ഭാരതത്തില്‍ നിലവിലുള്ള പദ്ധതികളില്‍ ഭൂരിഭാഗവും വൈദേശികമാണെന്ന ധാരണ ഭാരതീയര്ക്കിടയില് തന്നെയുണ്ട്. എല്ലാത്തിലും പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനമുണ്ടെന്ന് കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാതെ തന്നെ അവര്‍ വിലയിരുത്തും. അത്തരത്തിലൊരു തെറ്റിദ്ധാരണ ഇന്‍ഷുറന്‍സ് പദ്ധതികളുടെ കാര്യത്തിലുമുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് അതിന്റെയെല്ലാ രൂപത്തിലും ഭാരതീയമാണ്. ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കാതെയാണ് വിദ്യാഭ്യാസ വിദഗ്ധരും ഇന്‍ഷുറന്‍സ് മേഖലയിലെ പ്രഗത്ഭരും ഈ വിഷയത്തെ സമീപിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ ഇന്‍ഷുറന്‍സ് യൂറോപ്പില്‍ ജനിച്ച് ഇംഗ്ലണ്ടിലൂടെ ഭാരതത്തില്‍ എത്തിയ ഒന്നാണ്.
ഹമുറാബിയുടെ നിയമസംഹിത
ഇങ്ങനെയൊരഭിപ്രായത്തില്‍ അവരെത്താന്‍ കാരണം ഹമുറാബിയുടെ നിയമസംഹിതയില്‍ (ഒമാാൗൃമയശ’ െഇീറല) ഇന്‍ഷുറന്‍സിനെപ്പറ്റി പരാമര്‍ശമുണ്ടെന്ന് ആരോ എഴുതിയതാണ്. എന്നാല്‍ ഹമുറാബിയുടെ നിയമസംഹിതയുടെ ഇംഗ്ലീഷ് പരിഭാഷകളില്‍ (യേല്‍ യൂണിവേഴ്സിറ്റിയിലെ എല്‍.ഡബ്ല്യു. കിങ്, കേംബ്രിഡ്ജ് സര്‍വകലാലയിലെ സി.എച്.ഡബ്ല്യു. ജോണ്‍സ്, ചിക്കാഗോ സര്‍വകലാശാലയിലെ റോബര്‍ട്ട് ഫ്രാന്‍സിസ് ഹാര്‍പ്പര്‍ എന്നിവര്‍ തയ്യാറാക്കിയവ) ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള പരാമര്‍ശമേയില്ല. ഹമുറാബിയുടെ 282 നിയമങ്ങളും പഠിച്ചതിന്റെ വെളിച്ചത്തിലും ഇക്കാര്യം വ്യക്തമായി പറയാന്‍ സാധിക്കും.
ഇന്‍ഷുറന്‍സിന്റെ വിവിധ രൂപങ്ങള്‍
1. നഷ്ടസാധ്യതകളെ ഒഴിവാക്കുകയോ നഷ്ടത്തെ ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യുക. 2. വ്യക്തി മരിക്കുന്നതു മൂലമോ ആസ്തി നഷ്ടപ്പെടുന്നതു മൂലമോ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ നേരിടുക (ലൈഫ് ഇന്‍ഷുറന്‍സ്, നോണ്‍ലൈഫ് ഇന്‍ഷുറന്‍സ് (ജനറല്‍ ഇന്‍ഷുറന്‍സ്-വാഹന ഇന്‍ഷുറന്‍സ്, ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ്, കാര്‍ഷിക ഇന്‍ഷുറന്‍സ് തുടങ്ങിയവ) 3. ദീര്‍ഘകാലം ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍-വരുമാനം നിലച്ച്, ചെലവുകള്‍ നേരിടേണ്ടിവരുമ്പോള്‍ അതിനായി ഒരു സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതാണ് പെന്ഷന്.
ഇന്‍ഷുറന്‍സിന്റെ ഈ മൂന്നു വശങ്ങളെപ്പറ്റിയും പ്രാചീന ഭാരതീയ സാഹിത്യത്തില്‍ വിശദമായും വ്യക്തമായും പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണമായി കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ (ബിസി നാലാം നൂറ്റാണ്ട്) ദുരന്തങ്ങളെ ഒഴിവാക്കുന്നതിനും നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും കുറയ്ക്കുന്നതിനുമായി ഭരണസംവിധാനങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദുരന്തമെന്ന് പറയുമ്പോള്‍ അഗ്നിബാധ, പകര്‍ച്ചവ്യാധി, വെള്ളപ്പൊക്കം, ക്ഷാമം, എലിശല്യം തുടങ്ങി എട്ടുതരം ദുരന്തങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നു. വാല്മീകിരാമായണത്തില് പ്രതീക്ഷിക്കാവുന്ന അപകട സന്ദര്‍ഭങ്ങളേയും നഷ്ടസാദ്ധ്യതയേയും മുന്നില്‍ക്കണ്ട് അതൊഴിവാക്കാനാവശ്യമായ കരുതല്‍, ക്ഷേമമാഗ്രഹിക്കുന്ന ബുദ്ധിമാനായ ഒരുവന് സ്വീകരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. ആരണ്യകാണ്ഡത്തിലെ 24-ാം അധ്യായത്തിലെ 11-ാം ശ്ലോകം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഇന്‍ഷുറന്‍സ് സംരക്ഷണം
ഒരു വ്യക്തിയുടെ അകാലത്തിലുള്ള വിയോഗത്തെ തുടര്‍ന്ന് കുടുംബത്തിനും മറ്റാശ്രിതര്‍ക്കും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ പരിഹരിക്കാന്‍ നല്കുന്ന തുകയെയാണ് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നു പറയുന്നത്. രാജാവിന്റെ സേവകര്‍ മരിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് ഉപജീവനത്തിനുള്ളതും വേതനവും അവരുടെ മരണം വരെ നല്‍കും. (അര്‍ത്ഥശാസ്ത്രം-വ്യാഖ്യാനം ഡോ.ശാമശാസ്ത്രി (1915). പുത്രന് മൈനറാണെങ്കില് നഷ്ടപരിഹാരം പ്രായപൂര്‍ത്തിയാകുന്നതുവരെ നല്കുന്നു. പുത്രന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായാണ് വേതനം. യാജ്ഞവല്ക്യസ്മൃതിയിലും ഇന്ഷൂറന്സിനെ പരാമര്‍ശിച്ചിരിക്കുന്നത് കാണാം.
വ്യാപാരികള്‍ തങ്ങളുടെ ചരക്കുകള്‍ ജലഗതാഗതത്തിലൂടെ അയക്കുമ്പോള്‍ ഒരു നിശ്ചിത ഗതാഗത തീരുവ നല്കേണ്ടിയിരുന്നു. ഇങ്ങനെ സ്വരൂപിക്കുന്ന തുകയുടെ ആറിലൊന്ന് തീരുവ പിരിച്ചെടുക്കുന്നതിനുള്ള ചെലവുകള്‍ക്കായും, ആറിലൊന്ന് രാജ്യത്തിന്റെ വരുമാനമായും ബാക്കിവരുന്ന ആറില്‍ നാലുഭാഗം കപ്പല്‍ത്തകര്‍ച്ച മൂലമുണ്ടാകുന്ന ആള്‍നാശവും സാധനസാമഗ്രികളുടെ നഷ്ടവും നികത്താനുള്ള ഒരു നിധിയായും ഉപയോഗിച്ചിരുന്നു. ഇതും ഇന്‍ഷുറന്‍സ് പരിരക്ഷ തന്നെയാണ്.
മനുസ്മൃതിയിലേക്ക് വന്നാല്‍, അധ്യായം 8 ലെ ശ്ലോകം 408 പറയുന്നത് തോണിക്കാരന്റെ വീഴ്ചകൊണ്ട് ചരക്കുകള്‍ നഷ്ടപ്പെട്ടാല്‍ ആ നഷ്ടം എല്ലാ തോണിക്കാരുംകൂടി സംയുക്തമായി പരിഹരിക്കണമെന്നാണ്. അതായത് ഒരാളിന്റെ നഷ്ടത്തെ പലര് ചേര്‍ന്ന് പങ്കിടുന്നു. അപ്പോള്‍ ഓരോരുത്തരുടെയും നഷ്ടം നിസ്സാരമായി മാറുന്നു. നഷ്ടം നേരിടേണ്ടി വരുന്ന വ്യക്തിക്ക് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും.
രാജാവിന്റെ സേവകന് അനാരോഗ്യം മൂലം കര്‍ത്തവ്യനിര്‍വഹണത്തിന് കഴിയാതെ വന്നാല്‍ അയാള്‍ക്ക് വേതനമില്ലാതെ കഴിയേണ്ടിവരില്ല എന്നാണ് ശുക്രനീതി നിഷ്കര്‍ഷിക്കുന്നത്. പോളിസിക്കാരന് തൊഴിലില്‍നിന്നും മാറിനില്‍ക്കേണ്ടി വരുമ്പോള്‍ വരുമാനം ലഭ്യമാക്കുന്ന വിവിധതരം ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ട്.
പെന്ഷന്
പെന്‍ഷന്റെ തുടക്കം ജര്‍മ്മനിയില്‍ ഓട്ടോ വോണ്‍ ബിസ്മാര്‍ക്കിന്റെ കാലത്ത് നടപ്പാക്കിയ ഓള്‍ഡ് ഏജ് ആന്‍ഡ് ഡിസെബിലിറ്റീസ് ബില്ലി(1889)ലൂടെയാണ് എന്നാണ് പലരുടേയും ധാരണ.
ഈ പെന്‍ഷനാകട്ടെ തൊഴിലാളിയും തൊഴിലുടമയും സര്‍ക്കാരും കൂടി നല്കുന്ന വിഹിതത്തില്‍ നിന്നാണ് നല്‍കുന്നത്. അതായത് രാജ്യത്തിന്റെ ട്രഷറിയില്‍ നിന്ന് മൊത്തമായി നല്കുകയായിരുന്നില്ല.
എന്നാല്‍ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന സ്റ്റേറ്റ് ഫണ്ട് പെന്‍ഷനെ പല പെന്ഷന് സ്കെയിലുകളിലാക്കുകയായിരുന്നു റാണി ഗൗരി ലക്ഷ്മീബായി (1810-14) ചെയ്തത്. അതും ബിസ്മാര്‍ക്ക് ജനിക്കുന്നതിനും മുമ്പേ. (ഓട്ടോ വോണ്‍ ബിസ്മാര്‍ക്കിന്റെ ജനനം 1815 ഏപ്രില്‍ ഒന്ന്).
40 കൊല്ലം രാജാവിനെ സേവിക്കുകയും, അനാരോഗ്യം മൂലം തൊഴിലില്‍ തുടരാനാകാതെ വരികയും ചെയ്യുന്ന സേവകന് പകുതി വേതനം എന്ന നിരക്കില്‍ ശേഷിച്ച ജീവിതത്തില്‍ നല്‍കിക്കൊണ്ടിരിക്കണമെന്ന് ശുക്രനീതിയില്‍ പറഞ്ഞിരിക്കുന്നതായി കെ.ആര്.സര്‍ക്കാര്‍ തന്റെ പബ്ലിക് ഫിനാന്‍സ് ഇന്‍ എന്‍ഷ്യന്റ് ഇന്ത്യ (1978) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതീയ രാഷ്ട്രമീമാംസയിലെ സുപ്രധാന ഗ്രന്ഥമായ ശുക്രനീതി എഡിറ്റ് ചെയ്ത (1882) ഗുസ്താവ് ഒപ്പര്‍ട്ടിന്റെ അഭിപ്രായത്തില്‍ ശുക്രനീതി സ്മൃതികളുടേയും ഇതിഹാസങ്ങളുടേയും കാലത്തെ സൃഷ്ടിയാണ്. അത്രമാത്രം പഴമ ഈ കൃതിക്ക് നല്കിയിരിക്കുന്നു.
അപകടങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരിക വൈകല്യം കാരണം തുടര്‍ന്നും തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വരുമ്പോള്‍ നല്കുന്ന ഡിസ്എബിലിറ്റി പെന്ഷന് (പൂര്‍ണ്ണമായും സ്റ്റേറ്റ് ഫണ്ട് സര്‍ക്കാര്‍ നല്കുന്ന രീതി) സ്വാതിതിരുനാള്‍ (1813-46) മഹാരാജാവാണ് തുടങ്ങിവച്ചത്. അദ്ദേഹത്തിന്റെ ആന കാരണം വൈകല്യം സംഭവിച്ച ആളിന് ചികിത്സാ ചെലവും പ്രതിമാസം 25 പണം പെന്‍ഷനായും ഖജനാവില്‍ നിന്ന് നല്‍കാനുമുള്ള ഉത്തരവിനെപ്പറ്റി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്.
ഇംഗ്ലണ്ടില്‍ നേവിക്കാര്‍ക്കും മറ്റുമായി ഇത്തരം പെന്ഷന് നല്കാന് അവരുടെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം പിടിക്കുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ ആദ്യത്തെ സിവില്‍ സര്‍വീസ് പെന്ഷന് ലണ്ടന്‍ തുറമുഖ തൊഴിലാളി ആയിരുന്ന മാര്ട്ടിന് ഹോര്‍ഷാമിന് 1684 ല്‍ നല്‍കിയതായി പെന്ഷന് ആര്‍ക്കൈവ്സ്.കോം പറയുന്നു. ഇതിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല. ഇന്‍ഷുറന്‍സ് എന്നത് ക്രിസ്തുവിനും അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തില്‍ പ്രയോഗത്തിലിരുന്ന ഒരാശയമായിരുന്നു. അതിനാല്‍ ഇന്‍ഷുറന്‍സ് ഭാരതീയം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: