കൊച്ചി: സംസ്ഥാനത്ത് സപ്തംബറില്‍ ശരാശരിയില്‍ കൂടുതല്‍ മഴ സാധ്യതയെന്ന് ഐഎംഡി. രാജ്യത്താകെ പ്രത്യേകിച്ചും രാജസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ മഴ വലിയ തോതില്‍ കൂടും. എന്നാല്‍ കേരളത്തിലൊഴികെ മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍ മഴ കുറയും. കേരളത്തില്‍ എല്ലായിടത്തും ഈ മാസം മഴ കൂടും. പകല്‍ സമയത്തെ താപനില വര്‍ധിക്കും. രാത്രി സമയത്തെ കുറഞ്ഞ താപനിലയിലും വര്‍ധനയുണ്ടാകും.
സപ്തംബറില്‍ 27.2 സെ.മീ. മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. ഇത്തവണ ജൂണില്‍ 25 ശതമാനം മഴ കുറഞ്ഞപ്പോള്‍ ജൂലൈയില്‍ 16 ശതമാനം കൂടി. ആഗസ്തില്‍ 30 ശതമാനം കുറഞ്ഞു. കാലവര്‍ഷത്തില്‍ ഇതുവരെ 10 ശതമാനം മഴ കുറവുണ്ട്.
അതേസമയം പസഫിക് സമുദ്രത്തിലെ എല്‍ നിനോ ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ തുടരുകയാണ്. ലാനിനോ പ്രതിഭാസം മണ്‍സൂണിന്റെ അവസാനത്തോടെ രൂപപ്പെടുമെന്നാണ് പുതിയ പ്രവചനം. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോളും ന്യൂട്രലാണ്. നേരത്തെ ലാനിനോ ആഗസ്തില്‍ രൂപപ്പെടുമെന്നും മഴ ശക്തമാകുമെന്നും പ്രവചനമുണ്ടായെങ്കിലും സംഭവിച്ചില്ല. നാളെ മുതല്‍ മഴയില്‍ ഗണ്യമായ കുറവുണ്ടാകും. അസ്‌ന ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദവും ദുര്‍ബലമാവുന്നതാണ് കാരണം.
ഇന്ന് പുലര്‍ച്ചെ മധ്യകേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. രാവിലെ ഒമ്പത് വരെ വിവിധയിടങ്ങളിലായി മഴ തുടരും. പിന്നീട് മഴ കുറയും. അത്ത ദിനമായ ആറിന് ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്. അടുത്തവാരത്തോടെ എത്തുന്ന ന്യൂനമര്‍ദം തിരുവോണ ദിനത്തിലടക്കം കനത്തമഴയ്‌ക്ക് കാരണമാകുമെന്നാണ് പുതിയ മുന്നറിയിപ്പുകള്‍.
ഈ മാസം മഴയ്‌ക്ക് ദീര്‍ഘമായ ഇടവേളകള്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. തുടര്‍ച്ചയായി ന്യൂനമര്‍ദം, അന്തരീക്ഷച്ചുഴി, മഴപാത്തി പോലുള്ളവയ്‌ക്കും സാധ്യത. ഇത് രാജ്യത്താകെ ശക്തമായ മഴ നല്‍കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഇന്ന് കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക