവനത്തിലും റിസ്‌ക് മാനേജ്‌മെന്റിലും ആഗോള നിലവാരം കൈവരിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സൂക്ഷ്മമായ നിരീക്ഷണവും ‘ബാങ്കിങ് റഗുലേറ്റര്‍’ എന്ന നിലയില്‍ ആര്‍.ബി.ഐ തുടര്‍ന്നു. ഭാരതത്തിലെ ഓരോ പൗരനേയും ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ സ്വാതത്ര്യത്തിന്റെ ‘അമൃതകാലം’ അനുസ്മരിച്ച് ആര്‍.ബി.ഐ ‘ഹാര്‍ പേയ്മെന്റ് ഡിജിറ്റല്‍’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ’75 ഡിജിറ്റല്‍ വില്ലേജ്’ പരിപാടി ആരംഭിച്ചു. കിസാന്‍ കാര്‍ഡ് ഡിജിറ്റലൈസേഷന്‍ വഴി ഗ്രാമീണര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ ഗുണം ആര്‍.ബി.ഐ ഉറപ്പ് വരുത്തി.
സാങ്കേതികവിദ്യയും ഉപയോഗവും
ആര്‍.ബി.ഐ രൂപവത്കരിച്ച ‘റെഗുലേറ്ററി സാന്‍ഡ് ബോക്സ്’ സംവിധാനം സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കാന്‍ കഴിയുന്ന നവീനമായ സേവനങ്ങള്‍ ഏറെ സ്വകാര്യതയോടെയും സുരക്ഷിതമായും പൊതുജനങ്ങള്‍ക്ക് എത്തിക്കാന്‍ വഴി തുറന്നു. ഈ സംവിധാനത്തിലൂടെ സേവന ദാതാക്കള്‍, ഉപഭോക്താക്കള്‍, ആര്‍.ബി.ഐ എന്നിവര്‍ക്ക് സംയുക്തമായി ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്ന പുതിയ സേവനത്തിന്റെ നേട്ടങ്ങളും, അപകടങ്ങളും ഓരോ സേവനവും ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിന്ന് മുന്‍പുതന്നെ വിലയിരുത്താന്‍ സാധിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കി സേവന ദാതാക്കളുടെ പ്രാഗത്ഭ്യത്തില്‍ പുതിയ സേവനങ്ങള്‍ ജനങ്ങളില്‍ എത്തുമ്പോള്‍ ബാങ്കുകള്‍ പാരമ്പര്യ സേവനങ്ങളില്‍ നിന്ന് വഴിമാറി, ലാഭകരമാകുന്ന പുതിയ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നു. അതാണ് ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സവിശേഷതകളില്‍ ഒന്ന്.
വികസിത രാഷ്‌ട്രങ്ങളിലെ തലവന്മാര്‍ക്ക് ഇന്ത്യന്‍ ഡിജിറ്റല്‍ ബാങ്കിങ് ഒരത്ഭുതമാണ്. ഒട്ടേറെ നവീനതകളോടെ ലളിതമായും, പിഴവില്ലാതെയും സുരക്ഷിതമായും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ ബാങ്കിങ് മോഡല്‍ നടപ്പിലാക്കാന്‍ ഇപ്പോള്‍ പലരും ഭാരതത്തിന്റെ സഹായം തേടുകയാണ്. ഫ്രാന്‍സ്, ഓസ്ട്രേലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍, സിംഗപ്പൂര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ഭാരതവുമായി കരാര്‍ ഒപ്പിട്ടു.
ശക്തമായ മത്സര കാലഘട്ടത്തെ അതിജീവിക്കാന്‍ കാര്യക്ഷമതയോടെ ഇടപാടുകള്‍ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും ബാങ്കുകള്‍ വിജയകരമായി നേരിട്ടു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാകുന്ന നവീകരണത്തോടൊപ്പം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ഉപഭോക്താക്കളുടെ പ്രതീക്ഷക്കനുസരിച്ച് സമഗ്രമായ പരിവര്‍ത്തനം ഉറപ്പാക്കാനും ബാങ്കുകള്‍ മാനവശേഷിയേ പരിശീലിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. പ്രത്യേക ആനുകൂല്യങ്ങളോടെ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം സാമ്പത്തിക വര്‍ഷം 2000-01 ല്‍ ഏകദേശം ഒരു ലക്ഷം ജീവനക്കാര്‍ സ്വയം വിരമിക്കല്‍ സ്വീകരിച്ച് ബാങ്കിങ്ങ് മേഖല 11 ശതമാനം ജോലിക്കാരുടെ എണ്ണം കുറച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തില്‍ വര്‍ധിച്ചുവരുന്ന ഇടപാടുകളുടെ എണ്ണവും വ്യാപ്തിയും ബാങ്കുകള്‍ക്ക് വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. സ്വയം വിരമിക്കല്‍ നടപ്പിലാകുന്നതിന്ന് മുന്‍പ് ഇന്ത്യയില്‍ ഏകദേശം ഒന്‍പത് ലക്ഷം ബാങ്ക് ജോലിക്കാര്‍ 13 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇന്ന് ഏഴര ലക്ഷം ജോലിക്കാര്‍ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ (കഴിഞ്ഞ വര്‍ഷത്തെ ഏകദേശകണക്ക് പ്രകാരം) പ്രതിവര്‍ഷം 400 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു. ഇത് ബാങ്കിങ് മേഖയിലുണ്ടായ വളര്‍ച്ചയും ബാങ്കുകളുടെ പുതിയ കരുത്തുമാണ് സൂചിപ്പിക്കുന്നത്.
തൊണ്ണൂറുകളുടെ അവസാനം സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിച്ച സേവനത്തിലെ നവീകരണം ബാങ്കിങ്ങ് സ്ഥാപനത്തിന്റെ മൊത്തം പ്രവര്‍ത്തന രീതിയേ തന്നെ മാറ്റിമറിച്ചു. ആദ്യം പൊതുമേഖലാ ബാങ്കുകള്‍ പുതു- തലമുറ സ്വകാര്യ ബാങ്കുകളുടെ സാങ്കേതിക മികവിനെ ഗൗരവതരമായ ഭാവി മത്സരമായി പരിഗണിച്ച് സമൂലമായ മാറ്റത്തിന്ന് ഒരുങ്ങി. അതില്‍ വിജയിച്ചു. ദേശവ്യാപകമായി ശാഖകള്‍ ഉള്ള പൊതുമേഖലാ ബാങ്കുകള്‍ വിവര സാങ്കേതിക വിദ്യകൊണ്ട് നവീകരിക്കപ്പെട്ടാല്‍ വിദേശ ബാങ്കുകള്‍ സമ്പന്നരായ ഇടപാടുകാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ മികച്ച സേവനം രാജ്യത്തെ സാധാരണകാരനു നല്‍കാന്‍ സാധിക്കുമെന്ന് ബാങ്കുകള്‍ തെളിയിച്ചു.
യു.പി.ഐയുടെ വരവും മികവും
ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയുടെ ശക്തിയില്‍ ചെറിയ ഗ്രാമങ്ങളിലും വന്‍ നഗരങ്ങളിലും സാധാരണക്കാരന് ഒരുപോലെ മികച്ച ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകുന്നു. ഇതിന്ന് പ്രധാന കാരണമായത് ധാരാളം ബാങ്കുകളെ കൂട്ടിയിണക്കി മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയ യു.പി.ഐ ഇടപാടുകളാണ്. ഇത് ഓരോ ബാങ്കും നല്‍കുന്ന പേയ്‌മെന്റ് സേവനങ്ങളെ തടസ്സമില്ലാതെ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മര്‍ച്ചന്റ് പെയ്‌മെന്റ് ഉള്‍പ്പടെ പണം നീക്കുന്ന ഏകീകരണ സംവിധാനമാണ്. ബാങ്കുകളുടെ രേഖകളിലും ഇത് യഥാസമയം ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.പി.ഐ) വികസിപ്പിച്ച ഈ സംവിധാനം ആദ്യം 21 അംഗ ബാങ്കുകളുമായി പ്രാരംഭം കുറിക്കുകയും 2016 ഏപ്രില്‍ 11ന് മുംബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുകയും ചെയ്തു. നാല് മാസങ്ങള്‍ക്ക് ശേഷം ബാങ്കുകള്‍ അവരുടെ യു.പി.ഐ പ്രവര്‍ത്തനക്ഷമമാക്കി ‘ആപ്പുകള്‍’ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കാന്‍ തുടങ്ങി. തുടര്‍ന്ന് ക്യൂആര്‍ കോഡ് എന്ന പേരില്‍ പ്രശസ്തമായ ക്യൂക്ക് റെസ്‌പോണ്‍സ് കോഡ് ഉന്തുവണ്ടി കച്ചവടം മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ പ്രത്യക്ഷപ്പെട്ടു.
ഇന്ന് ഗ്രാമങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ സാധാരണ ഇടപാടുകള്‍ ചെയ്യാന്‍ സാധിക്കുന്നു. റൂപേ കാര്‍ഡുകള്‍ യു.പി.ഐയുമായി ബന്ധിച്ചതോടെ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന വഴി അക്കൗണ്ടുകള്‍ തുറന്നവര്‍ക്കും ഫോണ്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് വഴിയൊരുങ്ങി. സാധാരണക്കാരേ ഡിജിറ്റല്‍ ബോധവത്കരണത്തിനും പരിശീലനത്തിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) നിരന്തരം ശ്രമിക്കുന്നു.
ഇടപാടുകാരുടെ സൗകര്യത്തിലുപരിയായി ഈ സമ്പ്രദായം സമ്പദ് വ്യവസ്ഥയില്‍ നിന്ന് പണത്തിന്റെ ഉപയോഗത്തിലുള്ള സമയ നഷ്ടവും ഒരു പരിധിവരെ നിയന്ത്രിക്കുന്നു. ഉദാഹരണത്തിന്ന് ഒരാള്‍ കൈയ്യില്‍ സൂക്ഷിക്കുന്ന പണം സമ്പദ് വ്യവസ്ഥയില്‍ നിഷ്‌ക്രിയമായി നില്‍ക്കുന്ന പണമാണ് എന്ന് വേണം പറയാന്‍. എന്നാല്‍ അവ പരമാവധി ബാങ്കുകളില്‍ സൂക്ഷിച്ചാല്‍ ശക്തമായ കരുതല്‍ മൂലധനമുള്ള ബാങ്കുകള്‍ക്ക് അത് ഉപയോഗിച്ച് കൂടുതല്‍ വായ്പ നല്‍കി സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍ കഴിയും. മാത്രമല്ല സമ്പദ് വ്യവസ്ഥയില്‍ നിര്‍ജീവമായി ഒഴുകുന്ന പൈസയുടെ അളവും ഗണ്യമായി കുറയുന്നു. യു പി ഐ പെയ്‌മെന്റ് സമ്പ്രദായം നിലവില്‍ വന്നതിന്ന് ശേഷം ഒരു സാധാരണക്കാരന്‍ കൈയ്യില്‍ കരുതുന്ന പണത്തിന്റെ സംഖ്യ കുറച്ചു. ബാങ്കുകള്‍ക്ക് പുറത്ത് ഒഴുകുന്ന പൈസ സമ്പദ് വ്യവസ്ഥയില്‍ നിഷ്‌ക്രിയ പണമാണ്. ജന്‍ ധന്‍ യോജനയും ഡിജിറ്റല്‍ ബാങ്കിങ്ങും നിഷ്‌ക്രിയ പണത്തെ ബാങ്കിങ് മേഖലയില്‍ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തി.
യു.പി.ഐ വ്യാപനത്തോടെ, ഇന്ത്യന്‍ ബാങ്കുകള്‍ ഇടപാടില്‍ വിപ്ലവം സൃഷ്ടിച്ചു. ഇപ്പോള്‍ 580ല്‍ അധികം ബാങ്കുകള്‍ ഈ സൗകര്യം അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
കഴിഞ്ഞ 12 മാസത്തിനുള്ളി യു.പി.ഐ വഴിയുള്ള ഇടപാട് 41ശതമാനം വര്‍ധിച്ച് 15 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയെന്നാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിച്ചത്. പ്രതിദിനം 4.83 കോടി ഇടപാടുകളിലൂടെ 66,475 കോടി രൂപ ഈ സംവിധാനത്തില്‍ കൈമാറ്റപ്പെടുന്നു.
അടുത്ത രണ്ട് വര്‍ഷത്തില്‍ മൊത്തം ബാങ്ക് ഇടപാടില്‍ മുക്കാല്‍ ഭാഗം ഇടപാടും ഡിജിറ്റല്‍ പെയ്‌മെന്റ് വഴിയായിരിക്കുമെന്നാണ് അനുമാനം.
സാങ്കേതിക വിദ്യകള്‍ ബാങ്കുകളുടെ ശാഖകള്‍ അപ്രസക്തമാക്കിയെങ്കിലും ശാഖകളുടെ എണ്ണവും ക്രമമായി വര്‍ദ്ധിച്ചു കൊണ്ടിരുന്നു. നമ്മുടെ രാജ്യത്ത് 12 പൊതുമേഖലാ ബാങ്കുകളും, 22 സ്വകാര്യ ബാങ്കുകളും, 44 വിദേശ ബാങ്കുകളും, 56 റീജ്യണല്‍ റൂറല്‍ ബാങ്കുകളും അനേകം അര്‍ബന്‍ സഹകരണ ബാങ്കുകളും ഉള്‍പ്പെടുന്ന ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ക്ക് മൊത്തമായി 1.33 ലക്ഷം ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൂറല്‍ സഹകരണ ബാങ്കുകളേയും ക്രെഡിറ്റ് സൊസൈറ്റികളെയും മാറ്റി നിര്‍ത്തിയാല്‍ ബാങ്കുകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഭാരതം പത്താം സ്ഥാനത്താണ്. നാലായിരത്തി അഞ്ഞൂറോളം ബാങ്കുകളുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
അഞ്ചാം തലമുറ ഇന്റര്‍നെറ്റ് ഉപയോഗം, വ്യാപകമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, വായ്പ നല്‍കുന്നതുള്‍പ്പടെയുള്ള ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ ഉപയോഗത്തിന്റെ വ്യാപനം
എന്നിവ ബാങ്കിങ് രംഗത്ത് ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുറപ്പാണ്. സമ്പദ്ഘടന ശക്തി പ്രാപിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ശരാശരി ആളോഹരി വരുമാനത്തിലെ വളര്‍ച്ചയും, രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയും, സാങ്കേതിക മികവില്‍ ഇന്ത്യന്‍ ബാങ്കുകളുടെ സേവനത്തില്‍ പ്രവാസികള്‍ക്ക് വര്‍ധിച്ചുവരുന്ന വിശ്വാസവും വാണിജ്യ ബാങ്കുകളുടെ ഗണ്യമായ വളര്‍ച്ചയെ സ്വാധീനിക്കുന്നു.
പുതിയ തലമുറയുടെ പ്രതീക്ഷ അനുസരിച്ച് ബാങ്കുകള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നത് ഉപഭോക്താക്കളുടെ എണ്ണം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും ഒപ്പം ബാങ്കുകളുടെ വളര്‍ച്ചയും ഉറപ്പ് വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: