റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ചരിത്രത്തിലിടം പിടിച്ചത്. പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. മാത്രമല്ല പാകിസ്ഥാനില്‍ വച്ച് പാകിസ്ഥാനെ 10 വിക്കറ്റിന് തോല്‍പ്പിക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും പാകിസ്ഥാനായിരുന്നു ജയം; ഒരു സമനിലയും.
ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചിടത്തുനിന്നാണ് ബംഗ്ലാദേശ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 30 റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശ് 6.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ചുരുക്കത്തില്‍: പാകിസ്ഥാന്‍ 448/6 ഡിക്ല., 146. ബംഗ്ലാദേശ് 565, വിക്കറ്റ് കളയാതെ 30.
രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്റെ അപ്രതീക്ഷിത തകര്‍ന്നടിയിലാണ് കളിയില്‍ റിസല്‍റ്റുണ്ടാക്കിയത്. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ 51 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് അവരുടെ ടോപ് സ്‌കോറര്‍. അബ്ദുള്ള ഷഫീഖ് 37ഉം ബാബര്‍ അസം 22ഉം ഷാന്‍ മസൂദ് 14ഉം റണ്‍സെടുത്തു.
23/1 എന്ന സ്‌കോറില്‍ ഇന്നലെ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ അവസാന ദിനം നാടകീയമായി തകര്‍ന്നടിയുകയായിരുന്നു. ഇന്നലെ തുടക്കത്തിലെ പാകിസ്ഥാന് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ബാബര്‍ അസമും അബ്ദുള്ള ഷഫീഖും പിടിച്ചു നിന്നതോടെ പാകിസ്ഥാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടന്നു. എന്നാല്‍ 50 പന്തില്‍ 22 റണ്‍സെടുത്ത ബാബറിനെ നാഹിദ് റാണ ബൗള്‍ഡാക്കിയതോടെ പാകിസ്ഥാന്റെ തകര്‍ച്ച തുടങ്ങി. 37 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖും ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഷൗദ് ഷക്കീലും പിന്നാലെ ആഗ സല്‍മാന്‍ ഗോള്‍ഡന്‍ ഡക്കായതോടെ പാകിസ്ഥാന്‍ 105-6 എന്ന സ്‌കോറിലേക്ക് തകര്‍ന്നടിഞ്ഞു.
ലഞ്ചിന് പിന്നാലെ ഷഹീന്‍ അഫ്രീദിയെയും (2), നസീം ഷായെയും (3) നഷ്ടമായതോടെ 118-8ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ ഇന്നിംഗ്‌സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത് മുഹമ്മദ് റിസ്വാന്‍ (51) നടത്തിയ പോരാട്ടമാണ്. ഒടുവില്‍ റിസ്വാനും മെഹ്ദി ഹസന്ര്‍ മിറാസിന് മുന്നില്‍ വീണതോടെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു. അഞ്ച് റണ്‍സുമായി ഖുറാം ഷഹ്‌സാദ് പുറത്താകാതെ നിന്നു.
21 റണ്‍സ് മാത്രം വിട്ടുകൊടുത്ത മെഹ്ദി ഹസ്സന്‍ റാസയും 44 റണ്‍സിന് മൂന്ന് വിക്കറ്റ് പിഴുത ഷാക്കിബ് അല്‍ ഹസനുമാണ് പാകിസ്ഥാനെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമാണ് കളിയിലെ താരം. രണ്ടാം ടെസ്റ്റ് 30ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: