Main Article

ഇന്ന് അയ്യന്‍കാളി ജയന്തി: നവോത്ഥാന ചരിത്രത്തിലെ അഗ്രഗാമി

Published by

ഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനമാണ് ഇന്ന്. (1863-1941). വിദേശരാജ്യങ്ങളടക്കം ഭാരതത്തിന്റെ തലസ്ഥാന നഗരി മുതല്‍ കേരളക്കരയില്‍ വ്യാപകമായും ഈ സുദിനം ആഘോഷിക്കപ്പെടുന്നു. മതമോ, ജാതിയോ, സംഘടനകളൊ, പാര്‍ട്ടികളെന്നോ നോക്കാതെ സകലയാളുകളും കൊണ്ടാടുന്ന ഒരു ദിനമായി മാറിയിരിക്കുന്നു അയ്യന്‍കാളി ജയന്തി. വാര്‍ത്താമാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും, ദൃശ്യ മാധ്യമങ്ങളിലും സമീപകാലത്ത് വലിയ വിധം ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക് ആ പുണ്യപുരുഷന്‍ നിറഞ്ഞു നില്‍ക്കുന്നു.

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ചരിത്രം ഇനിയും പുറത്തു വന്നിട്ടില്ലായെന്ന് ‘ഗുരുദേവ ചരിത്രം അറിയപ്പെടാത്ത ഏടുകള്‍’ എന്ന ഗ്രന്ഥത്തില്‍ ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തന്നെയാണ് ഇംഗ്ലീഷ്, തമിഴ് ഭാഷകളിലടക്കം നൂറിലധികം പു
സ്തകങ്ങളില്‍കൂടി പുറത്തുവന്നിട്ടുള്ള അയ്യന്‍കാളി ചരിത്രങ്ങളിലും കാണുന്നത്. അയ്യന്‍കാളിയോടൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും അതിനു കഴിഞ്ഞില്ല. മറ്റ് മുഖ്യധാരാ ചരിത്രകാരന്മാര്‍ അതിന് തയ്യാറായതുമില്ല. ഇന്നും അവര്‍ക്കതിന് കഴിഞ്ഞിട്ടില്ല.

അയ്യന്‍കാളിയുടെ പൊതുഇടത്തേക്കുള്ള ഇടപെടല്‍ ഉണ്ടാകുന്നത് 1893-ലെ വില്ലുവണ്ടിയാത്രയോടെയാണ്. സമരരംഗത്ത് സജീവമായി നിലകൊണ്ട അയ്യന്‍കാളി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുറേനാള്‍ ആത്മീയരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. അയ്യന്‍കാളി ദൈവവിശ്വാസി ആയിരുന്നില്ലെന്നും ക്ഷേത്രങ്ങള്‍ക്കും, ക്ഷേത്രാചാരങ്ങള്‍ക്കും എതിരെയായിരുന്നുവെന്നും ചില ദളിത് ചരിത്രകാരന്മാരും സംഘടനാ നേതാക്കളും ഒരു സന്ദേശം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. അയ്യന്‍കാളിയുടെ ഇളയ മകന്‍ അന്തരിച്ച ശിവതാണു (റിട്ട. ഡിടിഒ) സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് വെങ്ങാനൂര്‍ മുടിപുര നടയ്‌ക്ക് സമീപം പെരുങ്കാറ്റുവിളയില്‍ എന്റെ അപ്പൂപ്പനും (അയ്യന്‍കാളിയുടെ പിതാവ് അയ്യന്‍) അമ്മൂമ്മയും (അയ്യന്‍കാളിയുടെ മാതാവ് – മാല) മുടിപ്പുര ദേവീക്ഷേത്രത്തില്‍ നിത്യവും രാവിലെ കുളിച്ചുതൊഴുത് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. അങ്ങനെ മുടിപ്പുര ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച പുത്രനാണ് ഞങ്ങളുടെ പിതാവ് അയ്യന്‍കാളിയെന്നാണ്.

സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കര്‍മ്മപരിപാടികള്‍ നടന്നുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് സദാനന്ദസ്വാമികള്‍ എന്നൊരു ശ്രേഷ്ഠ ഗുരു വടക്കേ മലബാറില്‍നിന്ന് തിരുവിതാംകൂറില്‍ പ്രവേശിക്കുന്നത്. ആ സ്വാമികള്‍ രൂപീകരിച്ച ബ്രഹ്മനിഷ്ഠത്തിന്റെ നേതൃത്വത്തില്‍ ഹൈന്ദവ മതത്തിനുള്ളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, വൈക്കം, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ആത്മീയ പ്രസംഗ പരമ്പരകള്‍ സംഘടിപ്പിക്കുകയും ഒട്ടേറെ ആളുകള്‍ അത് ശ്രവിക്കാനെത്തുകയും പതിവായിരുന്നു.

പരമ്പരയുടെ സമാപനത്തിന് ശേഷം അയ്യന്‍കാളി, സ്വാമികളെ വെങ്ങാനൂരിലേക്ക് ക്ഷണിക്കുകയും, സ്വാമികള്‍ വെങ്ങാനൂരില്‍ വന്ന് അയ്യന്‍കാളിയെ കണ്ടു. തുടര്‍ന്ന് സ്വാമികളുടെ ബ്രഹ്മനിഷ്ഠ മഠത്തിന്റെ ചില്‍സഭ വെങ്ങാനൂര്‍ കേന്ദ്രമായി സ്ഥാപിച്ചു. ഈ സഭയുടെ ആഭിമുഖ്യത്തില്‍ പാച്ചല്ലൂരില്‍ 1906 ല്‍ മഹാകാളി ഹസ്തീശ്വരലയം എന്ന പേരില്‍ ശിവക്ഷേത്രവും സ്ഥാപിച്ചു. ക്ഷേത്ര നിര്‍മ്മാണ കമ്മറ്റിയുടെ ഭാരവാഹിയായി അയ്യന്‍കാളിയെയാണ് സ്വാമികള്‍ ചുമതലപ്പെടുത്തിയത്. പിന്നീടാണ് അയ്യന്‍കാളി സാധുജന പരിപാലന യോഗത്തിന് (1907) രൂപം നല്‍കുന്നത്. ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഏവൂര്‍ എന്‍. വേലുപിള്ള പത്രാധിപരായിട്ടുള്ള ‘സദാനന്ദ വിലാസം’ മാസികയില്‍ അച്ചടിച്ചുവന്നിട്ടുണ്ട്. സ്വാമികളുടെ ബ്രഹ്മനിഷ്ഠ മഠത്തിന്റെ ‘തിരുവിതാംകൂറിലെ’ മുഖ്യ പ്രവര്‍ത്തകര്‍ പ്രാക്കുളം സി. പത്മനാഭപിള്ള, കരമന പി.കെ. ഗോവിന്ദപിളള, ടി. മാര്‍ത്താണ്ഡന്‍ തമ്പി, കെ. പരമുപിള്ള തുടങ്ങിയവരായിരുന്നു. ആ കാലഘട്ടത്തില്‍ ശ്രീമൂലം പ്രജാസഭയില്‍ പുലയരെ പ്രതിനിധീകരിച്ചുകൊണ്ടിരുന്നത് സുഭാഷിണി പത്രാധിപരും ബ്രഹ്മനിഷ്ഠ മഠത്തിന്റെ കാര്യദര്‍ശിയുമായിരുന്നു കരമന പി.കെ. ഗോവിന്ദപിള്ളയാണ്. അദ്ദേഹമാണ് അയ്യന്‍കാളിയെ സാധുജനപരിപാലന സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രജാസഭയിലേയ്‌ക്ക് നോമിനേറ്റ് ചെയ്യാന്‍ രാജാവിനോട് ആവശ്യപ്പെടുന്നത്. തുടര്‍ന്നാണ് 1911 -ല്‍ അയ്യന്‍കാളിയെ പ്രജാസഭയില്‍ അംഗമായി നോമിനേറ്റ് ചെയ്തത്. അതിന്റെ മറ്റൊരു കാര്യദര്‍ശിയും നെയ്യാറ്റിന്‍കര തഹസില്‍ദാരുമായിരുന്ന പ്രാക്കുളം സി. പത്മനാഭപിള്ളയാണ് വെങ്ങാനൂരില്‍ പോയി അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടുവന്ന് മഹാരാജാവിന മുഖം കാണിക്കുന്നത്. പ്രജാസഭ സാമാജികനെന്ന നിലയില്‍ അയ്യന്‍കാളി സാമൂഹ്യ വിഷയങ്ങളിലേക്ക് പ്രവേശിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അതിന്റെ ആദ്യ വിസ്‌ഫോടനം നടക്കുന്നത് തിരുവനന്തപുരം ഊരുട്ടമ്പലത്താണ്. അവിടെ പൂജാരി അയ്യന്റെ മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളി സ്‌കൂളില്‍ ചെന്നു. അത് തടഞ്ഞ നായര്‍ പ്രമാണിമാരും നായര്‍ മാടമ്പിമാരുമായി സംഘട്ടനമുണ്ടായി. സാധുജനപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തീഷ്ണമായ സമരങ്ങളാണ് പിന്നീട് വിദ്യാലയ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നത്. ആധുനിക കാലഘട്ടത്തില്‍ നമ്മുടെ സാമൂഹ്യ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സമരമുറകള്‍ അയ്യന്‍കാളിയാണ് കേരളത്തിന് സംഭാവന ചെയ്തത്. പണിമുടക്ക്, ഉപവാസം, ബഹിഷ്‌കരണം, സന്ധിസംഭാഷണങ്ങള്‍, മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍, ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍, സ്ത്രീ സ്വാതന്ത്ര്യങ്ങള്‍, സത്യഗ്രഹം തുടങ്ങി നിരവധി സമരമുറകള്‍ കേരളത്തിന് അയ്യന്‍കാളി സംഭാവന ചെയ്തിട്ടുണ്ട്.

താന്‍ സ്ഥാപിച്ച വെങ്ങാനൂര്‍ സ്‌കൂളിന്റെ ഭാഗമായി 6 തറികള്‍ സ്ഥാപിച്ച് നെയ്‌ത്ത് തൊഴിലും തന്റെ ജനതയ്‌ക്ക് വേണ്ടി ആവിഷ്‌കരിച്ചു. ഇങ്ങനെ വ്യവസായവത്കരണവും അയ്യന്‍കാളി വിഭാവനം ചെയ്തു. സാധുജനപരിപാലനി എന്ന പത്രം തുടങ്ങിക്കൊണ്ട് പത്രപ്രവര്‍ത്തന മേഖലയിലേക്കും അയ്യന്‍കാളി പ്രവേശിച്ചു. ഒരു സാമൂഹ്യ വിപ്ലവകാരിയെന്ന നിലയില്‍, അയ്യന്‍കാളി തുടക്കംകുറിച്ച കര്‍മ്മപദ്ധതികളുടെ ചുവടുപിടിച്ചാണ് കേരളീയ സമൂഹം ഇന്ന് മുന്നോട്ട് പോകുന്നത്. തന്റെ കാല്‍നൂറ്റാണ്ട് കാലത്തെ സഭാതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യ സ്വാതന്ത്ര്യത്തിനുവേണ്ടി കലാപം നടത്തിയ സാമൂഹ്യവിപ്ലവകാരികള്‍ അയ്യന്‍കാളിയെപ്പോലെ വളരെ വിരളമാണ്

സ്വാത്രന്ത്യം മാത്രമാണ് വികസനമെന്ന് സ്വന്തം ജീവിതം കൊണ്ട് അയ്യന്‍കാളി വ്യക്തമാക്കി. ഡോ. സെന്നിനെ പോലെ കേംബ്രിഡ്ജിലും, ഹാര്‍വാര്‍ഡിലും, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സിലുമുള്ള ഗ്രന്ഥ ശേഖരങ്ങള്‍ പരതിയല്ല, തീവ്രമായ സ്വാതന്ത്ര്യമാണ് വികസനമെന്ന് പ്രസ്താവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പൊതുനിരത്തിലൂടെ മണികെട്ടിയ കാളകളെ തെളിയിച്ച അയ്യന്‍കാളിയുടെ വില്ലുവണ്ടിയുടെ വെല്ലുവിളി, സെന്നിന്റെ സിദ്ധാന്തത്തെക്കാള്‍ മാനവീയതകളുടെ സംഭാവനയായിട്ടാണ് താന്‍ കാണുന്നതെന്നാണ് സാമൂഹ്യശാസ്ത്രജ്ഞനും, സാമ്പത്തിക വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. എം.എ. ഉമ്മന്‍ തന്റെ ‘ഓര്‍മ്മപ്പടികള്‍’ എന്ന ആത്മകഥയില്‍ അയ്യന്‍കാളിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ദളിത് പ്രശ്‌നങ്ങള്‍ക്കും ദളിത് വിരുദ്ധതകള്‍ക്കും പരിഹാരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ് കണ്ടറിഞ്ഞ അയ്യന്‍കാളിയെപ്പോലെ മറ്റൊരു നേതാവില്ല.

സമൂഹം ഭൗതികമായി വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബ്രഹ്മനിഷ്ഠാ മഠത്തിന്റെ നേത്യത്വത്തില്‍ ആരംഭിച്ച വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ അയ്യന്‍കാളി പ്രോത്സാഹിപ്പിച്ചിരുന്നു. സംവരണം പോലുള്ള അധികാര പങ്കാളിത്തത്തെക്കുറിച്ചും അയ്യന്‍കാളിയിക്ക് സ്വതന്ത്രമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നു. ആനുപാതിക പ്രാതിനിധ്യം എന്നതിലുപരി അവസരങ്ങളുടെ തുല്യമായ പ്രാതിനിധ്യമാണ് ഉറപ്പാക്കേണ്ടതെന്ന കാഴിച്ചപ്പാടാണ് വേണ്ടതെന്നാണ് അയ്യന്‍കാളിയെക്കുറിച്ച് പഠിക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. എല്ലാ മേഖലയിലും തുല്യത ഉറപ്പുവരുത്താന്‍ അയ്യന്‍കാളി ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, ഭൂമി, നീതിന്യായം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് അയ്യന്‍കാളി ഇരച്ചു കയറുകയാണ് ചെയ്തത്.

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്നിട്ടുള്ള ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ പ്രതിബിംബങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് നമ്മുടെ ചുറ്റുപാടുകള്‍ തിരിച്ചറിയിച്ചു തരുന്നുണ്ട്. ഭാരതത്തിലെ സംന്യാസികളിലെ വിപ്ലവകാരിയായ വിവേകാനന്ദ സ്വാമികളുടെ ചരിത്രം പോലും അതിന് ദൃഷ്ടാന്തമാണ്. കേരളത്തിലെ വിവേകാനന്ദന്‍ എന്ന് വിശേഷണമുള്ള ആഗമാനന്ദ സ്വാമികളുടെ ജീവിതവും നമ്മുടെ മുമ്പിലുണ്ടല്ലോ, ദൈവീക പരിവേഷമുളള പൊയ്കയില്‍ അപ്പച്ചന്റെയും മാതൃക അതായിരുന്നു.

ആത്മീയതയോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വിഭാവനം ചെയ്ത അപ്പച്ചന്റെ മാനേജ്മെന്റില്‍ നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാഭ്യാസത്തിനും, വിദ്യാലയങ്ങള്‍ക്കും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ പ്രവര്‍ത്തിച്ച അയ്യന്‍കാളിക്കും, അയ്യന്‍കാളിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സഭകള്‍ക്കും ഒരു കുടിപ്പള്ളിക്കൂടം പോലും കേരളത്തിലില്ല.

അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ക്ക് ഒരു വിമോചന അജണ്ട മാത്രമാണ് മുന്നോട്ട് വയ്‌ക്കാനുള്ളൂ. അത് വിദ്യാഭ്യാസം മാത്രമാണ്. അയ്യന്‍കാളി തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം. ഈ ജന്മദിനത്തില്‍ അതായിരിക്കട്ടെ പുതിയ സന്ദേശം. എന്റെ സമൂഹത്തില്‍ നിന്നും 10 ബിഎക്കാരല്ല 10 ലക്ഷം ബിഎക്കാര്‍ ഉണ്ടാകട്ടെ എന്നതായിരിക്കണം ആ സന്ദേശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by