ഹിന്ദു കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്രികയില്‍ ഒഡിഷയിലെ കുടുംബങ്ങള്‍ പുലര്‍ച്ചെയുണര്‍ന്ന് നദിയിലേക്കോ തടാകത്തിലേക്കോയെത്തുന്ന പതിവുണ്ട്. കടലാസോ വാഴയുടെ പുറംതൊലിയോ ഉപയോഗിച്ച് നിര്‍മിച്ച ചെറിയ വള്ളങ്ങളില്‍ മണ്‍ചിരാതുകള്‍ തെളിയിച്ച് ഒഴുക്കുന്നതിനാണിത്. ഇന്ന് പല വിശ്വാസങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടുവെങ്കിലും ജാവ, ബാലി, സുമാത്ര, ബോര്‍ണിയോ, സുവര്‍ണഭൂമി (മ്യാന്മര്, മലയ) സിംഹള (ശ്രീലങ്ക) തുടങ്ങിയ വിദൂര ദേശങ്ങളിലേക്കുള്ള കലിംഗ ചില (ഒഡീഷ) ‘സാധവരുടെ’ (വ്യാപാരികള്‍) മഹാനദിയില്‍ നിന്നും ഹിന്ദു മഹാസമുദ്രത്തിലൂടെയുള്ള വാര്‍ഷിക യാത്രകള്‍ ഉത്സവരൂപേണ ആഘോഷിച്ചിരുന്നത് നൂറ്റാണ്ടുകള്‍ക്കുശേഷം പിന്മുറക്കാര് സ്മരിക്കുന്നത് ഇപ്രകാരമാണ്.
അവരുടെ യാത്രകള്‍ ലക്ഷ്യം വച്ചിരുന്നത് ഭാരതത്തിന്റെ കിഴക്കുള്ള ദേശങ്ങളായിരുന്നു. അങ്ങനെ എ.ഡി ഒന്നാം സഹസ്രാബ്ദത്തില്‍ ഈ ദേശങ്ങളില്‍ ഹൈന്ദവ സാമ്രാജ്യങ്ങള്‍ തഴച്ചു വളര്‍ന്നത് അക്കാലഘട്ടത്തില്‍ ഗ്രീസും റോമും മെഡിറ്ററേനിയനില്‍ പുലര്‍ത്തിയിരുന്ന ആധിപത്യത്തിന് സമാനമായിരുന്നു. എന്നാല്‍ അവരെപ്പോലെ ഈ ദേശങ്ങളില്‍ ഹൈന്ദവ മുദ്രകള്‍ പതിഞ്ഞത് അധിനിവേശത്തിലൂടെയോ അടിച്ചേല്‍പ്പിക്കലിലൂടെയോ പിടിച്ചടക്കലിലൂടെയോ ആയിരുന്നില്ല. പകരം സാമ്പത്തിക-രാഷ്ട്രീയ-വാണിജ്യ ബന്ധങ്ങളിലൂടെയും അനുകരണത്തിലൂടെയും സാംസ്കാരിക സ്വാംശീകരണത്തിലൂടെയുമായിരുന്നു.
ചൈനയെ ഹിന്ദുത്വം സ്വാധീനിച്ചത് ബൗദ്ധ ആശയങ്ങളിലൂടെയാണെങ്കിലും ദക്ഷിണ പൂര്‍വ്വേഷ്യന്‍ ദേശങ്ങള്‍, ജപ്പാന്, കൊറിയ തുടങ്ങിയ മറ്റ് പൂര്‍വ്വേഷ്യന്‍ ദേശങ്ങളെയും സമൂഹങ്ങളെയും രൂപപ്പെടുത്തിയത് ഹൈന്ദവ-ബൗദ്ധ ധര്‍മ പാരമ്പര്യങ്ങളുടെ സംയോജിത രൂപമായാണ്. ഇന്ന് മ്യാന്മര്, തായ്ലന്ഡ്, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ വിവിധ മതങ്ങളാല് ഭൂരിപക്ഷമായെങ്കിലും ഹിന്ദുത്വത്തിന്റെ അടിസ്ഥാന സ്വാധീനത്തില്‍ നിന്ന് വേര്‍പെട്ടിട്ടില്ല.
മ്യാന്മര് എന്ന പ്രവേശന കവാടം
പൂര്‍വേഷ്യയിലേക്ക് ഹൈന്ദവ സംസ്കാരം എങ്ങനെ, എന്തുകൊണ്ട് സഞ്ചരിച്ചുവെന്നുള്ളത് ഒരു ചര്‍ച്ചാവിഷയമാണ്. തങ്ങളുടെ വാണിജ്യ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് അടിത്തറയേകുവാന്‍ ഹിന്ദു വ്യാപാരികള്‍ കൊണ്ടുവന്നതാണെന്നും, ഭാരതത്തിലെ യോദ്ധാക്കളും സാഹസികരും സമുദ്രങ്ങള്‍ താണ്ടിയതിന്റെ ഫലമായാണിതെന്നും, ഹൈന്ദവ പുരോഹിതര്‍ ബൗദ്ധ, ശൈവ, വൈഷ്ണവ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചതിന്റെ ഫലമായാണിതെന്നുമുള്ള മൂന്ന് തരം കാഴ്ചപ്പാടുകള്‍ പ്രബലമാണ്. എന്നാല്‍ ചരിത്രപരമായി മൂന്ന് ഘടകങ്ങള്‍ക്കും പങ്കുണ്ടെങ്കിലും എ.ഡി 1025-ല്‍ ദക്ഷിണാപഥത്തിലെ ചോള രാജാവ് രാജേന്ദ്രന് ഒന്നാമന് ശ്രീവിജയയില്‍ (ഇന്തോനേഷ്യ -മലയ ഉപദ്വീപ്) നടത്തിയ നാവികയുദ്ധം ഒഴിച്ചാല്‍ അക്കാലത്തെ റോമ-ഗ്രീസുകാരുടെയും ആധുനിക യൂറോപ്യന്‍-ക്രൈസ്തവ-ഇസ്ലാമിക അധിനിവേശ രീതിയില്‍ ഹിന്ദു യോദ്ധാക്കള്‍ ദക്ഷിണ പൂര്‍വേഷ്യയില്‍ ബലപ്രയോഗം നടത്തിയതിന് തെളിവുകളില്ല. മാത്രമല്ല ഹിന്ദുത്വ സാംസ്കാരികതയുടെ വ്യാപനം സമാധാനപൂര്‍ണമായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളോ അക്രമമോ കോളനിവല്ക്കരണമോ കീഴ്പ്പെടുത്തലോ ഉണ്ടായില്ലെന്ന് മാത്രമല്ല ഈ ദേശങ്ങളിലേക്ക് ഹിന്ദുക്കള്‍ വിപുലമായ കുടിയേറ്റം നടത്തുകയോ, തദ്ദേശീയരെ നേരിട്ടോ ഭാരതത്തിലിരുന്നുകൊണ്ടോ ഭരിക്കുന്നത് ലക്ഷ്യമാക്കിയിരുന്നില്ല. പകരം ദക്ഷിണ പൂര്‍വേഷ്യയിലെ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ സംഘടിതവും സുസ്ഥിരവുമായ ഒരു ക്രമം രൂപപ്പെടുത്തുന്നതിന് ഭാരതവുമായുള്ള സമ്പര്‍ക്കത്തിലൂടെ ഈ ദേശങ്ങള്‍ക്ക് സാധിച്ചുവെന്ന് പറയാം. അതുകൊണ്ടുതന്നെ പുരാതനകാലത്തെ പണ്ഡിതന്മാര് അഖണ്ഡഭാരതത്തെയും ദക്ഷിണപൂര്‍വേഷ്യന്‍ ദേശങ്ങളെയും ഒരു മണ്ഡലമായി (വൃത്തം) അല്ലെങ്കില്‍ ഒരു പ്രദേശമായി കണ്ടിരുന്നു. അത് കേവലം അതിര്‍ത്തികളെ മാനദണ്ഡമാക്കിയുള്ള ഇന്നത്തെ ദേശ-രാഷ്ട്ര സങ്കല്‍പ്പത്തിലായിരുന്നില്ല. അയഞ്ഞ രാഷ്ട്രീയ ഘടനയോടും, താരതമ്യേന നേരിയ ബലപ്രയോഗങ്ങളാലും, സമുദ്ര അതിരുകളാല്‍ വേര്‍തിരിഞ്ഞും വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഹിന്ദുത്വ സാംസ്കാരികതയാല്‍ ഏകീകരിക്കപ്പെട്ട ഒരു ദേശമായിരുന്നു.
പൂര്‍വേഷ്യയിലേക്കുള്ള ഹൈന്ദവ പ്രഭാവത്തിന്റെ പ്രവേശന കവാടമായിരുന്നു ഇന്നത്തെ മ്യാന്മര്. അവിടുത്തെ പുണ്യസ്ഥലമായ ഷ്വേദഗോണ്‍ ബുദ്ധ വിഹാരത്തിന്റെ സ്ഥാപനത്തെ സംബന്ധിച്ച് ഇന്നും നിലനില്‍ക്കുന്ന കഥ ദേശങ്ങള്‍ക്കിടയിലെ സാംസകാരിക വിനിമയം എങ്ങനെ ശാന്തമായി നടന്നിരുന്നുവെന്നു സൂചിപ്പിക്കുന്നു. കഥയനുസരിച്ച്, ‘ഉക്കല’യില്‍ (ആധുനിക യാങ്കൂണ്‍)നിന്നുള്ള രണ്ട് വ്യാപാരി സഹോദരന്മാര്, തപുസയും ഭല്ലികയും ഭാരതത്തില്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ ബുദ്ധനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ബുദ്ധന് നല്കിയ എട്ട് മുടിയിഴകള്‍ അവര്‍ ‘ശ്വേദഗോണി’ല്‍ പ്രതിഷ്ഠിച്ചു. ഇന്നത്തെ ഷ്വേദഗോണ്‍ ബുദ്ധ വിഹാരമായി അത് വളര്‍ന്നു. പാലി രേഖകള്‍ അനുസരിച്ച്, സഹോദരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉത്കല (ഒഡീഷ) സ്വദേശികളായിരുന്നു. പിന്നീടാണവര്‍ മ്യാന്മറില് താമസമാക്കിയത്. ഇവിടെയും രണ്ടു സ്ഥലനാമനാമങ്ങളുടെ സാമ്യത ശ്രദ്ധേയമാണ്. ഇപ്രകാരം വ്യാപാര-വാണിജ്യത്തിന്റെയും ആത്മീയ ബന്ധങ്ങളുടെയും സമ്പര്‍ക്കത്തിന്റെയും ഫലമായി ദക്ഷിണ പൂര്‍വ്വേഷ്യയിലെ സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും സ്ഥാനങ്ങള്‍ക്കും ഹൈന്ദവ നാമങ്ങള്‍ നല്‍കുന്നത് സാധാരണമായിരുന്നു.
ശ്രീവിജയയിലെ ഹൈന്ദവത
ഏഴ് മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെ ദക്ഷിണ പൂവ്വേഷ്യയിലെ വാണിജ്യ പാതയും ബുദ്ധധര്‍മ പഠനത്തിന്റെ പ്രധാന കേന്ദ്രവുമായിരുന്നു സുമാത്രയിലെ (ഇന്തോനേഷ്യ) പാലെംബാംഗ് കേന്ദ്രമായിരുന്ന ശ്രീവിജയ ദേശം. ഏഴാം നൂറ്റാണ്ടില്‍ ഭാരതത്തിലെ നളന്ദ ആശ്രമത്തില്‍ പഠിക്കാനും ബുദ്ധധര്‍മ ലിപികള്‍ ശേഖരിക്കാനുമെത്തിയ ചൈനീസ് സംന്യാസിയായ യിജിംഗ് അവ വിവര്‍ത്തനം ചെയ്യുന്നതിനും, ചൈന-ഭാരതം ബൗദ്ധ ആശയങ്ങളുടെ വിനിമയത്തെ സംബന്ധിച്ചു എഴുതാനും ശ്രീവിജയയില്‍ വര്‍ഷങ്ങളോളം സമയം ചെലവഴിച്ചു. ഭാരതത്തില്‍ ലഭ്യമായ അതേ എളുപ്പത്തിലും സൗകര്യത്തോടെയും ബൗദ്ധ ധര്‍മം പഠിക്കാന്‍ കഴിയുന്ന ആയിരത്തിലധികം ബുദ്ധ സംന്യാസിമാരുടെ സാന്നിധ്യം ശ്രീവിജയയില്‍ അന്നുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ എഴുത്തുകളില്‍ വിവരിക്കുന്നുണ്ട്. ശ്രീവിജയയില്‍ കരുത്താര്‍ജ്ജിച്ച ഹൈന്ദവ സ്വാധീനം ഇന്നത്തെ മലാക്ക കടലിടുക്കിലൂടെ പശ്ചിമ മലേഷ്യയിലേക്കും ദക്ഷിണ തായ്ലന്‍ഡിലേക്കും പിന്നീട് വ്യാപിച്ചു. ഇന്നും അവിടെ സ്ഥിതിചെയ്യുന്ന നിരവധി ശ്രീവിജയ ശൈലിയിലുള്ള ക്ഷേത്രങ്ങളില്‍ ഈ ഹൈന്ദവ സ്വാധീനം കാണുവാന്‍ സാധിക്കും.
ഇന്നത്തെ തായ്ലന്‍ഡുമായുള്ള ഹൈന്ദവരുടെ സമ്പര്‍ക്കം ബി.സി നാലാം നൂറ്റാണ്ടില്‍ തുടങ്ങി. എന്നാല്‍ ബി.സി ആറാം നൂറ്റാണ്ടില്‍ വ്യാപാരികള്‍ ഹിന്ദു മഹാസമുദ്രം താണ്ടി തായ്ലന്ഡിലേക്ക് വന്നതായും അഭിപ്രായമുണ്ട്. തായ്ലന്ഡിലെ ചില പുരാതന സ്ഥലനാമങ്ങളായ സുഖോത്തൈ, അയുതിയ, ഹരിപുഞ്ജയ, ലോപ്ബുരി, ദ്വാരവതി, സജ്ജനാലയ തുടങ്ങിയ പദങ്ങള്‍ സംസ്കൃത ഭാഷയുടെ സംഭാവനയാണ്. ഇന്ദ്രാദിത്യ, രാമ, ആനന്ദ, ചക്രപത്, ത്രൈലോക് എന്നിങ്ങനെ പല തായ് രാജാക്കന്മാരുടെയും പേരുകളില്‍ ഹൈന്ദവ സ്വാധീനം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. തായ് ഭാഷയിലെ ആകാശ് (ആകാസ്), മഹാ (മഹാ), സ്ഥാനി (സ്ഥാന്), രച (രാജ). ശകുന്തള, മദനബോധ, സാവിത്രി എന്നിങ്ങനെ സംസ്കൃതത്തില്‍ നിന്ന് ഉത്ഭവിച്ച അസംഖ്യം പദങ്ങളുണ്ട്. ഹൈന്ദവ കൃതികളില്‍ നിന്നുള്ള കഥകളും തായ് സാഹിത്യത്തിന്റെ ഭാഗമാണ്. ‘രാമകിയന്‍’ എന്ന രാമായണത്തിന്റെ തായ് പതിപ്പ് നിരവധി തായ് ചിത്രകലകള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനമായി മാറി. ‘നങ്’ എന്നറിയപ്പെടുന്ന നിഴല്‍ നാടകങ്ങളില്‍ രാമന്റെയും സീതയുടെയും കഥകള്‍ അവര്‍ ഇപ്പോഴും അഭിനയിക്കുന്നു.
വിയറ്റ്നാമിലെ ശിവഭക്തന്
ഇന്നത്തെ വിയറ്റ്നാമിന്റെ മധ്യ ദക്ഷിണ ഭാഗത്തെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ചമ്പ. ചൈന മുതല്‍ ഭാരതംവരെ നീണ്ടുകിടക്കുന്ന സമുദ്രപാതകള്ക്കിടയിലുള്ള അതിന്റെ സ്ഥാനം ചമ്പയുടെ സമൃദ്ധിക്ക് കാരണമായെന്ന് പറയാം. വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയ ഹൈന്ദവ ദേവതകളെ ചമ്പയില്‍ ആരാധിച്ചിരുന്നെങ്കിലും ചമ്പ ഭരണാധികാരികള്‍ ശിവ ഭക്തരായിരുന്നു. ചമ്പയില്‍ ശിവഭഗവാന് അറിയപ്പെട്ടിരുന്നത് സംഹാര മൂര്‍ത്തിയായല്ല, സംരക്ഷകനായായിരുന്നു. പുരാതന ചമ്പയിലെ ലോകത്തിലെ കലാപരമായ നേട്ടത്തിന്റെ പ്രതീകമായിരുന്നു ഹൈന്ദവ, ജാവനീസ്, ഖെമര്‍ രീതികള്‍ സംയോജിപ്പിച്ച് നിര്‍മ്മിച്ച, ഇപ്പോള്‍ ‘ചാം ടവറുകള്‍’ എന്നറിയപ്പെടുന്ന ഗോപുര ക്ഷേത്രങ്ങള്‍. വിയറ്റ്നാമില്‍ ബൗദ്ധ ധര്‍മം ഉത്ഭവിച്ചത് ബി.സി മൂന്നാം നൂറ്റാണ്ടിലെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. അശോകന്റെ രക്ഷാകര്‍തൃത്വത്തില്‍ പാടലീപുത്രയില്‍ നടന്ന മൂന്നാമത്തെ ബുദ്ധധര്‍മ സമ്മേളനത്തിനുശേഷം ഒമ്പത് ബൗദ്ധ ധര്‍മ പ്രചാരക സംഘത്തെ മേഖലയിലേക്ക് അയക്കുകയും, ഹിന്ദു മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ഒരു സംഘം വടക്കന്‍ വിയറ്റ്നാമിലെ ഗിയ ചൗവില്‍ (ബാക് നിന്‍ഹ് പ്രവിശ്യ) എത്തിചേര്‍ന്നു.
ജാപ്പനീസ് കല, സാഹിത്യം, സംഗീതം, ആത്മീയതയില്‍ ഹൈന്ദവ സംസ്കാരത്തിന്റെ അഗാധമായ സ്വാധീനമുണ്ട്. ഭാരതത്തില്‍ വിദ്യയുടെയും സംഗീതത്തിന്റെയും ജ്ഞാനത്തിന്റെയും ദേവതയായി ആരാധിക്കുന്ന സരസ്വതി ദേവിയെ ജപ്പാന് ജനത സ്വീകരിച്ചത് ‘ബെന്‍സൈറ്റന്‍’ എന്ന പേരിലാണ്. അവര്‍ ലക്ഷ്മി ദേവിയെ ‘കിച്ചിജോട്ടെന്‍’ അല്ലെങ്കില്‍ കിഷോട്ടന്, ഇന്ദ്രദേവനെ ‘തൈഷകുട്ടീനെ’ന്നും ബ്രഹ്മാവിനെ ‘ബൊണ്ടീനെ’ന്നും, ഗണപതിയെ ‘കാങ്കിതെ’ന്നും, ഗരുഡനെ ‘കരൂര’യെന്നും, കുബേരനെ ‘ബിഷമോണ്ടീനെ’ന്നും ആരാധിക്കുന്നു. ദേവതകളെയെല്ലാം ബുദ്ധധര്മവുമായി സംയോജിപ്പിക്കുവാനും ജപ്പാന് ജനതയ്ക്ക് സാധിച്ചു. ജപ്പാനിലെ ഹിന്ദുത്വ സ്വാധീനം ആ ജനതയെ സമ്പന്നമായ സാംസ്കാരികതയിലേക്ക് വളര്‍ത്തിയെന്നു തന്നെ പറയാം. വൈവിധ്യങ്ങള്‍ക്കിടയിലും ജപ്പാനിലെ സാംസ്കാരിക ഐക്യവും സമാധാനവും ഇത് അടിവരയിടുന്നു. മാത്രമല്ല ജാപ്പനീസ് ജനതയുടെ ലോകവീക്ഷണങ്ങള്‍, മൂല്യങ്ങള്‍, മാനവികതയ്ക്കും അതൊരു ഉള്‍ക്കാഴ്ച പകര്‍ന്നു നല്കി. സമാനമാണ് രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ഭാരതം-കൊറിയ ബന്ധം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഓരോ വര്‍ഷവും നൂറുകണക്കിന് ദക്ഷിണ കൊറിയക്കാര്‍ തങ്ങളുടെ ഇതിഹാസ രാജ്ഞിയായ ഹിയോ ഹ്വാങ്-ഓക്കിന്റെ (സൂരിരത്ന) ജന്മസ്ഥലമെന്ന് കരുതി അയോദ്ധ്യ സന്ദര്‍ശിക്കുന്നത്. ബേജ്കെ, സില്ല, ഗോഗുരെയോ എന്നീ മൂന്ന് രാജ്യങ്ങളെ സംബന്ധിക്കുന്ന ബുദ്ധ സംന്യാസിമാര്‍ സമാഹരിച്ച ‘സംഗുക് യൂസ’ എന്ന കൊറിയന്‍ ഗ്രന്ഥത്തിലാണ് ഹിയോയെക്കുറിച്ചു പരാമര്‍ശിക്കുന്നത്. ‘അയുത്യ’ രാജ്യത്തിന്റെ രാജകുമാരിയായിരുന്നു ‘ഹിയോ’യെന്നും അവര്‍ പതിനാറ് വയസ്സുള്ളപ്പോള്‍ എ.ഡി 48-ല്‍ കൊറിയയിലെത്തുകയും സുറോ രാജാവിനെ വിവാഹം ചെയ്യുകയും, ഗ്യൂംഗ്വാന് ഗയയിലെ ആദ്യത്തെ രാജ്ഞിയായി മാറുകയും ചെയ്തു. ഇവിടുത്തെ പിന്മുറക്കാരാണ് എല്ലാ വര്‍ഷവും അയോദ്ധ്യ സന്ദര്‍ശിക്കുന്നത്.
അങ്കോര്‍വാട്ടിലെ വാസ്തുകല
മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ മേഖലയിലെത്തിയ എഴുത്തിന്റെ ആദ്യരൂപം സംസ്കൃത ലിപികളാണ്. പിന്നീട് പ്രാദേശിക ഭാഷകളും സമാനമായ അക്ഷരമാല സ്വീകരിച്ചു ബര്‍മീസ്, തായ്, ലാവോസ്, കംബോഡിയ എന്നീ ഭാഷകള്‍ക്ക് ഇന്ന് ഉപയോഗിക്കുന്ന അക്ഷരമാലകള്‍ യഥാര്‍ത്ഥത്തില്‍ ഭാരതീയ ഭാഷ പ്രോട്ടോടൈപ്പില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ഈ ദേശങ്ങളില്‍ നിന്നും മുന്‍കാലങ്ങളില്‍ കണ്ടെത്തിയിട്ടുള്ള പുരാതന ലിഖിതങ്ങള്‍ സംസ്കൃതത്തിലുള്ളവയായിരുന്നു. ഭൂമിശാസ്ത്രപരമായ സാമീപ്യവും ഗണ്യമായ സമ്പത്തും ഭാരതത്തിലെ കച്ചവടക്കാരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടാവണം. ഹൈന്ദവ സാഹിത്യങ്ങളിലെ വിവിധ പരാമര്‍ശങ്ങള്‍ ഇത് രേഖപ്പെടുത്തുന്നുണ്ട്. രാമായണം, പാലി നിദേശം തുടങ്ങിയ വിവിധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന സുവര്‍ണദ്വീപ്, കര്‍പ്പൂരദ്വീപ്, ബാര്‍ലി ദ്വീപ്, നരികേളദ്വീപ് തുടങ്ങിയ നാമങ്ങള്‍ ഈ ദേശങ്ങളിലെ കാര്‍ഷിക വാണിജ്യ ബന്ധങ്ങളെയും സമ്പന്നതയെയും സൂചിപ്പിക്കുന്നു.
ഇപ്രകാരം ബൗദ്ധ-ശൈവ-വൈഷ്ണവ രൂപേണയുള്ള ഹിന്ദുത്വത്തിന്റെ വരവ് പൂര്‍വ്വേഷ്യന്‍ സമൂഹങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ ഘടനയെ ആഴത്തില്‍ സ്വാധീനിച്ചുവെന്നുതന്നെ പറയാം. എന്നാല്‍ സെമറ്റിക് മതങ്ങളെപോലെ മുമ്പുണ്ടായിരുന്ന തദ്ദേശീയ വിശ്വാസങ്ങളെയും ആരാധനകളെയും അത് തകര്‍ക്കുകയോ അപരവത്കരണം നടത്തുകയോ ചെയ്തില്ല. പകരം, പ്രാദേശിക പാരമ്പര്യങ്ങളും ഹൈന്ദവ സാംസ്കാരികതയും പരസ്പരം ലയിച്ചു. അതുകൊണ്ടുതന്നെ പൂര്വ്വേഷ്യക്കാര്ക്ക് തങ്ങള്‍ സ്വാംശീകരിച്ച ഹൈന്ദവതയില്‍ പ്രാദേശിക രസങ്ങള്‍ ചേര്‍ക്കുന്നതില്‍ തടസമുണ്ടായിരുന്നില്ല. അതവരുടെ ആചാരങ്ങളിലും വാസ്തുവിദ്യയിലും തെളിമയോടെ ദര്‍ശിക്കാനാവും. ഇതിനുദാഹരണങ്ങളായ കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രവും ഇന്തോനേഷ്യയിലെ ബോറോബുദൂര്‍ ക്ഷേത്രവും നിര്‍മിച്ചിരിക്കുന്നത് ഭാരതീയ പാരമ്പര്യങ്ങളനുസരിച്ചാണെങ്കിലും ലോകത്തെ ഏറ്റവും വലിയ രണ്ടു ക്ഷേത്രങ്ങളിലും ദക്ഷിണ പൂര്‍വേഷ്യന്‍ പ്രാദേശിക വാസ്തുകലയുടെ സംയോജനവും കാണാം.
ഇന്ദ്രന്റെ ഇടിമിന്നല്‍ തായ്ചിഹ്നം
മേഖലയിലെ ഹൈന്ദവ സ്വാധീനത്തിനു മങ്ങലേറ്റത് മധ്യകാലഘട്ടത്തോടെയാണ്. ഏകദേശം പതിമൂന്നാം നൂറ്റാണ്ടോടുകൂടി ഈ ദേശങ്ങളിലേക്ക് ഇസ്ലാമിന്റെ ആഗമനമുണ്ടായി. ഗുജറാത്തി വ്യാപാരികളുടെ സുഗന്ധവ്യഞ്ജന, കുരുമുളക് വ്യാപാരം ദക്ഷിണ പൂര്‍വ്വേഷ്യയില്‍ പുതിയ ഇസ്ലാമിക വാസസ്ഥലങ്ങള്‍ക്ക് കാരണമായി. പല ഹൈന്ദവ രാജാക്കന്മാരും ഇസ്ലാം മതം സ്വീകരിച്ചു. പലരും ഭാരതത്തില്‍ നിന്നുള്ള മുസ്ലിം വ്യാപാരികള്‍ക്ക് പെണ്മക്കളെ വിവാഹം ചെയ്തു നല്കി. എന്നാല്‍ സനാതന ഭാരതത്തില്‍ നിന്നുമെത്തിയതിനാല്‍ ഈ മുസ്ലിങ്ങള്‍ അറേബ്യയിലെ മുസ്ലിങ്ങളെപോലെ യാഥാസ്ഥിതികരായിരുന്നില്ല. അതുകൊണ്ടുതന്നെ പൂര്‍വേഷ്യയില്‍ മതംമാറിയവര്‍ ഹൈന്ദവ പാരമ്പര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നു. ഇക്കാലയളവില്‍ ഭാരതത്തിന്റെ സനാതന പാരമ്പര്യത്തിനും മൂല്യച്യുതി സംഭവിച്ചു. ഇസ്ലാമിക അധിനിവേശത്തില്‍ ഭൂമികള്‍ നഷ്ടമാവുകയും, സനാതന ധര്‍മത്തിന്റെ പ്രഭാവത്തിന് മങ്ങലേല്‍ക്കുകയും ചെയ്തു. എന്നിരുന്നാലും പൂര്‍വേഷ്യയുടെ ആചാരങ്ങളിലും സംസ്കാരത്തിലും വാസ്തുവിദ്യാ രൂപകല്‍പ്പനകളിലും ഹിന്ദു സ്വാധീനം ഇന്നും കാണുവാനും അനുഭവിക്കാനും കഴിയും.
ഇന്നത്തെ കംബോഡിയ അടക്കമുള്ള രാജ്യങ്ങളിലെ ക്ഷേത്ര ആചാരങ്ങളും മലേഷ്യയിലെ മുസ്ലിം വിവാഹ ചടങ്ങുകളിലും ഹിന്ദു ആചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള വസ്ത്രധാരണത്തിലും മേഖലയിലെ ഹൈന്ദവ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമാണ്. മലേഷ്യ ഹിന്ദു-ബുദ്ധമത വിശ്വാസങ്ങളില്‍ ചിലത് ഇപ്പോഴും നിലനിര്‍ത്തുന്നു. ഇന്ദ്രന്റെ ഇടിമിന്നല്‍ ചിഹ്നം ഇപ്പോഴും മലായ് സുല്ത്താന്മാരുടെ കൈത്തളകളില് ഒരു അലങ്കാരമായി തുടരുന്നു. ഈ ഭരണാധികാരികളുടെ കൊട്ടാര നിര്‍മാണങ്ങള്‍ക്ക് ജ്യോതിഷപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നു. ഉദ്ഘാടന ചടങ്ങുകളില്‍ അല്ലാഹുവിനെ മാത്രമല്ല, ഹിന്ദു ദേവതകളെയും ആരാധിക്കുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടില്‍ മേഖലയിലെ ചൈന, ഉത്തരകൊറിയ തുടങ്ങിയ പല രാജ്യങ്ങളിലും കമ്മ്യൂണിസത്തിന്റെ വ്യാപനമുണ്ടായി. ഇതോടെ മഹത്തായ സംസ്കാരങ്ങള്‍ക്കുമേല്‍ കൂടുതല്‍ കരിനിഴല്‍ വീണു. എന്നിരുന്നാലും പല രാജ്യങ്ങളെയും കമ്മ്യൂണിസത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ അന്നത്തെ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ആധുനിക കാലത്തും ഭാരതത്തിന് ഈ രാജ്യങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്തുവാന്‍ സാധിക്കുന്നു.
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: