കൊച്ചി: വിടപറഞ്ഞത് വ്യത്യസ്ത പ്രമേയങ്ങളും ഒപ്പം കലാപരമായും വാണിജ്യപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലച്ചിത്രങ്ങള്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംവിധായകന്‍. മലയാള സിനിമയിലെ സുവര്‍ണകാലമായ 80 കളിലെ മുന്‍നിര സംവിധായകനായിരുന്ന മോഹന്‍ (76) ഇരിങ്ങാലക്കുട സ്വദേശിയാണ്. ഏറെക്കാലമായി കൊച്ചി കടവന്ത്രയില്‍ താമസിച്ച് വരികയായിരുന്നു.
നവീന ദൃശ്യചാരുതകളും പുതിയ കഥാപശ്ചാത്തലവും അതിനു ചേര്‍ന്ന അഭിനേതാക്കളേയും ചേര്‍ത്ത് അദ്ദേഹം ഒരുക്കിയത് എക്കാലത്തേയും മികച്ച സിനിമകളായിരുന്നു. 1978ല്‍ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. മലയാള സിനിമ അന്നേവരെ ചര്‍ച്ച ചെയ്യാത്ത സ്വവര്‍ഗാനുരാഗം പ്രമേയമാക്കി 1978ല്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലൂടെയായിരുന്നു വരവറിയച്ചത്. അതിലെ നായികമാരിലൊരാളായ അനുപമ പിന്നീട് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായി. വേറിട്ട പ്രമേയങ്ങളിലൂടെ അന്ന് അരങ്ങ് വാണിരുന്ന മറ്റുള്ള സംവിധായകര്‍ക്കൊപ്പം തന്നെ മോഹനെത്തി.
പ്രണയവും വിരഹവുമായിരുന്നു സിനിമകളിലൂടെ പ്രധാനമായും പങ്കുവെച്ചിരുന്നത്. ശാലിനി എന്റെ കൂട്ടുകാരിയിലൂടെ ശോഭ എന്ന നടിയുടെ ഏറ്റവും മികച്ച പ്രകടനം തിരശ്ശീലയില്‍ എത്തി. നെടുമുടി വേണുവിന്റെ തകര്‍പ്പന്‍ അഭിനയത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമയായിരുന്നു വിടപറയും മുന്‍പേ. അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീര്‍ഥം, മുഖം തുടങ്ങിയവയാണ് മോഹന്റെ ശ്രദ്ധനേടിയ ചിത്രങ്ങള്‍. 2005ല്‍ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം.
മോഹന്‍ സിനിമയുടെ വിജയത്തിന് താരങ്ങള്‍ അവശ്യഘടമകല്ലായിരുന്നു, ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലിനെ വച്ച് 90കളുടെ ആദ്യം ഒരുക്കിയ മുഖം, പക്ഷേ എന്നീ സിനിമകളും ഏറെ ശ്രദ്ധേയമായി. മുഖം പോലെ വ്യത്യസ്തമായ സിനിമകളും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചു. ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റിനെ സിനിമയിലേക്ക് കൊണ്ടുവന്നത് മോഹന്‍ ആയിരുന്നു. ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്റ് പിന്നീട് മോഹന്റെ സിനിമകളുടെ നിര്‍മാതാവായി മാറി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസ സമയത്ത് തന്നെ അദ്ദേഹം ഫോട്ടോഗ്രഫിയില്‍ തല്പരനായിരുന്നു. അച്ഛന്റെ സുഹൃത്ത് വഴി സംവിധായകന്‍ എം. കൃഷ്ണന്‍ നായരെ പരിചയപ്പെട്ടത് വഴിത്തിരിവായി. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എബി രാജ്, മധു, പി വേണു എന്നിവരുടെ അസിസ്റ്റന്റായി. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. ഹരിഹരന്റെ രാജഹംസം എന്ന സിനിമയില്‍ ഫസ്റ്റ് അസിസ്റ്റന്റ് ആയി. വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെണ്‍കുട്ടികള്‍ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകള്‍ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങള്‍ (1982), ഇളക്കങ്ങള്‍ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീര്‍ത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് എന്നിവയാണ് മോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇത് കൂടാതെ ഏതാനം തമിഴ് ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ അഞ്ച് സിനിമകള്‍ക്ക് തിരക്കഥയും എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക