അധികാരമോ സ്ഥാനമോ സ്വാധീനമോ ഭൗതിക സമ്പത്തോ ഏതുമാകട്ടെ, അതില്‍ വിജയിച്ചാല്‍ നാം സന്തോഷിക്കാറുണ്ട്. എന്നാല്‍, ആ സന്തോഷം ഹ്രസ്വമായിരിക്കും. തുടര്‍ന്ന് മാനസികമായ പുനഃക്രമീകരണം സംഭവിക്കുന്നു. കൈവരിച്ചത് മാനദണ്ഡമായി നാം കണക്കാക്കുന്നു. അടുത്ത നേട്ടങ്ങള്‍ക്കായുള്ള മനോഭാവം കൈവരുന്നു. പൊതുനയങ്ങളുടെ കാര്യത്തിലും സമാനമായ സമീപനമാണ് നാം സ്വീകരിക്കുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നം ഇന്നത്തെ സര്‍ക്കാര്‍ പരിഹരിക്കുമ്പോള്‍, ഈ മാനദണ്ഡം കൂടുതല്‍ ഉയരുന്നു. അത്തരത്തിലുള്ള ഒന്നാണ്, പത്താം വാര്‍ഷികം ആഘോഷിക്കുന്ന പിഎം ജന്‍ ധന് യോജന (പിഎംജെഡിവൈ).
2014ല്‍, അധികാരമേറ്റ എന്‍ഡിഎ സര്‍ക്കാര്‍ കോടിക്കണക്കിന് ഭാരതീയരെ ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്കു കൊണ്ടുവരിക എന്ന വെല്ലുവിളിനിറഞ്ഞ ദൗത്യം ഏറ്റെടുത്തു. 2024 ആഗസ്ത് 14 വരെ 53.13 കോടി ഗുണഭോക്താക്കളും മൊത്തം 2.31 ലക്ഷം കോടി നിക്ഷേപവുമാണ് ഇതിലുള്ളത്. ഗുണഭോക്താക്കളില്‍ 30 കോടിയോളം സ്ത്രീകളാണ്.
‘ഡിജിറ്റല്‍ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളുടെ രൂപകല്‍പ്പന: ഇന്ത്യയില്‍ നിന്നുള്ള പാഠങ്ങള്‍’ എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധത്തില്‍, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിലെ ഗവേഷകര്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: ”സാമ്പത്തിക ഉള്‍പ്പെടുത്തലുകളുടെയും ഔപചാരിക തിരിച്ചറിയലിന്റെയും താണനിലകള് കണക്കിലെടുക്കുമ്പോള്‍, ഒരു ദശാബ്ദം മുമ്പ്, 2008ല്‍, ഭാരതം നേരിട്ട വെല്ലുവിളികളുടെ വ്യാപ്തി വളരെ വലുതായിരുന്നു. ബാങ്ക് അക്കൗണ്ട് ഡാറ്റയും പ്രതിശീര്‍ഷ ജിഡിപിയുമായുള്ള ബന്ധവും അടിസ്ഥാനമാക്കി, ഭാരതം പരമ്പരാഗത വളര്ച്ചാപ്രക്രിയകളെ മാത്രം ആശ്രയിച്ചിരുന്നെങ്കില്‍ 80 ശതമാനം മുതിര്‍ന്നവര്‍ക്കും ബാങ്ക് അക്കൗണ്ട് നേടാന്‍ 47 വര്‍ഷമെടുക്കുമായിരുന്നു എന്നതാണ് ഏകദേശ കണക്ക്”.
മറ്റൊരു പഠനം പറയുന്നത് മോഷണത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പിഎംജെഡിവൈ അക്കൗണ്ടുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ സാമ്പത്തിക ആസ്തി സംരക്ഷിക്കാന്‍ ഈ അക്കൗണ്ടുകള്‍ സഹായിച്ചു എന്നാണ്. സാധാരണയായി ഉയര്‍ന്ന പലിശനിരക്ക് ഈടാക്കുന്ന അനൗപചാരിക സ്രോതസ്സുകളില്‍ നിന്ന് വായ്പയെടുക്കുന്നതിലും ഇത് ഇടിവുണ്ടാക്കി.
ഒഴിവാക്കലുകളേക്കാള്‍ തല്‍ക്ഷണ വിധിനിര്‍ണയം മാനദണ്ഡമായ ലോകത്ത്, പിഎംജെഡിവൈ അക്കൗണ്ടുകള്‍ കൂടുതലും സീറോ ബാലന്‍സ് അക്കൗണ്ടുകളാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഈ അക്കൗണ്ടുകളില്‍ 2.31 ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് ഈ അക്കൗണ്ടുകളുടെ ഉപയോഗം ഏറെ മൂല്യമുള്ളതാണെന്ന് തെളിഞ്ഞു. ഈ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറി. മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി (2020-2022) ഏകദേശം 8.1 ലക്ഷം കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളുടെ പരിണാമത്തിനൊപ്പം, മഹാമാരി ഏറ്റവുമധികം ഭീഷണി ഉയര്‍ത്തിയ വേളയില്‍ ഇത് സമ്പര്‍ക്കരഹിത പണമിടപാടുകളും സുഗമമാക്കി.
മറ്റൊരു പഠനം (‘ഓപ്പണ്‍ ബാങ്കിങ് വായ്പാസൗകര്യം വിപുലീകരിക്കുമോ?’, 2024 ആഗസ്ത്) കാണിക്കുന്നത്, പിഎംജെഡിവൈ ഓപ്പണ്‍ ബാങ്കിങ് (ഉപഭോക്തൃ അനുമതിയോടെ ഡാറ്റ ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി പങ്കിടല്‍) സുഗമമാക്കി എന്നാണ്. വ്യക്തമായി പറഞ്ഞാല്‍, കൂടുതല്‍ പിഎംജെഡിവൈ അക്കൗണ്ടുകളുള്ള പ്രദേശങ്ങള്‍ ധനകാര്യ സാങ്കേതികയുടെ നേതൃത്വത്തില്‍ വായ്പാവളര്‍ച്ച മെച്ചപ്പെടുത്തി. കുറഞ്ഞ നിരക്കിലുള്ളതും മികച്ചതുമായ ഇന്റര്‍നെറ്റ് സൗകര്യമുള്ള പ്രദേശങ്ങളില്‍ കരുത്തുറ്റ ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. ‘അക്കൗണ്ട് അഗ്രഗേഷന്‍’ ഓപ്പണ്‍ ബാങ്കിങ്ങിന്റെ പ്രത്യക്ഷ സവിശേഷതയാണ്. കൂടുതല്‍ സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ ഇതു പൊതുജനങ്ങളെ പ്രാപ്തരാക്കുന്നു.
പിഎംജെഡിവൈ സ്ത്രീകളെ അവരുടെ സ്വന്തം അക്കൗണ്ടുകളും അക്കൗണ്ടുകളിലെ പണവും നല്കി ശാക്തീകരിച്ചു. ഈ സാമ്പത്തിക സ്വാതന്ത്ര്യം കണക്കാക്കുക പ്രയാസമാണ്; പക്ഷേ അത് പ്രാധാന്യമര്‍ഹിക്കുന്നു. ഭാരതത്തിലെ സ്ത്രീകളുടെ സമ്പാദ്യപ്രവണത പൊതുവേ ഉയര്‍ന്ന തലത്തിലാണ്. കാലക്രമേണ, ഇത് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും ഒപ്പം, ദേശീയ സമ്പാദ്യ നിരക്കും വര്‍ധിപ്പിക്കാന്‍ ഇടയാക്കും. കൂടാതെ, ഇത് രാജ്യത്തെ സ്ത്രീസംരംഭകത്വത്തിനും ഉണര്‍വേകും. സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, സ്ത്രീകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഇടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ എന്നിവയിലൂടെയുള്ള സംരംഭകത്വ തരംഗത്തില്‍ സ്ത്രീപങ്കാളിത്തം ഏറെ പ്രോത്സാഹജനകമാണ്. പിഎം മുദ്ര യോജനയ്ക്കു കീഴില്‍ 68 ശതമാനം വായ്പകളും അനുവദിച്ചിട്ടുള്ളത് വനിതാ സംരംഭകര്‍ക്കാണ്. സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യക്കു കീഴിലുള്ള ഗുണഭോക്താക്കളില്‍ 77.7 ശതമാനവും സ്ത്രീകളാണ്. 2024 ജൂലൈ 30 വരെ രാജ്യത്ത് ഉദ്യം, യുഎപി എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത വനിതാ ഉടമസ്ഥതയിലുള്ള എംഎസ്എംഇകളുടെ എണ്ണം 1.85 കോടിയിലധികമാണ്. പിഎംജെഡിവൈ അക്കൗണ്ടുകള്‍ സ്ത്രീകളെ ശാക്തീകരിക്കുകയും സ്വയംതൊഴിലിലേക്കുള്ള/സംരംഭകത്വത്തിലേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുകയും ചെയ്തു എന്ന അനുമാനം ശ്രദ്ധേയമാണ്; പഠനാര്‍ഹവും.
പിഎംജെഡിവൈ അക്കൗണ്ട് ഉടമകള്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ തെളിവുകളായി കണക്കാക്കിയാല്‍, ഈ പദ്ധതിയില്ലായിരുന്നുവെങ്കില് കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വികസന നേട്ടങ്ങള്‍ ഗണ്യമായി കുറയുമായിരുന്നു. എന്നാല്‍, ഈ പദ്ധതി ആരംഭിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനവും ഹ്രസ്വ കാലയളവിനുള്ളില്‍ അതു വിജയകരമായി നടപ്പാക്കിയതും ഇന്ത്യയെ നേട്ടങ്ങളിലേക്ക് എത്തിക്കുകതന്നെ ചെയ്തു.
(ഭാരത സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: