പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജന്മവാര്ഷിക ദിനമാണ് ഇന്ന്. ജാതി-മത-ലിംഗഭേദമെന്യേ സകല മനുഷ്യരേയും അതിലുപരി പക്ഷി-മൃഗാദി സര്‍വ്വ ജീവരാശികളെയും സ്നേഹിച്ചാദരിച്ച ജീവകാരുണ്യനാഥന്‍ കൂടിയായിരുന്നു ചട്ടമ്പിസ്വാമികള്‍. മാനവരാശിയെ ആദ്ധ്യാത്മിക-സാംസ്കാരിക-സാമൂഹ്യ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തി. കേരളീയ നവോത്ഥാനത്തിന് അദ്ദേഹം വിത്തുവിതച്ചു. ആയത് ശിഷ്യ- പ്രശിഷ്യരിലൂടെ ഇന്നും പ്രാവര്ത്തികമാക്കിക്കൊണ്ടേയിരിക്കുന്നു. കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തില്‍(1853 ആഗസ്ത് 25) തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും നങ്ങമ്മപ്പിള്ളയുടെയും മകനായിട്ടായിരുന്നു ജനനം. അയ്യപ്പന് എന്നാണ് ഔദ്യോഗിക നാമമെങ്കിലും കുഞ്ഞന്‍പിള്ള എന്നാണ് അറിയപ്പെട്ടത്. ദാരിദ്യം മൂലം പാഠശാലാ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല.
തൊട്ടടുത്ത മഠത്തിലെ കുട്ടികളെ ഒരു ശാസ്ത്രികള്‍ സംസ്കൃതം പഠിപ്പിക്കുന്നത് കേട്ടായിരുന്നു പ്രാഥമിക പഠനം. പിന്നീട് സ്വപ്രയത്നത്താല്‍ മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലും ഗണിതത്തിലും പ്രാവീണ്യം നേടി. പതിന്നാലാം വയസ്സില്‍ ഒരു സംന്യാസിയില്‍ നിന്നും ‘ബാലാ സുബ്രഹ്മണ്യ മന്ത്രം’ ഉപദേശരൂപേണ ലഭിച്ചു. ഈ മന്ത്രം അക്ഷര ലക്ഷം വിധിപ്രകാരം ജപിച്ചു സിദ്ധി വരുത്തിയതോടെയാണ് കുഞ്ഞന്‍പിള്ളയുടെ ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാത്. പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ പാഠശാലയിലെ ചട്ടമ്പിപ്പിള്ള അഥവാ ചട്ടമ്പി(ക്ലാസ്സിലെ മോണിട്ടര്‍) ആയതിനാല്‍ ചട്ടമ്പി എന്നപേരില്‍ പിന്നീട് വിളിക്കപ്പെട്ടു. ആധാരമെഴുത്തുകാരനായും ഹജൂര്‍ കച്ചേരിയില്‍ (ഇന്നത്തെ സെക്രട്ടേറിയേറ്റ്) കണക്കപ്പിള്ളയായും കുറച്ചു കാലം ജോലി ചെയ്തു. തൈക്കാട്ട് അയ്യാസ്വാമിയില്‍ നിന്നും യോഗമുറകളും പണ്ഡിതശ്രേഷ്ഠന് സ്വാമിനാഥ ദേശികനില്‍ നിന്നും തമിഴ് വേദാന്തശാസ്ത്രങ്ങളും തുടര്‍ന്ന് പണ്ഡിതശ്രേഷ്ഠന് സുബ്ബാജടാപാടികളില്നിന്നും സംസ്കൃതത്തിലെ സകല ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും പഠിച്ചു. കന്യാകുമാരിയിലെ വടിവീശ്വരം എന്ന സ്ഥലത്തുവച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ അവധൂതന്റെ അനുഗ്രഹത്താലാണ് നിത്യാനന്ദപ്രദമായ ആത്മാനുഭൂതി സ്വാമികള്ക്കുണ്ടായത്. അതിനു ശേഷമായിരുന്നു ശ്രീനാരായണ ഗുരുവുമായുള്ള സമാഗമം. താന്‍ സദാ അനുഭവിക്കുന്ന പരമമായ ആത്മാനന്ദം സകല മനുഷ്യര്‍ക്കും അനുഭവവേദ്യമാക്കാനായി നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എഴുതി. പരമഭക്തിയുണ്ടായാലും ആത്മജ്ഞാനലബ്ധിയിലൂടെ മാത്രമേ നിത്യാനന്ദപ്രദമായ മോക്ഷ പ്രാപ്തിയുണ്ടാകുകയുള്ളൂവെന്ന് പറയുന്നതോടൊപ്പം ആത്മതത്ത്വം, പ്രപഞ്ച സൃഷ്ടി എന്നിവയെ ക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ‘അദൈ്വതചിന്താപദ്ധതി’ യെന്ന ഗ്രന്ഥവും വേദമന്ത്രങ്ങള്‍ പഠിച്ച് ജ്ഞാനിയായി തീരാന്‍ ജാതി-മത-ലിംഗഭേദമെന്യ ഏതൊരുവനും അവകാശമുണ്ടെന്ന് വേദമന്ത്രങ്ങള്‍ തന്നെ ഉദ്ധരിച്ച് സ്ഥാപിച്ച വേദാധികാരനിരൂപണം എന്ന ഗ്രന്ഥവും ഏതൊരു ജീവിയുടേയും ശരീരത്തിനുള്ളില്‍ വസിക്കുന്നത് ഏകമായ ഈശ്വരചേതനയാണെന്നും തന്മൂലം യാതൊരു ജീവിയേയും വാക്കു കൊണ്ടോ ശരീരം കൊണ്ടോ മനസ്സുകൊണ്ടോ ദ്രോഹിക്കാന്‍ പാടില്ലെന്ന സന്ദേശം നല്കാന് ജീവകാരുണ്യനിരൂപണമെന്ന ഗ്രന്ഥവും സ്വാമികള്‍ രചിച്ചു.
ഒരിക്കല്‍ ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്ത് ഒരു ക്രിസ്ത്യന്‍ പാതിരി സനാതനധര്‍മ്മത്തെ പരിഹസിച്ചും ആക്ഷേപിച്ചും ഭയപ്പെടുത്തിയും ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പ്രസംഗിക്കുന്നതു കണ്ട സ്വാമികള്‍ പാതിരിക്ക് മറുപടി കൊടുക്കാനാണ് ക്രിസ്തുമതഛേദനം എന്ന ഗ്രസ്ഥം എഴുതിയത്. കൂടാതെ പ്രാചീനമലയാളം, ദേവാര്‍ച്ചാപദ്ധതി, ആദിഭാഷ, മനോനാശം തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു. 39-ാം വയസ്സില്‍ സ്വാമികള്‍ എറണാകുളത്തു വെച്ച് വിവേകാനന്ദസ്വാമികള്‍ക്ക് ‘ചിന്മുദ്രാരഹസ്യം’ ഉപദേശിച്ചു. പ്രസ്തുത രഹസ്യം ഭാരത പര്യടനത്തിനിടെ പ്രസിദ്ധരായ പല സംന്യാസിവര്യന്മാരോടും വിവേകാനന്ദ സ്വാമികള്‍ ചോദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ജാതിവ്യവസ്ഥയുടെ കൂത്തരങ്ങായി മാറിയ കേരളത്തെ ‘ ഭ്രാന്താലയം’ എന്നു വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്, കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ വ്യക്തിയെ കണ്ടുവെന്ന് ഡയറിയില്‍ കുറിച്ചത് ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു..
ശരീരിയായിരിക്കെ ആത്മാനുഭൂതി നേടിയ സ്വാമികള്‍ക്ക് അജ്ഞാതമായി യാതൊന്നുമില്ലായിരുന്നു. സംഗീതം, ചിത്രകല, വീണ, മൃദംഗം. ഗഞ്ചിറ, ചെണ്ട, തകില്, പാചകം, ഗുസ്തി, ജ്യോതിശാസ്ത്രം, വൈദ്യ ശാസ്ത്രം തുടങ്ങി 64 കലകളിലും സ്വാമികള്‍ക്ക് പ്രാവീണ്യമുണ്ടായിരുന്നു. തന്നുള്ളിലിരിക്കുന്ന ആത്മചൈതന്യമാണ് അന്യ ജീവരാശികളുടെ ശരീരത്തിലും പരിലസിക്കുന്നതെന്ന അവബോധമുള്ളതിനാല്‍ അന്യ ജീവികളുടെ സുഖദു:ഖങ്ങള്‍ തന്റേതായി സ്വാമികള്‍ക്ക് അനുഭവപ്പെട്ടു. സകലതിലും ബ്രഹ്മത്തെ ദര്‍ശിക്കുന്നതിനാണ് ഋഷികള്‍ സമദര്‍ശനം എന്നു പറയുന്നത്. അതുണ്ടായിരുന്നതിനാലാണ് സ്വാമികള്‍ക്ക് സകല ജീവജാലങ്ങളെയും തന്നെപ്പോലെ കണ്ട് സ്നേഹിക്കാന്‍ കഴിഞ്ഞത്. കാക്ക, പട്ടി, ഉറുമ്പ്, പാമ്പ്, പുലി, കരടി തുടങ്ങിയ സകല ജീവികളും സ്വാമികള്‍ വിളിച്ചാല്‍ അടുത്തു വരുമായിരുന്നു. അവയുടെ ഭാഷകള്‍ പോലും സ്വാമികള്‍ക്ക് അറിയാമായിരുന്നു. 1921 ആഗസ്റ്റില്‍ സ്വാമികളുടെ വല്‍സല ശിഷ്യന് നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍ കൊല്ലം, കരുനാഗപ്പള്ളി പുതിയകാവില്‍ സമാധി പൂകിയപ്പോള്‍ സമാധിപീഠത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് സ്വാമികളായിരുന്നു. ചട്ടമ്പിസ്വാമികളുടെ ഏക വിഗ്രഹ പ്രതിഷ്ഠയും ഇതായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കുമ്പളത്ത് ശങ്കുപ്പിള്ള ചട്ടമ്പിസ്വാമിയുടെ പ്രധാന ഗൃഹസ്ഥശിഷ്യനായിരുന്നു. 1924 മേയ് 5-ന് പകല്‍ 4 മണിക്ക് (കൊല്ലവര്‍ഷം 1099 മേടം 23 കാര്‍ത്തിക നക്ഷത്രം) കൊല്ലം ജില്ലയിലെ പന്മന ആശ്രമത്തില്‍ സ്വാമികള്‍ സമാധി പൂകി. തദവസരത്തില്‍ സ്വാമികളുടെ സമാധി മഹത്ത്വത്തെ പ്രകീര്‍ത്തിച്ച് ശ്രീനാരായണ ഗുരുദേവന് താഴെ പ്പറയുന്ന രണ്ട് ശ്ലോകങ്ങളെഴുതി.
സര്വ്വജ്ഞഋഷിരുത്ക്രാന്ത:
സദ്ഗുരു: ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി
പരിപൂര്‍ണ്ണ കലാനിധി:
ലീലയാ കാലമധികം
നീത്വാന്തേ സ മഹാപ്രഭു:
നിസ്സ്വം വപു: സമുത്സൃജ്യ
സ്വം ബ്രഹ്മ വപുരാസ്ഥിത:
(സര്‍വ്വജ്ഞനും ഋഷിയുമായ സദ്ഗുരു, ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്ന് പരമവ്യോമത്തില്‍ പരിപൂര്‍ണ്ണ കലാനിധിയായി സര്‍വ്വത്ര പ്രകാശിക്കുന്നു. ഒരു ലീല പോലെ പ്രാരബ്ധകര്‍മ്മങ്ങളെ അനുഭവിച്ചശേഷം അദ്ദേഹം നശ്വരമായ ശരീരത്തെ ഉപേക്ഷിച്ചിട്ട് സ്വസ്വരൂപമായ ബ്രഹ്മപദം പ്രാപിച്ചു). ഇതാണ് ഈ ശ്ലോകത്തിന്റെ സാമാന്യാര്‍ത്ഥം. ഈ ശ്ലോകത്തിലെ ഓരോ വാക്കുകളും ബ്രഹ്മത്തിന്റെ വിശേഷണങ്ങളാണ്. ഇതില്‍ നിന്നും ചട്ടമ്പിസ്വാമികള്‍ ജീവിച്ചിരിക്കെ ബ്രഹ്മത്വം പ്രാപിച്ച മഹാത്മാവാണെന്ന് ഗുരുസ്വാമികള്‍ നമ്മെ ബോധിപ്പിക്കുകയാണ് ചെയ്തത്. ബ്രഹ്മത്വം പ്രാപിച്ച ഒരു മഹാത്മാവിനു മാത്രമേ ബ്രഹ്മത്വം പ്രാപിച്ച മറ്റൊരു മഹാത്മാവിനെ തിരിച്ചറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: