കേരളത്തിലെ ഏക കേന്ദ്ര സര്‍വ്വകലാശാലയാണ് കാസര്‍കോട് പെരിയയില്‍ സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്‍വ്വകലാശാല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയും വിദേശത്തേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് പ്രതിരോധം തീര്‍ക്കുകയും ബദല്‍ മാതൃക സൃഷ്ടിക്കുകയും ചെയ്യേണ്ട സ്ഥാപനം. എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ, കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന നടപടികള്‍ക്കാണ് സര്‍വ്വകലാശാല സാക്ഷ്യം വഹിക്കുന്നത്. സര്‍വ്വകലാശാല ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ രഹസ്യ അജണ്ടകളും എസ്എഫ്ഐയും എന്‍എസ്യുവും ഉള്‍പ്പെട്ട ഇസ്സാമിസ്റ്റ് സംഘങ്ങളുടെ പരസ്യമായ ഭാരത വിരോധവും കേരളത്തിലെ മറ്റേതൊരു ക്യാമ്പസിന്റെയും നിലവാരത്തിലേക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയേയും കൊണ്ടെത്തിച്ചിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആര്‍ട്സ് ഫെസ്റ്റിന്റെ മറവില്‍ നടന്ന രാജ്യവിരുദ്ധ പ്രചാരണം.
നഗ്‌നയാക്കപ്പെട്ട ഭാരതാംബ
സ്റ്റുഡന്റ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തുന്ന ആര്‍ട്സ് ഫെസ്റ്റിവലാണ് കങ്കാമ. പത്ത് അംഗങ്ങളുള്ള കൗണ്‍സിലില്‍ എന്‍എസ്യു നാല് (വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങള്‍), എബിവിപി മൂന്ന് (വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം), എസ്എഫ്ഐ മൂന്ന് (പ്രസിഡന്റ്്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം) എന്നിങ്ങനെയാണ് അംഗബലം. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയറാണ് (ഡിഎസ്ഡബ്ല്യു) കൗണ്‍സിലിന്റെ ചെയര്‍മാന്‍. അഞ്ചര ലക്ഷം രൂപയാണ് ഫെസ്റ്റിനായി സര്‍വ്വകലാശാല അനുവദിച്ചിട്ടുള്ളത്.
സ്റ്റുഡന്റ്സ് കൗണ്‍സിലിലെ മുഴുവന്‍ ഭാരവാഹികളുടെയും അനുമതിയോടെ, പൂര്‍ണമായും സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടക്കേണ്ട കങ്കാമ ഫെസ്റ്റിവല്‍, എന്‍എസ്യു-എസ്എഫ്ഐ ജിഹാദി സംഘം ഹൈജാക്ക് ചെയ്തു. കൗണ്‍സിലില്‍ കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു. സര്‍വ്വകലാശാലക്ക് നൂറ് ശതമാനം നിയന്ത്രണമുള്ള ഫെസ്റ്റിവലിലെ ഈ നടപടിക്ക് അധികൃതര്‍ മൗനാനുവാദവും നല്‍കി. ചട്ടങ്ങള്‍ ലംഘിച്ചുള്ള നടത്തിപ്പ് തിരുത്താന്‍ ഒരു ഘട്ടത്തിലും വൈസ് ചാന്‍സിലറോ രജിസ്ട്രാറോ ഡിഎസ്ഡബ്ല്യുവോ കാര്യക്ഷമമായി ഇടപെട്ടതേയില്ല. അധികൃതരുടെ ഈ നിഷ്‌ക്രിയത്വമാണ് ഭാരതാംബയെ നഗ്‌നയാക്കിയും ദേശീയ പതാകയെ അപമാനിച്ചും മുസ്ലീം ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലേക്ക് എന്‍എസ്യു-എസ്എഫ്ഐ ജിഹാദി സംഘത്തെ എത്തിച്ചത്. ക്യാമ്പസില്‍ എസ്എഫ്ഐയുടെ ജിഹാദി ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മലയാളം വകുപ്പിലെ വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. യോഗദിനാഘോഷം നടന്നുകൊണ്ടിരിക്കെ വേദിയുടെ അരികിലായാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതും.
എബിവിപി പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ എടുത്തുമാറ്റിയെങ്കിലും പരിപാടിക്ക് ശേഷം ഇവ വീണ്ടും സ്ഥാപിക്കപ്പെട്ടു. ഇതിനെതിരെ എബിവിപി വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ്ജിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കി. എസ്എഫ്ഐയുടെ നടപടി ശരിയല്ലെന്നും ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന ഉറപ്പും നല്‍കി. പക്ഷേ, ഇവര്‍ നടപടി മണിക്കൂറുകളോളം വൈകിപ്പിച്ചു. പ്രതിഷേധം കനത്തത്തോടെ ബോര്‍ഡുകള്‍ എടുത്തുമാറ്റി. പിറ്റേ ദിവസം വിഷയം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിച്ചു. ഇതില്‍ പങ്കെടുത്ത രജിസ്ട്രാറെയും ഡിഎസ്ഡബ്ല്യുവിനെയും ആറ് മണിക്കൂറോളം എസ്എഫ്ഐക്കാര്‍ ബന്ദികളാക്കി. സര്‍വ്വകലാശാല രൂപീകരിച്ച കമ്മിറ്റിയുടെ അനുമതിയില്ലാതെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന്റെ മഷിയുണങ്ങും മുന്‍പ് മീറ്റിങ് കഴിഞ്ഞയുടന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. ഇതിനെതിരെ കര്‍ശന നടപടിയൈടുക്കാന്‍ വൈസ് ചാന്‍സിലറും രജിസ്ട്രാറും തയ്യാറായില്ല. പിറ്റേദിവസം വരെ ബോര്‍ഡ് അവിടെ പ്രദര്‍ശിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആഘോഷമാക്കി.
ക്യാമ്പസില്‍ ഉയര്‍ന്നുവരുന്ന ഇടിമുറി
കേരളത്തിലെ എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള കോളജുകളില്‍ വിദ്യാര്‍ഥികളെയും പ്രതിപക്ഷ സംഘടനകളെയും ആക്രമിക്കാനും ആയുധങ്ങള്‍ സംഭരിക്കാനും, വഴങ്ങാത്ത വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനും വിചാരണ ചെയ്യാനും സൃഷ്ടിച്ചെടുത്തിട്ടുള്ള ഇടിമുറികള്‍ പലപ്പോഴായി പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് കൊല്ലപ്പെട്ടപ്പോഴും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേയും എറണാകുളം മഹാരാജാസ് കോളജിലേയുമൊക്കെ ഇടിമുറികള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സമാനമായി കേന്ദ്രസര്‍വ്വകലാശാലയില്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് അനുവദിച്ച മുറി എസ്എഫ്‌ഐ ഹൈജാക്ക് ചെയ്യ്ത് എസ്എഫ്‌ഐയുടെ കൊടിതോരണങ്ങളും മറ്റ് സാധനസാമഗ്രികളും നിറച്ച് മിനി പാര്‍ട്ടി ഓഫീസാക്കി മാറ്റി. യൂണിയനില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ടെന്ന് ഇരിക്കെ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ്, രജിസ്ട്രാര്‍, ഡിഎസ്ഡബ്ല്യു എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ രേഖാമൂലം പരാതിനല്‍കി. മാസങ്ങളായി പരാതിക്കുമേല്‍ അടയിരിക്കുകയാണ് അധികൃതര്‍. പരാതിയോട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരുടെ നിലപാടില്‍ നിന്ന് മനസ്സിലാകുന്നത് നിയമവിരുദ്ധമായി പ്രവൃത്തിക്കുന്ന പാര്‍ട്ടി ഓഫീസിനും, ഇടിമുറിക്കും വിസി, രജിസ്ട്രാര്‍, ഡിഎസ്ഡബ്ല്യു എന്നിവരുള്‍പ്പടെയുള്ള സംഘത്തിന്റെ മൗനാനുവാദമുണ്ടെന്നാണ്. മറ്റൊരു വിദ്യാര്‍ഥി സംഘടനകള്‍ക്കും കൊടി തോരണങ്ങളുള്‍പ്പടെ ഒന്നും സര്‍വ്വകലാശാലയ്‌ക്കകത്ത് സൂക്ഷിക്കാന്‍ അനുവാദമില്ലെന്നിരിക്കെയാണ് എസ്എഫ്‌ഐക്ക് മാത്രം ക്യാമ്പസിനകത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് മുറി അനുവദിച്ചിരിക്കുന്നത്.
അധികൃതരുടെ അകമഴിഞ്ഞ പിന്തുണ
കങ്കാമയുടെ ഭാഗമായി നടന്ന ഘോഷയാത്രയിലും രാജ്യവിരുദ്ധ പ്രചാരണത്തിന് നീക്കമുണ്ടായി. ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും മത-രാഷ്‌ട്രീയ വിദ്വേഷം പടര്‍ത്താനും എന്‍എസ്യു-എസ്എഫ്ഐ ജിഹാദി സംഘം നിരന്തരം നടത്തുന്ന സംഘടിത നീക്കത്തിനെതിരെ ചെറുവിരലനക്കാന്‍ പോലും സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. ഇത്തരക്കാരെ ചട്ടങ്ങളും നിയമങ്ങളും ബാധകമാകാത്ത തരത്തില്‍ സര്‍വ്വവിധ സ്വാതന്ത്ര്യവും നല്‍കി അഴിഞ്ഞാടാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എബിവിപി നല്‍കിയ പരാതിയില്‍ സര്‍വ്വകലാശാലയോട് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന വ്യാജറിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതാദ്യമായല്ല കങ്കാമയുടെ മറവില്‍ സര്‍വകലാശാലയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങള്‍ ഉയരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഫെസ്റ്റിവലുകളില്‍ മതതീവ്രവാദികളെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള പേരുകള്‍ വേദികള്‍ക്ക് നല്‍കാന്‍ നീക്കമുണ്ടായിരുന്നു. ഇടത്-ഇസ്ലാമിസ്റ്റ് പക്ഷത്തുള്ളവരെയാണ് അതിഥികളായി പങ്കെടുപ്പിക്കുന്നതും. എസ്എഫ്ഐക്കാരുടെ വ്യാജ ബില്ലുകള്‍ പാസാക്കുന്നതും പുതുമയല്ല. ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ദേശീയതയെ ചോദ്യം ചെയ്യുന്നതും ഒരു വിഭാഗത്തെ അവഹേളിക്കുന്നതുമാണ്. ക്ലാസ് മുറിയില്‍ ദേശീയതക്കെതിരെ സംസാരിച്ചതിന് ഇടത് അനുഭാവിയായ അധ്യാപകനെ ഏതാനും വര്‍ഷം മുന്‍പ് സര്‍വകലാശാല സസ്പെന്റ് ചെയ്തിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടെ വലിയ പരിവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റത്തിന് തടയിടുകയെന്ന ലക്ഷ്യവും ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല, അധ്യാപക സമൂഹത്തിലും ജീവനക്കാര്‍ക്കിടയിലും കേന്ദ്ര സര്‍വ്വകലാശാലയെ വിവാദങ്ങളില്‍ തളച്ചിടുകയെന്ന അജണ്ട വച്ചുപുലര്‍ത്തുന്നവരുണ്ട്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര മുന്നേറ്റത്തിന് ഇത്തരക്കാരെ അകറ്റേണ്ടത് അനിവാര്യമാണ്.
(എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക