ശ്രീരാമചന്ദ്രന് നടത്തിയ സേതുബന്ധനം മായാസീതയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമായിരുന്നില്ല. ലക്ഷ്യം അത് മാത്രമായിരുന്നെങ്കില്‍ ത്രികാല ജ്ഞാനിയായ ശ്രീരാമചന്ദ്രന് ‘മാരീചന് മനോഹരനായൊരു പൊന്മാനായി’ വന്നപ്പോള്‍തന്നെ അപകടം തിരിച്ചറിഞ്ഞ് ദേവിക്ക് പര്യാപ്തമായ സുരക്ഷാകവചം ഒരുക്കാമായിരുന്നു. യഥാര്‍ത്ഥ സീതയെ മറച്ചുവെച്ച് മായാസീതയെ രാവണന്റെ കുബുദ്ധിക്ക് വിട്ടുകൊടുത്തത് ആസുരശക്തികളെ ധര്മ്മയുദ്ധത്തിന് വിളിച്ചിറക്കാന്‍ ദശരഥ പുത്രന് പ്രയോഗിച്ച രണതന്ത്രം ആയിരുന്നുവെന്നതാണ് വസ്തുത. അനിവാര്യമായ രാമരാവണയുദ്ധത്തിന് അരങ്ങൊരുങ്ങിയപ്പോഴായിരുന്നു സേതുബന്ധനം. ശ്രീലങ്കയില്‍ നിന്ന് സമുദ്രം കടന്ന് വടക്കോട്ടു കയറി കിഷ്കിന്ദയിലും ജനകന്റെയും ദശരഥന്റെയും മറ്റും അധികാരമേഖലകളിലുമെല്ലാം ആസുരശക്തികളുടെ അധിനിവേശം ആടിത്തിമിര്‍ക്കുന്ന കാലമായിരുന്നു അത്. വനവാസികളും വാനരന്മാരും ഋഷിമാരും സംന്യാസിമാരുമെല്ലാം അധിനിവേശശക്തികളായ രാക്ഷസരുടെ കൊടും ക്രൂരതകളില്‍ ഞെരിച്ചമര്‍ത്തപ്പെട്ടു. ആ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് തേരോട്ടം സാദ്ധ്യമാക്കാന്‍ നടത്തിയതാണ് പൗരാണിക ഭാരത ഇതിഹാസത്തില്‍ കാണുന്ന സേതുബന്ധനം.
വര്‍ത്തമാന കാലത്ത് ദേശീയതയുടെ പക്ഷത്തെ വൈചാരിക പക്ഷം മുന്നോട്ടു വെക്കുന്ന ദക്ഷിണ ഭാരതത്തിലേക്കൊരു സേതുബന്ധനം (Bridging South) എന്ന ആശയം അധിനിവേശ ശക്തികളുടെ കടന്നാക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സകാരാത്മക പരിശ്രമങ്ങള്‍ക്ക് രുപം നല്‍കാനും ശക്തിപകരാനുമുള്ള ശ്രദ്ധാപൂര്‍വ്വ ചുവടുവയ്പ്പാണ്. തെക്കന്‍ ഭാരതത്തെ വെട്ടിമുറിക്കുക (Cutting South) എന്ന പേരില്‍ രാജ്യദ്രോഹികളുടെ മാധ്യമക്കൂട്ടായ്മ 2023ല്‍ കേരളത്തില്‍ നടത്തിയ സെമിനാര്‍, ‘ബ്രിഡ്ജിങ് സൗത്തി’ലൂടെ ദ്രുതഗതിയില്‍ പ്രതിരോധം തീര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗമായി മാറിയെന്നുമാത്രം. 2023 ഡിസംബറില്‍ കേസരി’ വാരിക ദില്ലിയില്‍ നടത്തിയ ബൗദ്ധികസംഗമം ദക്ഷിണഭാരതത്തെ മുറിച്ചു മാറ്റാന്‍ കൂലി വാങ്ങി വേലയെടുത്തവരുടെ മുഖംമൂടി വലിച്ചുകീറി. എങ്കിലും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇനിയും ബാക്കിയാണ്. അതാണ് തിരുവനന്തപുരത്ത് ‘കേസരി’യുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ആഗസ്റ്റ് 29) ‘ബ്രിഡ്ജിങ് സൗത്ത്’ ആലോചനാ വിഷയമാക്കിക്കൊണ്ടൊരു വൈചാരിക സംഗമം നടത്തുന്നതിന്റെ പശ്ചാത്തലം. ‘Cultural Unity through Pilgrimage & Tourism-‘ എന്നതാണ് കോണ്‍ക്ലേവിന്റെ തീം.
തെക്കും വടക്കുമെന്നോ കിഴക്കും പടിഞ്ഞാറുമെന്നോ അതിരുകള്‍ തിരിച്ചാലും വൈവിധ്യത്താല്‍ സമ്പന്നമാണ് ഭാരതം. ഈ വസ്തുത അംഗീകരിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായോ കലാ സാഹിത്യപരമായോ മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലോ ഉള്ള വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിനുള്ള വിശാല മനസ്ഥിതിയുള്ള ദേശീയപക്ഷ ബൗദ്ധിക സമൂഹികത്തിന് മടി തോന്നേണ്ടതില്ല. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കേണ്ട കാര്യവുമില്ല. അത്തരം വൈവിധ്യങ്ങള്‍ക്കിടയിലും സാംസ്കാരിക ഏകതയുടെ ഒരു അന്തര്ധാരയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഏകഭാരത പുണ്യഭൂമിയിലുള്ള അതിരുകള്‍ തിരിക്കുന്ന കുഞ്ഞരുവികളോ ചെറു നദികളോ വിശാല നദികളോ ഉണ്ടാകാം. പക്ഷേ അവയുടെ ഇരുകരകളും പങ്കിടുന്നത് ഒരേ ജലസ്രോതസ്സാണ്. അതിന്റെ ഇരുകരകളിലും വളര്‍ന്ന സസ്യസമ്പത്തിലും കാര്‍ഷിക പാരമ്പര്യത്തിലും സ്വജീവിതം രൂപപ്പെടുത്തിയവര്‍ക്ക്, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനും ഒന്നിച്ച് ചേരാനും അവസരം ഒരുക്കുന്നതിന് പാലം പണിയുന്നതും ശ്രേഷ്ഠ കര്‍മ്മം തന്നെയല്ലേ?
വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും അനുഭവവേദ്യമായ സാംസ്കാരിക ഐക്യം കൊണ്ട് ഭാരതം ധന്യമാണെന്നു തന്നെയാണ് ഡോ. അംബേദ്കര്‍ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു ആന്ത്രപ്പോളജി സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഉയര്‍ത്തിക്കാട്ടിയതും. ”നരവംശപരമായി എല്ലാ ജനങ്ങളും വൈവിധ്യമുള്ളവരാണ്. സാംസ്കാരിക ഐക്യമാണ് ഏകതാനത. അത് കണക്കിലെടുത്ത് പറയാന്‍ സാധിക്കും: സാംസ്കാരിക ഐക്യത്തിന്റെ കാര്യത്തില്‍ ഒരു രാജ്യത്തിനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനോട് മത്സരിക്കാനാകില്ല. അതിന് ഭൂമിശാസ്ത്രപരമായ ഐക്യം മാത്രമല്ല. അതിനൊക്കെ ഉപരിയായി കൂടുതല്‍ ആഴത്തിലുള്ളതും മൗലികവുമായ ഐക്യമുണ്ട്. ആ ഭൂപ്രദേശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒന്നായി ബന്ധിച്ചു നിര്‍ത്തുന്ന സംശയാതീതമായ ഒരു സാംസ്കാരിക ഐക്യം” ഭാരത സാംസ്കാരിക ഐക്യത്തിന്റെ ആഴങ്ങള്‍ അളന്നറിഞ്ഞിട്ടാണ് അത്തരമൊരു കാര്യം ഡോ.അംബേദ്കര്‍ വ്യക്തമാക്കിയത്. സേതുബന്ധനത്തിന് സജ്ജമാകുന്ന ഭാരതീയ സമാജത്തിന് ആവേശം പകരുന്ന ഒരു ഓര്‍മ്മപ്പെടുത്തലാണത്.
ആദിശങ്കരനും വിവേകാനന്ദനും അരവിന്ദ മഹര്‍ഷിയും അതിനെ ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍ മികവോടെ അവതരിപ്പിച്ചു. എന്നാല്‍ ആ ഏകസംസ്കൃതിയില് രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ സാധ്യത അന്വേഷിച്ചു കണ്ടെത്തിയെന്നതാണ് വിനായക് ദാമോദര്‍ സാവര്‍ക്കറുടെ സംഭാവന. അംബേദ്കര്‍ ഉയര്‍ത്തിക്കാട്ടിയ സാംസ്കാരിക ഐക്യം എന്ന സങ്കല്പത്തെയാണ് ‘ഹിന്ദുത്വം’ എന്ന സാംസ്കാരിക ദേശീയതയായി സാവര്‍ക്കര്‍ ഉയര്‍ത്തിക്കാട്ടിയത്. ആ സാംസ്കാരിക ദേശീയതയില്‍ സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയ അടിത്തറ പണിയണമെന്നതാണ് സാവര്‍ക്കര്‍ മുന്നോട്ടു വെച്ച ആശയസംഹിത.
1922ല്‍ സാവര്‍ക്കര്‍ ‘ഹിന്ദുത്വത്തിന്റെ മൗലികാംശങ്ങള്’ കണ്ടെത്തി കൃത്യമായ നിര്‍വചനങ്ങള്‍ നല്കി Essentials of Hindutva എഴുതി ലോകത്തിനു സംഭാവന ചെയ്തു. അതിലെ അവസാന വരിയില്‍ ഇങ്ങനെ പറയുന്നു: ”ഹിന്ദുത്വ ദേശീയതയുടെ അവശ്യഘടകങ്ങളായി നമ്മള് കണ്ടെത്തിയവയില്‍ ചിലവയുടെ മാത്രം സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന സ്പെയിന്, പോര്‍ച്ചുഗല്‍ തുടങ്ങിയ ചെറു രാഷ്ട്രങ്ങള്‍ക്ക് പോലും ലോകത്തില്‍ വലിയ ശക്തികളായി സിംഹരൂപങ്ങള്‍ നേടാന്‍ കഴിഞ്ഞിരിക്കുന്നു! എന്നാല്‍ ഉത്തമമായ ആ ഘടകങ്ങളെല്ലാം ഇവിടെ ലഭ്യമായിരിക്കുമ്പോള്‍ മാനവലോകത്ത് ഹിന്ദുസമാജത്തിന് നേടാന്‍ വയ്യാത്തതായി എന്താണുള്ളത്?
”മുപ്പത് കോടി ജനങ്ങള്‍ക്ക് അവരുടെ കര്‍മ്മഭൂമിയായി, പുണ്യഭൂമിയായി, പിതൃഭൂമിയായി ഭാരതം ഉള്ളപ്പോള്‍, മഹത്തായ ഒരു ചരിത്രം അവരുടെ പിന്നിലുള്ളപ്പോള്‍, ഒരു പൊതുരക്തവും സംസ്കാരവും കൊണ്ടവരെ ബന്ധിപ്പിച്ചിട്ടുള്ളപ്പോള്, അവര്‍ക്ക് ലോകത്തോട് നിബന്ധനകള്‍ വെക്കാനാകും. മാനവരാശിക്ക് ആ ശക്തിയോട് മുഖത്തോടു മുഖം നോക്കേണ്ടി വരുന്ന ഒരു ദിവസം തീര്‍ച്ചയായും വരും. ”അതുപോലെ തന്നെ ഉറപ്പാണ്, ഹിന്ദുസമാജം അങ്ങനെയൊരു പദവിയിലെത്തിക്കഴിഞ്ഞാല്‍, ലോകത്തോട് തങ്ങളുടെ നിബന്ധനകള്‍ വ്യക്തമാക്കാന്‍ കഴിയുന്ന സന്ദര്‍ഭമെത്തിയാല്‍, അപ്പോള്‍ വയ്ക്കുന്ന നിബന്ധനകള്‍ ഗീത അനുശാസിക്കുന്നതില്‍ നിന്നോ ബുദ്ധന് പറഞ്ഞതില്‍ നിന്നോ വളരെ വ്യത്യസ്തമായിരിക്കില്ല”
വീര സാവര്‍ക്കറുടെ ആ വാക്കുകളില്‍ ഭാരതീയ ദേശീയത വളര്‍ന്നു ശക്തമായാല്‍ ശാന്തിയും സമാധാനവും നിലനില്ക്കും. സ്വതന്ത്രഭാരതം അത്തരത്തില്‍ ഒരു സാര്‍വ്വദേശീയ ശക്തിയായി വളരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നതുകൊണ്ട് ഈ രാജ്യത്തിനെതിരെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള കടന്നാക്രമണപരിശ്രമങ്ങള് തുടുരുന്നതിലായിരുന്നു കഴിഞ്ഞ കാലം വരെ അധിനിവേശശക്തികളുടെ ശ്രദ്ധ. സംഘടിതമായ ഭാരതവിരുദ്ധ പോരാട്ടം കൂടിയേ തീരൂ എന്ന ഘട്ടത്തിലേക്ക് ആ ശക്തികള്‍ അപ്പോഴൊന്നും എത്തിച്ചേര്‍ന്നിട്ടില്ലെന്ന് മാത്രം.
എന്നാല്‍ വീര സാവര്‍ക്കര്‍ മുന്നോട്ടുള്ള മാര്‍ഗം എഴുതി രേഖപ്പെടുത്തി 92 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2014ല്‍ വാരണാസിയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി, നരേന്ദ്ര മോദി, ഭാരതത്തിന്റെ പ്രധാനമന്ത്രിയായതോടെ സാഹചര്യം മാറി. ഭാരതം സ്വത്വം കണ്ടെത്തി മുന്നോട്ടുള്ള കുതിപ്പാരംഭിച്ചു. സാമ്പത്തികരംഗം അടിമുടിമാറി. സമഗ്രവികസനം പ്രകടമായി. ഭാരതം ലോകത്തോട് സംവദിക്കുന്നതിന്റെ ശൈലിയും മാറി. അതോടെ ഈ രാജ്യത്തിന്റെ വാക്കുകളും ലോകം കേട്ടേ തീരൂ എന്ന അവസ്ഥയും സംജാതമായി.
അങ്ങനെ ഭാരതം ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതിന് നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ശക്തമായി വളര്‍ന്നു. ഭാരതം ലോകത്തിന് നല്കുന്ന സന്ദേശം യുദ്ധത്തിന്റേതല്ലെന്നും ബുദ്ധന്റേതാണെന്നുമാണ് 2024 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് മോദി പറഞ്ഞത്. അമേരിക്കയുടെയും ചൈനയുടെയും മറ്റ് വികസിത രാജ്യങ്ങളുടെയും ചൂഷണത്തില്‍ നിന്ന് വികസ്വര രാഷ്ട്രങ്ങള്‍ക്ക് വിമോചനത്തിന്റെ വഴിയൊരുക്കാന്‍ മോദിയുടെ കാലത്തെ ഭാരതം മാതൃക കാട്ടുന്നുവെന്നത് ചൂഷക രാഷ്ട്രങ്ങള്‍ക്ക് വെല്ലുവിളികളുയര്‍ത്തും. അത്തരമൊരു സാഹചര്യം ഒളിഞ്ഞും തെളിഞ്ഞും ഭാരതത്തിനെതിരെ ആയുധമെടുക്കാന്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പ്രകോപനമായിരിക്കുന്നു. അവരോടൊപ്പം അവരുടെ ആശ്രിതരാജ്യവും ഭാരതത്തിന്റെ അയല്‍രാജ്യമായ പാകിസ്ഥാനും കൂടെയുണ്ടാകും. ഒപ്പം തന്നെ മതപരമായ അധിനിവേശത്തിന് നിരന്തരം വഴി അന്വേഷിക്കുന്ന രാഷ്ട്ര വിരുദ്ധ ശക്തികളും ഹൈന്ദവപക്ഷത്തിന്റെ മാറിയ പ്രതിരോധശെലിയില് സന്ദേഹമുള്ളവരാണ്. അത്തരം ബാഹ്യ ശക്തികളുടെ താല്പര്യത്തിനായി ഈ രാജ്യത്തിനുള്ളിലുള്ള കമ്യൂണിസ്റ്റുകാരും ഇസ്ലാമിക തീവ്രവാദികളും മതപരിവര്‍ത്തനവാദികളും ഭാരതശത്രുക്കളോട് സഖ്യം ചേര്‍ന്നപ്പോള്‍ രൂപം കൊണ്ടതാണ് രാജ്യം വിഭജിക്കാന്‍ ചങ്ങാത്തം കൂടുന്നവരുടെ കൂട്ടായ്മകള്‍. അവരുയര്‍ത്തിയ മുദ്രാവാക്യമാണ് ഭാരതത്തിന്റെ സര്‍വ്വനാശം വരെ യുദ്ധം ചെയ്യുമെന്നത്. അവരാണ് അസമിനെയും വടക്ക് കിഴക്കന്‍ രാജ്യങ്ങളെയും മുറിച്ചുമാറ്റാന്‍ വഴി അന്വേഷിച്ചവര്‍. അവര്‍ തന്നെയാണ് കശ്മീരിലും വിഘടനവാദത്തിന് കൂട്ടുനില്ക്കുന്നവര്. അവരുടെ മറ്റൊരു അജണ്ടയാണ് ദക്ഷിണഭാരതം മുറിച്ചു മാറ്റണമെന്നത് (‘കട്ടിംഗ് സൗത്ത്’). അതിനൊരു ബദലാണിന്ന് ബ്രിഡ്ജിങ് സൗത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: