അര്‍ദ്ധരാത്രിയില്‍ ആളില്ലാ വഴിത്താരകളില്‍ ആളെ കൊല്ലാന്‍ ഊഴമിട്ടിരിക്കുന്ന യക്ഷികളുടെ കഥ നാം ഐതിഹ്യമാലകളില്‍ കണ്ടിട്ടുണ്ട്. അതൊക്കെ വെറും കഥകളാണെന്നും നമുക്കറിയാം. പക്ഷേ ഉറുമ്പുകളെ തഞ്ചത്തിന് പിടിച്ച് വലിച്ചൂറ്റി ജീവനെടുക്കാന്‍ കെല്‍പ്പുള്ള ഫംഗസുകള്‍ (പൂപ്പലുകള്‍) നമുക്കിടയിലുണ്ടെന്ന് നാം അറിയുക. അന്യജീവിയെക്കൊണ്ട് ഉപജീവനം നടത്തുന്ന പാരസൈറ്റുകള്‍ അഥവാ പരാന്നജീവികള്‍.
ഒഫിയോ കോര്‍ഡി സെപ്സ് യൂണിലാറ്റി റാലിസ് സെന്‍സു ലാറ്റോ എന്നാണീ പരജീവികളുടെ പേര്. തായ്ലന്റിലെയും ബ്രസീലിലെയും മഴക്കാടുകളില്‍ വിഹരിക്കുന്ന കാര്‍പെന്റര്‍ അഥവാ വര്‍ക്കര്‍ ഉറമ്പുകളാണിവയുടെ ഇര. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ആള്‍ഫ്രഡ് റസല്‍ വാലസ് ആണ് ഈ കൊലയാളി വര്‍ഗത്തെ ആദ്യമായി കണ്ടെത്തിയത്. 1859 ല്‍.
ഉറുമ്പിന്റെ ഉള്ളില്‍ കടന്നുകൂടുന്ന ഫംഗസ് അതിന്റെ ഉള്ളില്‍ നിറയും. മാംസപേശികളുടെയും തലച്ചോറിന്റെയും നിയന്ത്രണം ഏറ്റെടുക്കും. ഫംഗസ് ആഗ്രഹിക്കുന്ന ഇലഞെട്ടില്‍ അത് മുറുകെ പിടിച്ച് തൂങ്ങും. അതേ നിലയില്‍ മരിക്കും. ചത്ത ഉറുമ്പിനെ വയറുനിറയെ ഭക്ഷിച്ച് ഉന്മത്തനാകുന്ന ഫംഗസ് പെറ്റ് പെരുകാന്‍ വൈകില്ല. തുടര്‍ന്ന് ഉറുമ്പിന്റെ തലയില്‍നിന്ന് ഒരു ചെറുതണ്ട് പുറത്തേക്ക് വരും. അതില്‍നിന്നുമാണ് ഫംഗസ് വിത്തുകളെ മണ്ണിലേക്ക് ചൊരിയുക. അങ്ങയെ പെയ്തിറങ്ങുന്ന വിത്തുകള്‍ (സ്പോര്) മണ്ണിലൂടെ ചലിക്കുന്ന ഉറുമ്പുകളില്‍ പതിക്കുന്നതോടെ അവയും രോഗബാധിതമാവും. ഫംഗസിന്റെ ഇച്ഛാനുസരണം അവ ഇലയില്‍ കടിച്ചുതൂങ്ങും. കൊല്ലപ്പെടും. ഇങ്ങനെ ചത്തുപോകുന്ന ഉറുമ്പിന്റെ തല നിറയെ ഫംഗസ് ആണെങ്കിലും തലച്ചോറിനെ അവ ബാധിക്കാറില്ലത്രേ. ഉറുമ്പിന്റെ പേശിയിലെ കാത്സ്യത്തിന്റെ അംശം മുഴുവനും ഊറ്റിയെടുക്കുകയും ചെയ്യും. ഇത്തരം കൊലയാളി ഫംഗസുകളെ ഉപയോഗിച്ചു ശല്യക്കാരായ കീട ഉറുമ്പുകളെ നിയന്ത്രിക്കാനാവുമോയെന്ന ചിന്തയിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
ഹിമാലയത്തിന്റെ പടിഞ്ഞാറെ ചെരിവുകളില്‍ മെയ്-ജൂലൈ കാലത്ത് പ്രത്യക്ഷപ്പെടുന്ന കോര്‍ഡി സെപ്സ് ഫംഗസ് അഥവാ കാറ്റര്‍ പില്ലര്‍ ഫംഗസിനെക്കുറിച്ച് ഈ പംക്തിയില്‍ നേരത്തെ എഴുതിയിട്ടുണ്ട്. ഓഫിയോ കോര്‍ഡി സെപ്സ് സൈനന്‍ സിസ് എന്നാണ് അവയുടെ ശാസ്ത്ര നാമം. ഉറുമ്പിനെ തിന്നുന്ന ഫംഗസിന്റെ സഹോദരനാണിയാള്‍; വംശഗുണത്തിലും സ്വഭാവത്തിലും. ശലഭപ്പുഴു അഥവാ കമ്പളിപ്പുഴുവെന്നൊക്കെ വിളിക്കുന്ന കാറ്റര്പില്ലറിനെയാണ് ഈ ഫംഗസ് കടന്നാക്രമിക്കുക. അവ കാറ്റര്‍പില്ലറിന്റെ ഉള്ളിലെ കോശകലകളെ തിന്ന് ജീവിയെ കൊന്ന്, ക്രമമായി ജീവിക്കുന്നു. ജീവിതചക്രം പൂര്‍ത്തിയാവുന്നതോടെ ഏതാണ്ട് രണ്ടിഞ്ച് നീളമുള്ള ഒരു കൊമ്പ് ജീവിയുടെ മൃതശരീരം തുളച്ച് പുറത്തേക്കു വരുന്നു. തവിട്ടുനിറത്തിലുള്ള ഈ ഫംഗസ് കൊമ്പ് ശേഖരിക്കാന്‍ ഹിമാലയന്‍ മേഖലയില്‍ വലിയ തിക്കും തിരക്കുമാണ്. ടിബറ്റ്, ഭൂട്ടാന്, ചൈന, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഹിമാലയഭാഗങ്ങളിലൊക്കെ ഈ ഫംഗസ് കൊമ്പ് തേടുന്നവരെ ഈ സീസണില്‍ കണ്ടെത്താം. സമുദ്ര നിരപ്പില്‍ നിന്ന് 500 അടി വരെ ഉയരത്തില്‍ ദുഷ്കരമായ കാലാവസ്ഥയെ വകവയ്ക്കാതെ ഈ ഫംഗസിനെ തേടി നടക്കുന്നതിന്റെ കാരണം ഇതിന്റെ വന്‍വില തന്നെ. ഒരു ടണ്‍ ഫംഗസ് കൊമ്പിന് നൂറ് ലക്ഷം അമേരിക്കന്‍ ഡോളറാണ് വില. അതുകൊണ്ടാവാം ഹിമാലയന്‍ സ്വര്‍ണം എന്നൊരു പേരും ഇതിന് ലഭിച്ചത്.
ടിബറ്റന്‍ ഭാഷയില്‍ ‘യാര്‍സാ ഗുമ്പൂ’ എന്ന് അറിയപ്പെടുന്ന ഈ വസ്തു ഏറ്റവും അറിയപ്പെടുന്ന ഒരു ഉത്തേജക മരുന്നാണ്. ചൈനീസ് ചക്രവര്‍ത്തിമാര്‍ക്കു മാത്രം ഒരിക്കല്‍ അനുഭവിക്കാന്‍ കിട്ടിയിരുന്ന മാന്ത്രിക മരുന്ന്. ലോക കായികവേദികളില്‍ ചൈനീസ് അത്ലറ്റുകള് നടത്തുന്ന മിന്നും പ്രകടനത്തിന്റെ രഹസ്യം ‘യാര്‍സാ ഗുമ്പു’ ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
പല വിധ സ്വഭാവത്തോടുകൂടിയ ഇത്തരം ഭീകര ഫംഗസുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. ഈ വര്‍ഗത്തില്‍ ഏതാണ്ട് 600 ല്‍ പരം കുടുംബക്കാര് ഉണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: