ന്യൂദല്‍ഹി: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം എത്രയും വേഗം കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറണം. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, സംസ്ഥാന സമിതിയംഗം പി. ആര്. ശിവശങ്കരന് എന്നിവര്‍ നല്കിയ പരാതിയിന്മേലാണ് ദേശീയ വനിതാ കമ്മിഷന്റെ നിര്‍ണായക ഇടപെടല്‍.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചിട്ടുണ്ട്. സ്ത്രീകളായ സിനിമാ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് കൈമാറാന്‍ ദേശീയ വനിതാ കമ്മിഷന് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കമ്മിഷന് സന്ദര്‍ശനം നടത്തും.
290 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ബാക്കിയുള്ള 57 പേജുകളില്‍ വ്യക്തികള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ പീഡനമടക്കമുള്ള കുറ്റകൃത്യങ്ങളെപ്പറ്റിയാണ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്ന പേജുകളില്‍ ഉള്ളതെന്ന സംശയം ശക്തമാണ്. ഇത് പുറത്തുകൊണ്ടുവരാന്‍ വനിതാ കമ്മിഷന്റെ നടപടികള്‍ സഹായിക്കും.
സ്വാഗതാര്‍ഹമായ നടപടിയാണ് വനിതാ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സന്ദീപ് വാചസ്പതി പ്രതികരിച്ചു. സിനിമാ മേഖലയിലടക്കം സ്ത്രീകളെ ദ്രോഹിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള അവസരമായി ഇതിനെ കാണുന്നതായും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമനടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്ക് അടക്കം മലയാള സിനിമയില്‍ സ്വാധീനമുണ്ടെന്ന അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഹേമ കമ്മറ്റി നടത്തിയിട്ടും പിണറായി വിജയന് സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: