പിതാവിന്റെ വാക്കുകള്‍ വേദവാക്യമായെടുത്ത് പള്ളിക്കൂടം കെട്ടാനിറങ്ങി കേരളത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്വകാര്യ വിദ്യാഭ്യാസഗ്രൂപ്പായി അതിനെ മാറ്റിയെടുത്ത വ്യക്തിയാണ് കൊട്ടാരക്കരയില്‍ നാട്ടുകാരുടെ ബേബിച്ചായന് എന്നറിയപ്പെടുന്ന ഡോ. ഗീവര്‍ഗീസ് യോഹന്നാന്. അപ്പന് മകനോട് പറഞ്ഞത് ഇത്രമാത്രം. ”നീ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തനായാല്‍ ആദ്യം ചെയ്യേണ്ടത് നാട്ടില്‍ ഒരു പള്ളിക്കൂടം കെട്ടണം. അശരണരെ സഹായിക്കണം. ചുമ്മാ പള്ളിക്കൂടം കെട്ടിയാല്‍ പോരാ ലോകനിലവാരത്തിലുള്ള ക്ലാസ് മുറികളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും നല്‍കണം. ഒപ്പം ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായും മാറണം.”
വിദേശത്ത് പോയി കാശുകാരനായ മകന് അപ്പന്റെ വചനങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച് കൊട്ടാരക്കര മൈലത്ത് ആദ്യത്തെ സ്കൂളായി എംജിഎം സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് അത് വളര്‍ന്ന് വിവിധ ജില്ലകളിലായി 23 എണ്ണമായി. വിവിധ സംഘടനകള്‍ വഴിയും വ്യക്തിപരമായും ചെയ്ത സഹായങ്ങളിലുടെ ആയിരക്കണക്കിന് പേര്‍ക്ക് താങ്ങായി തണലായി അവരുടെയെല്ലാം സ്വന്തം ബേബിച്ചനാണിന്ന്.
1994 ല്‍ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നതും ഈശ്വരനിശ്ചയം പോലെയായിരുന്നുവെന്നാണ് ബേബിച്ചായന് പറയുന്നത്. കൊട്ടാരക്കര മൈലത്ത് എംസിറോഡിന് ഓരത്ത് കുറെ ഭൂമി വില്‍ക്കാനുണ്ട്. സ്കൂളിന് അനുയോജ്യമായതുകൊണ്ട് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത് അന്ന് കൊട്ടാരക്കര എസ്ജി കോളജിന്റെ ചുമതല വഹിച്ചിരുന്ന മാത്യൂസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയാണ്. എസ്ജി കോളജിന് സ്കൂള്‍ തുടങ്ങാന്‍ വേണ്ടിയായിരുന്നു ഭൂമി എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പറഞ്ഞു: ”നീ ഒരു സ്കൂള്‍ ആരംഭിക്കൂ, ദൈവകൃപയാല്‍ എല്ലാം ഭംഗിയാവും.” അങ്ങനെ തിരുമേനിയുടെ അനുഗ്രഹവും അപ്പന്റെ ആഗ്രഹവും പോലെ ആദ്യ സ്കൂളിന് തറക്കല്ലിട്ടു. എതിര്‍പ്പുകളും പ്രതിസന്ധികളും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നുവെങ്കിലും എല്ലാം കെട്ടടങ്ങി. ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂളായി മൈലം എംജിഎം മാറി.
മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ 11 സിബിഎസ്ഇ സ്കൂളുകള്‍, ഒരു എയ്ഡഡ് സ്കൂള്‍, നാല് ഫാര്മസികോളജ്, നാല് പോളിടെക്നിക്ക് കോളജ്, രണ്ട് എഞ്ചിനീയറിങ് കോളജ്, ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഉള്‍പ്പടെ 23 വിദ്യഭ്യാസ സ്ഥാപനങ്ങളിലായി 22500 വിദ്യാര്‍ത്ഥികളും 1750 സ്റ്റാഫുമാണ് ഇന്ന് എംജിഎം ഗ്രൂപ്പിന് കീഴിലുള്ളത്. വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ക്യാപിറ്റേഷന്‍ ഫീസ് വാങ്ങില്ല. ലാഭമല്ല, നല്ല വിദ്യാഭ്യാസത്തിലൂടെ ഭാവിതലമുറയെ സൃഷ്ടിക്കുന്നതിലാണ് ചെയര്‍മാന്റെ ശ്രദ്ധ. അവരുടെ സ്നേഹവും പ്രസരിപ്പും കാണുമ്പോള്‍ കിട്ടുന്ന ആനന്ദം മറ്റെങ്ങും കിട്ടില്ലെന്നാണ് ബേബിച്ചന്റെ മതം.
”പ്രവാസജീവിതത്തിന്റെ 50 വര്‍ഷം പിന്നിടുന്ന സമയത്തും ബിസിനസില്‍ നിന്നുകിട്ടുന്ന പണം ഇവിടെ നിക്ഷേപിക്കുന്നതിന്റെ രഹസ്യം വാക്കുകളിലൂടെ വിവരിക്കാന്‍ പറ്റില്ല. അനുഭവിച്ച് അറിയേണ്ട ഒന്നാണ്. ലോകത്തിന്റെ ഏത് കോണില്‍പോയാലും ‘സാര്‍ ഞാന്‍ എംജിഎമ്മിലാണ്, എന്റെ കുട്ടി സാറിന്റെ കലാലയത്തിലാണ് പഠിച്ചത്’ എന്നു പറയുന്നവരുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. ജീവനക്കാരെ കുടുംബാംഗങ്ങളായി കാണുകയെന്നതാണ് ബേബിച്ചായന്റെ മറ്റൊരു രീതി. 30 വര്‍ഷം മുന്‍പ് സ്കൂള്‍ ആരംഭിച്ചപ്പോഴുള്ള ചില ജീവനക്കാര്‍ ഇപ്പോഴും കൂടെയുണ്ടെന്ന് കേള്‍ക്കുമ്പോഴാണ് ആത്മബന്ധത്തിന്റെ ആഴം മനസിലാകുന്നത്. അവര്‍ എന്നെ വിട്ട് പോകത്തുമില്ല, ഞാന്‍ അവരെ കളയുകയുമില്ല.” ബേബിച്ചായന്റെ വാക്കുകളില്‍ സ്നേഹവും ആത്മാര്‍ത്ഥതയും തൊട്ടറിയാം.
എല്ലാ മാസവും നാട്ടിലെത്തുന്ന ബേബിച്ചനെ കാത്ത് വീട്ടില്‍ വലിയൊരു കൂട്ടമുണ്ടാകും. ബേബിച്ചായന് കൈവിടില്ലെന്ന വിശ്വാസത്തിലാണ് അവരെല്ലാമെത്തുന്നത്. ആവശ്യം പണമായാലും പഠനമായാലും, ചികിത്സ ആയാലും ജോലി ആയാലും പരിഹാരം കണ്ടേ അവരെ മടക്കുകയുള്ളൂ. 16 വര്‍ഷമായി മാസം തോറും 250 പേര്‍ക്ക് 500 മുതല്‍ 5000 രൂപവരെ പെന്ഷന് നല്കിവരുന്നു എന്നറിയുമ്പോഴാണ് രഹസ്യമായി ജീവകാരുണ്യം നടത്തിവന്ന ഈ വലിയ മനുഷ്യനെ സമൂഹം നമിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഒരു ട്രസ്റ്റ് തന്നെ രൂപികരിച്ച് സജീവ ഇടപെടല്‍ നടത്തിത്തുടങ്ങി.
ഭവനരഹിതര്‍ക്ക് നിരവധി വീടുകള്‍, പ്രളയ ദുരിതബാധിതര്‍ക്കായി പത്ത് വീടുകള്‍, ഗുരുതരമായ രോഗങ്ങളില്‍പ്പെടുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, 2024-25 വര്‍ഷത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്ക് എംജിഎമ്മിന്റെ 11 കോളജുകളിലും 100 ശതമാനം സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ വിദ്യാമൃതം പദ്ധതി, ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലയില്‍ സഭ വഴി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വയനാട്ടിലെ ദുരിതബാധിതരായ 30 കുട്ടികളെ കണ്ടെത്തി എല്‍കെജി മുതല്‍ ഡിഗ്രി തലം വരെ പുസ്തകത്തിനും വസ്ത്രത്തിനും ആഹാരത്തിനും പഠനത്തിനുമുള്ള ചെലവ് വഹിക്കുന്ന പദ്ധതി എന്നിങ്ങനെ കേരളത്തിലെ സാമൂഹ്യസേവനമേഖലകളില്‍ എവിടെ നോക്കിയാലും എംജിഎം ഗ്രൂപ്പിന്റെ കയ്യൊപ്പ് കാണാന്‍ കഴിയും.
ജന്മനാ വിവിധ വൈകല്യങ്ങളുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള സ്കൂള്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് നിര്‍മിക്കുകയെന്നതാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ പ്രധാന പദ്ധതി. ഇത്തരത്തിലുള്ള കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന പ്രയാസമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് തന്നെ നയിച്ചതെന്ന് ബേബിച്ചന് പറയുന്നു.
1948 ജനുവരി 30 ന് കൊട്ടാരക്കര നെല്ലിക്കുന്നം കുഴിവിള പുത്തന്‍വീട്ടില്‍ യോഹന്നാന് ഗീവര്‍ഗീസിന്റേയും മറിയാമ്മയുടേയും ഒന്‍പത് മക്കളില്‍ ഒന്നാമനായി ജനനം. വിദ്യാഭ്യാസത്തിന് ശേഷം ഫെഡറല്‍ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലി രാജിവച്ചശേഷം 1973 ല്‍ വിദേശത്ത് ഒമാന്‍ എഞ്ചിനീറിങ് കമ്പനിയില്‍ അക്കൗണ്ടന്റായി തുടങ്ങി ജനറല്‍മാനേജര്‍ വരെയായി. 2009 ല്‍ സ്വന്തമായി നദാന് കണ്‍സ്ട്രക്ഷന്‍ എന്ന പേരില്‍ കമ്പനി ആരംഭിച്ചു. കൊട്ടാരക്കരയിലും നദാന്റെ പേരില്‍ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം, എംജിഎം എഡ്യുക്കേഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ചെയര്മാന്, എംജിഎം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന്, മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ വൈസ് ചെയര്മാന്, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ ബേബിച്ചന് പ്രവര്‍ത്തിക്കുന്നു. അമേരിക്ക ആസ്ഥാനമായ അക്കാഡമി ഓഫ് യൂണിവേഴ്സല്‍ ഗ്ലോബല്‍ പീസ് ഹോണററി ഡോക്ട്റേറ്റ് നല്കി ബേബിച്ചനെ ആദരിച്ചു. ഇന്തോ-റഷ്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡര്‍ അവാര്‍ഡ് തുടങ്ങി സ്വദേശത്തും വിദേശത്തുമായി നിരവധി പുസ്കാരങ്ങള്‍ തേടിയെത്തെി. ഭാര്യ ജയ്നമ്മ, മക്കള്‍ ആല്ഫമേരി, ഒലീന മേരി, മീവല്‍ മേരി, ജാബ്സണ്‍ വര്‍ഗീസ്. മരുമക്കള്‍ വിനോദ് തോമസ്, ബിനോയ് പണിക്കര്‍, അനുഷ തോമസ്, ക്രിസ്റ്റീന.
പ്രവാസജീവിതത്തില്‍ അരനൂറ്റാണ്ടും സാമൂഹ്യസേവനരംഗത്ത് 30 വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബേബിച്ചായന്. 31 ന് കൊട്ടാരക്കരയില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളും പുതിയ സേവന പദ്ധതികളുടെ ഉദ്ഘാടനവും തന്റെ ജീവിതയാത്രകള്‍ ഒരു പുസ്തകമാക്കിയതിന്റെ പ്രകാശനവും നിര്‍വഹിക്കുന്നത് ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ്. പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് മുന്നോട്ട് കുതിച്ചതും, കഠിനപ്രയത്നവും ഈശ്വരാനുഗ്രവുമാണ് തന്നെ താനാക്കിയതെന്നാണ് ബേബിച്ചന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: