ഹിന്ദുക്കളെന്ന് സ്വയം കരുതുന്നവര്‍ അക്രമികളും, വിദ്വേഷവും കള്ളവും പ്രചരിപ്പിക്കുന്നവരുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സമീപകാലത്ത് നടത്തിയ പ്രസ്താവനകള്‍ ഹിന്ദുക്കളെയും ഹിന്ദുധര്‍മത്തെയും പൈശാചികവല്ക്കരിക്കാനുള്ള കുടിലമായ നീക്കമാണ്. ഹിന്ദുധര്‍മവും ഹിന്ദുത്വവും രണ്ടാണെന്നു വരുത്താന്‍ ഇടത്-ലിബറല്‍-ഇസ്ലാമിസ്റ്റ് ശക്തികള്‍ ശ്രമിക്കാറുണ്ടെങ്കിലും ഇക്കൂട്ടരുടെ രാഷ്ട്രീയ സ്വാധീനം ക്ഷയിച്ച കാരണത്താല്‍ ഇത് കാര്യമായി ഫലം കണ്ടിരുന്നില്ല. എന്നാല്‍ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറച്ച് സീറ്റുകള്‍ അധികം ലഭിച്ചതോടെ അപകടകരമായ ഈ ആഖ്യാനം രാജ്യത്തിനുമേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളും അലങ്കോലവുമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണിത്. നെഹ്റൂവിയന്‍ മതേതരത്വം വീണ്ടും വിറ്റഴിക്കാനുളള ശ്രമം-പഴയ നെഹ്റൂവിയന്‍ മതേതരത്വം പുതിയ (ഹിന്ദു) കുപ്പിയില്‍. ഹൈന്ദവനാഗരികതയുടെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തി ഇതിനെ എല്ലാ തലത്തിലും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം സ്ത്രീപുരുഷ ഭേദമെന്യേ ഓരോ ഹിന്ദുവും ഏറ്റെടുക്കേണ്ടതുണ്ട്.
ബിജെപി നേതൃത്വത്തെ ഒറ്റപ്പെടുത്താനുള്ള ബാലിശമായ ശ്രമമാണ് രാഹുലിന്റെ പ്രസ്താവനകളെന്ന് അഭിപ്രായമുള്ള വിമര്‍ശകരുണ്ട്. എന്നാല്‍ ലോക്സഭയില്‍ ശിവഭഗവാന്റെ ചിത്രം രാഹുല്‍ ഉയര്‍ത്തിക്കാണിച്ചതിന് ഒരു ഉദ്ദേശ്യമുണ്ട്. (അള്ളാഹുവിന്റെ ചിത്രം ഒഴിവാക്കിയത് നന്നായി. ഇതുകാരണം ഈ മാന്യന്റെ തല സ്വസ്ഥാനത്തുതന്നെയുണ്ടല്ലോ) ഹിന്ദുസമൂഹത്തെ വിഭജിക്കാനും ശോഷിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ വിദേശരാഷ്ട്രങ്ങളില്‍ ചരടുവലിക്കാരുള്ള ഇവിടുത്തെ ശക്തികളുടെ സുചിന്തിതമായ പദ്ധതിയാണ്. പഴയ ഇന്തോ-ആര്യന് ആഖ്യാനം പുതിയൊരു ചട്ടക്കൂടില്‍ മുന്നോട്ടുവയ്ക്കുന്ന ഈ ശക്തികള്‍ വിദ്വേഷത്തിന്റെയും അരാജകത്വത്തിന്റെയും ഒരു വാസ്തുശില്‍പ്പം ഇതിനോടകംതന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. കാര്‍ത്തികേയ ഭഗവാനെ ‘ഉത്തരേന്ത്യന്‍ ആക്രമണകാരിയായി’ ചിത്രീകരിച്ച് രാമനെതിരെ നിര്‍ത്തുന്ന ഒരു ‘കട്ടിങ് സൗത്ത് കോണ്‍ക്ലേവ്’ ചിലര്‍ പദ്ധതിയിടുന്നുണ്ട്. കുറച്ചുനാള്‍ മുന്പാണല്ലോ ഒരു ഡിഎംകെ നേതാവ് ”ആരാണ് രാമന്? രാമന് ഇങ്ങ് തെക്ക് ഒരു പ്രസക്തിയുമില്ല” എന്നു പറഞ്ഞത്. ഇതിലൂടെയൊക്കെ ശൈവരെയും വൈഷ്ണവരെയും തമ്മിലകറ്റാനാണ് നോക്കുന്നത്.
2023 ല്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണയോടെ കേരളത്തില്‍ നടന്ന ‘കട്ടിങ് സൗത്ത് കോണ്‍ക്ലേവ്’ ഈ ആഖ്യാനമാണ് മുന്നോട്ടുവച്ചത്. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇതിന്റെ വിശാലമായ ലക്ഷ്യമെന്ന് വെളിപ്പെടുകയുണ്ടായി.
ബിജെപി നേതാക്കളെ പാര്‍ലമെന്റില്‍ കൂവിയിരുത്താന്‍ ശ്രമിക്കുന്നതിനിടെ ”നിങ്ങള്‍ ഹിന്ദുവല്ല. ആര്‍എസ്എസും ബിജെപിയും ഹിന്ദുധര്‍മത്തിന്റെ പ്രതിനിധികളല്ല” എന്നു രാഹുല്‍ പറയുകയുമുണ്ടായല്ലോ. ആരെയെങ്കിലും അവിശ്വാസിയായി പ്രഖ്യാപിക്കാനുള്ള അധികാരം ഹിന്ദുധര്‍മം ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ നല്‍കുന്നില്ല. ശിവസങ്കല്പ്പത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ ഹിന്ദു ധര്‍മത്തിനുമേല്‍ അബ്രഹാമിക സമീപനം വച്ചുപിടിപ്പിക്കാനാണ് രാഹുല്‍ ശ്രമിച്ചത്.
മനുഷ്യനും ദൈവവും തമ്മില്‍ ദ്വന്ദ്വമില്ല
ദ്വന്ദ്വങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഭാഷാ പ്രയോഗങ്ങളുടെ വ്യത്യാസങ്ങള്‍ നാം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. പല പണ്ഡിതന്മാര്ക്കും ‘ഹിന്ദുയിസം’ ഒരു പ്രശ്നമാണ്. കാരണം ‘ഇസം’ എന്നത് അടഞ്ഞചിന്തയും വരട്ടുവാദ തത്ത്വവും അന്ധമായ വിശ്വാസ സമ്പ്രദായവുമൊക്കെയാണല്ലോ. ഇവര്‍ ഭാരതീയ തത്വശാസ്ത്രത്തെക്കുറിച്ചും വിശ്വാസ സമ്പ്രദായത്തെക്കുറിച്ചും പറയാന്‍ ഹിന്ദുത്വം, ഹിന്ദുധര്‍മം എന്നൊക്കെയാണ് ഉപയോഗിക്കുന്നത്. ഹിന്ദുത്വം ഒരു മതമല്ല. ജീവിതരീതിയാണ്. ഒരാളെ നേരിലേക്ക് നയിക്കുന്നതാണ് ദൈവം. ധര്‍മം എന്ന സംസ്കൃത വാക്കിന്റെ നിഷ്പത്തി ‘ഒന്നിച്ചുചേര്ക്കേണ്ടത്’ എന്നര്‍ത്ഥമുള്ള ‘ധ്രി’യാണ്. സമൂഹത്തെയും കുടുംബത്തെയും ചേര്‍ത്തുനിര്‍ത്തുന്ന ‘ധര്‍മം’ എന്നതിനെ പ്രതിനിധീകരിക്കുന്ന ഒരൊറ്റവാക്കു പോലും ഇംഗ്ലീഷിലില്ല. ഭാരതീയ മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്ന കാതലായ ആശയമാണ് ധര്‍മം.
ഹിന്ദുത്വം അല്ലെങ്കില്‍ ഹിന്ദുധര്‍മം ഏതെങ്കിലും ദൈവത്തിലേക്ക് നയിക്കുന്നതല്ല. ആത്യന്തിക യാഥാര്‍ത്ഥ്യവുമായി ഐക്യം പ്രാപിക്കാനുള്ളതാണ്. ‘ശിവം ഭൂത്വ ശിവം യജേത്’ (ശിവനെ ഭജിച്ച് ശിവനായിത്തീരുക) എന്നു പറയുന്നത് അതുകൊണ്ടാണ്. ഇവിടെ മനുഷ്യനും ദൈവവും തമ്മില്‍ ദ്വന്ദമോ ദൈ്വതമോ ഇല്ല. ഹിന്ദുധര്‍മത്തിന്റെ സാര്‍വലൗകികമായ വീക്ഷണമാണിത്. ഭാരതീയ ചിന്താധാരയിലെ ചാര്‍വാക സിദ്ധാന്തക്കാരോടൊ ലോകായതക്കാരോടൊ ഹിന്ദുത്വത്തിന് യാതൊരു വിദ്വേഷവുമില്ല. മാനവരാശിയെ വിശ്വാസികളെന്നും അവിശ്വാസികളെന്നും വേര്‍തിരിക്കുന്ന തത്വചിന്തയെ ഉള്‍ക്കൊള്ളുന്നതിനാണ് പ്രയാസം.
‘ഏഷ ധര്‍മ സനാതനഃ.’ അതായത് ഈ ധര്‍മം അനശ്വരമാണ്. ഡോ.എസ്. രാധാകൃഷ്ണന് പറഞ്ഞിട്ടുള്ളതുപോലെ സമാജത്തെ ഒന്നിപ്പിക്കുന്നതാണ് ധര്‍മം. സമാജത്തെ വിഭജിക്കുന്നതും, പലതായി പിളര്‍ത്തി പരസ്പരം തമ്മിലടിപ്പിക്കുന്നതും അധര്‍മമാണ്. പരമമായതിനെ സാക്ഷാല്‍ക്കരിക്കുകയും, നിങ്ങളുടെ മനസ്സില്‍ സന്നിഭമായിരിക്കുന്ന ആത്മാവിന് അനുസൃതമായി ഓരോ പ്രവൃത്തിയും ചെയ്യുമ്പോഴാണ് അത് ധര്മാനുഷ്ഠാനമാവുന്നത്. മറ്റ് താല്‍പ്പര്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കുകയും, മറ്റ് മേഖലകളിലേക്ക് മനസ്സ് വ്യാപരിക്കുകയും ചെയ്താല്‍ നിങ്ങള്‍ വിശ്വാസിയാണന്ന് കരുതിയാലും അങ്ങനെയൊരാളാവില്ല. ധാര്‍മികതയിലേക്ക് ഉയര്‍ന്ന ഹൃദയമുള്ളവരാണ് യഥാര്‍ത്ഥ ദൈവവിശ്വാസികള്‍. ഹിന്ദുധര്‍മം സാധകന് ചിന്താസ്വാതന്ത്ര്യവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്കുന്നു. എന്തിനെയും ചോദ്യം ചെയ്യാനും സ്വാധീനിക്കാനും നിരസിക്കാനും സ്വാതന്ത്ര്യം നല്കുന്നു.
സ്വാമി ശിവാനന്ദ പറയുന്നത് ഇങ്ങനെയാണ്: ‘ഹിന്ദുധര്‍മം യുക്തിബോധമുള്ള മനുഷ്യന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കുന്നു. മനുഷ്യന്റെ വിചാരവികാരങ്ങള്‍ക്ക് അത് അനാവശ്യമായ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല. സ്വാതന്ത്ര്യത്തിന്റെ മതമായ ഹിന്ദുധര്‍മം വിശ്വാസത്തിന്റെയും ആരാധനയുടെയും കാര്യത്തില്‍ അത്യന്തം വിപുലമായ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. ദൈവസ്വരൂപം, ആത്മാവ്, ആരാധനാരീതി, സൃഷ്ടി, ജീവിതത്തിന്റെ ലക്ഷ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ തികഞ്ഞ സ്വാതന്ത്ര്യവും അനുവദിക്കുന്നു. ഒരു പ്രത്യേക ആരാധനാ രീതി അംഗീകരിക്കണമെന്ന് ഒരാളെയും അത് നിര്‍ബന്ധിക്കുന്നില്ല. ഓരോരുത്തരുടെയും എല്ലാത്തരം ചിന്തയെയും അന്വേഷണത്തെയും അംഗീകരിക്കുന്നു.’
ഏതെങ്കിലും ഒരു വിശുദ്ധ ഗ്രന്ഥത്തിനും മാര്‍ഗത്തിനും മാത്രമായി ഹിന്ദുധര്‍മം പ്രാമുഖ്യം നല്‍കുന്നില്ല. പരശ്ശതം ഹിന്ദുക്കള്‍ ആദരിക്കുന്ന വേദങ്ങള്‍ക്കുപോലും ആത്യന്തികമായ പ്രാമാണികത നല്‍കുന്നില്ല. വേദങ്ങളെപ്പോലും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു ഹിന്ദുവിനുണ്ട്. അഗ്നിക്ക് ചൂടും വെളിച്ചവുമില്ലെന്ന് വേദങ്ങള്‍ പറഞ്ഞാല്‍പ്പോലും ഞാന്‍ അംഗീകരിക്കില്ല.(ശീതോ അഗ്നി അപ്രകാശോ വാ ഇതി ബ്രുവന്ശ്രുതി ശതമപി പ്രാമാണ്യമുപൈതി) എന്ന് ബ്രഹ്മസൂത്രഭാഷ്യത്തിന്റെ ആമുഖത്തില്‍ ആദിശങ്കരന് പറയുന്നുണ്ടല്ലോ. ചില കാര്യങ്ങളില്‍ ഭഗവദ്ഗീതപോലും വേദ പ്രാമാണ്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങള്‍ക്കാണ് ഹിന്ദുത്വം പ്രാമുഖ്യം നല്‍കുന്നത്. വ്യക്തികള്‍ സത്യത്തിന്റെ കുത്തക അവകാശപ്പെടുന്നതിനെ അംഗീകരിക്കുന്നില്ല. ഉപനിഷത്തുക്കളും വേദങ്ങളും ആത്മീയ മാര്‍ഗം കാട്ടുന്നവയാണ്. ഓരോ പുരുഷനും സ്ത്രീക്കും സ്വന്തം ആത്മീയ മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പണ്ഡിതനും പാമരനും സ്വന്തം പാതയിലൂടെ സഞ്ചരിക്കാന്‍ തുല്യ അവകാശമാണുള്ളത്. വിശാലമായ ഹൈന്ദവ പദ്ധതിയില്‍ ജാതിയും മതവും പ്രസക്തമല്ല. ആത്മീയ സത്യത്തിന്റെ ഒരേയൊരു അവകാശി താനാണെന്നും ഒരേരൊരു മാര്‍ഗം ഇതാണെന്നും ആര്‍ക്കും അവകാശപ്പെടാനാവില്ല. ഒരു രീതിയും ഒരു സന്ദേശവും പലതില്‍ ഒന്നുമാത്രമാണ്.
മതവിശ്വാസത്തിന്റെ കാര്യത്തില്‍ ‘ഇതുമാത്രം’ എന്നതല്ല ഹിന്ദുത്വം പറയുന്നത്, ‘ഇതുംകൂടി’ എന്നതാണ്. ഭഗവദ്ഗീതയില്‍ കൃഷ്ണ ഭഗവാന് ഇക്കാര്യം മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. യേ യതാമാം പ്രപദ്യന്തേ/താം സ്തഥൈവ ഭജാമ്യഹം.
അതിനാല്‍ ഒരാളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനഃസാക്ഷി സ്വാതന്ത്ര്യവും നിഷേധിക്കുന്ന വിശ്വാസ വ്യവസ്ഥ ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും. ഹിന്ദുധര്‍മത്തെക്കുറിച്ച് രസകരമായി ഇങ്ങനെ പറയാറുണ്ട്: ‘ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സിദ്ധാന്തമൊന്നുമില്ല എന്നതാണ് ഹിന്ദുത്വത്തിന്റെ സിദ്ധാന്തം.’ ഭാരതത്തിന്റെ പുനര്ജന്മത്തിന് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഹിന്ദുധര്‍മത്തിന്റെ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മഹര്‍ഷി അരവിന്ദന് നിര്‍ദ്ദേശിക്കുന്നു.
ഹിന്ദു മൗലികവാദം ഭാവാത്മകം
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന ആര്. ഹരിയേട്ടനുമായുള്ള ഒരു സംഭാഷണത്തില്‍ കേരള ചീഫ് സെക്രട്ടറിയായിരുന്ന ഡോ. ഡി. ബാബുപോള്‍ ഇങ്ങനെ പറയുകയുണ്ടായി: ”ഹിന്ദുക്കള്‍ കൂടുതല്‍ കൂടുതല്‍ മൗലികവാദികളാവുന്നത് മാനവരാശിക്ക് അനുഗ്രഹമാണ്.” ഹിന്ദുത്വത്തിന് അതിന്റെ താത്വികമായ അടിസ്ഥാനം കോട്ടംതട്ടാതെ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിരുദ്ധ ആശയങ്ങളെയും വിശ്വാസസമ്പ്രദായങ്ങളെയും ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയും. പുതിയ ആശയങ്ങളെ ഹിന്ദുത്വം ഒരിക്കലും ചെറുത്തിട്ടില്ല. എവിടെനിന്നാണ് ഉത്ഭവിച്ചതെന്നു നോക്കാതെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ”ആനോ ഭദ്ര കൃതന്തവോ യന്തു വിശ്വതഃ” (ചിന്തകള്‍ എല്ലാ വശങ്ങളില്‍നിന്നും വരട്ടെ) ഹിന്ദുത്വം സ്വന്തം അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുകയും അതുമായി പരീക്ഷണത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അന്വേഷണ തല്‍പ്പരത അതിന് സഹജമാണ്. കാര്യങ്ങളുടെ സത്യമറിയാന്‍ ഒടുങ്ങാത്ത ആവേശമാണിതിന്. സത്യാന്വേഷണത്തില്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതിനാല്‍ ശാസ്ത്രവുമായി ഹിന്ദുത്വം ഒരിക്കലും സംഘട്ടനത്തിലേര്പ്പെട്ടിട്ടില്ല. നമ്മുടെ മഹാന്മാരായ ഋഷിമാര്‍ അതീന്ദ്രിയവും യുക്തിപരവുമായ അറിവുകള്‍ തമ്മില്‍ വേര്‍തിരിവ് കല്‍പ്പിച്ചിട്ടില്ല. സത്യത്തെ അറിയാനും അനുഭവിക്കാനും യോഗ പോലുള്ള രീതികള്‍ അവര്‍ വികസിപ്പിച്ചെടുത്തു.
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഒരൊറ്റ സത്ത കൊണ്ടാണെന്നും, അതിന്റെ രൂപങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും പറയുന്ന അദൈ്വത സിദ്ധാന്തമാണ് ഹിന്ദുക്കളുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. നാം പ്രപഞ്ചത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ സൃഷ്ടിക്രമങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്നു. ഹിന്ദുധര്‍മ പ്രകാരം പ്രപഞ്ചം എന്നത് ഈശ്വരന്റെ ശരീരമാണ്. സചേതനവും അചേതനവുമായതെല്ലാം അതിന്റെ ഭാഗവുമാണ്.
”അഖണ്ഡ മണ്ഡലാകാരം വ്യാപ്തം യേന ചരാചചരം/തത്പദം ദര്ശിതം യേന, തസ്മൈ ശ്രീഗുരുവേ നമഃ” (ആരുടെ രൂപമാണോ അവിഭാജ്യമായ സാന്നിധ്യമാകുന്നത്, ആരിലൂടെയാണോ ചലിക്കുന്നതും ചലിക്കാത്തതുമായ ജീവികളില്‍ വ്യാപിച്ചിരിക്കുന്നത്, ആ ഗുരുവിന് നമസ്കാരം) ഈ യുക്തിസഹമായ തുടര്‍ച്ച സന്തുലിതമായി നിലനിര്‍ത്താന്‍ ഹിന്ദുവിന് കഴിയുന്നു. കാരണം പ്രകൃതിയെ ഹനിക്കുന്നത് തനിക്കും ഹാനികരമാണെന്ന് അവര്‍ക്ക് അറിയാം.
ലോകത്തിന് പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയായ ജനാധിപത്യത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നതെന്ന് സര്‍സംഘചാലകായിരുന്ന പ്രൊഫ. രാജേന്ദ്ര സിംഗിനോട് ഒരിക്കല്‍ ഒരു വിദേശ പത്രപ്രവര്ത്തകന് ചോദിക്കുകയുണ്ടായി. വാചാലമായ ഒരു ചിരിയോടെ രജുഭയ്യ ഇതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്: ”ഭാരതത്തോടൊപ്പമാണ് നിങ്ങള്‍ പറയുന്ന ഈ ജനാധിപത്യം പാക്കിസ്ഥാനും സ്വീകരിച്ചത്, പിന്നീട് ബംഗ്ലാദേശും. ഈ നാടുകളിലെ ജനാധിപത്യത്തിന്റെ കോലം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?”
ജനാധിപത്യം എന്ന ആശയം ഭാരതത്തിന് അന്യമല്ല. സഭ, സമിതി എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഋഗ്വേദത്തിലും അഥര്‍വവേദത്തിലും കാണാം. രാജാവിന്റെ അധികാരം ആത്യന്തികമല്ലെന്ന് ഋഗ്വേദം പറയുന്നുണ്ട്. വിവിധ രൂപത്തിലുള്ള റിപ്പബ്ലിക്കുകളെക്കുറിച്ചും, തീരുമാനങ്ങളെടുക്കുന്നതില്‍ പൗരന്മാര്ക്കുള്ള പങ്കിനെക്കുറിച്ചും കൗടില്യന്റെ അര്‍ത്ഥശാസ്ത്രം ചര്‍ച്ച ചെയ്യുന്നു. ബുദ്ധമതത്തിന്റെ കാലഘട്ടത്തില്‍ രാജാക്കന്മാരെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ രീതികള്‍ അവലംബിച്ചതായി കാണാം. വൈശാലിയിലെ രാജാവായ വിശാല്‍ ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടയാളാണ്. മഹാത്മാഗാന്ധി വില്ലേജ് റിപ്പബ്ലിക്കുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ നമ്മുടെ പൂര്‍വികര്‍ വികസിപ്പിച്ചെടുത്ത പ്രാചീനമായ എന്നാല്‍ കരുത്തുറ്റ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ-രാഷ്ട്രീയ ഘടന പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
മതേതരത്വത്തിന്റെ വ്യാജനിര്‍മിതി
നെഹ്റൂവിയന്‍ മതേതരത്വത്തിന്റെ പേരില്‍ മുന്നോട്ടുകൊണ്ടുവന്ന, നന്മയെക്കാള് ഒരുപാട് തിന്മകള് വരുത്തിവച്ച ആശയത്തോടാണ് നാം വിയോജിക്കുന്നത്. ജാതിമതങ്ങളെ തമ്മിലടിപ്പിക്കുകയും, മതന്യൂനപക്ഷങ്ങള്‍ ദേശീയ മുഖ്യധാരയില്‍ ചേരുന്നതിനെതടയുകയുമാണ് നെഹ്റൂവിയന്‍ മതേതരത്വം ചെയ്തത്.
അരക്ഷിതാവസ്ഥയില്‍നിന്നും സത്യസന്ധതയില്ലായ്മയില്നിന്നും ദൗര്ബല്യത്തില്നിന്നുമാണ് നെഹ്റൂവിയന്‍ മതേതരത്വം സൃഷ്ടിക്കപ്പെട്ടത്. ഹിന്ദുക്കളെ നിന്ദിക്കുകയും മതന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുകയെന്നതുമാണ് അത് ലക്ഷ്യംവയ്ക്കുന്നത്. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ ഐക്യത്തെക്കുറിച്ചുള്ള വ്യാജബോധം വളര്‍ത്തുകയും, ചിന്തയിലെ സ്വാതന്ത്ര്യവും പ്രവൃത്തിയിലെ പുരോഗതിയും നിരുത്സാഹപ്പെടുത്തുകയാണ് അത് ചെയ്ത്. വ്യാജമായ ഐക്യബോധം വളര്‍ത്തുന്നതിലെ അപകടത്തെക്കുറിച്ച് മഹര്‍ഷി അരവിന്ദന് നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൃതമായ ഐക്യത്തിന് പ്രാധാന്യം നല്‍കുന്നത് ദേശീയ അധഃപതനത്തിന്റെ ശരിയായ സൂചികയാണ്. സജീവമായ ഐക്യത്തിനു നല്കുന്ന പ്രാധാന്യം
ദേശീയ മഹത്വത്തിന്റെ സൂചികയും!
നെഹ്റൂവിയന്‍ മതേതരത്വത്തിന്റെ ആദ്യത്തെ കടുത്ത വിമര്ശകന് ആദ്യ പ്രധാനമന്ത്രിയുടെ മന്ത്രിസഭാംഗമായിരുന്ന കെ.എം. മുന്ഷിതന്നെയായിരുന്നു എന്നതാണ് രസകരമായ കാര്യം. ‘ആ പേരില്‍ കമ്യൂണിസം പിന്തുണയ്ക്കുന്ന മതവിരുദ്ധ ശക്തികള്‍ മതപരമായ ഭക്തിയെ, പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ മതഭക്തിയെ നിന്ദിക്കുന്നു. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാര്‍ അതിന്റെ പേരില്‍ വീണ്ടും ന്യൂനപക്ഷ സമുദായങ്ങളുടെ മതപരവും സാമൂഹ്യപരവുമായ ചാപല്യങ്ങള്‍ക്ക് മാപ്പുകൊടുക്കുമ്പോള്, ഭൂരിപക്ഷ സമുദായത്തിന്റെ ഇതേപോലുള്ള ചാപല്യങ്ങളെ വര്‍ഗീയമെന്നും പ്രതിലോമപരമെന്നും മുദ്രകുത്തുന്നു. മതേതരത്വത്തിന് ഹിന്ദുധര്‍മത്തോട് വിരോധമുണ്ടാവുന്നത് എങ്ങനെയെന്ന് സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍നിന്ന് വ്യക്തമാവുകയുണ്ടായി… ഈ ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഭൂരിപക്ഷ സമുദായത്തിന് നിരാശാബോധമാണ് ഉണ്ടാക്കിയിരുന്നത്… എന്നിട്ടും മതേതരത്വം എന്ന വാക്കിന്റെ ദുരുപയോഗം തുടര്‍ന്നു… വര്‍ഗീയ സംഘര്‍ഷമുണ്ടാകുമ്പോഴൊക്കെ പ്രശ്നക്കാര്‍ ആരെന്നു നോക്കാതെ ഭൂരിപക്ഷ സമുദായത്തെ കുറ്റപ്പെടുത്തി. നമ്മുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളായ കാശിയും മഥുരയും ഋഷികേശുമൊക്കെ വ്യവസായ ചേരികളാക്കി മാറ്റിക്കൊണ്ടിരുന്നപ്പോള്‍ പരമ്പരാഗത സഹിഷ്ണുതയുടെ അരുവികള്‍ വരണ്ടുപോയി!’ നെഹ്റൂവിയന്‍ സോഷ്യലിസത്തെക്കുറിച്ച് കെ.എം. മുന്‍ഷി പ്രകടിപ്പിച്ച ഇത്തരം ആശങ്കകള്‍ ഇപ്പോഴും പ്രസക്തമാണ്. ഭാരതത്തിലെ മതേതരത്വത്തിന്റെ എല്ലാ പോരാട്ടങ്ങളും എത്തിച്ചേരുന്നത് ഹിന്ദു മതമൗലികവാദത്തിലാണെന്നും, ഈ മതേതരത്വം മതപരമായ ഹിംസയെ പ്രസവിക്കുകയാണെന്നും ബെല്‍ജിയം ഗെന്റ് സര്‍വകലാശാലയിലെ എമിരറ്റസ് പ്രൊഫ. എസ്.എന്‍. ബാലഗംഗാധര തന്റെ ‘റീകണ്സെപ്റ്റലൈസിങ് ഇന്ത്യാ സ്റ്റഡീസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതാണ് ശരി. രാമജന്മഭൂമി കേസില്‍ നെഹ്റൂവിയന്‍ മതേതരത്വത്തിന്റെ വക്താക്കള്‍ എന്തുമാത്രം കള്ളങ്ങളെയും കാപട്യങ്ങളെയുമാണ് ആശ്രയിച്ചതെന്ന് നാം കണ്ടതാണല്ലോ.
ലെഫ്റ്റ്-ലിബറലുകള്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ഹിന്ദുത്വം പഴഞ്ചന്‍ തത്വചിന്തയല്ല. രൂപാന്തരപ്പെടാനും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാനും വലിയ ശേഷിയുള്ളതാണ്. ഭൂതകാലത്തില്‍ അഭിമാനംകൊള്ളുമ്പോള്‍ത്തന്നെ മാതൃഭൂമിയുടെ പരംവൈഭവം നേടാന്‍ നാം ഭാവിയിലേക്കാണ് നോക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ വൈദേശികമായ കാഴ്ചപ്പാടുകളും പരിഹാരനിര്ദ്ദേശങ്ങളുമല്ല, ഭാരതീയമായ ആശയങ്ങളും മാതൃകകളുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: