അവിശ്വസനീയമായ കായിക മികവിന്റെ ആള്‍രൂപമായ ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിന്റെ ജന്മദിനം ഭാരതം ഓര്‍ക്കുന്നത് ദേശീയ കായികദിനമായിട്ടാണ്. ഹോക്കി കളിക്കളങ്ങളില്‍ അപാര കഴിവ് പ്രകടിപ്പിച്ച ധ്യാന്‍ചന്ദിന്റെ ഹോക്കി സ്റ്റിക്ക് ഒരിക്കല്‍ നെതര്‍ലന്‍ഡ്സില്‍ വച്ച് ബന്ധപ്പെട്ട അധികാരികള്‍, സ്റ്റിക്കില്‍ കാന്തം ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി പൊട്ടിച്ചുനോക്കുകവരെയുണ്ടായി.
ദേശീയ കായിക ദിനം നാം ആചരിക്കുന്നത് ധ്യാന്‍ ചന്ദിന്റെ പേരിലായത് കേവലം യാദൃച്ഛികമല്ല. പകരം അദ്ദേഹത്തിലെ കായിക മാന്ത്രികത, ഭാരതത്തിലെ ഓരോ വ്യക്തിയിലും സന്നിവേശിപ്പിച്ചുകൊണ്ട് കായിക മേഖലയെ നമ്മുടെ സമൂഹത്തിന്റെ സമഗ്ര വികസനത്തിന്റെ ഊര്‍ജ്ജസ്വലമായ ഇടമാക്കി മാറ്റാന്‍ കൂടിയാണ്.
ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ കായികവിനോദങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ധനുര്‍വിദ്യ, ഗുസ്തി, രഥയോട്ട മത്സരങ്ങള്‍ എന്നിങ്ങനെ അനവധി കായിക മത്സരങ്ങളില്‍ സിന്ധുനദീതട സാംസ്കാരിക കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ ഏര്‍പ്പെട്ടിരുന്നതായി തെളിവുകളുണ്ട്. മഹാഭാരതത്തില്‍ സൂചിപ്പിക്കുന്നത് ഭീമസേനന് ‘ കുട്ടിയും കോലും’ എന്ന, ഇന്നും പ്രചാരത്തിലുള്ള കായികവിനോദത്തില്‍ പ്രവീണനായിരുന്നു എന്നും കൗരവരും പാണ്ഡവരും ഈ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നുമാണ്.
ഇത്തരത്തില്‍ പൗരാണിക കാലം മുതല്‍ ഇന്നുവരെ അനസ്യൂതം തുടരുന്ന കായിക വിനോദ, കായിക മത്സരങ്ങളുടെ ചരിത്രം നമുക്ക് മുന്നിലേക്ക് തുറന്നു തരുന്നത് ഭാരതീയരുടെ സാംസ്കാരിക പ്രയാണത്തിലെന്നും കായിക പ്രവര്‍ത്തികള്‍ക്ക് വലിയ പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ്. കുട്ടിയും കോലും മുതല്‍ ചതുരംഗം വരെ മനസ്സിനും ശരീരത്തിനും ബുദ്ധിക്കും ഉണര്‍വേകുന്ന മത്സരങ്ങളുടെ ചരിത്രം നമ്മുടെ നാടിന്റെ കായിക വൈവിധ്യം എടുത്തുകാട്ടുന്നു.
ആധുനിക ഭാരതത്തില്‍ കായിക മത്സരങ്ങള്‍ക്ക് മികച്ച പരിഗണന ലഭിച്ചു. മേജര്‍ ധ്യാന്‍ ചന്ദിന്റെ നേതൃത്വത്തില്‍ നാം ലോകത്തിന്റെ കായിക ഭൂപടത്തില്‍ ഒന്നല്ല, മൂന്നു തവണയാണ് (1928, 1932, 1936) ഹോക്കിയില്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാക്കളായത്. ഒളിംപിക്സ് മത്സരങ്ങളില്‍ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ പയ്യോളി എക്സ്പ്രസ് എന്ന പി.ടി. ഉഷയുടെ കുതിപ്പ് കൊച്ചുകേരളത്തിന്റെ യശസ്സുയര്‍ത്തി. ഏഷ്യന്‍ ഗെയിംസില്‍ 11 മെഡലുകളുടെ തിളക്കവുമായി ഇന്നും കായിക മേഖലയുടെ അമരത്തുനിന്ന് ഭാരതത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന പി.ടി.ഉഷ ഈ മേഖലയില്‍ തനതായ ഇടം നേടാന്‍ സ്വപ്നം കാണുന്ന ,പ്രയത്നിക്കുന്ന ഓരോരുത്തരുടെയും മാതൃകയാണ്.
മേജര്‍ ധ്യാന്‍ ചന്ദും, പി.ടി. ഉഷയും, അഞ്ജു ബോബി ജോര്‍ജും, മനു ഭാക്കറും വരെ നീളുന്ന കായിക മേഖലയിലെ വിജയഗാഥകള്‍ ഓരോ ഭാരതീയനും പ്രചോദനമാണ്. സംഘടിതമായ കായിക മേഖലയിലെ മത്സരങ്ങള്‍ മാത്രമല്ല പൊതുവായ കായിക മത്സരങ്ങള്‍, വിനോദങ്ങള്‍ എല്ലാം തന്നെ പൗരന്മാരുടെ ആരോഗ്യത്തിനും സമഗ്ര സ്വാസ്ഥ്യം എന്ന ആശയത്തിനും പ്രേരണയാകുന്നു. കായിക വിനോദങ്ങള്‍ പൗരന്മാരുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും അനിവാര്യമാണ് എന്ന ആശയം ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’2019 ആഗസ്ത് 29 ന് ആരംഭിച്ചത്. സമഗ്ര കായിക സംസ്കാരം എന്ന ആശയമാണ് ഫിറ്റ് ഇന്ത്യയില്‍ക്കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുവേണ്ടി ഏര്‍പ്പെടുന്ന കായിക വിനോദങ്ങള്‍ വഴി ശാരീരിക ശക്തി, ഹൃദയത്തിനും രക്ത ചംക്രമണ വ്യവസ്ഥയ്ക്കും ശേഷി വര്‍ധനവ്, ഓര്‍മ്മശക്തിയും ചിന്താശേഷിയും വര്‍ധിപ്പിക്കല്‍ ഇങ്ങനെ അനവധി ഗുണങ്ങളാണ് ‘ഫിറ്റ് ഇന്ത്യ’ പദ്ധതിയില്‍ പങ്കു ചേരുക വഴി ഓരോ പൗരനിലും ലക്ഷ്യമിടുന്നത്.
എന്തുകൊണ്ട് ഫിറ്റ് ഇന്ത്യ?
അന്താരാഷ്ട്ര ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഈ വര്‍ഷം മെയ് 29 നു പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട് 2024 പ്രകാരം ഇപ്പോഴും സമീകൃത ഡയറ്റ് ലഭ്യമല്ലാത്തതിനാല്‍ 16.6 ശതമാനം ജനങ്ങള്‍ പോഷണക്കുറവ് നേരിടുന്നു. 38 ശതമാനം ജനങ്ങള്‍ അനാരോഗ്യകരമായ ആഹാരം കഴിക്കുകയും ചെയ്യുന്നു. 2015 ല്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ ചെലവ് ഏകദേശം 8 .8 ബില്യണ്‍ ഡോളറായിരുന്നു എങ്കില്‍ 2019 ല്‍ ഇത് 11.6 ബില്ല്യണ്‍ ഡോളറാണ്. അനാരോഗ്യകരമായ സംസ്കരിച്ച ഭക്ഷണത്തിനു വേണ്ടി രാജ്യത്തെ കുടുംബങ്ങള്‍ ചെലവാക്കുന്ന തുകയുടെ തോത് ഇതേ കാലയളവില്‍ 6.5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിച്ചു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ വ്യായാമമോ മറ്റു കായിക പ്രവര്‍ത്തികളോ ഇല്ലാതെ വരുന്ന സാഹചര്യം ഉടലെടുക്കുകയും അതുവഴി ജീവിത ശൈലീരോഗങ്ങള്‍ അധികരിക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെടുന്നു എന്നാണ്.
ഇത്തരം ഒരു അവസ്ഥ വ്യക്തികളുടെയും അതുവഴി രാജ്യത്തിന്റെയും ഉല്പാദനക്ഷമതയെ പിന്നോട്ടടിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഫിറ്റ് ഇന്ത്യ പോലെയുള്ള പദ്ധതികള്‍ വഴി കായികസംസ്കാരത്തില്‍ അടിസ്ഥാനപെടുത്തിയ ജീവിത ശൈലി രൂപപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചത്.
മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളും മാത്രം വിനോദമായി കാണുന്നത് വര്‍ധിച്ചു വരുന്ന പ്രവണത തടഞ്ഞുകൊണ്ട് മുന്‍കാലങ്ങളില്‍ എന്ന പോലെ ഓരോ വ്യക്തിക്കും തന്റെ കഴിവിന് അനുസരിച്ച് ഏതെങ്കിലും ഒരു കായികവൃത്തിയില്‍ ഏര്‍പ്പെടാന്‍ വേണ്ട പ്രേരണ നല്‍കുകയാണ് ദേശീയ കായിക ദിനം പോലെയുള്ള സുപ്രധാന ദിനങ്ങള്‍. ഒരു രാജ്യം മുന്നേറുന്നത് ചിന്തിക്കുന്ന സചേതനമായ മസ്തിഷ്കവും, ദൃഢമായ പേശികളുമുള്ള സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്.
പാശ്ചാത്യ ചിന്താപദ്ധതികളുടെ പ്രചാരകരായ പ്ലേറ്റോ, സോക്രട്ടീസ് തുടങ്ങിയവര്‍ എല്ലാം തന്നെ അറിവും ശാരീരിക ക്ഷമതയും തുല്യ പ്രാധാന്യത്തോടെ കണ്ടവരാണ്. ഏഥന്‍സിലെ ജിംനേഷ്യങ്ങളില്‍ പോയി വ്യായാമം ചെയ്തും ഗുസ്തി ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ ഏര്‍പ്പെട്ടും കൂടിയാണ് തത്വശാസ്ത്ര വിചക്ഷണമാരായ ഇവര്‍ തങ്ങളുടെ ചിന്തകളും ശരീരവും ഒന്നാണെന്ന ചിന്തയിലേക്ക് എത്തിച്ചേര്‍ന്നത്. കൗടില്യനും, വിവേകാനന്ദനും ശാരീരിക ക്ഷമതയുടെ പ്രാധാന്യം അറിവുതേടുന്നതിനൊപ്പം തുല്യമാണെന്നാണ് ഉദ്ഘോഷിച്ചത്.
9899746798
(തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസ്സറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: