രാഷ്ട്രീയ കക്ഷികളുടെ തോളില്‍ കയ്യിട്ടുകൊണ്ടുളള സമരങ്ങള്‍ ഈയിടെയായി ചുവടുമാറ്റുകയാണോ? ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല സമരങ്ങളും ആ വഴിക്കാണ് മുന്നേറിയത്. ദല്‍ഹിയില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ കാര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആദ്യത്തെ അരാഷ്ട്രീയ സമയം തലസ്ഥാനത്തെ പിടിച്ചുലച്ചത്.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന സമരത്തിലും സംഘാടകര്‍ രാഷ്ട്രീയക്കാരുടെ ചങ്ങാത്തം തേടിയിട്ടില്ല. കുറച്ചുനാള്‍ മുമ്പ് മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍ നാമ്പെടുത്ത സമരത്തിലും പരിഹാരമുണ്ടായത് രാഷ്ട്രീയക്കാരുടെ ഇടപെടലില്ലാതെയാണ്. നിര്‍ണായകമായ സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇടപെടുന്നതിലും അരാഷ്ട്രീയ ജനസമൂഹം കാണിക്കുന്ന ജാഗ്രതയും ഔചിത്യവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിലും തങ്ങള്‍ നിര്‍ണായക ശക്തിയാണെന്ന് വെളിവാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയവും തൊഴിലാളി സംഘടനാ പ്രവര്‍ത്തനവും ഉപജീവനമാക്കിയവര്‍ നേതൃത്വം നല്കുന്ന സമരപ്രഹസനങ്ങളുടെ വായ്ത്തല ഒട്ടൊന്നു മടങ്ങിയ മട്ടാണ്. വഴിപാടുപോലെ നടക്കുന്ന ധര്‍ണ്ണകളും പ്രതിഷേധ സമര നാടകങ്ങളും പൊതുസമൂഹം കാര്യമായി വകവയ്ക്കാറില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സമ്പാദ്യസമരമെന്ന് മുദ്രകുത്തിയ എം.എ. ജോണിന്റെ പരിവര്‍ത്തന വാദങ്ങള്‍ ഇന്നും കേരളീയ മനസാക്ഷിയെ അലട്ടുന്നുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ ധാര്‍മ്മിക സമരങ്ങള്‍ക്ക് നേതൃത്വം നല്കിയവര് പ്രൊഫ. എം.പി. മന്മഥന്, സുഗതകുമാരി, ജി. കുമാരപിള്ള തുടങ്ങിയ അരാഷ്ട്രീയക്കാരായിരുന്നു. പരാജയപ്പെട്ട ആ സമരങ്ങള്‍ (മദ്യം/വനനശീകരണം) ഇന്നും കേരളീയ മനസ്സില്‍ വിങ്ങുന്ന യാഥാര്‍ത്ഥ്യമാണ്.
അധികാര ധൂര്‍ത്തിന് പണം കണ്ടെത്താന്‍ ഏതറ്റംവരെ പോകാനും മടിയില്ലെന്ന് നാം കണ്ടതാണ്. അമ്പലങ്ങളിലെ നിറഞ്ഞുകവിയുന്ന ഭണ്ഡാരങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്. വായനക്ക് സെസ്സ് പിരിച്ച് കോടികള്‍ ലൈബ്രറി കൗണ്‍സിലിന് കൊടുത്തു തുടങ്ങിയതോടെ ഗ്രാമീണ വായനശാലകളുടെ സ്ഥിതിയെന്തായെന്ന് കണ്മുന്നില് കാണാം. വായന ഒഴിച്ചുള്ളതെല്ലാം നടക്കുന്ന വായനശാലകള്‍ക്ക് കൂറ്റന്‍ കെട്ടിടം, വാശിയേറിയ തെരഞ്ഞെടുപ്പ്, ചവറുപുസ്തകങ്ങളെക്കൊണ്ട് ശ്വാസംമുട്ടുന്ന അലമാരകള്‍ എല്ലാമുണ്ട്. ഏതെങ്കിലും ഒരു വായനക്കാരന്റെ കരസ്പര്‍ശത്തിനായി കാത്തുകിടക്കുന്ന ‘അഹല്യ’കളായി പുസ്തകങ്ങള്‍! അരാഷ്ട്രീയ കാലത്ത് ദാരിദ്ര്യമായിരുന്നെങ്കിലും വായിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയെത്തുമായിരുന്നു.
ഓണക്കച്ചവടവും ഒരു അതിജീവനോപാധിയാണെന്ന് വ്യാപാരികള്‍. ഓണക്കിറ്റിനുള്ളില് അമ്പതു മില്ലി വിദേശ മദ്യംകൂടി (സ്വദേശിയായ കള്ളിനെ കണ്ടുകിട്ടാനില്ലല്ലോ) ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടേണ്ട.
സംഘടനാ രാഷ്ട്രീയത്തിന്റെ ഇരകളായി തകര്‍ന്ന കെഎസ്ഇബി, കെഎസ്ആര്‍ടിസി, പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയും ഒരു അരാഷ്ട്രീയ ശുദ്ധീകരണത്തെ കഠിനമായി കാതോര്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: