Kerala

ജിനു ജോര്‍ജിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

Published by

ആലപ്പുഴ: ദേശീയ അദ്ധ്യാപക പുരസ്‌കാരം ആലപ്പുഴ എസ്ഡിവി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാദ്ധ്യാപകന്‍ ജിനു ജോര്‍ജിന്. ഇദ്ദേഹം നേതൃത്വം നല്കിയ സ്‌കൂളിലെ ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗ്യാലറി, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള ചിത്രകലാ പരിശീലനം തുടങ്ങി ചിത്രകലാദ്ധ്യാപന മികവിനൊപ്പം ചിത്രകലയിലൂടെ നടത്തിയ സാമൂഹിക ഇടപെടലുകള്‍ കൂടി പരിഗണിച്ചാണ് പുരസ്‌കാരം.

കൊവിഡ് കാലഘട്ടത്തില്‍ സ്‌കൂളില്‍ 600 ചതുരശ്രയടിയില്‍ 117 ദിവസമെടുത്ത് ഒരു ഓപ്പണ്‍ ആര്‍ട്ട് ഗാലറിയൊരുക്കി. ആലപ്പുഴയുടെ ചരിത്രവും പൈതൃകവുമെല്ലാം ചുവരുകളില്‍ ജിനു വരച്ചിട്ടു. 2021ല്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നു പ്രശംസാപത്രം ലഭിച്ചു. പിന്നീട് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിനും അര്‍ഹനായി. 2017ല്‍ രചിച്ച സെ. തോമസിന്റെ എണ്ണച്ചായ ചിത്രത്തിന്റെ ശരിപ്പകര്‍പ്പ് മാര്‍പാപ്പയ്‌ക്ക് സമര്‍പ്പിക്കുകയും വത്തിക്കാന്‍ മ്യൂസിയത്തില്‍ സ്ഥാനംപിടിക്കുകയും ചെയ്തിരുന്നു.

32 വര്‍ഷത്തിനുശേഷം എസ്ഡിവിബിഎച്ച്എസ്എസിനു ലഭിച്ച പുരസ്‌കാരം കൂടിയാണിത്. പഴവീട് തോടുവേലി പരേതനായ പി.ടി. ജോര്‍ജിന്റെയും ഗ്രേയ്‌സമ്മ ജോര്‍ജിന്റെയും മകനാണ് ജിനു. ഭാര്യ: സിസിലി (അദ്ധ്യാപിക). മക്കള്‍: ഗ്രേറ്റ് ജെ. ജോര്‍ജ്, ഗ്രേറ്റ ജെ. ജോര്‍ജ്. സംസ്ഥാനത്ത് നിന്ന് പാലക്കാട് തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വിപിഎയുപി സ്‌കൂളിലെ കെ. ശിവപ്രസാദും അവാര്‍ഡിന് അര്‍ഹനായി. ദേശീയ അദ്ധ്യാപക ദിനമായ സപ്തം. 5 ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by