റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ പ്രതിസന്ധിയില്‍. മത്സരം അവസാന ദിവസത്തിലെത്തിനില്‍ക്കുമ്പോള്‍ പാക് നിര മുള്‍മുനയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 117 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയത് പാക് പടയെ പാടെ കുഴച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ 23 റണ്‍സെടുക്കുമ്പോഴേക്കും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കെ പാകിസ്ഥാന്‍ 448 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പിച്ചിന്റെ ആനുകൂല്യം മുതലാക്കി ബംഗ്ലാ ബാറ്റര്‍മാരെ അതിവേഗം എറിഞ്ഞിടാം എന്ന കണക്കുകൂട്ടലായിരുന്നു പാക് ക്യാമ്പിനുണ്ടായിരുന്നത്. ബംഗ്ലാദേശിനായി ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം (93) നല്‍കിയ തുടക്കം മോമിനുല്‍ ഹഖും(50) ലിറ്റന്‍ ദാസും(56) മെഹ്ദി ഹസനും(77) ചേര്‍ന്ന് ഏറ്റെടുത്തതോടെ കളി മാറി. ഇവര്‍ക്കിടയില്‍ നെടുനായകത്വം വഹിച്ച് മുഷ്ഫിഖുര്‍ റഹീമിന്റെ ഇരട്ട സെഞ്ചുറിയോളമെത്തിയ പ്രകടനം കൂടിയായപ്പോള്‍ പാക് കണക്കൂകൂട്ടലുകള്‍ പാളിയെന്ന് മാത്രമല്ല വലിയ പ്രതിസന്ധിയിലുമെത്തി. 22 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 341 പന്തുകള്‍ നേരിട്ട് 191 റണ്‍സെടുത്ത മുഷ്ഫിഖുറിന്റെ പ്രകടനമികവില്‍ ബംഗ്ലാദേശ് 565 റണ്‍സാണെടുത്തത്.
അഞ്ചാം ദിവസമായ ഇന്ന് 23 റണ്‍സും ഒമ്പത് വിക്കറ്റും കൈയ്യിലുള്ള പാകിസ്ഥാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ പാടേ തകര്‍ന്ന് വീഴും. ആക്രമിച്ചു കളിക്കുകയെന്നതാണ് രക്ഷാമാര്‍ഗം. പക്ഷെ ഇന്നത്തെ ദിവസത്തിന്റെ അവസാന സെഷന്‍ വരെ ഇന്നിങ്‌സിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ ബംഗ്ലാ മത്സരം സ്വന്തം പേരിലാക്കുമെന്ന് സംശയമില്ല. പാക് നിര എങ്ങനെ ഈ കടുത്ത ദിവസം മറികടക്കുമെന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക